പ്രായത്തിലല്ല, ആശയത്തിലും കര്മ്മണോത്സുകതയിലുമാണ് കാര്യം ; എട്ട് വയസ്സില്‍ സംരംഭകയായ അനിക രജീഷ്
മിലനിയല്‍ (2000ങ്ങളില്‍ ജനിച്ചവര്‍) കുട്ടികളോടല്ല (പരിഭവം വേണ്ട, അവരുടെ കാര്യത്തിലേക്ക് തന്നെയാണ് പറഞ്ഞു വരുന്നത്)… ഒരുപാട് അങ്ങ് പിന്നോട്ട് പോകുന്നില്ല. ഒരു 1980-90-കളില്‍ ജനിച്ചവരോട് ഒരു കുഞ്ഞ് ചോദ്യം. എട്ടാം വയസ്സില്‍ എന്തൊക്കെയായിരുന്നു നിങ്ങളുടെ കര്‍മ്മപദ്ധതികള്‍? അതായത് ദാസാ, ഒരു നാലാം തരത്തില്‍ ഒക്കെ പഠിക്കുന്ന സമയത്ത് ഭാവിയിലും മൂല്യം ഉണ്ടാകുന്ന എന്തെല്ലാം പ്രയത്നങ്ങളില്‍ ആയിരുന്നു നിങ്ങള്‍? ഒരു 20-25 വയസ്സൊക്കെ ആകുമ്പോള്‍ ഏത് മേഖലയില്‍ എന്ത് ലക്ഷ്യത്തിന് എവിടെ തൊഴിലെടുക്കാനാണ് നിങ്ങള്‍ തയ്യാറെടുത്തിരുന്നത്? നിങ്ങള്‍ക്ക്
പ്രാവര്ത്തികമാക്കാമായിരുന്ന എന്ത് സംരംഭക ആശയമാണ് ഉണ്ടായിരുന്നത്? ആ ആശയം പ്രാവര്ത്തികമാക്കേണ്ടതിനായി എന്തെല്ലാം തയ്യാറെടുപ്പുകളിലായിരുന്നു നിങ്ങള്‍ വ്യാപൃതരായിരുന്നത്? പാഠപുസ്തകങ്ങള്‍ക്കപ്പുറം ഉപകാരപ്രദമായ എന്തെല്ലാം അറിവുകളാണ് നിങ്ങള്‍ സ്വായത്തമാക്കി തുടങ്ങിയത്?
ഇതൊന്നും കണ്ട് നെറ്റി ചുളിച്ചുകൊണ്ട് പേജ് മറിക്കല്ലേ.. ഈ എഴുതുന്ന എനിക്കും എന്താണ് സംരംഭം എന്നു പോലും ആ പ്രായത്തില്‍ വ്യക്തമായി അറിയില്ലായിരുന്നു. മണ്ണപ്പവും ചുട്ട്, നാരങ്ങാ മിട്ടായിയും ഐസും വാങ്ങി തിന്ന് നടന്നിരുന്ന നമ്മളില്‍ പലരുടെയും ബാല്യത്തെ മാത്രമല്ല ഇപ്പോഴത്തെ യൗവനത്തെയും വാര്‍ദ്ധക്യത്തിലേക്കുള്ള പദയാത്രയെയും ലജ്ജിപ്പിക്കുന്ന ഒരു കൊച്ചു മിടുക്കിയാണ് മലപ്പുറംകാരിയായ എട്ടുവയസ്സുകാരി അനിക രജീഷ്.
അച്ഛന് രജീഷ് വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചു നല്കുന്ന ഐ.ടി സ്ഥാപനത്തിന്റെ ഉടമയായിരിക്കെ മകളുടെ സംരംഭകത്വ ആശയത്തിന് ഐ.ടിയുടെ ശോണിമ നിറയെ ഉള്ളതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നും വേണ്ടല്ലോ. അപ്പോള്‍ നിങ്ങള്‍ ചോദിക്കും അതെന്താ അച്ഛന് ആനപ്പുറത്ത് കയറിയെന്ന് വെച്ച് മകള്‍ക്ക് തഴമ്പ് ഉണ്ടാകണമോ എന്ന്. ഈ കൗണ്ടര്‍ ഒക്കെ എന്നേ ഔട്ട്ഡേറ്റഡായി… ആദ്യം പറഞ്ഞതുപോലെ മിലനിയന് കുട്ടികളുടെ അടുത്ത് ഈ തരം പഴമൊഴികള്ക്കൊന്നും കിന്‍ഡര്‍ ജോയിയുടെ വില പോലും ഇല്ല. ചുമ്മാ പറയുന്നതല്ല.
NCart എന്ന തന്റെ സ്വന്തം സംരംഭം എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കുകയാണ് അനിക രജീഷ് എട്ടുവയസ്സുകാരി. അതിന്റെ മുന്നോടിയായി, ഐ.ടി മേഖലയില്‍ തനിക്കുള്ള അറിവ് ചേട്ടന്മാര്ക്കും ചേച്ചിമാര്‍ക്കുമൊക്കെ പങ്കുവെക്കാനായി സ്വന്തമായി ഒരു യുട്യൂബ് ചാനലിനും തുടക്കമിട്ടു.
അച്ഛന് രജീഷിന്റെ അടുത്ത് വെബ്സൈറ്റിനായി സമീപിക്കുന്ന ക്ലെയ്ന്റുകളെ കണ്ടു വളര്‍ന്ന അനികയും വെബ്്സൈറ്റ് ക്രിയേഷന് തന്നെയാണ് സംരംഭത്തിനായി തിരഞ്ഞെടുത്തത്. പക്വത പ്രായത്തിന്റെ കാര്യത്തിലെങ്കിലും ഇത്തിരി കുറവായതുകൊണ്ട് തത്കാലത്തേക്കെങ്കിലും NCart ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചെറുകിട സംരംഭകരിലേക്കാണ്. ഏത് ചെറിയ സംരംഭത്തിനും NCart വഴി വെബ്സൈറ്റ് ആരംഭിച്ച് ഡിജിറ്റലാകാന്‍ കഴിയും.
NCart ന് ഇതിനപ്പുറം വേറെയൊരു ആകര്‍ഷണം കൂടെയുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ ഓരോ വെബ്സൈറ്റ് സൃഷ്ടിക്കാനും ആവശ്യപ്പെടുന്ന താരിഫ് ദിവസം ഒരു രൂപയാണ്. അതായത് നമ്മള് നാരങ്ങാ മിട്ടായി വാങ്ങാന്‍ സ്വരുക്കൂട്ടിയിരുന്ന അതേ ഒരു രൂപ. ഇനി ‘ഒരു രൂപയ്ക്കൊക്കെ എന്ത് കിട്ടാനാ’ എന്ന് ചോദിച്ചേക്കരുത്. ഏത് സംരംഭത്തിനും ഇന്റര്‍നെറ്റ് ലോകത്ത് ചുവടുവെക്കാന്‍ NCart ലൂടെ ദിവസം ഒരു രൂപ മതിയാകും.
കുഞ്ഞുങ്ങള്‍ പലപ്പോഴും മൊബൈലിന്റെയും മറ്റും സ്ക്രീനുകളില്‍ കണ്ണുംനട്ട് ഇരിക്കുന്നത് കാണുമ്പോള്‍ നമുക്ക് പുശ്ചവും സഹതാപവും ഒക്കെ തോന്നാറില്ലേ.. ആ പഴഞ്ചന്‍ ചിന്താഗതി നാലായി മടക്കി, ഇനി തുറക്കേണ്ടി വരല്ലേയെന്ന് മനസ്സില്‍ ഉറപ്പിച്ച് അപകര്ഷതാബോധമാകുന്ന വിഴുപ്പുഭാണ്ഡത്തിന്റെ ഏറ്റവും അടിയിലേക്ക് തിരുകി കയറ്റിക്കോളൂ. നമ്മുടെ കാലത്ത് കുട്ടികള്‍ ‘നാളത്തെ നായകന്മാര്’ ആയിരുന്നെങ്കില്‍ ഇന്നത്തെ ഹൈടെക്ക് യുഗത്തില്‍ കുട്ടികള്‍ മാത്രമാണ് നായകന്മാര്.