EntreprenuershipSpecial StorySuccess Story

കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ബിരിയാണികളുടെ രുചി വൈവിധ്യവുമായൊരു സംരംഭക

നാടന്‍ രുചി മുതല്‍ വെസ്റ്റേണ്‍ രുചി വരെ തീന്‍ മേശയില്‍ വിളമ്പി നജ്മുന്നീസ

കല്ലുമേക്കായയും കടലും കലവറയിലെ പൊട്ടിച്ച ദമ്മും… കോഴിക്കോട് എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന കാര്യങ്ങള്‍ ഇതൊക്കെയാവും. മിഠായിത്തെരുവും കോഴിക്കോടന്‍ ഹലുവയുടെ രുചിയുടെ ഉള്ളറകളിലെ രഹസ്യവും തേടി ആ പറുദീസയുടെ മണ്ണില്‍ എത്തിയതായിരുന്നു ഞാന്‍. അതിഥികള്‍ക്ക് വയറു നിറയുവോളം ഭക്ഷണം വിളമ്പുന്ന സല്‍ക്കാരപ്രിയരുടെ ഇടയിലൂടെ കാഴ്ചകള്‍ കണ്ടും രുചികള്‍ ആസ്വദിച്ചും നടക്കുമ്പോഴാണ് സ്വിച്ചിട്ടത്ത് പോലെ ഞാന്‍ നിന്നുപോയത്.

ബിരിയാണി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരെപോലും ആകര്‍ഷിക്കുന്ന ഒരിടമായിരുന്നു അത്. ‘സോഫീസ് ടേസ്റ്റ്’. പേരില്‍ അല്പം പത്രാസൊക്കെ തോന്നുമെങ്കിലും അവിടുത്തെ രുചിമേളം രുചിച്ചറിയുക തന്നെ വേണം. കോഴിക്കോടന്‍ ബിരിയാണി തന്നെയാണ് ഇവിടുത്തെ പ്രധാന വിഭവം. അതും പല രുചിയില്‍. അവിടം കൊണ്ടും തീരുന്നില്ല രുചിയുടെ നിര. കസ്റ്റമറിന്റെ ഇഷ്ടത്തിനും താല്പര്യത്തിനും അനുസരിച്ച് ഏത് ഭക്ഷണവും ഇവിടെ തയ്യാറാക്കി നല്‍കുന്നുണ്ട്.

കോഴിക്കോട് രാമനാട്ടുകരയിലാണ് നജ്മുന്നീസ് എന്ന വീട്ടമ്മ നേതൃത്വം നല്‍കുന്ന ‘സോഫീസ് ടേസ്റ്റ്’ എന്ന സംരംഭം പ്രവര്‍ത്തിക്കുന്നത്. അമ്മയുടെ കൈപ്പുണ്യത്തോളം വരില്ല ഒരു കലവറയിലെയും ആഹാരത്തിന് എന്ന് പലരും പറയാറുണ്ട്.. അമ്മയുണ്ടാക്കിയ ഭക്ഷണത്തെ അത്രത്തോളം സ്‌നേഹിക്കുന്നവര്‍ക്ക് ആ പട്ടികയിലേക്ക് നജ്മുന്നിസയുടെ കൈപ്പുണ്യവും എഴുതിച്ചേര്‍ക്കാവുന്നതാണ്.

സ്വന്തമായി വീട്ടില്‍ നിര്‍മിക്കുന്ന മസാലക്കൂട്ടുകള്‍ കൊണ്ടാണ് നജ്മുന്നീസ ഓരോ വിഭവവും ഇവിടെ തയ്യാറാക്കുന്നത്. ഇന്നത്തെ കാലത്ത് മായം കലരാത്തതായി ഒന്നുമില്ല. അതുകൊണ്ടുതന്നെ ആഹാരം പാകം ചെയ്യുമ്പോള്‍ എത്ര ശ്രദ്ധിച്ചാലും ആരോഗ്യമുള്ളതായി തീരണമെന്നില്ല. ഈ വസ്തുത നിലനില്‍ക്കുന്നതു കൊണ്ടുതന്നെ മായം കലരാത്ത വെളിച്ചെണ്ണയാണ് ഈ സംരംഭക തന്റെ ഓരോ വിഭവവും നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നത്. വിശക്കുന്നവന് ആഹാരം വിളമ്പുന്നതില്‍ മഹത്വം കാണുന്ന സംരംഭക കൂടിയാണ് നജ്മുന്നീസ. അതുകൊണ്ടുതന്നെ സോഫിസ് ടേസ്റ്റില്‍ നിന്ന് നല്‍കുന്ന ആഹാരത്തിന്റെ ഗുണമേന്മയ്ക്കും രുചിക്കും ‘കോംപ്രമൈസ്’ പറയുവാന്‍ ഈ വീട്ടമ്മ തയ്യാറല്ല.

മറ്റുള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കുന്നതില്‍ ഒരു പ്രത്യേക സന്തോഷം നജ്മുന്നിസ എന്നും കണ്ടെത്തിയിരുന്നു. വീട്ടിലെത്തുന്ന വിരുന്നുകാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണം വിളമ്പി നല്‍കിയതോടെയാണ് ഭക്ഷണം ഉണ്ടാക്കാനുള്ള നജ്മുന്നിസയുടെ ഉള്ളിലെ കഴിവ് മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത്. സാമ്പത്തികമായി ചില പ്രതിസന്ധികള്‍ കുടുംബം നേരിട്ട ഘട്ടത്തില്‍ എന്തുകൊണ്ട് ഭക്ഷണത്തോടുള്ള തന്റെ താത്പര്യവും അത് ഉണ്ടാക്കാനുള്ള തന്റെ കഴിവും ചേര്‍ത്ത് ഒരു ബിസിനസ് ആക്കി മാറ്റിക്കൂടെ എന്ന് ഈ വീട്ടമ്മ ചിന്തിച്ചു. അങ്ങനെയാണ് സോഫീസ് ടേസ്റ്റ് ആരംഭിക്കുന്നത്.

ഇന്ന് നജ്മുന്നിസക്ക് കൂട്ടായി പതിമൂന്നോളം വീട്ടമ്മമാരും സോഫീസ് ടേസ്റ്റില്‍ ജോലി ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രുചിയിലുള്ള ആഹാരം നല്‍കുന്നതിന് പുറമേ, ഒരു ജീവിതമാര്‍ഗം കണ്ടെത്തുവാന്‍ ശ്രമിക്കുന്ന വീട്ടമ്മമാര്‍ക്ക് തന്റെ സംരംഭത്തിലൂടെ ഒരു തൊഴില്‍ കൂടി നല്‍കുകയാണ് നജ്മുന്നീസ ചെയ്യുന്നത്. കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന വീട്ടമ്മമാരാണ് സോഫിസ് ടേസ്റ്റില്‍ ജോലി ചെയ്യുന്നത്.

16 വര്‍ഷങ്ങള്‍ക്കു മുന്‍പ് 2006ല്‍ ഒരു കാറ്ററിംഗ് രീതിയിലാണ് സോഫിസ് ടേസ്റ്റ് ആരംഭിച്ചത്. ഇന്ന് കേരളത്തില്‍ എല്ലായിടത്തും ഇവിടുത്തെ രുചിക്ക് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ഒരു മെനു കാര്‍ഡ് ഉപയോഗിച്ചുള്ള ഭക്ഷണരീതി അല്ല സോഫിസ് ടേസ്റ്റിലേത് എന്നതാണ് മറ്റുള്ളവിടങ്ങളില്‍ നിന്ന് ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്.

തന്നെ തേടിയെത്തുന്ന ആവശ്യക്കാരന് ഏത് ഭക്ഷണമാണോ ഇഷ്ടം അത് സോഫിസ് ടേസ്റ്റില്‍ തയ്യാറാക്കി നല്‍കുന്നു. നാടന്‍ രുചി മുതല്‍ വെസ്റ്റേണ്‍, കോണ്ടിനെന്റല്‍, ചൈനീസ്, അറേബ്യന്‍ ഫുഡുകള്‍ വരെ സോഫിസ് ടേസ്റ്റില്‍ അണിനിരക്കുന്നുണ്ടെന്ന് ചുരുക്കം. എന്നാല്‍പോലും അന്നും ഇന്നും നജ്മുന്നിസയുടെ ബിരിയാണിയോട് പ്രിയമുള്ളവരാണ് ഇവിടെയെത്തുന്നവരില്‍ അധികവും.

തന്റെ ബിസിനസ് കൂടുതല്‍ ഇടങ്ങളിലേക്ക് വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഈ സംരംഭക. അതിന്റെ ഫലമായി രാമനാട്ടുകരയില്‍ ഒരു സെന്‍ട്രല്‍ കിച്ചനും ഫസ്റ്റ് ഔട്ട്‌ലെറ്റും നജ്മുന്നിസ ആരംഭിച്ചു കഴിഞ്ഞു. സെന്‍ട്രല്‍ കിച്ചന്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകളിലുള്ള ആഹാരങ്ങള്‍ ആളുകളിലേക്ക് എത്തിക്കുവാനും ഫസ്റ്റ് ഔട്ട്‌ലെറ്റിലൂടെ റസ്റ്റോറന്റ് രീതിയിലുള്ള സംവിധാനവുമാണ് നജ്മുന്നീസ ഒരുക്കിയിരിക്കുന്നത്.

ഇതിനുപുറമേ അധികം വൈകാതെ തന്റെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് മലപ്പുറം മഞ്ചേരിയില്‍ ആരംഭിക്കുവാനുള്ള തയ്യാറെടുപ്പുകളും ഈ സംരംഭക നടത്തുന്നു. തന്റെ ബിസിനസ് ഇങ്ങനെ വിപുലീകരിക്കുന്നതിലൂടെ 2500ലധികം ബിരിയാണികള്‍ സോഫീസ് ടേസ്റ്റിലൂടെ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് നജ്മുന്നീസ പറയുന്നത്. ബിരിയാണിക്കൊപ്പം തന്നെ സദ്യ പോലെയുള്ള കേരളീയ ആഹാരങ്ങള്‍ തേടിയും ഇവിടേക്ക് ആവശ്യക്കാര്‍ എത്തുന്നുണ്ട്. സദ്യയുടെ അടക്കമുള്ള ഓര്‍ഡറുകള്‍ ഏറ്റെടുത്ത് കുറഞ്ഞത് ആയിരം സദ്യയെങ്കിലും ആളുകളിലേക്ക് എത്തിക്കുവാന്‍ ഒരുങ്ങുകയാണ് സോഫിസ് ടേസ്റ്റ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
+91 99610 04004

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button