സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ഉയരത്തിലേക്ക് കുതിച്ച സംരംഭക
സ്വന്തം കഴിവുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ കൈവരിക്കാന്‍ കഴിയുന്നത് ഒരുപാട് വിജയങ്ങള്‍…
ആശാ ജയദേവ് എന്ന സംരംഭകയ്ക്ക് സ്വന്തം അനുഭവത്തില്‍ നിന്നു പറയാനുള്ളത് അതിനെക്കുറിച്ചാണ്…….
സ്വയം മനസ്സിലാക്കുക, അവനവനെയും അവനവന്റെ കഴിവുകളെയും തിരിച്ചറിയുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. അത്തരത്തില്‍ ഒരു തിരിച്ചറിവുണ്ടെങ്കില് ഏത് പ്രതിസന്ധിയെയും അനുകൂലമാക്കാം എന്ന് കാണിച്ചുതന്ന ഒരു വ്യക്തിയുണ്ട് നമുക്കിടയില്‍. കോട്ടയം അയ്മനം സ്വദേശിനിയായ ആശാ ജയദേവ്. കഴിഞ്ഞ 22 വര്‍ഷമായി സൗന്ദര്യ സംരക്ഷണ മേഖലയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് അറിഞ്ഞും ആ അറിവ് പകര്‍ന്നും ജീവിതത്തില്‍ വലിയ ഒരു വിജയം നേടിയ ആശയ്ക്ക് അവരുടെ യാത്രയെപ്പറ്റി നമ്മോട് പറയാന്‍ ഏറെ കാര്യങ്ങള്‍ ഉണ്ട്. കടന്നുചെല്ലാം ആശയുടെ ജീവിതത്തിലേക്ക്….
”കോട്ടയം ജില്ലയിലെ മറിയപ്പള്ളി എന്ന ഗ്രാമത്തില്‍ നിന്ന് നാലാള് അറിയുന്ന നിലയിലേക്ക് ഞാന്‍ ഉയര്‍ന്നുവന്നത് വിജയിക്കണമെന്ന അതിയായ ആഗ്രഹം മനസ്സില്‍ നിറഞ്ഞു നിന്നതിനാലാണ്. വിവാഹം കഴിഞ്ഞ് ബോംബെയില്‍ പോയ ഞാന്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാം എന്ന തീരുമാനത്തിലാണ് നാട്ടിലേക്ക് എത്തിയത്. എന്നാല്‍ എന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്.. നിന്നെപോലെ ഇത്രയും കഴിവുകള്‍ ഉള്ള ഒരാള്‍ക്ക് ഏതെങ്കിലും ഒരു ജോലി കിട്ടിയാല്‍ മതിയോ? നിന്റെ കഴിവുകള്‍ക്ക് അത്രമാത്രം വിലയേ ഉള്ളോ? നിന്റെ മക്കള്‍ക്ക് ഒരു അസുഖം വന്നാല്‍ അവധി കിട്ടുമോ? അന്നുവരെ ഞാന്‍ എന്നോട് ചോദിക്കാതെയിരുന്ന ചോദ്യങ്ങളായിരുന്നു അത്. നിന്റെ സ്വന്തം കഴിവ് പ്രയോജനപ്പെടുത്തി ഒരു വരുമാനം കണ്ടെത്തിയാല്‍ ശരിയാകില്ലേ എന്ന ചോദ്യം വാതില്‍ തുറന്നത് എന്നിലേക്ക് തന്നെയായിരുന്നു. ആ വാക്കുകളാണ് എന്നെ ഞാനാക്കി മാറ്റിയത്.
ഇന്ന് നൂറുകണക്കിന് വിവാഹ വേദികളില്‍ എന്റെയും ടീമിന്റെയും നേതൃത്വത്തില്‍ വിവാഹമേക്കപ്പുകള് നടക്കുന്നു. ഈ മേഖലയില്‍ നിരവധി വിദ്യാര്‍ത്ഥികളുള്ള ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ഇന്ന് ഞാന്‍. ഐസിഎസ് ഫെയര്‍ ആന്‍ഡ് ലൗലി ബ്യൂട്ടിപാര്‍ലര്‍ എന്ന ഒരു സ്ഥാപനവും അതോടൊപ്പം തന്നെ ബ്യൂട്ടീഷന് ഡിപ്ലോമ കോഴ്സുകള്‍ക്കായി ഫെയര്‍ ആന്‍ഡ് ലൗലി ഇന്റര്‍നാഷണല്‍ അക്കാഡമിയും ഞാന്‍ നടത്തിവരുന്നു.
എന്റെ സ്ഥാപനത്തില്‍ വരുന്ന ഓരോരുത്തര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവരുടെ സ്കിന്‍ അറിഞ്ഞുള്ള ട്രീറ്റ്മെന്റാണ് ഫേഷ്യലിനൊപ്പം ഞാന്‍ നല്കി വരുന്നത്. കോട്ടയം ലോഗോസ് ജംഗ്ഷനിലെ കുടകുശേരി ബില്‍ഡിങ്ങിലാണ് പാര്‍ലര്‍ പ്രവര്‍ത്തിച്ചു വരുന്നത്. തൊട്ടടുത്തുള്ള ബില്‍ഡിങ്ങില്‍ പിഎന്‍ബി ബാങ്കിന്റെ മൂന്നാം നിലയിലാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്.
ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഒരുപാട് തവണ ആത്മസംതൃപ്തിയും സന്തോഷവും നിറഞ്ഞ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. എച്ച്ഡി മേക്കപ്പ്, എയര്‍ ബ്രഷ് മേക്കപ്പ്, ക്രൈലോണ്‍ മേക്കപ്പ് എന്നിവയാണ് ഏറ്റവും പുതിയതായി ചെയ്തുവരുന്നത്. ആരോഗ്യകരമായും അല്ലാതെയും ഒരുപാട് മത്സരം നടക്കുന്ന ഒരു മേഖലയാണിത്. അതുകൊണ്ടുതന്നെ നന്നായി അറിവ് നേടി ആഴത്തില്‍ ഓരോന്നിനെയും അറിഞ്ഞ് നമ്മുടെ കഴിവും ആത്മാര്‍ഥതയും അതിനോടൊപ്പം ചേര്‍ത്ത് പ്രവര്‍ത്തിക്കുകയാണെങ്കില്‍ എന്നെപ്പോലെ തന്നെ തുടക്കക്കാര്‍ക്കും വിജയം സുനിശ്ചിതമാണ്…!”