വര്‍ണപ്പൊതികളില്‍ സ്‌നേഹവും മധുരവും ചാലിച്ചൊരു സംരംഭക…. ഹോം മെയ്ഡ് ചോക്ലേറ്റുകളുടെ മധുരം നുണയാന്‍ Lesieu…

കുറച്ചുനാള്‍ എങ്കിലും നമ്മളില്‍ പലരും പാടി നടന്ന ഒരു പാട്ടുണ്ട്… ഒരു പരസ്യ ഗാനം… ‘മധുരം കഴിക്കണമിന്ന് ഒന്നാം തീയതിയാ…’ വിപണിയിലെത്തുന്ന മുന്‍ നിര ചോക്ലേറ്റ് കമ്പനിയുടെ പരസ്യം എന്നതിനപ്പുറം മലയാളികളുടെ ചുണ്ടില്‍ വിടാതെ കിടന്ന പാട്ടിന് ദൈനംദിന ജീവിതവുമായി ഏറെ ബന്ധമുണ്ട്. ഏതൊരു വിശേഷനിമിഷവും മനോഹരമാക്കാനും മധുരമുള്ളതാക്കാനും നമ്മളൊക്കെ സമീപിക്കുന്നത് വ്യത്യസ്ത രൂപത്തിലും ഭാവത്തിലും വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ് വിപണിയിലെത്തുന്ന മധുരമൂറുന്ന ചോക്ലേറ്റുകളെ തന്നെയാണ്. ലാഭമേറിയ ഒരു ബിസിനസ് എന്നതിനപ്പുറം മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ പങ്കുചേരാനുള്ള ഇടം കൂടി ഒരുക്കുകയാണ് ഓരോ വര്‍ണ മിഠായികളും…

ചെറുപ്പകാലത്ത് സ്‌കൂളില്‍ പോകുമ്പോള്‍ കൈ വെള്ളയ്ക്കുള്ളിലും പോക്കറ്റിലും ബാഗിലും ഒക്കെ മുറുക്കി ഒളിപ്പിച്ച വര്‍ണ മിഠായികള്‍ ഇന്ന് പേരുകൊണ്ടു രുചി കൊണ്ടും രൂപംകൊണ്ടും ഒക്കെ വ്യത്യസ്തമായി കൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ ചോക്ലേറ്റിനുള്ളിലെ വ്യത്യസ്തതകള്‍ പരീക്ഷിച്ചുകൊണ്ട് വിപണിയിലെ സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തുകയും താന്‍ പോലും കണ്ടിട്ടില്ലാത്തവരുടെ സന്തോഷ നിമിഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനും ശ്രമിക്കുകയാണ് കാസര്‍ഗോഡ് സ്വദേശിനിയായ രമ്യ രാജന്‍.

2021 ല്‍ ഒരു ചോക്ലേറ്റ് മേക്കിങ് ക്ലാസില്‍ പങ്കെടുത്തതാണ് രമ്യയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. ചെറുപ്പം മുതല്‍ തന്നെ ചോക്ലേറ്റിനോട് അതിയായ താല്പര്യമുണ്ടായിരുന്നതും അത് എങ്ങനെ നിര്‍മിക്കുന്നു എന്ന് അറിയാനുള്ള ആകാംക്ഷയുമാണ് ഇന്ന് കേരളത്തിലെ മുന്‍നിര ഹോം മെയ്ഡ് ചോക്ലേറ്റ് ആയി രമ്യയുടെ Lesieu എന്ന സ്ഥാപനത്തിനെ മാറ്റിയത്. എല്ലാത്തിനും പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ജിപിന്‍ വര്‍ഗീസും മക്കളായ അലനും ഏബലും ഒപ്പം നില്‍ക്കുന്നത് രമ്യയ്ക്ക് മുന്നോട്ടുള്ള യാത്രയില്‍ കൂടുതല്‍ ബലം നല്‍കുന്നു.

ചോക്ലേറ്റുകളുടെ ഉള്ളിലെ ഫില്ലിംഗ് ആണ് Lesieu വിനെ വേറിട്ട് നിര്‍ത്തുന്നത്. വിപണിയില്‍ ലഭ്യമാകാത്ത പല ഫ്‌ളേവറുകളും രമ്യ ഇന്ന് ആളുകള്‍ക്കിടയിലേക്ക് എത്തിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് രമ്യ തന്റെ ചോക്ലേറ്റുകള്‍ ആളുകളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം പോസ്റ്റല്‍ വഴിയും ഡിടിഡിസി വഴിയും ചോക്ലേറ്റുകള്‍ ഈ സംരംഭക എത്തിച്ചു നല്‍കുന്നു.


കേരളത്തിലെ ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മിഠായികള്‍ മാറിയിട്ടില്ലെങ്കില്‍പോലും വിശേഷ ദിവസങ്ങളില്‍ അവര്‍ രമ്യയുടെ മധുരം നുണയാന്‍ ലെസ്യുവിനെ തേടിയെത്താറുണ്ട്. മറ്റൊരിടത്തും അധികം കണ്ടുവരാത്ത കാന്താരി, മിന്റ്, ഫാഷന്‍ ഫ്രൂട്ട്, നട്‌സ് തുടങ്ങി നിരവധി ഫ്‌ളേവറുകളില്‍ വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ് മധുരവും ഒപ്പം തന്റെ സ്‌നേഹവും ചേര്‍ത്താണ് രമ്യ ഓരോ ഉല്‍പന്നവും വിപണിയില്‍ എത്തിക്കുന്നത്. നിലവില്‍ ഓര്‍ഡറുകള്‍ അനുസരിച്ച് മാത്രമാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതെങ്കിലും പതിയെ ഒരു യൂണിറ്റ് ആരംഭിച്ച തന്റെ ബിസിനസ് കുറച്ചുകൂടി വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഈ സംരംഭക..

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Mail id: chocolateslesieu@gmail.com
Mobile No: 8921159639
https://www.facebook.com/share/1BA5aesZUE/
https://www.instagram.com/lesie_u/?igsh=bGN5b3lod2E2aXM2#
