പേപ്പര്‍ ബോക്സുകളിലൂടെ വിജയം ‘പെട്ടിയിലാക്കിയ’ ആംട്രിക്സ്
റസ്റ്റോറന്റുകളെയും കാറ്ററിംഗ് സര്‍വീസുകളെയും പോലെ ഇത്രവേഗം പടര്‍ന്നു പന്തലിച്ച മറ്റൊരു സംരംഭകത്വവും കേരളത്തിലുണ്ടാവില്ല. കഴിഞ്ഞ പതിറ്റാണ്ടില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലുണ്ടായ ഈ കുതിച്ചുചാട്ടം പുതിയ രുചികളെ നമ്മുടെ നാവിന് തുമ്പിലേക്കെത്തിച്ചു. ഹോട്ടലുകള്‍ക്കും ഹോം ഡെലിവറി സര്വീസുകള്ക്കുമപ്പുറം ഇവയെ പിന്തുണയ്ക്കുന്ന വിപുലമായ സംരംഭകത്വ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഷെഫിനും ഉപഭോക്താവിനുമിടയില്‍ കണ്ണിചേരുന്ന ഇത്തരം സംരംഭങ്ങളാണ് മേഖലയുടെ ജീവനാഡിയായി വര്‍ത്തിക്കുന്നത്. മലപ്പുറം മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംട്രിക്സ് പ്രിന്റിംഗ് ആന്‍ഡ് പാക്കിങ് സൊല്യൂഷന്‍സ് ഇങ്ങനെ വിജയത്തിലേക്ക് നടന്നു കയറിയ സംരംഭമാണ്. ഹോം ബേക്കേഴ്സ് മുതല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ വരെ അംട്രിക്സിന്റെ കണ്ടെയ്നറുകളിലാണ് രുചി വൈവിധ്യങ്ങള്‍ ഉപഭോക്താവിന് കൈമാറുന്നത്. ഹോള്‍സെയിലായി ഡീലര്‍മാര്‍ക്കും റസ്റ്റോറന്റ് ശൃംഖലകള്‍ക്കും പേപ്പര്‍ കണ്ടെയ്നറുകള്‍ നിര്‍മിച്ചു നല്കി മേഖലയില്‍ തന്റേതായൊരിടം കണ്ടെത്തിയിരിക്കുകയാണ് ആംട്രിക്സ്.
എന്‍ജിനീയറും അല്‍സലാമ കോളേജ് ഓഫ് ആര്‍ക്കിടെക്ചറിലെ പ്രൊഫസറും എംഇപി കണ്‍സള്‍ട്ടന്റുമായ ഖലീല്‍ ജിബ്രാന് സഹോദരന് ഫയിസ് ലുക്ക്മാനോടൊപ്പം നേതൃത്വം വഹിക്കുന്ന ഈ പേപ്പര്‍ ബോക്സ് പ്ലാന്റിലൂടെ ലോകോത്തര നിലവാരമുള്ള ഫുഡ് കണ്ടെയ്നറുകള്‍ മൊത്ത വ്യാപരികള്‍ വഴി കേരളത്തിനകത്തും പുറത്തുമുള്ള അനേകം റസ്റ്റോറന്റുകളിലേക്കും കാറ്ററിംഗ് സര്വീസുകളിലേക്കുമെത്തുന്നു.
കേക്ക് ബോക്സുകള്‍, കേക്ക് ബേസുകള്‍, ഫ്രൈഡ് ചിക്കന്‍/ ഫ്രഞ്ച് െ്രെഫ ബോക്സുകള്‍, പോപ്കോണ്‍ കപ്പുകള്‍, ഷവര്‍മ റാപ്പറുകള് എന്നിങ്ങനെ എല്ലാത്തരത്തിലുള്ള ഫുഡ് കണ്ടെയ്നറുകളും ആംട്രിക്സ് സപ്ലൈ ചെയ്യുന്നു. ഹോട്ടലുകളില്‍ നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഒരിക്കലെങ്കിലും ആംട്രിക്സ് നിര്‍മിച്ച കൂടുകള്‍ തുറന്നിട്ടുണ്ടാവും.
ഓഫ്സെറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഖലീല്‍ ജിബ്രാന്റെ അമ്മാവന് അഹമ്മദ് കബീറിന്റെയും സുഹൃത്ത് അസ്ലം ഇര്‍ഷാദിന്റെയും പങ്കാളിത്തത്തോടെ 2020ല്‍ ആരംഭിച്ച പ്രസ്ഥാനത്തിന് വളര്‍ച്ചയുടെ കഥ മാത്രമാണ് പറയാനുള്ളത്. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ ആംട്രിക്സിന്റെ ‘സപ്ലൈ ചെയിന്‍’ നീളുന്നു. കൃഷ്ണതുളസി, റെബ്ക്കോ, കേരള സോപ്പ്സ്, അല്‍ ബേയ്ക്ക്, ചിക് കിങ്, എ എഫ്സി എന്നീ ബ്രാന്‍ഡുകള്‍ക്ക് കണ്ടെയ്നറുകള്‍ നിര്‍മിച്ചു നല്‍കിയിരുന്ന ആംട്രിക്സ് പിന്നീട് മൊത്ത വ്യാപാരികളിലേക്ക് തങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിച്ചു. ഇന്ന് ആംട്രിക്സ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹോള്സെയിലിലാണ്.
ഓരോ ബിസിനസിനുമനുസരിച്ച് പ്രത്യേകമായി കണ്ടെയ്നറുകള്‍ രൂപകല്‍പ്പന ചെയ്യുന്ന ഇന്‍ ഹൗസ് ഡിസൈനിങ് ടീം അടക്കം മുപ്പതോളം ജീവനക്കാര്‍ ആംട്രിക്സില് പ്രവര്‍ത്തിക്കുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മെഷിനറികളുടെ സഹായത്തോടെ കുറഞ്ഞ ‘മാന്‍ പവര്‍’ കൊണ്ട് ഉയര്‍ന്ന തോതില്‍ ഉത്പാദനം നടത്തുവാന്‍ ആംട്രിക്സിനു സാധിക്കുന്നു.
കുറഞ്ഞകാലം കൊണ്ട് ആംട്രിക്സിന് വിപണിയില്‍ ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നില്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ തന്നെയാണ് കാരണം. ലഭ്യമായ ഏറ്റവും മികച്ച അസംസ്കൃത വസ്തുക്കളാല്‍ നിര്‍മിക്കുന്ന ആംട്രിക്സിന്റെ കണ്ടെയ്നറുകള്‍ 99.9% ബയോ ഡിഗ്രേഡബിളാണ്. പേപ്പര്‍ കപ്പുകളും ഗ്ലാസ്സുകളും പ്ലേറ്റുകളും കുറഞ്ഞ വിലയിലും കൂടിയ നിലവാരത്തിലും അവതരിപ്പിച്ചുകൊണ്ട് സംരംഭത്തിന്റെ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തുവാനുള്ള പരിശ്രമങ്ങളിലാണ് ആംട്രിക്സ്. കൂടാതെ ഇന്ത്യയൊട്ടാകെയുള്ള വിപണികളിലേക്ക് വ്യാപിക്കുവാനും യൂറോപ്യന്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റുകളില്‍ ചുവടുറപ്പിക്കുവാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.