നിറമല്ല, നിലപാടാണ് സൗന്ദര്യം; ഫാഷന്‍ ലോകത്തെ അഹല്യയുടെ ‘ഭൂമി’യോളം വലിയ വളര്‍ച്ച

സ്വന്തം വഴി വെട്ടിപ്പിടിച്ച ഒരു ആക്‌സിഡന്റല്‍ എന്റര്‍പ്രണര്‍, ടീച്ചര്‍ എന്ന പ്രൊഫഷനില്‍ നിന്നും യുവ സംരംഭകയിലേക്കുള്ള അഹല്യ പ്രവീണിന്റെ മുന്നേറ്റം ഏതൊരു സ്ത്രീക്കും വിജയവഴി കാട്ടുന്ന യാത്രയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കണം, അതിന് നിറമോ രൂപമോ പ്രശ്‌നമല്ലെന്ന് ചിന്തിക്കുന്ന അഹല്യയും അവരുടെ ഭൂമിയും വസ്ത്ര രംഗത്ത് പുതുവഴികള്‍ കെട്ടിപ്പടുക്കുകയാണ്.
കട്ടപ്പനക്കാരിയായ അഹല്യ ഏകദേശം മൂന്ന് വര്‍ഷം മുമ്പാണ് ഭൂമി ബൈ അഹല്യ എന്ന വസ്ത്ര സ്ഥാപനം ആരംഭിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറായിരുന്ന അഹല്യ ബി.എ, എം.എ, ബി.എഡ് പഠനം കഴിഞ്ഞ് കോളേജ് അധ്യാപികയായി ജോലി ചെയ്ത് വരവെയാണ് പ്രൊഫഷനില്‍നിന്ന് ഒരു ഇടവേള എടുക്കുന്നത്.
ഇളയമകള്‍ ജനിച്ചതിന് പിന്നാലെ മക്കളുടെ കൂടെ അവര്‍ക്കായി സമയം ചെലവഴിക്കണമെന്ന ആഗ്രഹമായിരുന്നു അതിന് പിന്നില്‍. ഇതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ പല ബ്രാന്‍ഡ്കളും പരസ്യത്തിനായെല്ലാം സമീപിക്കാന്‍ തുടങ്ങി. സാരി ധരിച്ചുള്ള വീഡിയോകള്‍ ജനശ്രദ്ധയേറെ പിടിച്ചു പറ്റി. ‘നിനക്ക് സ്വന്തമായി സാരി ബിസിനസ് തുടങ്ങിക്കൂടേ’ എന്ന് ഭര്‍ത്താവ് പ്രവീണ്‍ ചന്ദ് പറഞ്ഞ ആ വാക്കാണ് അഹല്യയിലെ സംരംഭകയിലേക്കുള്ള ആദ്യ വെളിച്ചം വീശുന്നത്.

അമ്പതിനായിരം രൂപ മൂലധനത്തില്‍ നിന്നാണ് തുടക്കം. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍ എന്നിവയില്‍ നിന്നെല്ലാം വിവരങ്ങള്‍ തേടി. സാരികളുടെ ആദ്യ സ്‌റ്റോക്കിന് ഓര്‍ഡര്‍ നല്‍കി. വന്നെത്തിയ സാധനങ്ങളുടെ ക്വാളിറ്റി, ടെക്‌സ്‌റ്റൈല്‍ രംഗത്ത് ജോലി ചെയ്യുന്ന സുഹൃത്തുക്കളുടെ സഹായത്തോടെ ഉറപ്പാക്കി. ഇന്‍സ്റ്റഗ്രാമില്‍ വില്പന സംബന്ധിച്ച ആദ്യ വീഡിയോ പങ്കുവെച്ചു. പിന്നാലെ സാരിക്കായി കസ്റ്റമേഴ്‌സ് ബന്ധപ്പെടാന്‍ തുടങ്ങി. അന്ന് തുണികളെ കുറിച്ചുപോലും ഒന്നും അറിയില്ലായിരുന്നങ്കില്‍ ഇന്ന് എല്ലാത്തിലും അഗ്രഗണ്യയാണ് അഹല്യ.
വില്പനയില്‍ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളില്‍ നിന്നെല്ലാം വലിയ പിന്തുണ ലഭിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ആദ്യ വീഡിയോ ഷെയര്‍ ചെയ്ത അന്ന് തന്നെ പത്ത് ഓര്‍ഡര്‍ ലഭിച്ചത് അഹല്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. നിറത്തിന്റെ പേരില്‍ പല തരത്തിലുള്ള കമന്റുകളും കേള്‍ക്കേണ്ടി വന്ന അഹല്യ മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും തൊലിനിറത്തിന്റെ പേരില്‍ ഇഷ്ട വസ്ത്രങ്ങളെ വേണ്ടെന്ന് വെക്കരുതന്നും സ്വന്തം മോഡലിങ്ങിലൂടെ സാക്ഷ്യപ്പെടുത്തി.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഓണക്കാലത്ത് ‘ഭൂമി ബൈ അഹല്യ’ ഒരുക്കിയ ‘കാക്കപ്പൂവ്’ സീരീസില്‍ വരുന്ന വസ്ത്രങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായ മാറിയ അഹല്യയുടെ ഈ ശ്രേണിയിലെ വസ്ത്രങ്ങള്‍ക്ക് മോഡലുകളായത് ഇന്ത്യന്‍ സ്‌കിന്‍ടോണിലുള്ള പലതരം മനുഷ്യരാണ്. വ്യത്യസ്തമായ പ്രിന്റിംഗ് കൊണ്ടും തനിമ കൊണ്ടും വസ്ത്രം വിപണിയില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നായി. ഡിസൈനറല്ലാത്ത അഹല്യയുടെ ഡിസൈനിംഗ് മികവ് അവയില്‍ കാണാമായിരുന്നു. കാക്കപ്പൂ സീരീസിന് ശേഷം ചെമ്പരത്തിപ്പൂ സീരീസിലും ഭൂമി ബൈ അഹല്യ വസ്ത്രങ്ങളൊരുക്കി. പല പുതു പരീക്ഷണങ്ങളും നടത്തി.
നിലവില്‍ റീസെയിലായി സോഷ്യല്‍ മീഡിയയിലൂടെയും വെബ്‌സൈറ്റിലൂടെയുമാണ് വില്പന. അത് വിപുലീകരിക്കണമെന്നും സ്വന്തമായി വലിയൊരു ക്ലോത്തിങ് ബ്രാന്‍ഡായി മാറുക എന്നതുമാണ് അഹല്യയുടെ സ്വപ്‌നം.

ബ്ലോക്ക് പ്രിന്റിങ്ങില്‍ കേരളത്തിന്റെ സംസ്‌കാരവും മനോഹാരിതയും തനിമയും പൂക്കളും എല്ലാം പരീക്ഷിച്ച് പുത്തന്‍ ഡിസൈനുകളില്‍ ബഡ്ജറ്റ് ഫ്രണ്ട്‌ലി വസ്ത്രം ഒരുക്കാനാണ് അഹല്യയുടെ സ്വപ്‌നപദ്ധതി. നിലവില്‍ വിദേശത്തേക്ക് ഓര്‍ഡറുകള്‍ വരാറുണ്ടെങ്കിലും അത് അല്പംകൂടി വിപുലീകരിക്കാനും പ്ലാനുണ്ട്. എത്ര തന്നെയാണങ്കിലും പരിഹസിക്കാനും ചിലരുണ്ടാകുമെന്ന് അഹല്യ പറയുന്നു, എന്നാല്‍ അതൊന്നും കാര്യമാക്കാതെ നമ്മുടെ വഴിയേ പോയാല്‍ വിജയം സുനിശ്ചിതമെന്നാണ് അഹല്യയുടെ ഉപദേശം. ടീച്ചര്‍ ജോലി വിട്ടിറങ്ങിയ തന്നെ ഒരു സംരംഭകയായി അംഗീകരിക്കാന്‍ വീട്ടുകാര്‍ക്കുപോലും സമയമെടുത്തുവെന്ന് അഹല്യ പറയുന്നുണ്ടെങ്കിലും അന്നും ഇന്നും പിന്തുണയായി ഭര്‍ത്താവും മക്കളായ പ്രകൃതിയും ഭൂമിയും അഹല്യക്കൊപ്പമുണ്ട്.
സ്വന്തം നിറത്തിന് ചേരുമോ എന്ന് നോക്കിയല്ല സ്വന്തം മനസിന് ഇഷ്ടമാണോ എന്ന് നോക്കിയാണ് വസ്ത്രം തിരഞ്ഞെടുക്കേണ്ടത് എന്നാണ് അഹല്യയുടെ ആശയം. വസ്ത്രത്തില്‍ എന്താണ് അല്പം വ്യത്യാസമൊരുക്കാനാവുക എന്നു ചിന്തിക്കുന്ന ഏതൊരാള്‍ക്കൊപ്പവും ‘ഭൂമി ബൈ അഹല്യ’യുണ്ടാകും.



