‘വിജയിക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ല’, പതിനേഴാം വയസ്സില്‍ സ്വന്തമായി ഒരു ബ്രാന്റിന്റെ ഉടമ; കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി മാനേജര്‍
ചെറുപ്രായത്തില്‍ ഒരാള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഇത് വലിയൊരു ചോദ്യമാണ്. എന്നാല്‍ ഈ ചോദ്യത്തെ തന്റെ ജീവിതം കൊണ്ട് മാറ്റിയ ഒരു വ്യക്തിയാണ് സഫ്വാന്‍. ചെറുപ്രായത്തില്‍ എന്താണ് ചെയ്യാന്‍ സാധിക്കാത്തത് എന്നാണ് മറ്റുള്ളവരോട് സഫ്‌വാന് ചോദിക്കാനുള്ളത്. തന്റെ പതിനേഴാം വയസ്സില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി മാനേജര്‍. കൂടാതെ സ്വന്തമായി ഒരു സംരംഭത്തിന്റെ ഉടമ. ഇതിലുപരി സഫ്‌വാന്‍ എന്ന സംരംഭകനെ അറിയാന്‍ മറ്റൊന്നിന്റെയും ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഡി വണ്‍ എന്ന ജനകീയ ബ്രാന്‍ഡിന്റെ ഉടമയാണ് സഫ്‌വാന്‍. കേരളത്തില്‍ എല്ലായിടത്തും ഇന്ന് ഡി വണ്‍ സോപ്പ് ലഭ്യമാണ്. മലപ്പുറം വാഴക്കാട് സ്വദേശിയായ ഈ യുവസംരംഭകനെ, അദ്ദേഹത്തിന്റെ കഴിവും കഠിനപ്രയത്‌നവും അര്‍പ്പണ മനോഭാവവും തന്നെയാണ് ഇന്ന് ഇത്രയും ഉയരത്തില്‍ എത്തിച്ചിരിക്കുന്നത്.
നമ്മളില്‍ ഭൂരിഭാഗം പേരും പതിനെട്ടാം വയസ്സിലും ഇരുപതാം വയസ്സിലും എന്തിന് മുപ്പതുകളില്‍ പോലും ജീവിതത്തിന്റെ യഥാര്‍ത്ഥ സത്ത തിരിച്ചറിയാതെ നില്‍ക്കുമ്പോള്‍ സഫ്‌വാന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാവുകയാണ്. പഠനത്തിലും അതോടൊപ്പം തന്നെ തന്റെ ജീവിതത്തിലും ശോഭിച്ച് നില്‍ക്കുകയാണ് ഇദ്ദേഹം.
ഇഷ്ടമുള്ള മേഖലയിലാണ് കൃത്യമായി തിളങ്ങാന്‍ സാധിക്കുക എന്നത് വളരെ കൃത്യമായി സഫ്‌വാന്‍ തന്റെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തിരിക്കുന്നു. ഏതൊരു വ്യക്തിയുടെയും വളര്‍ച്ചയ്ക്ക് പിന്നില്‍ ശക്തനായ മറ്റൊരാളുടെ പിന്‍ബലം കൂടി ഉണ്ടാകും. അങ്ങനെ ജീവിതത്തില്‍ എല്ലാ പിന്‍ബലവും നല്‍കി കൂടെ നില്‍ക്കുന്ന ആ വ്യക്തി സഫ്‌വാന്റെ ഉപ്പ ഷാനിഫ് കെ പിയാണ്. അതോടൊപ്പം കുടുംബത്തിലുള്ള മറ്റുള്ളവരുടെയും പിന്തുണ എടുത്തു പറയേണ്ടതാണ്.
ഡി വണ്‍ ബ്രാന്‍ഡിന്റെ ഉദയം
സഫ്‌വാന്‍ ചെറുപ്പം മുതലേ ബിസിനസ്സില്‍ തത്പരനായിരുന്നു. ഉപ്പയെ കണ്ടുകൊണ്ടാണ് ഇത്തരമൊരു ആഗ്രഹം സഫ്‌വാന്റെ മനസ്സില്‍ ഉടലെടുക്കുന്നത്. അതായത്, കൃത്യമായി പറഞ്ഞാല്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആപ്പിള്‍ ജിയ സോപ്പും (ഉപ്പ ഷാനിഫ് കെ പി യുടെ സംരംഭം) മറ്റു കമ്പനികളുടെ പ്രോഡക്റ്റ്‌സും വീടിന് അടുത്തുള്ള കടകളില്‍ എത്തിച്ചു കൊണ്ടായിരുന്നു ബിസിനസ്സ് എന്ന ആശയത്തിന്റെ തുടക്കം. അങ്ങനെ പതിനഞ്ചാം വയസ്സില്‍ സഫ്‌വാന്റെ മനസ്സില്‍ സ്വന്തമായ ഒരു ബ്രാന്‍ഡ് മാര്‍ക്കറ്റില്‍ ഇറക്കണം എന്ന് ആഗ്രഹം ഉടലെടുക്കുന്നു.
ആദ്യം ചിന്തിച്ചത് ഒരു പെന്‍ ബ്രാന്‍ഡിനെ കുറിച്ചാണ്. എന്നാല്‍ കേരളത്തില്‍ ആ ആശയത്തിന് സാധ്യത ഇല്ല എന്ന് മനസ്സിലാക്കിയതിനുശേഷമാണ് മറ്റൊരു ആശയത്തിലേക്ക് സഫ്വാന്‍ കടക്കുന്നത്. പുതിയ ആശയത്തിന് മറ്റുള്ളവരുടെ പിന്തുണ കൂടി ചേര്‍ത്ത് പതിനാറാം വയസ്സില്‍ സ്വന്തമായ ബ്രാന്‍ഡ് എന്ന മോഹത്തിന് അദ്ദേഹം തിരികൊളുത്തി. അതാണ് ‘ഡി വണ്‍’ ബ്യൂട്ടി സോപ്പ്. ഈ ബ്രാന്‍ഡിനെ കുറിച്ചു പറയുമ്പോള്‍, അതില്‍ എടുത്തു പറയേണ്ട കാര്യം കോവിഡ് എന്ന മഹാമാരി കാലത്താണ് ഈ ബ്രാന്റിന്റെ തുടക്കവും വളര്‍ച്ചയും എന്നതാണ്.
ഡി വണ്‍ ബ്യൂട്ടി സോപ്പിന്റെ ഫൗണ്ടര്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ആണ് ഇന്ന് സഫ്‌വാന്‍. ആദ്യഘട്ടങ്ങള്‍ നിരവധി ബുദ്ധിമുട്ടുകള്‍ സഫ്‌വാന് സമ്മാനിച്ചിരുന്നു. എന്നാല്‍ അവയെല്ലാം തന്റെ കഠിനപ്രയത്‌നം കൊണ്ട് അദ്ദേഹം മറികടക്കുകയായിരുന്നു.
ചെറുപ്രായത്തില്‍ ബിസിനസ് തുടങ്ങിയപ്പോള്‍ നിരവധി പരിഹാസങ്ങള്‍ അദ്ദേഹത്തിന് പലയിടങ്ങളില്‍ നിന്നും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവയൊന്നും പരിഗണിക്കാതെ മുന്നോട്ടുപോയ സഫ്‌വാനെ നിറഞ്ഞ ഹര്‍ഷാരവങ്ങളോടെയാണ് ഇന്ന് ഏവരും സ്വീകരിക്കുന്നത്.
നേട്ടങ്ങളുടെ നാള്‍ വഴികള്‍
വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് നിരവധി നേട്ടങ്ങളാണ് ഈ ചെറിയ വലിയ സംരംഭകനെ തേടി എത്തിയിട്ടുള്ളത്. അതില്‍ എടുത്തു പറയേണ്ട ചില വലിയ നേട്ടങ്ങളുണ്ട്. എ ടി സി ഇന്ത്യയുടെ എമര്‍ജിങ് എന്‍ട്രപ്രണര്‍ അവാര്‍ഡ് ജേതാവാണ് സഫ്‌വാന്‍. കൂടാതെ, ബിസിനസ് കേരള ഫാസ്റ്റസ്റ്റ് ഗ്രോവിങ് എഫ്.എം.ജി.സി ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരം, ഗ്രീന്‍ ഇന്ത്യ എമര്‍ജിങ് യൂത്ത് എന്‍ട്രപ്രണര്‍ പുരസ്‌കാരം എന്നിവയും ഈ യുവ സംരംഭകന്‍ കരസ്ഥമാക്കിയിട്ടുണ്ട്.
മറ്റുള്ളവരോട് സഫ്‌വാന് പറയാനുള്ളത് ഇതാണ് : ”സമയമില്ല എന്ന് പറഞ്ഞ് സമയം കളയരുത്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. പ്രായം ഒന്നിനും ഒരു തടസ്സമല്ല. നിങ്ങളുടെ കഴിവിലുള്ള വിശ്വാസമാണ് എല്ലാത്തിന്റെയും ആധാരം. ഹാര്‍ഡ് വര്‍ക്ക് അല്ല, ഒരു മേഖലയില്‍ വിജയിക്കാന്‍ വേണ്ടത് സ്മാര്‍ട്ട് വര്‍ക്കാണ്. കൂടാതെ ‘കണ്‍സിസ്റ്റന്‍സി’യും അത്യാവശ്യമാണ്. സംരംഭം തുടങ്ങിക്കഴിഞ്ഞാല്‍, പാതി വഴിയില്‍ ഉപേക്ഷിക്കാതെ അത് ലാഭത്തിലാകുന്നത് വരെ അതില്‍ തുടരുക”.