പേപ്പര്‍ മെറ്റീരിയലുകളുടെ അനന്തസാധ്യതകള്‍ പങ്കുവച്ച് അബു സാഹിര്‍
ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് ബിസിനസ് മേഖലയില്‍ പുത്തന്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരികയും അതോടൊപ്പം ദീര്‍ഘവീക്ഷണവും ശക്തമായ ഒരു ടീമും ഉണ്ടെങ്കില്‍ നിങ്ങളുടെ സംരംഭം ഏതു തന്നെയായാലും വിജയം സുനിശ്ചിതമാണ്. സംരംഭക വിജയത്തെക്കുറിച്ച് അടുത്തറിയാന്‍ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ അബു സാഹിറിന്റെ വിജയകഥയിലേക്ക് നമുക്കൊരു എത്തിനോട്ടം നടത്താം.
ഇരുപതാം വയസിലാണ് അദ്ദേഹം സ്വന്തമായി ഒരു പ്രിന്റിംഗ് പ്രസ് ആരംഭിക്കുന്നത്. അബു സാഹിറിന് ബിസിനസിനോടുള്ള പാഷനും കഠിനാദ്ധ്വാനവും ഒത്തുചേര്‍ന്നപ്പോള്‍ സ്ഥാപനത്തെ ഒന്നില്‍ നിന്ന് മൂന്നിലേക്ക് വളര്‍ത്താന്‍ സാധിച്ചു. ആ സമയത്താണ് പ്ലാസ്റ്റിക്ക് ബാഗിന് നിയന്ത്രണം വരുന്നതും പേപ്പര്‍ ബാഗിന് പ്രചാരം വര്‍ദ്ധിച്ചതും. അങ്ങനെ പേപ്പര്‍ ബാഗിന്റെ നിര്‍മാണഘട്ടത്തിലേക്ക് കടന്നു. പരിസ്ഥിതിക്ക് ഗുണപ്രദവും ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്ന ബഡ്ജറ്റും വിലയിരുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഓരോന്നും നടപ്പിലാക്കിയത്.
GSA EXPORTS എന്ന സ്ഥാപനത്തിലൂടെ പേപ്പര്‍ ബാഗ് ബിസിനസിലും വിജയം നേടിയ അബു, സംരംഭക മേഖലയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാകാന്‍ തീരുമാനിച്ചു. ‘പേപ്പര്‍ ബാഗ് നിര്‍മാണം പഠിക്കാം, സംരംഭകന് ആകാം… ലക്ഷങ്ങള്‍ സമ്പാദിക്കാം..’ ഇത്തരത്തിലൊരു ബിസിനസ് മോഡല്‍ അബു സാഹിര്‍ വികസിപ്പിച്ചു. ഒരു ലക്ഷം രൂപയ്ക്ക് മാസം മുപ്പതിനായിരം രൂപ വരുമാനം നേടിത്തരുന്ന അബുവിന്റെ പേപ്പര്‍ ബാഗ് പരിശീലനത്തിലൂടെ ആയിരക്കണക്കിന് പേര് സംരംഭകമേഖലയില്‍ വിജയങ്ങള്‍ നേടി.
പേപ്പര്‍ ബാഗിനൊപ്പം പേപ്പര്‍ പ്ലേറ്റ്, പാളപ്ലേറ്റ്, ഇല പ്ലേറ്റ് എന്നിവയുടെ പരിശീലനവും ബൈബാക്കും എക്സ്പോര്‍ട്ടും തുടര്‍ന്നുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്കി നിരവധി പേരെ സമ്പാദിക്കാന്‍ പ്രാപ്തനാക്കുകയാണ് GSA EXPORTSലൂടെ അബു സാഹിര്‍. 23 വര്‍ഷമായി ബിസിനസ് മേഖലയില്‍ റോള്‍ മോഡലായി വളരുകയാണ് അബു സാഹിര്‍.
സമൂഹത്തിന്റെ നന്മ കൂടി കണക്കിലെടുത്താണ് അബുവിന്റെ ഓരോ ചുവടുവയ്പുകളും. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. 100% റീസൈക്കിള്‍ ചെയ്ത പേപ്പര്‍ മെറ്റീരിയലുകളിലേക്ക് കടന്നത് മലിനീകരണ സാധ്യത കുറയ്ക്കുകയും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായ നിലപാടും ഉപഭോക്താവിലേക്ക് എത്തിക്കാനുള്ള കഴിവുമാണ് അബുവിന്റെ വിജയത്തിന് കരുത്തേകുന്നത്.
നമുക്കുചുറ്റും നിരവധി സംരംഭകരെ പലപല മേഖലകളിലായി കാണാന്‍ സാധിക്കും. പക്ഷേ അവരെല്ലാം വിജയിക്കണമെന്നില്ല. അത്തരം ഘട്ടങ്ങളിലാണ് അബു സാഹിറിനെ പോലെ വിജയിച്ച സംരംഭകര്‍ സമൂഹത്തിന് മാതൃകയാവുന്നത്.