പ്രകൃതിയുടെ കൈപ്പിടിയില്‍ ഒരു യുവ സംരംഭകയുടെ യാത്ര

ദിയ സുജില്‍… ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് ഒരു അസാധാരണ സംരംഭകയായി മാറിയ കഥ… തൃശൂരില്‍ നിന്നുള്ള ദിയയുടെ സംരംഭം, ഒരു ഫാക്ടറിയിലോ ഓഫീസിലോ അല്ല, മറിച്ച് അവരുടെ അടുക്കളയില്‍ നിന്നാണ് ആരംഭിച്ചത്. സ്വന്തം ചര്‍മ പ്രശ്‌നത്തിന് പരിഹാരം തേടിയ ശ്രമം പിന്നീട് ഇന്ത്യയിലുടനീളം ആയിരക്കണക്കിന് ആളുകളുടെ വിശ്വസ്തമായ സംരംഭമായി വളര്‍ന്നു. Ela Organics എന്ന ആ ബ്രാന്‍ഡിന്റെ സ്ഥാപകയും ഹൃദയവുമായ ദിയ, അഭിമാനത്തോടെ ഒരുപാട് സ്ത്രീകള്‍ക്ക് ഇന്ന് മാതൃകയാവുന്നു.

കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ദിയ അനുഭവിച്ച ചര്‍മ വരള്‍ച്ച, സാധാരണ സോപ്പുകള്‍ ഉപയോഗിക്കാനാവാത്ത അവസ്ഥ എന്നിവയാണ് ദിയയുടെ സംരംഭക യാത്രയുടെ തുടക്കം. പരീക്ഷണമെന്നോണം സൗമ്യവും ഫലപ്രദവുമായ ഒരു സോപ്പ് വീട്ടില്‍ ഉണ്ടാക്കി, സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുകയായിരുന്നു. അവരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ ദിയയെ കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ പ്രചോദിപ്പിച്ചു.
2021 ല്‍ തുടക്കം കുറിച്ച Ela Organics ഇന്ന് 40ലധികം ഹാന്‍ഡ്‌മേഡ്, ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ നവജാത ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ പ്രായക്കാര്‍ക്കുമായി അവതരിപ്പിക്കുന്നു. പ്രകൃതിയുടെ ആരോഗ്യപരിഹാരം, ശുചിത്വം, ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ എന്നിവയുടെ സമന്വയമായ ഉത്പന്നങ്ങളാണ് ഇലയുടെ ഉത്പന്നങ്ങള്‍. വളരെ ശ്രദ്ധയോടെയും കരുതലോടെയുമാണ് ഓരോ ഉത്പന്നവും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. ആര്‍ത്തവ കാലം പൂര്‍ണമായി ഒഴിവാക്കി, ഏഴ് ദിവസത്തെ പഥ്യം പാലിച്ചുകൊണ്ടാണ് കുഞ്ഞുങ്ങള്‍ക്കായുള്ള ഉത്പന്നങ്ങളും എണ്ണയും തയ്യാറാക്കുന്നത്. ഗര്‍ഭിണികള്‍ക്ക് ധൈര്യമായി ഉപയോഗിക്കാവുന്നയാണ് ഇവരുടെ എല്ലാ ഉത്പന്നങ്ങളും. ഗര്‍ഭിണിയായ ദിയ ഇപ്പോള്‍ ഉപയോഗിക്കുന്നതും സ്വന്തം ഉത്പന്നങ്ങള്‍ തന്നെയാണ്.

നിരവധി പ്രതിസന്ധികള്‍ പിന്നിട്ടാണ് ദിയ ഇന്ന് കാണുന്ന വിജയത്തിലേക്ക് എത്തിയത്. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ദിയയുടെ ജീവിതം. പിതാവിന്റെ മദ്യാസക്തി കുടുംബത്തിന് സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ചെറുപ്പത്തില്‍ തന്നെ വീട്ടുചുമതലകളും സഹോദരങ്ങളുടെ വിദ്യാഭ്യാസ ബാധ്യതകളും ഏറ്റെടുത്തു, ചെറിയ ജോലികള്‍ ചെയ്ത് അമ്മക്കും കുടുംബത്തിനും താങ്ങായി. ഈ പ്രതിബദ്ധതയും കരുത്തുമാണ് ദിയയെ ഇന്നത്തെ വിജയത്തിലേക്ക് കൊണ്ടുവന്നത്.
പഠനശേഷം ഒരു സംരംഭകയാകണമെന്ന സ്വപ്‌നം ഉണ്ടായിരുന്നുവെങ്കിലും, വീട്ടിലെ സാമ്പത്തിക ബാധ്യതകള്‍ കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു. ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ദിയ തന്റെ ആശയം കട ഉടമ അബ്ദുല്‍ ഷുക്കൂറിനോട് പങ്കുവെച്ചു, അദ്ദേഹം ദിയയെ പ്രോത്സാഹിപ്പിച്ചു. മങ്ങിപ്പോയ ആ സ്വപ്‌നം അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് വീണ്ടും ഉണര്‍ന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു കുടുബാംഗത്തെ പോലെ, ഒപ്പം നിന്ന് സഹായിച്ചു. ഇപ്പോഴും ദിയയ്ക്കും ദിയയുടെ കുടുംബത്തിനും അദ്ദേഹം വളരെയധികം പിന്തുണ നല്കുന്നു. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ അദ്ദേഹം നല്കിയ സഹായം ദിയ നന്ദിയോടെ ഓര്‍ക്കുന്നു.
ദിയയുടെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ അവകാശി ഭര്‍ത്താവ് സുജിലാണ്. ‘വിവാഹശേഷം, എന്റെ ഏറ്റവും വലിയ ശക്തിയും താങ്ങും ഭര്‍ത്താവ് സുജിലാണെ’ന്ന് ദിയ അഭിമാനത്തോടെ പറയുന്നു. ഭര്‍ത്താവിനൊപ്പം അമ്മ, കുടുംബങ്ങള്‍ എല്ലാവരുടെയും ശക്തമായ പിന്തുണ ഈ യാത്രയെ അനായാസമാക്കി. ഇന്ന് എല്ലാ ഉത്പന്നങ്ങളും ദിയ വീട്ടില്‍ തന്നെ നിര്‍മിക്കുന്നു. വ്യത്യസ്ത ആകൃതിയിലും സുഗന്ധങ്ങളിലുമുള്ള ‘കസ്റ്റമൈസ്’ ചെയ്ത സോപ്പുകള്‍ മുതല്‍ തലമുടിക്ക് അനുയോജ്യമായ ഹെര്‍ബല്‍ ഓയിലുകള്‍ വരെ ദിയയുടെ എല്ലാ പ്രോഡക്ടുകളും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണ്.

Ela Organics ഇന്ന് റോസ്‌മേരി ഹെര്‍ബല്‍ ഹെയര്‍ ഓയില്‍, ബീറ്റ്‌റൂട്ട് ലിപ് ബാം, ബേബി ഓയില്‍, റോസ് വാട്ടര്‍, കോഫി ഫേസ് വാഷ്, ഓര്‍ഗാനിക് ബ്ലാക്ക് ഡൈ തുടങ്ങി ശ്രദ്ധേയമായ നിരവധി ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. 10,000ത്തിലധികം സന്തുഷ്ടരായ ഉപഭോക്താക്കളും സോഷ്യല്‍ മീഡിയയിലൂടെയുള്ള വിപുലമായ വ്യാപനവും ഇന്ത്യയില്‍ എല്ലായിടത്തും കൊറിയര്‍ സേവനവുമുണ്ട്. പ്രകൃതിദത്ത പരിചരണത്തിലുള്ള പ്രതിബദ്ധതയും ‘കസ്റ്റമൈസേഷന്‍’ എന്ന ആശയവും Ela Organics എന്ന ബ്രാന്‍ഡിനെ വേറിട്ടു നിര്‍ത്തുന്നു.
Ela Organics എന്ന ബ്രാന്‍ഡിനെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുകയും ഒരു റീട്ടെയില്‍ സ്‌റ്റോര്‍ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഇനി ദിയയുടെ സ്വപ്‌നം. ഇത് ഒരു ബ്രാന്‍ഡ് മാത്രമല്ല; ആത്മാര്‍ത്ഥതയുടെ, പരിചരണത്തിന്റെ, ദൈര്‍ഘ്യമുള്ള ശ്രമത്തിന്റെ യാത്രയാണ്.