EntreprenuershipSuccess Story

ലക്ഷ്യബോധത്തോടെ ജീവിതവിജയം നേടുന്ന യുവസംരംഭകന്‍

ജീവിതവിജയം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അത് നേടിയെടുക്കുന്നവര്‍ വളരെ ചുരുക്കവുമാണ്. കഠിനമായി പരിശ്രമിച്ചാന്‍ സാധിക്കാത്തതായി യാതൊന്നുമില്ല എന്നാണല്ലോ. എന്നാല്‍ ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകണമെന്ന് മാത്രം. അത്തരത്തില്‍ വ്യക്തമായ കാഴ്ചപ്പാടോടുകൂടി ലക്ഷ്യം നേടിയെടുത്ത ഒരു സംരംഭകനാണ് തിരുവനന്തപുരം സ്വദേശിയായ ശ്രിലില്‍.

കേവലം ഒരു ആഗ്രഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയല്ല ശ്രിലില്‍. ഒരു മികച്ച പരിശീലകനും ഐടി മേഖലയില്‍ പ്രാവീണ്യവുമുള്ള ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെല്ലാം ലോകോത്തര നിലവാരമുള്ളതാണ്. മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്, ബിസിനസ് മെന്റര്‍, ബിസിനസ് ടീം കോച്ച്, ബിസിനസ് സ്റ്റോറി ടെല്ലര്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ശ്രിലില്‍ 2016ലാണ് സ്‌കോപ്പ് എന്ന പേരില്‍ ആദ്യമായി ഒരു സംരംഭം ആരംഭിക്കുന്നത്.

യുവാക്കള്‍ക്ക് ഒരുമിച്ച് കൂടാനും ഐടി മേഖലയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ കൈമാറാനും ചര്‍ച്ചകള്‍ നടത്താനുമൊരു വേദി എന്ന നിലയില്‍ ഒരു കഫേ ആരംഭിക്കണമെന്നത് ശ്രിലിലിന്റെ പ്രധാനപ്പെട്ട ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. അങ്ങനെ 2020-ല്‍ മലയിന്‍കീഴ് തന്റെ സ്വപ്‌ന പദ്ധതിയായ ‘മ കഫെ’ ആദ്ദേഹം ആരംഭിച്ചു.

 

എന്നാല്‍ അവിചാരിതമായി എത്തിയ കോവിഡ് കാലം ശ്രിലിലിന്റെ പദ്ധതികളെ തകിടം മറിക്കുന്നതായിരുന്നു. പക്ഷേ, ജീവിതത്തില്‍ തോറ്റുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ഇദ്ദേഹം അതിജീവനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അങ്ങനെ കഫെയുടെ സൗകര്യങ്ങള്‍ വഴി അവശ്യവസ്തുക്കള്‍ ഹോംഡെലിവറി ചെയ്യാന്‍ ആരംഭിച്ചു.

എന്നാല്‍ തന്റെ കഫേയിലേക്ക് സ്‌നാക്‌സ് ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാകാതെ വന്നതോടെ ലഭ്യമാകുന്ന നാടന്‍ പച്ചക്കറികള്‍ ഉപയോഗിച്ച് സ്‌നാക്‌സ് ഉണ്ടാക്കാനും തുടങ്ങി. അങ്ങനെ ചീര്‍ഗര്‍ (ചീര ബര്‍ഗര്‍), അവിയല്‍ ബര്‍ഗര്‍, ശീമൂസ് (ശീമച്ചക്ക ബര്‍ഗര്‍), ചുരുളന്‍സ് (ചിക്കന്‍ റോള്‍) തുടങ്ങിയ പുതിയ സ്‌നാക്‌സുകളുടെ പരീക്ഷണമായി പിന്നീട്. അവ വിജയിക്കുകയും ചെയ്തു. അങ്ങനെ ജീവിതത്തോടുള്ള വാശി ശ്രിലിലിനെ മികച്ചൊരു സംരംഭകനാക്കി മാറ്റി.

 

മ കഫെയിലെ ഓരോ ഉത്്പന്നവും ക്വാളിറ്റികൊണ്ടും പേരുകൊണ്ടും പ്രത്യേകതയുള്ളതാണ്. ആറാട്ട് ബര്‍ഗര്‍, ആനപ്പാറ ബര്‍ഗര്‍, അമ്പട ബര്‍ഗര്‍, ജിഞ്ചിന്നാക്കടി, ആമി എന്ന പേരിലുള്ള അവില്‍ മില്‍ക്ക്, വിവിധതരം മൊഹീറ്റോകള്‍, കാശ്മീരി ചായ തുടങ്ങിയ വ്യത്യസ്തമാര്‍ന്ന ഭക്ഷണ വിഭവങ്ങളാണ് കഫേയില്‍ ഒരുക്കിയിട്ടുള്ളത്.

ഭക്ഷണത്തിന്റെ രുചിക്കോ നിറത്തിനോ മണത്തിനോ വേണ്ടി യാതൊരുവിധ മായവും ചേര്‍ക്കുന്നില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ക്വാളിറ്റിയില്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറാകാത്തതിനാല്‍ അധികം വൈകാതെതന്നെ വെള്ളയമ്പലത്തും മ കഫെയുടെ ബ്രാഞ്ച് ആരംഭിക്കാന്‍ ശ്രിലിലിന് സാധിച്ചു.

വലിയ സ്വപ്‌നങ്ങള്‍ കാണുകയും ഭാവിയെ ഉയരങ്ങളില്‍ നിന്ന് നോക്കിക്കാണുകയും ചെയ്യുന്ന ശ്രിലില്‍ തിരുവനന്തപുരത്ത് നിന്നും ഒരു ഇന്റര്‍നാഷണല്‍ ബ്രാന്റായി മ കഫെ ലോകം മുഴുവന്‍ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യവുമായാണ് മുന്നോട്ടുപോകുന്നത്. ലക്ഷ്യബോധത്തോടെ ജീവിതത്തെ നോക്കിക്കാണുന്ന ശ്രിലില്‍ യുവാക്കള്‍ക്ക് എന്നും മാതൃക തന്നെയാണ്. ശ്രിലിലിനോടൊപ്പം ബിസിനസില്‍ പങ്കുചേര്‍ന്ന് സുഹൃത്തായ ശ്യാം കുമാറും ഒപ്പമുണ്ട്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button