EntreprenuershipSuccess Story

സര്‍ഗാത്മകതയെ ഉണര്‍ത്തിവിജയം നെയ്ത് ശരണ്യയെന്ന യുവസംരംഭക

സ്വന്തം ആഗ്രഹങ്ങളെയും കഴിവുകളെയും ഒതുക്കി വയ്ക്കാതെ, ‘സര്‍ഗാത്മകത’യെ ഉണര്‍ത്തി സംരംഭ മേഖലയില്‍ വിജയം നെയ്ത് മുന്നേറുകയാണ് ശരണ്യ തന്റെ ‘ടൈനി ഡോട്ട്‌സ്’ എന്ന സംരംഭത്തിലൂടെ. പരിശ്രമിക്കാന്‍ തയ്യാറാണെങ്കില്‍ ചെറുതാണെങ്കിലും നമ്മുടേതായ ഇടം കണ്ടെത്താന്‍ സാധിക്കുമെന്ന് തന്റെ സംരംഭ ജീവിതത്തിലൂടെ തിരുവനന്തപുരം സ്വദേശി ശരണ്യ നമുക്ക് പറഞ്ഞുതരുന്നു…

ബിടെക് ബിരുദധാരിയായ ശരണ്യ വിവാഹത്തിനുശേഷം പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് വിദേശത്തേക്ക് ചേക്കേറിയത്. പക്ഷേ, വില്ലന്റെ രൂപത്തില്‍ അവതരിച്ച കോവിഡ് മഹാമാരി അവളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. നിയന്ത്രണങ്ങള്‍ കടുത്തതോടെ, വിദേശവാസം അവസാനിപ്പിച്ച് ശരണ്യയ്ക്ക് നാട്ടിലേക്ക് തിരിച്ചു പോരേണ്ടിവന്നു. ഒപ്പം, ഭര്‍ത്താവിന്റെ അമ്മ അസുഖബാധിതയായപ്പോള്‍ അമ്മയെ പരിചരിച്ച് വീട്ടില്‍ തന്നെ സമയം ചിലവഴിക്കേണ്ടതായും വന്നു.

എന്നാല്‍, പ്രതികൂല സാഹചര്യങ്ങളിലും തന്റെ കഴിവിനെ ഒതുക്കി വയ്ക്കാന്‍ ശരണ്യ തയ്യാറായില്ല. വീട്ടിലിരുന്ന് വരുമാനം കണ്ടെത്താന്‍ പുതിയ വഴികള്‍ ആലോചിച്ചു. അങ്ങനെയാണ് യൂട്യൂബില്‍ കുട്ടി ഉടുപ്പുകള്‍ നെയ്‌തെടുക്കുന്ന വീഡിയോകളില്‍ ശരണ്യ ആകൃഷ്ടയാവുന്നത്. പതിയെ പതിയെ ശരണ്യയും കുട്ടിയുടുപ്പുകള്‍ തുന്നിയെടുക്കാന്‍ ഒരു ശ്രമം നടത്തി.

നേരംപോക്കിന് തുന്നിയെടുത്ത വസ്ത്രങ്ങള്‍ കുടുംബത്തിലെ കുരുന്നുകള്‍ക്കും അയല്‍ വീട്ടിലെ കുട്ടികള്‍ക്കും നല്‍കി. വസ്ത്രങ്ങളുടെ ആകര്‍ഷണീയതയും ഗുണമേന്മയും ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഇത് ശരണ്യ എന്ന സംരംഭകയുടെ വളര്‍ച്ചയ്ക്ക് കാരണമായി.

വിപണിയിലെ ട്രെന്‍ഡ് മനസ്സിലാക്കി, അതിനൊത്ത് പ്രവര്‍ത്തിക്കാന്‍ ശരണ്യ തീരുമാനമെടുത്തു. പുതിയ വെല്ലുവിളികള്‍ സധൈര്യം ഏറ്റെടുത്തു കുട്ടിയുടുപ്പുകള്‍ ഓണ്‍ലൈന്‍ വഴി വില്പന നടത്താന്‍ ആരംഭിച്ചു. അത്യാവശ്യ വരുമാനം വന്ന് തുടങ്ങിയതോടെ രണ്ട് സ്റ്റാഫിനെ കൂടി നിയമിച്ചു തന്റെ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തി.

ആകര്‍ഷകമായ ഡിസൈനിലും നിറത്തിലും തുന്നിയെടുത്ത ശരണ്യയുടെ കുട്ടിയുടുപ്പുകള്‍ മാര്‍ക്കറ്റ് കീഴടക്കി മുന്നോട്ട് കുതിച്ചു. പിറന്നാള്‍ വസ്ത്രങ്ങള്‍, മദര്‍ & ഡോട്ടര്‍ കോമ്പോ എന്നിവയും പ്രത്യേകമായി ഇവിടെ നിന്നും ചെയ്തുകൊടുക്കുന്നു. ഉപഭോക്താവിന്റെ പൂര്‍ണമായ സംതൃപ്തിയാണ് ശരണ്യയുടെ ബിസിനസ് വിജയത്തിന് അടിത്തറ പാകിയത്.

ഓര്‍ഡര്‍ സ്വീകരിക്കല്‍, മെറ്റീരിയല്‍ പര്‍ച്ചേസ്, വില്പന, കൊറിയറിംഗ്, കസ്റ്റമര്‍ ഡീലിംഗ് തുടങ്ങി എല്ലാ പ്രവര്‍ത്തനത്തിലും ഭര്‍ത്താവായ ശ്രീജിത്ത് കൂടെ നിന്നതോടെ വിജയത്തിന് നൂറിരട്ടി മധുരം ശരണ്യയ്ക്ക് സമ്മാനിച്ചു. എന്നാല്‍, ഭര്‍ത്താവിന്റെ അമ്മയുടെ മരണവും ശരണ്യയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് ഇടയ്ക്ക് ബിസിനസ് കുറച്ചൊന്നു മോശമായി. പക്ഷേ, പ്രതിസന്ധിയ്ക്ക് കീഴ്‌പ്പെടാതെ ശരണ്യ ദൃഢനിശ്ചയത്തോടെ തിരിച്ചുവരവ് നടത്തി.

കഴിഞ്ഞ മൂന്നുവര്‍ഷമായി ടൈനി ഡോട്ട്‌സ് വിജയത്തിന്റെ പാതയിലാണ്. ഉപഭോക്താവിന്റെ താല്പര്യത്തിനനുസരിച്ച് ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ ഇവിടെ ലഭിക്കുന്നു. ശരണ്യയുടെ അടുത്ത ലക്ഷ്യം ഒരു ബുട്ടീക്ക് തുടങ്ങണം എന്നതാണ്.

സ്ഥിരപരിശ്രമവും ഒപ്പം വഴിമാറി ചിന്തിക്കാനുള്ള ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ഏവര്‍ക്കും വിജയം സ്വന്തമാക്കാമെന്നുള്ളതിന് തെളിവാണ് ശരണ്യയുടെ ജീവിതം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ശരണ്യ ഇന്ന് താരമാണ്. ടൈനി ഡോട്ട്‌സ് എന്ന സംരംഭത്തിലൂടെ ഇന്‍സ്റ്റഗ്രാമില്‍ 8000ത്തോളം ഫോളോവേഴ്‌സിനെ സൃഷ്ടിക്കാന്‍ ശരണ്യക്ക് സാധിച്ചു. ശരണ്യയുടെ പ്രവര്‍ത്തന മികവ് കയ്യടി അര്‍ഹിക്കുന്നത് തന്നെയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button