EntreprenuershipSuccess Story

കാറ്റും മഴയും ഏല്‍ക്കാതെ, കാലം പോറലേല്‍പ്പിക്കാതെ കാത്തുസൂക്ഷിച്ച ഒരു വിജയഗാഥ

ബിസിനസ് എന്നതിന് ‘പണം ഉണ്ടാക്കാനുള്ള മാര്‍ഗം’ എന്ന് മാത്രം അര്‍ത്ഥം കല്‍പ്പിക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അതിനുമപ്പുറം താന്‍ നേതൃത്വം വഹിക്കുന്ന സംരംഭം തനിക്ക് ചുറ്റുമുള്ളവര്‍ക്ക് ആശ്രയമാകണമെന്നും അവരുടെ ഒരു നിമിഷത്തെയെങ്കിലും സ്മരണ കൊണ്ട് ജീവിതം ധന്യമാക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ആഴക്കടലിലെ മുത്തു പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രത്യേകിച്ച് കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തഴച്ചു വളരുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയില്‍. ഇവിടെയാണ് ലക്ഷ്യം കൊണ്ടും അത് കൈവരിച്ച മാര്‍ഗം കൊണ്ടും ഡി എച്ച് അസോസിയേറ്റ്‌സിന്റെ അമരക്കാരന്‍ രാജേഷ് വ്യത്യസ്തനാക്കുന്നത്.

ഒന്നുമില്ലായ്മയില്‍ നിന്നും

മലപ്പുറം വാളാഞ്ചേരിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജേഷ് കേരളത്തിലെ മുന്‍നിര നിര്‍മാണോത്പാദന ദാതാവായി മാറിയത് ഇച്ഛാശക്തിയുടെ പിന്‍ബലം കൊണ്ട് മാത്രമായിരുന്നു.

കുട്ടിക്കാലത്ത് ചിത്രകലയോട് വലിയ താല്പര്യമുണ്ടായിരുന്നു രാജേഷിന്. പക്ഷേ കടുത്ത സംസാര വൈകല്യവും വിക്കും ഉണ്ടായിരുന്നതിനാല്‍ ആരോടെങ്കിലും സംസാരിക്കുവാനും ഇടപഴകാനുമുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു. പഠിത്തത്തിലും മിടുക്കനായിരുന്നില്ല. പക്ഷേ, ജീവിതം തനിക്ക് നേരെ നീട്ടിയ ദൗര്‍ഭാഗ്യങ്ങളെല്ലാം അതിജീവിച്ച് കുടുംബത്തെ കര പറ്റിക്കുവാന്‍ ഏതറ്റം വരെയും പോകാന്‍ രാജേഷ് തയ്യാറായിരുന്നു.

ജന്മനാ ലഭിച്ച ‘വിക്കി’നെ ഇച്ഛാശക്തിയാലും ആത്മവിശ്വാസത്താലും കൗമാര കാലത്ത് തന്നെ പരാജയപ്പെടുത്താന്‍ രാജേഷിന് കഴിഞ്ഞു. സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ്, അതിനെ പിന്തുടര്‍ന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ എത്തി. കുട്ടിക്കാലത്തെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ‘അടച്ചുറപ്പുള്ള വീട്’ എന്ന സ്വപ്‌നത്തിനായുള്ള അശ്രാന്ത പരിശ്രമം, വിശ്വസ്തതയ്ക്കും ഗുണമേന്മയ്ക്കും പര്യായമായി മാറിയ ‘ഡി എച്ച് ഹോംസ്’ എന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായി പരിണമിച്ചു.

ഇന്ന് എറണാകുളത്ത് തലയുയര്‍ത്തി നില്‍ക്കുന്ന എണ്ണം പറഞ്ഞ കണ്‍സ്ട്രക്ഷന്‍ കമ്പനികളിലൊന്നായ ഡി എച്ച് ഹോംസിന്റെ അടിവേരുകളെല്ലാം ഉറച്ചത് രാജേഷിന്റെ കലര്‍പ്പില്ലാത്ത വാക്കിലും പ്രവൃത്തിയിലുമാണ്. കുട്ടിക്കാലത്ത് സംസാരിക്കുവാന്‍ പോലും ആത്മവിശ്വാസം ഇല്ലാതിരുന്ന ഒരാളാണ് ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിശ്വാസം നേടി, തന്റെ പേര് ഒരു ബ്രാന്‍ഡാക്കി മാറ്റിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും!

ഡി എച്ച് ബില്‍ഡേഴ്‌സ് ആന്‍ഡ് ജിപ്‌സം പ്ലാസ്റ്ററിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 17 വര്‍ഷത്തെ വിജയഗാഥ വിളംബരം ചെയ്യുന്ന പരസ്യങ്ങള്‍ ഒന്നും തന്നെ നിങ്ങള്‍ക്ക് ഒരിടത്തും കാണാന്‍ കഴിയില്ല. തന്റെ സംരംഭക സാമ്രാജ്യം പടുത്തുയര്‍ത്താന്‍ രാജേഷിന് അടിത്തറയായത് ഉപഭോക്താക്കളുടെ വിശ്വാസം മാത്രമാണ്. ഇതിലൂടെ ഉരുത്തിരിഞ്ഞതാണ് ‘എം ആര്‍ സ്‌ട്രോങ്ങ് അള്‍ട്രാ പ്ലാസ്റ്റ്’ എന്ന ബ്രാന്‍ഡ്. എം ആര്‍ ബോണ്ട് എന്ന അള്‍ട്രാ സ്‌ട്രോങ്ങ് ബോണ്ടിറ്റ്, എം ആര്‍ ത്രീഡി ഡെക്കറേറ്റീവ് വാള്‍ പാനല്‍സ് എന്നിങ്ങനെ കേരളത്തിന്റെ നിര്‍മാണ മേഖലയ്ക്ക് അതുല്യമായ പ്രോഡക്ടുകള്‍ സംഭാവന ചെയ്യുവാന്‍ രാജേഷിനു കഴിഞ്ഞു.

പുതിയ വഴികള്‍, പുതിയ തുടക്കങ്ങള്‍

കെട്ടിട നിര്‍മാണ മേഖലയിലെ മാറ്റത്തിന്റെ സ്പന്ദനങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ് പുതിയ സാഹചര്യങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പഠനം നടത്തുമ്പോഴാണ് രാജേഷ് ജിപ്‌സം പ്ലാസ്റ്ററിങ്ങിനെ കുറിച്ച് വായിച്ചറിയുന്നത്. പുതിയൊരു ട്രെന്‍ഡ് എന്നതിനേക്കാള്‍ ഈ മേഖലയിലെ വിശ്വസ്ത ബ്രാന്‍ഡായി മാറണം എന്ന ദൃഢനിശ്ചയത്തിലാണ് തന്റെ മേഖല ജിപ്‌സം പ്ലാസ്റ്ററില്‍ കൂടി വ്യാപിപ്പിക്കുന്നത്.

വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ചെടുത്ത ഉപഭോക്തൃ വിശ്വാസത്തിന് അനുസരിച്ച് തന്നെ തന്റെ പുതിയ സേവനവും അവതരിപ്പിക്കണമെന്ന് നിര്‍ബന്ധമുണ്ടായതുകൊണ്ട് കൃത്യമായ പ്ലാനിങ്ങും റിസര്‍ച്ചും അപ്പോള്‍ തന്നെ തുടങ്ങി. ഗുണനിലവാരത്തിന്റെ പുതിയ സീമ തേടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണം രാജസ്ഥാനിലാണ് അവസാനിച്ചത്. തിരിച്ചു നാട്ടിലേക്ക് വന്നപ്പോള്‍ ജിപ്‌സം പ്ലാസ്റ്ററിങ്ങിന്റെ പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ച ഒരു ഉപഭോക്താവ് തയ്യാറായി. പതിനേഴുവര്‍ഷം മുമ്പ് നടന്ന സംഭവമാണിത്. ഇന്ന് ഇന്ത്യ ഒട്ടാകെ കീഴടക്കാനുള്ള ശേഷിയുമായി വളരുന്ന ഡി എച്ച് അസോസിയേറ്റ്‌സിന്റെ വിത്ത് വീണത് അവിടെ നിന്നാണ്.

കേരളത്തില്‍ ജിപ്‌സം പ്ലാസ്റ്ററിനെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു കാലഘട്ടത്തിലാണ് രാജേഷ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. തന്റെ ഉത്പന്നത്തിന് വിശ്വാസ്യത ഉണ്ടാക്കിയെടുക്കുന്നതിനോടൊപ്പം ഉപഭോക്താക്കളെ കണ്ടെത്തുക എന്ന വെല്ലുവിളിയും അദ്ദേഹത്തിന് നേരിടണമായിരുന്നു. അതിനിടയില്‍ വിധിവൈപരീത്യം കൊണ്ട് അനേകം പേര്‍ക്ക് തല ചായ്ക്കാന്‍ ‘ഇടങ്ങള്‍’ പണിതു നല്കിയ രാജേഷിന് ആഗ്രഹിച്ച് പണിത സ്വപ്‌നതുല്യമായ ഭവനം നഷ്ടപ്പെട്ടു. തിരിച്ചടികള്‍ അവിടെയും നിന്നില്ല.

മുന്നോട്ടു നയിക്കുന്ന ഓരോ ചുവടുവയ്പിലും പല രൂപത്തിലും ഭാവത്തിലും പ്രതിസന്ധികള്‍ വന്നുകൊണ്ടേയിരുന്നു. എന്നാല്‍ തൊഴിലുടമയെന്ന ബന്ധത്തിനുമപ്പുറം കുടുംബാംഗത്തെപ്പോലെ ജീവനക്കാരും ഉപഭോക്താക്കളും കൂടെ നിന്നപ്പോള്‍ കല്ലും മുള്ളും താണ്ടിയുള്ള സംരംഭക യാത്ര രാജേഷിന് ക്ലേശകരമല്ലാതായി. രാജേഷിന്റെ ജൈത്രയാത്ര അവിടെ തുടങ്ങുകയായിരുന്നു.

ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ജിപ്‌സം പ്ലാസ്റ്ററിംഗ് വിതരണക്കാരാണ് ഡി എച്ച് അസോസിയേറ്റ്‌സ്. എം ആര്‍ ത്രീഡി ഡെക്കറേറ്റീവ് വാള്‍പാനല്‍ അടക്കമുള്ള സാങ്കേതികവിദ്യകളുടെ പുതിയ സാധ്യതകള്‍ വിപണിയില്‍ അവതരിപ്പിക്കുവാനും ഈ സംരംഭത്തിന് കഴിഞ്ഞു.

കേരളം വിറങ്ങലിച്ച പ്രളയത്തിന്റെ നാളുകളില്‍ രാജേഷ് പാര്‍പ്പിടങ്ങളെ വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലായിരുന്നു. കുടുംബത്തിനും കുട്ടികള്‍ക്കും എന്നും തണലാകുന്ന പാര്‍പ്പിടങ്ങളെക്കുറിച്ച് സ്വപ്‌നം കാണുന്നവര്‍ക്ക് എന്നെന്നും ആശ്രയിക്കാവുന്നതാണ് തന്റെ സംരംഭം എന്ന് തെളിയിക്കുവാന്‍ അക്കാലയളവില്‍ അദ്ദേഹത്തിന് സാധിച്ചു.

ഇന്ന് 30 വര്‍ഷത്തെ വാറന്റി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുവാന്‍ രാജേഷിനു കഴിയുന്നു. ഒരു പുരുഷാന്തരം കൊണ്ട് നേടിയെടുത്തതാണ് ഈ വിശ്വാസം. തന്നെ ആശ്രയിക്കുന്ന ഉപഭോക്താക്കള്‍ക്കും തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും തന്നിലുള്ള വിശ്വാസം തന്നെയാണ് ഡി എച്ച് അസോസിയേറ്റ്‌സ് എന്ന ബ്രാന്‍ഡിന്റെ കരുത്ത് !!

ജീവിതത്തിന്റെ പങ്കാളി ബിസിനസിന്റെയും

ഡി എച്ച് ഹോംസിന്റെ ‘ഹൃദയം’ രാജേഷ് ആണെങ്കില്‍ ‘തലച്ചോറ്’ ഭാര്യ ശ്വേതയാണ്. സിവില്‍ എന്‍ജിനീയറായിരുന്ന ശ്വേത രാജേഷിന്റെ ജീവിതത്തിലേക്ക് കടന്നുവന്നതോടെയാണ് ഡി എച്ച് ഹോംസിന്റെ കെട്ടും മട്ടും മാറിയത്. ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സ് കൂടി പഠിച്ചതോടെ ഭര്‍ത്താവിന്റെ സ്വപ്‌നത്തിന് സാങ്കേതികമായ പിന്തുണ നല്‍കാനുമായി.

ഉയര്‍ന്നുവരുന്ന ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി പുലര്‍ത്തേണ്ട കണിശതയും കാര്യക്ഷമതയും ശ്വേതയിലൂടെ ഡിഎച്ച് ഹോംസിന് കൈവന്നു. സംരംഭത്തിന്റെ ഇടപാടുകളും ക്രയവിക്രയങ്ങളുമെല്ലാം ശ്വേതയുടെ ‘അനലിറ്റിക്കല്‍ മേല്‍നോട്ട’ത്തിലാണ് നടക്കുന്നത്. നൂറുകണക്കിന് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയപ്പോഴും ഒരിടത്തും ഒരുതവണ പോലും താളപ്പിഴ വരാത്തതിന്റെ പൂര്‍ണമായ ക്രെഡിറ്റ് ശ്വേതയ്ക്കാണെന്ന് രാജേഷ് പറയുന്നു.

വളര്‍ച്ചയില്‍ കരുത്തായ സുഹൃത്തുക്കള്‍

സ്വന്തമായി സംരംഭം തുടങ്ങുന്ന കാലത്ത് കൈമുതലായി കിട്ടിയ രണ്ടു സുഹൃത്ബന്ധങ്ങള്‍ പിന്നീടുള്ള വളര്‍ച്ചയില്‍ രാജേഷിന് കരുത്തായി വളര്‍ന്നു. ആദ്യം ചെയ്ത പ്രോജക്ടുകളിലൊന്ന് വഴി ക്ലെയ്ന്റായി പരിചയപ്പെട്ടയാള്‍ പിന്നീട് സുഹൃത്തായി മാറുകയായിരുന്നു. ഈ സുഹൃത്തുക്കളാണ് ബിസിനസിന്റെ പുതിയ വാതായനങ്ങളിലേക്ക് കടക്കുവാന്‍ രാജേഷിന് പ്രോത്സാഹനവും പിന്തുണയും നല്‍കിയത്. ഇപ്പോഴും ഇവര്‍ തന്നെയാണ് വഴികാട്ടികളായി കൂടെയുള്ളത്.

എം ആര്‍ സ്‌ട്രോങ്ങ് അള്‍ട്രാ പ്ലാസ്റ്റ്

ഉപഭോക്തൃ പ്രീതി കൊണ്ട് വിപണിയില്‍ ഹൗസ് ഹോള്‍ഡ് നാമമായി വളര്‍ന്ന ഒരു പ്ലാസ്റ്ററിംഗ് ഉത്പന്നം മാത്രമല്ല എം ആര്‍ സ്‌ട്രോങ്ങ് അള്‍ട്രാ പ്ലാസ്റ്റ്. നിരവധി സാഹചര്യങ്ങളില്‍ പണിതുയര്‍ത്തിയ നിരവധി ഭവനങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച നിര്‍മാണ ഉപാധി കൂടിയാണ് ഇത്. അതുകൊണ്ടുതന്നെയാണ് ‘ആജീവനാന്തം ഗുണമേന്മ’ വാറന്റിയോടെ നല്‍കുവാന്‍ രാജേഷിന് കഴിയുന്നതും.

ഈര്‍പ്പം ബാധിക്കാത്ത, ഇലാസ്തികത കൂടുതലുള്ള ജിപ്‌സം സിമന്റിനെക്കാളും ദൃഢതയും ഈടുനില്‍പും നല്‍കുകയും ചെയ്യുന്നുണ്ട്. കെട്ടിടങ്ങള്‍ ‘പ്ലാസ്റ്റര്‍’ ചെയ്യുവാന്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച മെറ്റീരിയലാണിത്. പെയിന്റിനും ‘പുട്ടിയ്ക്കു’ം പകരം ജിപ്‌സം പ്ലാസ്റ്ററിങ് ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കും എന്ന് മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമേന്മയും പ്രദാനം ചെയ്യുന്നു. എന്നാല്‍ ശരിയായ രീതിയില്‍ ഓരോ പ്രോജക്റ്റിനും അനുസരിച്ച് ഇത് ഉപയോഗിക്കുക എന്നത് വെല്ലുവിളി തന്നെയാണ്. സമാനമായ മെറ്റീരിയലുകള്‍ ഉണ്ടെങ്കില്‍ കൂടി പല കണ്‍സ്ട്രക്ഷന്‍ കമ്പനികളുടെയും ജിപ്‌സം പ്ലാസ്റ്ററിംഗ് പരാജയപ്പെടുന്നത് ഇതുകൊണ്ടാണ്. പൂര്‍ണമായ വിജയം ഉറപ്പാക്കുവാന്‍, ഏറ്റെടുക്കുന്ന ഓരോ പ്രോജക്റ്റിനും നേരിട്ട് ഇറങ്ങി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന രാജേഷ് വ്യത്യസ്തനാകുന്നതും അതുകൊണ്ടാണ്.

ജിപ്‌സം പ്ലാസ്റ്ററിങ്ങിന് ഗുണമേന്മ കൂടുതലാണെങ്കിലും പുട്ടിയുടെ ചെലവ് കുറവാണ് എന്നതാണ് പലരെയും അതിലേക്ക് ആകര്‍ഷിക്കുന്നത്. പക്ഷേ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, വളരെ ചെലവ് കുറച്ച് ജിപ്‌സം പ്ലാസ്റ്ററിന് ഗുണമേന്മ ലഭ്യമാക്കുവാന്‍ രാജേഷിന് കഴിഞ്ഞു എന്നതാണ് ഡി എച്ചിന്റെ വിജയ രഹസ്യം. ഒരു പരസ്യം പോലും നല്‍കാതെ കേരളത്തില്‍ അങ്ങോളമിങ്ങോളം രമ്യഹര്‍മ്യങ്ങള്‍ പണിതുയര്‍ത്താന്‍ രാജേഷിന് കഴിഞ്ഞിട്ടുണ്ട്. എല്ലാം അനുഭവിച്ചറിഞ്ഞ ഉപഭോക്താക്കളുടെ നല്ല വാക്കുകള്‍ കൊണ്ട് മാത്രം.

എം ആര്‍ ത്രീഡി ഡെക്കറേറ്റീവ് വാള്‍ പാനല്‍

ഡി എച്ചിന്റെ കീഴില്‍ ജിപ്‌സം പ്ലാസ്റ്റര്‍ കൂടാതെ ഡി എച്ച് ഇന്റീരിയേഴ്‌സ്, ഡി എച്ച് ക്ലാഡ്, ഡി എച്ച് ബില്‍ഡേഴ്‌സ് എന്നീ സേവനങ്ങളും ലഭ്യമാണ്. വീടുകള്‍ക്കുള്ളില്‍ ചൂട് കുറയ്ക്കുന്നതിനും മനോഹാരിതയേകുന്നതിനുമായി രൂപകല്‍പന ചെയ്ത ‘ത്രീഡി ഡെക്കറേറ്റീവ് വാള്‍ പാനല്‍’ ഇന്റീരിയര്‍ ഡിസൈനിങ്ങിലെ രാജേഷിന്റെ ഫ്‌ലാഗ്ഷിപ്പ് പ്രോഡക്റ്റാണ്. പെയിന്റിംഗ് വര്‍ണ വൈവിധ്യങ്ങള്‍ക്കും അപ്പുറം കല്ലിന്റെയും തടിയുടെയും വൈവിധ്യങ്ങളുടെ ‘കണ്‍സിസ്റ്റന്‍സി’യില്‍ ചുമരുകള്‍ ആകര്‍ഷകവും മനോഹരവുമാക്കാന്‍ സഹായിക്കുന്ന ഈ ഉത്പന്നം ഡി എച്ച് ഹോംസ് നേരിട്ട് നിര്‍മ്മിക്കുന്നതാണ്. അതോടൊപ്പം ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന എം ആര്‍ കൂള്‍ ബ്രിക്‌സും വിപണിയില്‍ ജനപ്രീതി നേടി വരുന്നുണ്ട്.

താണ്ടാന്‍ ഇനിയും ഏറെ

കണ്‍സ്ട്രക്ഷനില്‍ നിന്ന് കണ്‍സള്‍ട്ടിങ്ങിലേക്ക് കടന്ന രാജേഷിനൊപ്പം സ്വപ്‌ന ഭവനങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍ പൂര്‍ണസജ്ജമായ ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ നിര്‍മിതികളും തന്റെ മേല്‍നോട്ടത്തില്‍ തന്നെ വേണമെന്നുള്ളത് കൊണ്ട് വര്‍ഷം വിരലിലെണ്ണാവുന്നത്ര പ്രോജക്ടുകള്‍ മാത്രമേ ഏറ്റെടുക്കാറുള്ളൂ.

ഉപഭോക്താവിന്റെ സംതൃപ്തിയാണ് പ്രോജക്ട് പൂര്‍ത്തിയാക്കാനുള്ള രാജേഷിന്റെ അളവുകോല്‍. കല്ലും മണ്ണും സിമന്റ് ജിപ്‌സവും ചേരുമ്പോഴുള്ള രസതന്ത്ര സൂത്രങ്ങളില്‍ വാസ്തുവിദ്യയുടെ സമവാക്യങ്ങള്‍ ‘കമ്പോടുകമ്പ്’ ചേര്‍ത്ത് രാജേഷ് പണിതുയര്‍ത്തുന്ന നിര്‍മിതികളിലോരോന്നിലും മനോഹാരിതയുടെ കവിത തുളുമ്പുന്നു. മഴയും വെയിലും കൊള്ളാത്ത കെട്ടിടത്തെ വീടെന്ന വികാരമാക്കി മാറ്റുന്നത് മാന്ത്രികവിദ്യയല്ല, മറിച്ച് കഠിനാധ്വാനവും അര്‍പ്പണബോധവുമാണെന്ന് പറയുന്നു ഈ സംരംഭകന്‍.

കേരളത്തിന്റെ എല്ലാ മൂലകളിലും ഡിഎച്ച് ഹോംസിന്റെ ഔട്ട്‌ലെറ്റ് തുറക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ഇപ്പോള്‍. നൂറ്റമ്പതോളം ഫ്രാഞ്ചൈസികളിലൂടെ തന്റെ സംരംഭക സാമ്രാജ്യം മറ്റനേകം പേരുടെ വിജയങ്ങളിലൂടെ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് രാജേഷ്…!

തനിക്ക് ചെയ്യാന്‍ ഇനിയും ഏറെയുണ്ടെന്ന് രാജേഷിന് അറിയാം. കേരളത്തിന്റെ നിര്‍മാണ മേഖല കാലുറപ്പിച്ചിട്ടില്ലാത്ത ലോജിസ്റ്റിക്‌സ് അടക്കമുള്ള വാതായനങ്ങളിലേക്ക് ഡി എച്ച് അസോസിയേറ്റ്‌സിനെ നയിക്കാനുള്ള ശ്രമങ്ങളിലാണ് അദ്ദേഹം. കേരളത്തിലെ വ്യവസായ മേഖലയുടെ കോളിളക്കങ്ങള്‍ക്കും കടല്‍ ക്ഷോഭത്തിനും ഇടയിലൂടെ തന്റെ സംരംഭക നൗകയെ നയിക്കുന്നതിനിടയിലുള്ള തത്രപ്പാടില്‍ അനുഗ്രഹം പോലെ വന്നു പിറന്ന മകന്റെ പേരില്‍ ഉടന്‍ തന്നെ ഈ സംരംഭം ആരംഭിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. മകന്റെ ഒന്നാം പിറന്നാളിന് ഇതായിരിക്കും ഈ അച്ഛന്റെ സമ്മാനം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button