Be +veSpecial StorySuccess Story

ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ‘അമ്മ’

ആരും ഇല്ലാത്ത 17 കുട്ടികള്‍ക്ക് അമ്മയായി മാറിയ രാജലക്ഷ്മി അമ്മയുടെ ജീവിത കഥ…

സ്വന്തം സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച് ജീവിത വിജയം കൈവരിച്ച ധാരാളം പേരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ സ്വന്തം ജീവിതം തന്നെ ചുറ്റുമുള്ള ആരോരുമില്ലാത്തവര്‍ക്കായി മാറ്റിവെച്ച്, അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമുള്ളതാക്കി മാറ്റാന്‍ ജീവിക്കുന്നവര്‍ വളരെ കുറച്ച് മാത്രമേ കാണു. ഭൂമിയില്‍ അവതരിച്ച ദൈവമെന്നോ, ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവരെന്നോ സമൂഹം ആ മനുഷ്യരെ വിളിക്കുന്നു. അത്തരത്തില്‍ ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു അമ്മ, ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ നമ്മുടെ കേരളത്തിലുണ്ട്…!

സ്വന്തം സ്വപ്‌നത്തേക്കാളും ജീവിതത്തേക്കാളും അര്‍ത്ഥമുള്ളത് ആരോരുമില്ലാത്തവര്‍ക്ക് താങ്ങും തണലുമായി തീരുന്നതാണെന്ന് തിരിച്ചറിഞ്ഞ ഒരു അമ്മ…. ആലപ്പുഴ സ്വദേശിനിയായ രാജലക്ഷ്മി അമ്മ ആരോരും ഇല്ലാത്ത 17 കുട്ടികള്‍ക്കാണ് സ്വന്തം അമ്മയായി മാറിയത്. പ്രിയപ്പെട്ടവരെ പരിപാലിക്കാന്‍ പോലും മനുഷ്യര്‍ മടിയും ഇഷ്ടമില്ലായ്മയും കാട്ടുന്ന ഈ ലോകത്ത് കരുണയും സ്‌നേഹവും കൊണ്ട് രാജലക്ഷ്മി അമ്മ സംരക്ഷിച്ചത് 17 ജീവിതങ്ങളെയാണ്.

1985 ല്‍ മാതൃഭൂമിയില്‍ വന്ന ഒരു പത്ര വാര്‍ത്തയാണ് രാജലക്ഷ്മി എന്ന പെണ്‍കുട്ടിയെ രാജലക്ഷ്മി അമ്മയാക്കി മാറ്റിയത്. ‘അമ്മയെ ആവശ്യമുണ്ട്. സന്മനസ്സും ഹൃദയ വിശാലതയും ഉള്ളവര്‍ക്ക് സ്വാഗതം!’. അങ്ങനെയായിരുന്നു ആ പത്രവാര്‍ത്ത… ആദ്യം കൗതുകമാണ് ആ വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയതെങ്കിലും അതിന്റെ പിന്നില്‍ എന്തൊക്കെയോ വലിയ അര്‍ത്ഥമുള്ളതായി രാജലക്ഷ്മി എന്ന യുവതി തിരിച്ചറിയുകയായിരുന്നു.

കുട്ടിക്കാലം മുതല്‍ തന്നെ ചുറ്റുമുള്ള മനുഷ്യരെ സഹായിക്കുന്നതാണ് ജീവിതത്തിന്റെ വിജയം എന്ന് തിരിച്ചറിഞ്ഞ രാജലക്ഷ്മി വീട്ടുകാരുടെ അഭിപ്രായത്തിന് കാത്തു നില്‍ക്കാതെ ആ ജോലിക്ക് താത്പര്യം ഉണ്ടെന്ന് അറിയിച്ചു. അങ്ങനെയാണ് 1985 ഏപ്രില്‍ 11 ന് തൃശ്ശൂരിലെ കുട്ടികളുടെ ഗ്രാമം എന്ന് അറിയപ്പെടുന്ന ‘SOS ചില്‍ഡ്രന്‍സ് വില്ലേജി’’ല്‍ രാജലക്ഷ്മി എത്തുന്നത്.

അച്ഛന്റെയും അമ്മയുടെയും എതിര്‍പ്പുകള്‍ ആദ്യം ഉണ്ടായിരുന്നെങ്കിലും മകള്‍ തിരഞ്ഞെടുത്ത വഴി ശരിയാണെന്ന് അവര്‍ പിന്നീട് തിരിച്ചറിഞ്ഞു. അല്ല, ദൈവം അതിനായി രാജലക്ഷ്മിയെ തിരഞ്ഞെടുത്തു എന്ന് പറയുന്നതാകും ശരി. കുട്ടികളെ പരിപാലിക്കുന്നത് തീരെ ഇഷ്ടമില്ലാതിരുന്ന രാജലക്ഷ്മി എന്ന പെണ്‍കുട്ടി അങ്ങനെ രാജലക്ഷ്മി അമ്മയായി മാറി. ഒന്നും രണ്ടും അല്ല, ആരോരുമില്ലാത്ത ഒന്‍പത് കുട്ടികളെയാണ് SOS Children’s Village രാജലക്ഷ്മിയുടെ കൈകളിലേക്ക് ഏല്‍പ്പിച്ചത്.

അങ്ങനെ House No. 10 ല്‍ ഒന്‍പത് കൊച്ചുകുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് അവരുടെ അമ്മയായി ആ പെണ്‍കുട്ടി മാറി. പിന്നീട് ഒന്‍പതില്‍ നിന്നും 17 കുട്ടികളുടെ സംരക്ഷണവും അവര്‍ രാജലക്ഷ്മി അമ്മയെ ഏല്‍പ്പിച്ചു. സ്വന്തം ജീവിതം തന്നെ അവര്‍ക്കായി മാറ്റിവെച്ച രാജലക്ഷ്മി സ്‌നേഹവും വാത്സല്യവും ആവോളം അവര്‍ക്ക് നല്‍കി.

മക്കള്‍ക്ക് അസുഖം വന്നാല്‍ രാത്രി ഉറക്കം ഒഴിഞ്ഞു പരിപാലിച്ചും സ്വയം കഴിച്ചില്ലെങ്കിലും ദൈവം തന്നില്‍ ഏല്‍പ്പിച്ച മക്കളെ ഊട്ടിയും മാതൃസ്‌നേഹത്തിന്റെ ഒരു വലിയ ലോകം തന്നെ അവര്‍ തുറന്ന് നല്‍കി. മക്കളെ നല്ല നിലയില്‍ എത്തിക്കണമെന്നായിരുന്നു ഏതൊരു അമ്മയെയും പോലെ രാജലക്ഷ്മിയും ആഗ്രഹിച്ചിരുന്നത്. അതിനായി അവരെ പഠിപ്പിക്കുകയും വഴിയൊരുക്കുകയും ചെയ്തു.

അനാഥത്വത്തിന്റെ ഒറ്റപ്പെടലോ, ആരും ഇല്ലെന്ന തോന്നലോ ഒരിക്കല്‍ പോലും ആ 17 കുട്ടികള്‍ക്കും ആ അമ്മ വരുത്തിയിരുന്നില്ല. അങ്ങനെ ഇരിക്കവെയാണ് 2017 ല്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ SOS Children’s Village ല്‍ നിന്നും പോകാന്‍ രാജലക്ഷ്മി അമ്മ തീരുമാനിക്കുന്നത്. മനസ്സില്ലാ മനസോടെയെങ്കിലും ആ തീരുമാനം അവര്‍ക്ക് സ്വീകരിക്കേണ്ടി വരികയും ചെയ്തു. എന്നാല്‍ ആ അമ്മയെ പിരിയാന്‍ 17 മക്കള്‍ക്കും കഴിയുമായിരുന്നില്ല. അമ്മയ്‌ക്കൊപ്പം ആ കുട്ടികളും SOS ല്‍ നിന്നും ഇറങ്ങി.

മറ്റൊരു വീട് വാടകയ്ക്ക് എടുത്ത് ആ അമ്മ അവര്‍ക്ക് സുരക്ഷിതത്വം ഒരുക്കി. 17 കുട്ടികളിലെ ഏറ്റവും മുതിര്‍ന്നയാള്‍ അപ്പോഴേക്കും പഠനം കഴിഞ്ഞ് ഗള്‍ഫില്‍ ജോലി കരസ്ഥമാക്കിയിരുന്നു. ആ മകന്റെ സഹായം കൂടിയായതോടെ ബാക്കിയുള്ളവരെ പഠിപ്പിക്കാനും ജോലിയിലേക്ക് എത്തിക്കാനും രാജലക്ഷ്മി അമ്മയ്ക്ക് ആത്മവിശ്വാസം ലഭിച്ചു. 17 കുട്ടികളെയും പഠിപ്പിച്ചു നല്ല നിലയില്‍ എത്തിക്കുകയും അവര്‍ക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്തി നല്‍കുകയും ചെയ്തു. 17 കുട്ടികളെയും വളരെ മികച്ച നിലയില്‍ എത്തിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ന് ആ അമ്മ.

ഒരിക്കലും തനിക്ക് ഇതിനെല്ലാം കഴിയുമെന്ന് ആ അമ്മ കരുതിയിരുന്നില്ല. എന്നാല്‍ ദൈവം ആ അമ്മയ്ക്ക് ഒപ്പം എപ്പോഴും ഉണ്ടായിരുന്നു എന്നതാണ് ശരി. ജീവിതത്തെ അര്‍ത്ഥമുള്ളതാക്കി മാറ്റാന്‍, ആരും ഇല്ലാതെ ഭൂമിയില്‍ തനിച്ചാകുന്ന മനുഷ്യരെ സഹായിക്കാന്‍ രാജലക്ഷ്മി അമ്മയെ പോലെ ചിലരെ ദൈവം തിരഞ്ഞെടുക്കും.

ഒരു അമ്മയുടെ എല്ലാ ഉത്തരവാദിത്വവും പൂര്‍ത്തിയാക്കി നിറഞ്ഞ പുഞ്ചിരിയോടെയാണ് ആലപ്പുഴയിലെ വീട്ടില്‍ രാജലക്ഷ്മി അമ്മ ഇന്ന് കഴിയുന്നത്. അന്ന് 17 കുട്ടികളെയും യാതൊരു കുറവും വരുത്താതെ സ്‌നേഹത്തോടെ പരിപാലിച്ചതിനാല്‍ തന്നെ ഇന്ന് 17 മക്കളുടെ സ്‌നേഹവും സംരക്ഷണവും ആ അമ്മയ്ക്കുണ്ട്.

ഒറ്റയ്ക്കാണ് വീട്ടില്‍ കഴിയുന്നതെങ്കിലും മക്കളുടെ സ്‌നേഹവും കരുതലും ഫോണ്‍ വിളികളായി എത്താത്ത ഒരു ദിനവും ആ അമ്മയുടെ ജീവിതത്തില്‍ ഇല്ല. ഇന്ന് സ്‌നേഹത്തിന്റെ ഒരു സ്വര്‍ഗം തന്നെയാണ് ഭൂമിയില്‍ ആ അമ്മ പണിതുയര്‍ത്തിയത്. ദൈവത്തിന്റെ കയ്യൊപ്പ് ഹൃദയത്തില്‍ പതിഞ്ഞ ഇത്തരം ചില മനുഷ്യരാണ് ഉപാധികള്‍ ഇല്ലാത്ത സ്‌നേഹത്തിന്റെ ഏറ്റവും വലിയ അടയാളം. അവര്‍ കരുണയും വാത്സല്യവും സ്‌നേഹവും കൊണ്ട് ഭൂമിയേയും സ്വര്‍ഗതുല്യമാക്കി മാറ്റുന്നു.

https://www.facebook.com/rajalakshmi.vadakkeparambilgopalakrishnan?rdid=iByujdhEFMAr6nKm&share_url=https%3A%2F%2Fwww.facebook.com%2Fshare%2F12Jd7JtUf7v%2F#

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button