‘ചൈത്രരഥ’ത്തിലൂടെ ഒരു യാത്ര
ജൈവവൈവിധ്യങ്ങളുടെ കലവറയാണ് പ്രകൃതി. ശുദ്ധവായുവും ജലസ്രോതസുകളും ഹരിതാഭയും വ്യത്യസ്ഥങ്ങളായ ആവാസവ്യവസ്ഥകളും കൊണ്ടു സമ്പുഷ്ടമായ പ്രകൃതി… പ്രകൃതിയുടെ ശീതളതയും ഹരിതാഭയും ആവാഹിച്ചു കാഴ്ചക്കാര്‍ക്കു സുഖദമായൊരനുഭൂതി ഒരുക്കുകയാണ് പാലക്കാട് പട്ടഞ്ചേരി സ്വദേശി ഡോ. പ്രലോഭ് കുമാര്‍ തന്റെ ‘ചൈത്രരഥം’ എന്ന ഫാമിലൂടെ…
കൗതുകമൂറുന്ന കാഴ്ചകള്‍ക്കൊപ്പം ഏതൊരു വ്യക്തിക്കും ഒരു നവ്യാനുഭവം കൂടിയാണ് പ്രലോഭ് കുമാറിന്റെ ‘ചൈത്രരഥം’. മനോഹരമായ തോട്ടം, ജൈവ പഴവര്‍ഗ്ഗങ്ങളും പച്ചക്കറി- കൃഷികള്‍ക്കുമൊപ്പം വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും അലങ്കാര മത്സ്യങ്ങളുടെയുമൊക്കെ അനവദ്യ ശേഖരമാണ് ഇവിടം.
അഞ്ചര ഏക്കറോളം നീണ്ടു കിടക്കുന്ന വിശാലമായ കൃഷിയിടം… ഇവിടെ കൃഷി ചെയ്യാത്ത ഇനങ്ങള്‍ വിരളം. നെല്ല്, തെങ്ങ്, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, പശു, ആട്, മത്സ്യങ്ങള്‍, അലങ്കാര മത്സ്യങ്ങള്‍, അലങ്കാര പക്ഷികള്‍ എന്നിങ്ങനെ വ്യത്യസ്ഥമായ നിരവധി ഘടകങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പ്രലോഭ് തന്റെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
പാരമ്പര്യമായി കാര്‍ഷികവൃത്തി ചെയ്തിരുന്ന കുടുംബമായിരുന്നു പ്രലോഭിന്റേത്. ഡോക്ടര്‍ കൂടിയായ അദ്ദേഹത്തിനു മുന്നില്‍ വരുന്ന നിരവധി കേസുകളിലും ഒരു ഘടകം വിഷമയമായ ഭക്ഷ്യപദാര്‍ത്ഥങ്ങളായിരുന്നു. വിഷമുക്തവും ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്നതുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വഴി പുതുതലമുറയുടെ ആരോഗ്യത്തെ സംരക്ഷിക്കുവാന്‍ കൂടി ഉതകുന്ന ഒരു ആശയത്തിന്റെ ഭാഗമായിട്ടാണ് ചൈത്രരഥം രൂപീകരിക്കുന്നത്. സമ്മിശ്രകൃഷിക്ക് പ്രാധാന്യം നല്‍കി പൂര്‍ണമായും ജൈവ രീതിയിലാണ് ഇവിടെ സാധനങ്ങള്‍ ഉല്പാദിപ്പിക്കുന്നത്.
കൃഷിയില്‍ ഏറ്റവും പ്രധാനം നെല്ല് തന്നെയാണ്. രണ്ടേക്കറില്‍
താഴെ വരുന്ന കൃഷിയിടത്തില്‍ പ്രത്യാശയിനത്തില്‍പ്പെട്ടതും മറ്റിനം നെല്‍ വിത്തുകളും ഒറ്റ ഞാര്‍ രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത്. ജീവാമൃതവും പഞ്ചഗവ്യവുമൊക്കെയാണ് ഇതിന്റെ വളം. സാധാരണ രീതിയേക്കാള്‍ ഭാരം കൂടിയ നെല്‍വിത്തുകളാണ് ഇവിടെ നിന്നും ലഭിക്കുന്നത്. കൂടാതെ, അദ്ദേഹം വിത്ത് ബാങ്കും സൂക്ഷിക്കുന്നുണ്ട്. ഇതിനായി കൃഷിയിടത്തില്‍ കുറച്ചു ഭാഗം പ്രത്യേകം ഒഴിച്ചിട്ടുണ്ട്. അവിടെ പാരമ്പര്യ വിത്തിനങ്ങളായ ചമ്പാവ്, നവര, രക്തശാലി, വസുമതി, തവളക്കണ്ണന്‍ എന്നിവ കൃഷി ചെയ്യുന്നു.
വിശാലമായ കൃഷിയിടത്തിന്റെ ബാക്കിയുള്ള ഭാഗത്ത് പ്ലോട്ടുകളായി തിരിച്ചു ഏകദേശം അന്‍പത് സെന്റോളം വരുന്ന കൃഷിയിടത്തില്‍ സീസണ്‍ അനുസരിച്ച് കാബേജ്, കോളിഫ്‌ളവര്‍, വഴുതനങ്ങ, തക്കാളി ചീര (പച്ച -ചുവപ്പ്), പയര്‍, മുതിര, ചെറുപയര്‍, വെണ്ട, ചോളം, സവാള, ബീറ്റ്‌റൂട്ട്, ചേന, കൂവ, മഞ്ഞള്‍, ഇഞ്ചി, വെള്ളരി, കുമ്പളം, തണ്ണിമത്തന്‍, മുരിങ്ങ, മരച്ചീനി, മുളക്, പടവലം, പാവല്‍ എന്നിങ്ങനെ വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ, തമിഴ്‌നാട്ടിലെ സമത്തൂര്‍ എന്ന സ്ഥലത്ത് എട്ട് ഏക്കറോളം വരുന്ന കൃഷി ഭൂമിയില്‍ ചെറുധാന്യങ്ങളായ റാഗി, ചാമ, വറുക്, കമ്പ്, തിന, വെള്ളച്ചോളം, മക്കച്ചോളം എന്നിവയും കൃഷി ചെയ്യുന്നു.
മനോഹരമായൊരു പഴത്തോട്ടമാണ് അടുത്തത്. വിദേശിയും സ്വദേശിയുമായ നിരവധിയിനങ്ങള്‍ ഇവിടുണ്ട്. ബദാം, പിസ്ത, ചെറിയ ആപ്പിള്‍, മുള്ളാത്താ, സീതപ്പഴം, ഞാവല്‍, ബറാബ, ലിച്ചി പഴം, നോനി, പേര, ചെറിയ തരം ഓറഞ്ച,് മധുര അമ്പഴം, മാതള നാരകം, സപ്പോട്ട, പപ്പായ, അത്തി, റംബുട്ടാന്‍, ചാമ്പ, കശുമാവ്, സ്‌ട്രോബറി, ഡെവിള്‍ ഫ്രൂട്ട്, ബുഷ് പെപ്പര്‍, വിവിധതരം മാവുകള്‍, വാഴകള്‍, പ്ലാവ് അങ്ങനെ തുടങ്ങി നീണ്ട ഒരു നിര തന്നെയുണ്ട് ഇവിടെ.
ഈ തോട്ടത്തിലെ കൃഷി രീതി വ്യത്യസ്ഥമാണ്. കാട് കൃഷിയാണ് ഡോ. പ്രലോഭ് തന്റെ തോട്ടത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്. വൃക്ഷങ്ങളില്‍ നിന്നു വീഴുന്ന ഇലകള്‍, ഒടിഞ്ഞു വീഴുന്ന മരങ്ങള്‍ എന്നിവയെല്ലാം അതിന്റെ ചുവടുകളില്‍ തന്നെ നിക്ഷേപിക്കുന്നു. അവയെല്ലാം സ്വയം അഴുകി മണ്ണോട് ചേര്‍ന്നു വളമാകുന്ന രീതിയാണിത്. അതുകൊണ്ടുതന്നെ ഇതൊരു ‘സീറോ ബഡ്ജറ്റ്’ രീതിയാണ്.
കൂടുതലായും പശുവിന്റെ ചാണകത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന പഞ്ചഗവ്യം, ജീവാമൃതം, ഗോമൂത്രം എന്നീ ജൈവവളങ്ങളാണ് കൃഷിക്കുപയോഗിക്കുന്നത്. അത്യാവശ്യത്തിനു മാത്രം ബയോഫെര്‍ട്ടിലൈസറുകള്‍ ഉപയോഗിക്കുന്നു. വിഷവിമുക്തമായ സ്വാദേറിയതും ഗുണമേന്മയേറിയതുമായ പഴങ്ങളും പച്ചക്കറികളും ആവോളം നമുക്ക് ഭക്ഷിക്കാം.
ചൈത്രരഥത്തിലെ അടുത്ത ആകര്‍ഷണം തോട്ടത്തില്‍ ഒരുക്കിയിരിക്കുന്ന മനോഹരമായ ഒരു കുളമാണ്. കൃത്രിമമായി നിര്‍മിച്ച ഈ കുളത്തില്‍ രോഹു, കട്‌ല, മൃഗാല, ഗ്രാസ്‌കാര്‍പ്പ്, കരിമീന്‍ തുടങ്ങിയവ വളര്‍ത്തുന്നുണ്ട്. മറ്റൊരു കുളത്തിലായി ചൊടിയന്‍, നാടന്‍മുഷി എന്നിവയുമുണ്ട്. മത്സ്യ-അലങ്കാര മത്സ്യകൃഷിക്കൊപ്പം അദ്ദേഹം കുറഞ്ഞ ചിലവില്‍ അക്വേറിയവും ചെയ്തു കൊടുക്കുന്നുണ്ട്.
വീടിനോടു ചേര്‍ന്നുള്ള വിശാലമായ സ്ഥലത്താണ് അദ്ദേഹത്തിന്റെ ‘പെറ്റ്‌സ്’ ശേഖരം. വിവിധയിനം അലങ്കാര പക്ഷികളാണ് ഇവിടെയുള്ളത്. വിദേശികളും സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്. മൊദിന, ഫാന്‍ടെയില്‍, പൗട്ടര്‍സ്, ഓസ്‌ട്രേലിയന്‍ റെഡ്, കിങ്‌സ്, ഫ്രില്‍, നാടന്‍ തുടങ്ങി വിവിധയിനം പ്രാവുകള്‍, മുഖി, ഡയമണ്ട് ഡോവ്, റിങ് ടോവ്, പോരുകോഴികളുടെ നാടന്‍ ഇനങ്ങളായ ഉണ്‍ട്രകം, ഗരുഡപുണ്‍ട്രകം, പസ്പ്, ഷോട്ട് നോസ് തുടങ്ങിയവയും ടര്‍ക്കി, വിഗോവ താറാവ്, ബ്ലുമില്ലി ഫ്‌ളോര്‍, കൊച്ചിന്‍ ഫാന്റം, അമേരിക്കന്‍ ഫാന്റം, പോളിഷ് ക്യാപ്, കരിങ്കോഴികള്‍, സില്‍ക്കി, നാടന്‍ കോഴികള്‍ എന്നിവയുടെ വിശാല ശേഖരത്തിനൊപ്പം കോക്ക്‌ടെയില്‍ വിഭാഗത്തില്‍പ്പെട്ട ലുറ്റിനോ, അല്‍ബിനോ, ഗ്രേ, വൈറ്റ്‌ഫേസ്, ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, സണ്‍ കോനൂര്‍, യെല്ലോ ഷെയ്ഡ് സിന്നമണ്‍ ഇനങ്ങളും ആസ്‌ട്രേലിയന്‍ ലൗ ബേഡ്‌സ്, ഫിന്‍ജസ്, ജാവസ് തുടങ്ങിയ ഇനങ്ങളും പ്രലോഭിന്റെ ‘പെറ്റ്‌സ്’ ശേഖരത്തെ സമ്പന്നമാക്കുന്നു.
മനോഹരമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന കൂടുകളില്‍ ഇവയെ കാണുമ്പോള്‍ പ്രകൃതി തന്നെ ഒരുക്കിയ ആവാസ വ്യവസ്ഥയായേ നമുക്ക് അനുഭവപ്പെടുകയുള്ളൂ. ഇതിനൊപ്പം മുയല്‍, വെള്ള എലി, ഗിനി പന്നി എന്നിവയുടെ ശേഖരവും അവയുടെ ബ്രീഡിംഗ് വിഭാഗവും ഇവിടെയുണ്ട്.
ജൈവവളത്തിനായി നാടന്‍, മലബാറി ആടുകളും ഗിര്‍, ശ്രീകൃഷ്ണ, വെച്ചൂര്‍, കാസര്‍കോഡ് കുള്ളന്‍ എന്നിങ്ങനെ മറ്റ് പശുക്കളുമുണ്ട.് പശുക്കളില്‍ നിന്നു വളം ശേഖരിക്കുന്നതിനൊപ്പം നെയ്യ്, മറ്റു പാല്‍ വിഭവങ്ങള്‍ എന്നിവയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ ആവശ്യക്കാര്‍ക്ക് പച്ചക്കറി തൈകളും വിത്തുകളും ഇവിടെ വില്‍പന നടത്തുന്നു.
നല്ലേപ്പിള്ളി കമ്പിളിചുങ്കം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈത്രരഥം എന്ന പേരില്‍ എക്കോഷോപ്പ്, നേഴ്‌സറി, പെറ്റ് ഫുഡ് ഷോപ്പ് എന്നിങ്ങനെ നീണ്ടുപോകുന്നു അദ്ദേഹത്തിന്റെ മറ്റു സംരംഭങ്ങള്‍.
തവിട്ടുകളയാത്ത അരി, അവല്‍, അരിപ്പൊടി, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, നാടന്‍ കോഴിമുട്ട, നെയ്യ്, ചെറു ധാന്യയരികള്‍, മുളക്, മഞ്ഞള്‍, മല്ലി തുടങ്ങിയ വിവിധയിനം പൊടിയിനങ്ങള്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, തേന്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ ചൈത്രരഥം എക്കോഷോപ്പിലൂടെയാണ് വിപണനം ചെയ്യുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് കൂടുതലും പ്രമോഷന്‍ നടത്തുന്നത്. ധാരാളം പേര്‍ കേട്ടറിഞ്ഞും ഇവിടെ എത്തുന്നുണ്ട്.
ഇതു കൂടാതെ ചൈത്രരഥം പെറ്റ്ഫുഡ് ഷോപ്പിലൂടെ പ്രിന്‍സ്, സുരഭി, ഗോദ്‌റേജ് തുടങ്ങിയ കമ്പനികളുടെ കാലിത്തീറ്റയും കൃഷി, ഗോദ്‌റേജ് തുടങ്ങിയ കമ്പനികളുടെ കോഴിത്തീറ്റയും ഗ്രോവല്‍, ഗോദ്‌റേജ് കമ്പനികളുടെ മത്സ്യത്തീറ്റയും വിതരണം ചെയ്യുന്നുണ്ട്. അമൂല്‍ കാലിത്തീറ്റയുടെ പാലക്കാട് ജില്ലയിലെ വിതരണം ചൈത്രരഥം പെറ്റ്‌ഷോപ്പിലൂടെയാണ് നടക്കുന്നത്. വ്യത്യസ്ഥയിനം പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും തൈതകളും വിത്തുകളും ചൈത്രരഥം നഴ്‌സറിയിലൂടെ വില്പന നടത്തുന്നു.
ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച തന്നെയാണ് ചൈത്രരഥത്തിലേത്. പ്രകൃതിയെ സംരംക്ഷിച്ചുകൊണ്ടുള്ള കൃഷി രീതി ഇന്നത്തെക്കാലത്ത് തികച്ചും വ്യത്യസ്ഥമായ ആശയം തന്നെയാണ്. ഈ അനുഭവത്തെ ആസ്വദിക്കുവാനും അടുത്തറിയുവാനുമായി എത്തുന്ന അതിഥികളെ സന്തോഷപൂര്‍വം സ്വീകരിക്കുന്നുമുണ്ട് ഇവര്‍. മികച്ച താമസസൗകര്യവും ഭക്ഷണ സൗകര്യവുമൊരുക്കി പ്രലോഭ് തന്റെ ആതിഥ്യ മര്യാദ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നത് ഭാര്യയായ ഷോണിമയും മക്കള്‍ പ്രചേതസും പ്രഹര്‍ഷനും കൂടിയാണ്. അദ്ദേഹത്തിന്റെ ഭാര്യ ഷോണിമ കഞ്ചിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്.
സ്വന്തം കൃഷിയിടത്തിലെ വ്യത്യസ്ഥത പോലെ തന്നെ ജീവിതത്തിലും വ്യത്യസ്ഥമായ ശൈലിയും ആശയങ്ങളും ഈ ദമ്പതിമാര്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. തികച്ചും പ്രകൃതിയോടിണങ്ങിയ ജീവിത രീതിയും ആഹാര ശൈലിയുമാണ് ഇവരുടേത്. വിവാഹത്തിലും പ്രസവത്തിലുമെല്ലാം വേറിട്ട ശൈലിയാണ് ഇവര്‍ കാത്തുസൂക്ഷിച്ചത്. പ്രസവത്തെ ഒരു ആഡംബരമാക്കി താങ്ങാവുന്നതിനപ്പുറം പണമീടാക്കുന്ന ആശുപത്രികളെ തേടി ആളുകള്‍ പോകുമ്പോള്‍ പ്രലോഭ്-ഷോണിമ ദമ്പതിമാര്‍ സ്വന്തം വീടിനെതന്നെയാണ് പ്രസവമുറിയാക്കിയത്.
ജീവിതത്തില്‍ പുലര്‍ത്തി വരുന്ന ഇത്തരം ആദര്‍ശങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. പ്രകൃതിയെ സ്‌നേഹിച്ചും പരിപാലിച്ചും അതിനോടിണങ്ങി ജീവിക്കുന്ന ഒരു പച്ചയായ മനുഷ്യന്‍… അതാണ് ഡോ. പ്രലോഭ് കുമാര്‍.