ഹൃദയപൂര്‍വം ഒരു വിജയഗാഥ
എത്ര നല്ല ഉത്പന്നമായിരുന്നാലും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ മാര്‍ക്കറ്റിലത്തിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ വിപണിയില്‍ പിടിച്ചുനില്‍ക്കുവാനാകൂ; പ്രത്യേകിച്ച് ബ്യൂട്ടികെയര്‍ മേഖലയില്‍! വമ്പന്‍ സ്രാവുകളുമായി മത്സരിച്ച് പല ചെറുകിട സംരംഭങ്ങളും കൂപ്പുകുത്തുന്നത് സൗന്ദര്യസംരക്ഷണ വിപണിയില്‍ സാധാരണമാണ്. എന്നാല്‍ പരമ്പരാഗതമായി കൈമാറിക്കിട്ടിയ കേശസംരക്ഷണത്തിന്റെ പൊടിക്കൈകളിലൂടെ പതിനായിരക്കണക്കിന് ഉപഭോക്താക്കളുടെ പിന്തുണ നേടി മുന്നേറുന്ന തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഹരിതയുടെ ഹൃദയ ഹെര്‍ബല്‍സിന്റെ വിജയം ബിസിനസ് സമവാക്യങ്ങളെ തിരുത്തിയെഴുതുന്നതാണ്.
സംരംഭകത്വത്തിന്റെ ഒരു ഘട്ടത്തിലും ഹരിതയ്ക്ക് തന്റെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യേണ്ടി വന്നിട്ടില്ല. അതിനു കാരണം ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് ഹരിത പ്രോഡക്ടുകളെല്ലാം വിപണിയില്‍ എത്തിച്ചത്. ഹരിതയുടെ യുട്യൂബ് ചാനലാണ് സംരംഭകത്വത്തിലേക്ക് എത്തിപ്പെടാന്‍ ഒരു ‘നിമിത്ത’മായത്.
ഭര്‍ത്താവിനൊപ്പം മസ്‌കറ്റില്‍ താമസിച്ചിരുന്നപ്പോള്‍, ഒഴിവുസമയം ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചത്. കേശസംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് അതില്‍ സംപ്രേഷണം ചെയ്തിരുന്നത്. അതിനാല്‍ത്തന്നെ, ഹരിതയുടെ ചാനല്‍ വളരെ പെട്ടെന്നുതന്നെ ശ്രദ്ധേയമായി. എന്നാല്‍ മകന്‍ ജനിച്ചതിനെ തുടര്‍ന്നു യൂട്യൂബില്‍ സജീവമാകാന്‍ കഴിഞ്ഞില്ല.
അതിനിടെ, ഓര്‍ഗാനിക് ചേരുവകള്‍ കൊണ്ട് സംരക്ഷിച്ചുവരുന്ന തന്റെ മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്തതിനുശേഷം പെട്ടന്ന് തന്നെ മുടി പഴയപടി വളര്‍ത്തിയെടുക്കാന്‍ ഹരിതയ്ക്ക് സാധിച്ചു. ഇതുമായി ബന്ധപ്പെട്ടു യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ പ്രേക്ഷകരാണ് ഹെയര്‍ ഓയില്‍ വിപണിയില്‍ എത്തിക്കുവാന്‍ ഹരിതയോട് ആദ്യം നിര്‍ദേശിക്കുന്നത്. പിന്നീട് മസ്‌കറ്റില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍, ഒരു ബിസിനസ് ആരംഭിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ മനസ്സില്‍ ആദ്യമെത്തിയത് തനിക്ക് 100 ശതമാനം റിസള്‍ട്ട് നല്‍കിയ കാച്ചെണ്ണ തന്നെ വിപണിയില്‍ എത്തിക്കാം എന്നതായിരുന്നു.
ചെറിയ രീതിയില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി തന്റെ ഹെയര്‍ ഓയില്‍ വിപണനം ചെയ്യാം എന്നതായിരുന്നു ഹരിതയുടെ മാര്‍ക്കറ്റിങ് തന്ത്രം. പക്ഷേ പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമായിരുന്നു ഹരിതയെ കാത്തിരുന്ന വിജയം. പരിചിതവൃന്ദത്തിനു പുറത്തേക്കും മുടിക്ക് ബലവും മിനുപ്പുമേകുന്ന ഹരിതയുടെ ഹെയര്‍ ഓയിലിന്റെ പ്രശസ്തി വ്യാപിച്ചു. ഇന്ന് പ്രതിമാസം ഇരുന്നൂറ് ലിറ്ററോളം ഹെയര്‍ ഓയില്‍ ഹരിത ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്.
നാല്പതില്‍ അധികം ഔഷധച്ചെടികള്‍ തേങ്ങാപ്പാലില്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ഹൃദയ ഹെയര്‍ കെയര്‍ ഓയിലിലെ ചേരുവകളും പാകവും ആയുര്‍വേദ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ്. ക്യാന്‍സര്‍ ബാധിച്ചു മുടി പോയവരില്‍ പോലും പഴയ മുടി തിരിച്ചു വരുന്നതിനു സഹായിക്കുന്ന ഔഷധക്കൂട്ടുകള്‍ ചോദിച്ചു മനസിലാക്കിയാണ് ചേരുവകള്‍ ആദ്യം മുതലേ കാച്ചെണ്ണയില്‍ തിരഞ്ഞെടുത്തത്. രണ്ടുവര്‍ഷം വരെ ഈ കാച്ചെണ്ണ കേടുകൂടാതെയിരിക്കും. നിര്‍ദിഷ്ട ലാബ് ടെസ്റ്റുകള്‍ കഴിഞ്ഞശേഷം ഉപഭോക്താക്കളുടെ കയ്യിലേക്കെത്തുന്ന ഹൃദയ ഹെയര്‍ കെയര്‍ ഓയില്‍ ഒന്നര വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് ധൈര്യമായി ഉപയോഗിക്കാം.
ഹെയര്‍ ഓയിലിനു പുറമേ ഹെയര്‍ ടോണര്‍, ഹെയര്‍ സെറം, ഷാംപൂ എന്നിങ്ങനെ ഹൃദയയുടെ ഹെര്‍ബല്‍ ഹെയര്‍ പ്രോഡക്ടുകളെയെല്ലാം രണ്ടുകൈയും നീട്ടിയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചിരിക്കുന്നത്. ഒരുതരത്തിലുള്ള പ്രമോഷനും ഇല്ലാതെ, ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ വെറും ഒന്നേകാല്‍ വര്‍ഷം കൊണ്ട് ഹൃദയ ഇത്രത്തോളം വളര്‍ച്ച പ്രാപിച്ചതെന്നു മനസിലാക്കിയാലേ ഹൃദയയുടെ ഉത്പന്നങ്ങളുടെ മേന്മ തിരിച്ചറിയാനാകൂ. ഉപയോഗിച്ചറിഞ്ഞവരുടെ മൗത്ത് പബ്ലിസിറ്റിയല്ലാതെ മറ്റൊരു തരത്തിലുള്ള പ്രമോഷനും ഹൃദയയുടെ ഉത്പന്നങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഇന്ത്യയൊട്ടാകെ ‘ഡെലിവറി’യുള്ള ഹൃദയയുടെ പ്രോഡക്റ്റുകള്‍, ഇന്ത്യയ്ക്ക് പുറത്തേക്ക് ഇരുപതോളം രാജ്യങ്ങളിലും ഇന്ന് എത്തിയിട്ടുണ്ട്.
സംരംഭം തുടങ്ങി നാലുമാസത്തിനുള്ളില്‍ തന്നെ ഭര്‍ത്താവിനെ മസ്‌ക്കറ്റില്‍ നിന്ന് തിരിച്ചുകൊണ്ടുവരുവാന്‍ ഹരിതയ്ക്ക് കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ഹൃദയ മുന്നേറുന്നത്. ഉപജീവനത്തിനുള്ള മാര്‍ഗമായി ആരംഭിച്ച ഹൃദയ ഹെര്‍ബല്‍സ് ഇന്ന് അറുപത്തിയെട്ടോളം വീട്ടമ്മമാര്‍ക്കും ഒരു ഉപജീവനമാര്‍ഗം നല്‍കുന്നു. ബോട്ടീക്കിങിലും വിജയം ആവര്‍ത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഹരിത ഇപ്പോള്‍.