രാസവസ്തുക്കള്‍ വേണ്ട! പഴമയുടെ കൂട്ടുകള്‍ കൊണ്ടൊരു മനം നിറഞ്ഞ വിജയപാത
![](https://successkerala.com/wp-content/uploads/2025/02/215A4095-scaled-e1738692573659-780x470.jpg)
സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അധ്യാപന ജീവിതത്തോട് യാത്രപറഞ്ഞ് കുടുംബിനിയായി. അതേ സാഹചര്യങ്ങള്‍ അനുകൂലമായി വന്നപ്പോള്‍ പഴയ ജോലിയിലേക്ക് തിരികെ പോകുന്നതിന് പകരം സംരംഭകയുടെ കുപ്പായം പരീക്ഷണാര്‍ത്ഥം എടുത്തണിഞ്ഞു. ഫലം മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ ഉറപ്പ് പറയുന്ന വിജയകരമായ ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന സംരംഭക എന്ന നേട്ടം. പറഞ്ഞു വരുന്നത് ‘ക്രാഫ്റ്റ്‌സ്‌വുമണ്‍’ എന്ന സംരംഭത്തിന്റെ സ്ഥാപകയായ ഇരിങ്ങാലക്കുടക്കാരി അനു ശരത്തിന്റെ വിജയവഴിയെക്കുറിച്ചാണ്.
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചറായി ജോലി ചെയ്തു വരവേയാണ് അനുവിന് വീട്ടിലെ സാഹചര്യങ്ങള്‍ മൂലം രാജി വയ്‌ക്കേണ്ടി വരുന്നത്. ഇളയ മകന്‍ ദക്ഷിന്റെ ജനനത്തിന് ഏകദേശം ആറുമാസത്തിന് ശേഷം, ദിവസങ്ങളുടെ ആവര്‍ത്തനം മടുപ്പു തോന്നിപ്പിച്ചു തുടങ്ങിയപ്പോഴാണ് ഒരു സംരംഭത്തിന്റെ വഴിയേ ഒന്ന് നടന്നുനോക്കാം എന്ന് അനു തീരുമാനിക്കുന്നത്.
ആദ്യപടിയായി മുടികൊഴിച്ചിലിനും വളര്‍ച്ചയ്ക്കും വേണ്ടി വീട്ടില്‍ അമ്മയുണ്ടാക്കുന്ന എണ്ണ ഒന്ന് പരീക്ഷിച്ചു നോക്കി. എട്ടു കുപ്പികള്‍ നിറയാന്‍ മാത്രമുള്ള അളവില്‍ ഉണ്ടാക്കിയെടുത്ത ആദ്യ ബാച്ച് എണ്ണ പഴയ സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കും അടുത്ത ചില ബന്ധുക്കള്‍ക്കും കൊടുത്തു. ഉപയോഗിച്ച് പ്രയോജനപ്പെട്ട മുറയ്ക്ക് അവര്‍ വിശ്വസിച്ചു നല്‍കിയ ഉറപ്പാണ് ക്രാഫ്റ്റ്‌സ്‌വുമണിന്റെ ആദ്യ ആണിക്കല്ലുകളിലൊന്ന്.
![](https://successkerala.com/wp-content/uploads/2025/02/215A4283-683x1024.jpg)
വാമൊഴിയായി പരക്കുന്ന അഭിപ്രായങ്ങള്‍ തന്നെയാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ ബലമെന്ന് അനു പറയുന്നു. സ്വപ്‌നങ്ങള്‍ ജീവിതമാര്‍ഗമാക്കി വിജയിക്കുന്നവരുടെ കൂട്ടത്തില്‍, ആ പതിവ് തിരുത്തിക്കൊണ്ട് ആദ്യം കണ്ട പുതിയൊരു വഴിയെ പടിപടിയായി തന്റെ സ്വപ്‌നമാക്കി വിജയിച്ച ആളാണ് ഇന്ന് അനു. മകള്‍ ഗൗരിയുടെ പേരിട്ട് വിപണിയില്‍ പുറത്തിറക്കിയ ഹെയര്‍ ഓയില്‍ വിജയകരമായതോടെ പടിപടിയായി അനു പുതിയ ഉത്പന്നങ്ങളിലേക്ക് കൂടി ശ്രദ്ധ തിരിച്ചു തുടങ്ങി.
അങ്ങനെ മൂന്നാം വര്‍ഷത്തിലേക്കെത്തുമ്പോള്‍ നിറയെ ആവശ്യക്കാരുള്ള രാസവസ്തുക്കളോ പ്രിസര്‍വേറ്റിവുകളോ ചേര്‍ക്കാതെ മുടി കറുപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ഹെന്ന പേസ്റ്റ്, ഹെന്ന ഹെയര്‍ പാക്ക്, ഹെയര്‍ ഓയില്‍, ഫേസ് ഓയില്‍, ഫേസ് പാക്ക്, ഹെയര്‍ വാഷ് പൗഡര്‍, ചെറിയ കുട്ടികള്‍ക്ക് വേണ്ടിയുള്ള ബേബി മസാജ് ഓയില്‍ എന്നിങ്ങനെ എട്ടോളം ഉത്പന്നങ്ങള്‍ ഇന്ന് ക്രാഫ്റ്റ്‌സ്‌വുമണ്‍ വിറ്റഴിക്കുന്നുണ്ട്. ഇതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് പൂര്‍ണമായും ഹെര്‍ബലായ ഹെന്ന പേസ്റ്റിന് തന്നെയാണ്. ഉത്പന്നങ്ങളുടെ എണ്ണത്തിലല്ല മറിച്ച് ഗുണമേന്മയിലാണ് കാര്യം എന്ന് അനു അടിവരയിടുന്നു.
അമിത ലാഭേച്ഛയോ കാപട്യമോ ഈ മേഖലയെ തുണയ്ക്കില്ല എന്ന് ഉറപ്പ് പറയുകയാണ് അനു. കനത്ത മത്സരം നിലനില്‍ക്കുന്ന വിപണിയില്‍, ഉപഭോക്താക്കളുടെ ആരോഗ്യവും സൗന്ദര്യവും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയില്‍ സത്യസന്ധതയും ഗുണമേന്മയും അത്യാവശ്യ ചേരുവകള്‍ തന്നെയാണ്. പ്രിസര്‍വേറ്റീവുകളോ മറ്റു രാസവസ്തുക്കളോ ചേര്‍ക്കാതെ വേണം തന്റെ ഉത്പന്നങ്ങള്‍ വിപണിയിലെത്താന്‍ എന്ന ഒരേയൊരു ഉദ്ദേശം മാത്രമാണ് ക്രാഫ്റ്റ്‌വുമണ്‍ പുറത്തെത്തിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയുടെ രഹസ്യം. വിപണി മത്സരങ്ങള്‍ മറികടക്കാന്‍ സംരംഭത്തെ സഹായിക്കുന്നതും അതുതന്നെയാണ്.
കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ താന്‍ ഇന്നെത്തിച്ചേര്‍ന്ന നേട്ടങ്ങള്‍ ഒരിക്കലും തന്റെതാകുമായിരുന്നില്ല എന്ന് പറഞ്ഞു നിര്‍ത്തുമ്പോള്‍ അനുവിന്റെ കണ്ണുകളില്‍ അഭിമാനത്തിളക്കം. എട്ടുകുപ്പി ഹെയര്‍ ഓയിലില്‍ ആരംഭിച്ചു പ്രതിമാസം 50 ലിറ്റര്‍ എണ്ണയുടേതടക്കം മുടിക്കും മുഖത്തിനും ശരീരത്തിനും പ്രയോജനപ്പെടുന്ന എട്ട് ഉത്പന്നങ്ങളുടെ വിജയകരമായ വിപണനം വരെ എത്തിനില്‍ക്കുന്ന നേട്ടത്തിന്റെ മുഴുവന്‍ കീര്‍ത്തിയും അനു തന്റെ കുടുംബത്തിനാണ് നല്‍കുന്നത്.
ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ തന്നെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനും ഹാന്‍ഡ്‌ബോള്‍ കോച്ചുമായ ശരത് ആണ് അനുവിന്റെ ഭര്‍ത്താവ്. സ്വയം തിരഞ്ഞെടുത്ത വഴിയില്‍ തന്റെ ആ തീരുമാനം ശരിയായിരുന്നുവെന്ന് നിരന്തരം തന്നെ ഓര്‍മിപ്പിക്കുന്നതും ചെറുതും വലുതുമായ ഏത് സാഹചര്യത്തിലും തന്റെ ഏറ്റവും വലിയ ബലമായി ഒപ്പം നില്‍ക്കുന്നതും തന്റെ ഭര്‍ത്താവ് തന്നെയാണെന്ന് അനു പറയുന്നത് അത്രമേല്‍ അഭിമാനത്തോടെയാണ്. മക്കള്‍ ഗൗരിയും ദക്ഷും ഭര്‍ത്താവിന്റെ അമ്മയുമടങ്ങുന്നതാണ് അനുവിന്റെ കുടുംബം.
WhatsApp No: 7025831113
https://www.facebook.com/p/craftswoman-anusarath-61556944780113/?mibextid=ZbWKwL
https://www.instagram.com/iam_crafts_woman_?igsh=MXdjOWo0Ymtkd3h3cA%3D%3D