നല്ല ‘വണ്ണം’ കുറച്ച് പൊണ്ണത്തടിയനില്‍ നിന്നും ഫിറ്റ്‌നസ്സ് ട്രെയിനറിലേക്ക്; ലിജോയുടെ ‘ആരോഗ്യ’ യാത്ര

സഹ്യന്‍ ആര്‍
ലക്ഷക്കണക്കിന് വര്‍ഷത്തെ പരിണാമഘട്ടത്തിലുടനീളം അത്യധികം ഊര്‍ജം ചെലവാക്കി ഭക്ഷണം തേടിയലഞ്ഞതിനുശേഷം മാത്രം എന്തെങ്കിലും കണ്ടെത്തി ഭക്ഷിച്ചിരുന്ന ജീവിയാണ് ഹോമോസാപ്പിയന്‍സ് അഥവാ മനുഷ്യര്‍. അതായത് ചെലവാക്കുന്ന ഊര്‍ജത്തെക്കാള്‍ അമിത ഭക്ഷണം കഴിച്ച് പൊണ്ണത്തടിയുണ്ടാകുന്നത് പരിണാമപരമായ, സ്വാഭാവികമായ ജൈവ പ്രക്രിയയില്‍ സാധ്യമല്ല അല്ലെങ്കില്‍ അത് ‘നാച്ചുറല്‍’ അല്ലെന്നു സാരം.
മനുഷ്യര്‍ കാര്‍ഷിക ജീവിതമാരംഭിച്ച് അത് വികസിച്ച് വ്യാവസായിക നാഗരിക ജീവിതത്തില്‍ എത്തിയ ഈ കാലത്ത് ആഗ്രഹിച്ചാല്‍ ഞൊടിയിടയില്‍ ഒരു പാക്കറ്റ് ഭക്ഷണം കയ്യില്‍ കിട്ടും. പ്രശ്‌നമെന്താണെന്നുവച്ചാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഊര്‍ജം ചെലവഴിച്ചു ഭക്ഷണം തേടിയലഞ്ഞിട്ടില്ലഎന്നതാണ്. സ്വാഭാവികമായും വ്യായാമമൊന്നുമില്ലാതെ ഭക്ഷണം മാത്രം അമിതമാകുമ്പോള്‍ മനുഷ്യന്റെ തനത് അനാട്ടമിക്കു വിരുദ്ധമായള്ള ആ ‘അണ്‍ നാച്വറല്‍ പൊണ്ണത്തടി’യാകും ഫലം. ജോലിയുടെ സ്വഭാവവും ഭക്ഷണശീലവും കൊണ്ട് ശരീരഭാരം നൂറിനോടടുത്തപ്പോള്‍ പരിണാമപരമായ, ജൈവികമായ, മനുഷ്യശരീരത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ‘വേഗത്തിലോടി’ ഐഡിയല്‍ ശരീര ഭാരത്തിലേക്ക് എത്തിച്ച തൃശ്ശൂര്‍ സ്വദേശി ലിജോ ഇപ്പോള്‍ ഒരുഫിറ്റ്‌നസ് ട്രെയിനര്‍ ആണ് !
ചെറുപ്പത്തില്‍ 49 കിലോ മാത്രമുണ്ടായിരുന്ന ലിജോ ഇടയ്ക്ക് എപ്പോഴോ താളം തെറ്റിയ ഭക്ഷണശീലങ്ങള്‍കൊണ്ട് തടി വച്ച തന്റെ ശരീരത്തിന്റെ ഭാരം നോക്കിയപ്പോള്‍ ഭാരസൂചി 90.5ല്‍! 167 സെന്റിമീറ്റര്‍ ഉയരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരീരം കൈവിട്ടു പോയ അവസ്ഥ. എങ്ങനെയെങ്കിലും തിരിച്ചുപിടിച്ചേ മതിയാകൂ. ഇളയ കുഞ്ഞ് പിറന്ന് പത്തുദിവസമായപ്പോഴേക്കും ആരോഗ്യം തിരിച്ചുപിടിക്കാനുള്ള ദൃഢനിശ്ചയവുമായി ഭാരം കുറച്ചു തുടങ്ങി.

ഒരു സുഹൃത്തിന്റെ നിര്‍ദേശത്തില്‍ തൃശൂരിലുള്ള ഒരു ‘വെയിറ്റ് ലോസ്’ പ്രോഗ്രാമില്‍ ജോയിന്‍ ചെയ്തു. അവിടുത്തെ പരിശീലകര്‍ സ്വന്തം അനുഭവത്തില്‍ നിന്നും ചില നിര്‍ദേശങ്ങള്‍ നല്‍കി. അവര്‍ തന്നെ അമിതഭാരം ഉണ്ടായിരുന്നവരും കൃത്യമായ ‘ഡയറ്റി’ലൂടെ വിജയകരമായി കുറച്ചവരുമാണ്. അത് ലിജോയ്ക്ക് കൂടുതല്‍ പ്രചോദനമായി. ഇഷ്ടഭക്ഷണം പൂര്‍ണമായും ഒഴിവാക്കാതെ അളവു മാത്രം കുറയ്ക്കുന്ന രീതിയാണ് അവിടെനിന്നും നിര്‍ദേശിക്കപ്പെട്ടത്. പര്യാപ്തമായ അളവ് 1870 കാലറിയാണെന്നിരിക്കെ 3000 മുതല്‍ 4000 വരെയാണ് ലിജോ കഴിച്ചിരുന്നത്. ക്രമേണ ഓരോ മീലിന്റെയും അളവും ഭക്ഷണയിനങ്ങളും ശാസ്ത്രീയമായി ക്രമീകരിച്ചുകൊണ്ടുള്ള ഡയറ്റ് പ്ലാന്‍ ചെയ്തു തുടങ്ങി.
ആദ്യം തന്നെ പതിനഞ്ച് ആഴ്ചത്തേക്ക് ചോറ് പൂര്‍ണമായും ഒഴിവാക്കി.പ്രഭാതഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കുറച്ചുകൊണ്ട് കൊഴുപ്പില്ലാത്ത പാലില്‍ ന്യൂട്രീഷന്‍ സപ്ലിമെന്റ് ചേര്‍ത്തുകഴിച്ചു. രാത്രിയിലും അതുതന്നെ ആവര്‍ത്തിച്ചു. പാല്‍, ചായ ഇവയൊക്കെ ഒഴിവാക്കി പ്രഭാത ഭക്ഷണത്തിനുമുമ്പ് ഒരു ‘ഹെര്‍ബല്‍ ടീ’ മാത്രം കുടിച്ചു. നാവിന്റെ രുചിയെ തൃപ്തിപ്പെടുത്താതെ ശരീരത്തിന്റെ ആരോഗ്യത്തെ തൃപ്തിപ്പെടുത്താന്‍ പ്രിയപ്പെട്ട ഓരോ വിഭവങ്ങളെയും ലിജോ ഒഴിവാക്കാന്‍ തുടങ്ങി. കൊഴുപ്പേറിയ സകല നോണ്‍വെജ് ഭക്ഷണവും ഒഴിവാക്കി. സ്‌നാക്കുകള്‍ തീരെയില്ല. മധുരത്തിനോട് പൂര്‍ണമായും നോ പറഞ്ഞു. ആപ്പിള്‍, ക്യാരറ്റ്, കുക്കുംബര്‍, എന്നിവയുള്‍പ്പെടെയുള്ള മറ്റൊരു രുചി നാവിനെ ശീലിപ്പിച്ചു.
ഇതുകൊണ്ടും തീര്‍ന്നില്ല. വെള്ളംകുടിയുടെ കാര്യത്തിലും ശാസ്ത്രീയമായ ചിട്ടകള്‍ കൊണ്ടുവന്നു. നാലര ലിറ്ററോളം വെള്ളം കുടിച്ചിരുന്നത് അവശ്യ അളവായ ’20 കിലോയ്ക്ക് ഒരു ലിറ്റര്‍’ എന്ന കണക്കില്‍ ശീലിച്ചു. വളരെ ക്ഷമയോടെ പാലിച്ച ഇത്തരം ഡയറ്റ് പ്ലാനുകളിലൂടെ 15 കിലോയോളം കുറച്ച് ഏകദേശം 75 കിലോ ആയപ്പോഴേക്കും കഠിനമായ വ്യായാമം ആരംഭിച്ചു.
130 മിനിറ്റില്‍ 25 കിലോമീറ്റര്‍ ഓട്ടം, ജിം ട്രെയിനിങ് എന്നിങ്ങനെ കര്‍ശനമായ വര്‍ക്കൗട്ടുകളിലൂടെ ശരീരത്തെ വരുതിയിലാക്കി.വര്‍ഷങ്ങളായി അലട്ടിയിരുന്ന മൈഗ്രൈന്‍, ഗ്യാസ് പ്രശ്‌നങ്ങള്‍ അപ്പാടെ മാറി. അതിശയിപ്പിക്കുന്ന മാറ്റം കണ്ട് പലരും ഭാരം കുറയ്ക്കുന്നതിനെ കുറിച്ചുള്ള ഉപദേശങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അങ്ങനെ വെയിറ്റ് ലോസ്, ഡയറ്റ് തുടങ്ങി ഫിറ്റ്‌നസിന്റെ A-Z കാര്യങ്ങളെപ്പറ്റി ആഴത്തില്‍ പഠിച്ചു.
ലിജോയുടെ ഈ ‘ആരോഗ്യ’ യാത്രയിലൂടെ നേടിയ പരിജ്ഞാനം കൊണ്ട് ടിനി ടോം ഉള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികള്‍ക്ക് ഡയറ്റ് നിര്‍ദേശങ്ങള്‍ നല്‍കി. ഇന്നിപ്പോള്‍ മികച്ചൊരു വെയിറ്റ് ലോസ് ട്രെയിനറായി മാറിയിരിക്കുകയാണ് ഈ യുവാവ്. ഇച്ഛാശക്തിയുണ്ടെങ്കില്‍ കൈവിട്ടുപോയ ശരീരത്തെ തിരിച്ചുപിടിക്കാം എന്ന് തന്റെ നാലുമാസം കൊണ്ടുള്ള ട്രാന്‍സ്‌ഫോര്‍മേഷനിലൂടെ തെളിയിച്ചിരിക്കുകയാണ് ലിജോ.