സ്നേഹത്തിന്റെ തണല്‍ വിരിച്ച് ഒരു പെണ്‍കരുത്ത് ; ഡോ. രമണി നായര്‍
ലക്ഷ്യങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ, ജീവിത പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിട്ട് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തിയ ഡോക്ടര്‍ രമണി പി നായരെ നമുക്ക് പരിചയപ്പെടാം. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ നിരാലംബരായ വൃദ്ധജനങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിച്ച് അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്കി സംരക്ഷിച്ചു പോരുന്ന സ്വപ്നക്കൂട് എന്ന കാരുണ്യ പ്രസ്ഥാനത്തിന്റെ അമരക്കാരിയാണ് ഡോ.രമണി പി നായര്‍.
മധ്യപ്രദേശിലെ കോര്‍ബ എന്ന ഗോത്രവര്‍ഗ മേഖലയില്‍ സ്കൂള്‍ ടീച്ചറായിരുന്നു ഡോ. രമണി. വ്യക്തിജീവിതത്തില്‍ തനിക്ക് സംഭവിച്ച നഷ്ടങ്ങള്‍ക്ക് സ്വയം ആശ്വാസം കണ്ടെത്താനാണ് ടീച്ചര്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ജോലി സ്ഥലത്തോട് ചേര്‍ന്ന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ട സഹായങ്ങള്‍ നല്‍കിക്കൊണ്ടാണ് ടീച്ചര്‍ സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് കടന്ന് വന്നത്. മകന്റെ വിയോഗത്തിന് ശേഷമുണ്ടായ കടുത്ത ദുഃഖവും ഏകാന്തതയ്ക്കും ഇത് പരിഹാരമായി. പിന്നീട് രമണി ടീച്ചര്‍ക്ക് സാമൂഹിക സേവനം ജീവിതചര്യയായി മാറി.
ചെറിയ ചെറിയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് സാമൂഹിക പ്രവര്‍ത്തകനായ പി.ബി. ഹാരിസിനെ പരിചയപ്പെടുന്നത്. ഇത് ടീച്ചറിന്റെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി. അതുവരെ ചെയ്തിരുന്ന സേവനങ്ങളില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ടീച്ചര്‍ തീരുമാനിച്ചു.
പതിനഞ്ചു വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ നിന്നും മിച്ചം പിടിച്ച തുക കൊണ്ട് മാത്രം സ്വപ്നക്കൂട് എന്ന ആതുര സേവനാലയം യാഥാര്‍ത്ഥ്യമാക്കാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ കയ്യിലുണ്ടായിരുന്ന അവസാന സമ്പാദ്യമായിരുന്ന ആഭരണങ്ങളും വിറ്റ് കിട്ടിയ പണവും കൊണ്ടാണ് തിരുവനന്തപുരത്ത് ഒരു കെട്ടിടം വാടകയ്ക്കെടുത്ത് പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വപ്നക്കൂട് എന്ന സ്വപ്നം രജിസ്റ്റര്‍ ചെയ്തത്. ജീവിത തിരക്കുകളില്‍ ആരാലും പരിചരിക്കാനില്ലാത്ത വയോജനങ്ങള്‍ക്ക് ആശ്വാസമായി മാറുകയായിരുന്നു ‘സ്വപ്നക്കൂട്’ എന്ന വയോജന മന്ദിരം.
ആധുനിക ജീവിതത്തിന്റെ തിരക്കുകളില്‍ തൊഴിലവസരങ്ങള്‍ക്കായി മക്കള്‍ വിവിധ രാജ്യങ്ങളില്‍ കുടിയേറിയപ്പോള്‍ വൃദ്ധ മാതാപിതാക്കള്‍ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം വീടുകളില്‍ തനിച്ചായി. വഴിയോരങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും തള്ളുന്ന വയോധികരെ സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുകയാണ് ഇന്ന് രമണി ടീച്ചര്‍. ഒരു വര്‍ഷംകൊണ്ട് പന്ത്രണ്ട് അമ്മമാര്‍ അന്തേവാസികളായി എത്തി.
പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ സ്വപ്നക്കൂടില്‍ എഴുപത് അന്തേവാസികളുണ്ട്. അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിരീക്ഷിച്ച്, അവരെ ആത്മവിശ്വാസത്തോടെ മുന്നോട്ടു നയിക്കുന്നു. ആരോഗ്യപരമായ പരിചരണം, ഭക്ഷണം, മാനസിക പിന്തുണ എന്നിവ ഇവിടെ നല്കുന്നു. ഇവിടെയുള്ള ഓരോ അമ്മമാര്‍ക്കും മകളാണ് രമണി ടീച്ചര്‍. അവരോട് ചേര്‍ന്നിരുന്നും സംസാരിച്ചും കഥകള്‍ പറഞ്ഞും ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട് പോയവര്‍ക്ക് തുണയായി മാറുകയാണ് ടീച്ചര്‍.
ഒട്ടനവധി സാമൂഹിക ക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്നുണ്ടെങ്കിലും സ്വപ്നക്കൂടിന് സര്‍ക്കാരില്‍ നിന്നോ പ്രമുഖ വ്യക്തികളില്‍ നിന്നോ സാമ്പത്തിക സഹായമൊന്നും ലഭിക്കുന്നില്ല. എച്ച്.ഡി.എഫ്.സിയിലെ ജോലിയില്‍ നിന്ന് ടീച്ചര്‍ക്ക് കിട്ടുന്ന ശമ്പളവും സ്നേഹ സമ്പന്നനരായ കുറച്ച് പേര് നല്കുന്ന അന്നദാനവും പിന്നെ സര്‍വ്വേശ്വരന്റെ അനുഗ്രഹവും കൊണ്ടാണ് സ്വപ്നക്കൂട് അല്ലലില്ലാതെ പുലര്‍ന്നു പോകുന്നതെന്ന് രമണി നായര്‍ പറയുന്നു.
സമൂഹത്തിന്റെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ആദിവാസി മേഖലയില്‍ നല്കുവാനായി വസ്ത്രങ്ങളും പഠനോപകരണങ്ങളും ശേഖരിക്കുന്ന ‘ഗോത്രസഞ്ചലനം’ എന്ന പദ്ധതിക്കും ഡോ: രമണി നായര്‍ നേതൃത്വം നല്‍കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടു പ്രാവശ്യം ട്രൈബല്‍ യൂത്ത് ക്രിക്കറ്റ് ലീഗ് മത്സരങ്ങളും നടത്താന്‍ രമണി നായര്‍ക്ക് സാധിച്ചിട്ടുണ്ട്. ഡോക്ടറേറ്റ്, അയണ്‍ ലേഡി പുരസ്കാരം എന്നിവയുള്‍പ്പടെ മുപ്പതോളം ബഹുമതികളാണ് രമണി നായരെ തേടിയെത്തിയത്.
വഴിയരികിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഉപേക്ഷിക്കപ്പെടുന്നവരും വഴിയരികില്‍ അലഞ്ഞു തിരിയുന്നവരെയും പോലീസുകാര്‍ കൊണ്ടെത്തിക്കുന്നവരെയും മക്കള്‍ തന്നെ ഏല്‍പ്പിക്കുന്നവരുമായ വയോധികരെയെല്ലാം പുനരധിവസിപ്പിക്കുന്നതിനായി പുതിയൊരു മന്ദിരം കൂടി പണികഴിപ്പിക്കുവാനുള്ള പരിശ്രമങ്ങളിലാണ് ഇപ്പോള്‍ രമണി നായര്‍. മാനേജര്‍, പി.ആര്.ഒ, സൂപ്പര്‍വൈസര്‍, വാര്ഡന് എന്നിങ്ങനെയുള്ള ജീവനക്കാരുടെ കഠിനപ്രയത്നത്തിലൂടെയാണ് സ്വപ്നക്കൂടിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്.
പുതിയ കെട്ടിടത്തിനു തലസ്ഥാനനഗരത്തില്‍ സ്ഥലം വാങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷമായി നിലച്ചിരിക്കുകയാണ്. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോകാനുള്ള ആത്മധൈര്യം ടീച്ചറുടെ കൈമുതലാണ്. പുത്തന്‍ പദ്ധതികള്‍ക്ക് ഉണര്‍വ് പകര്‍ന്നു കൊടുക്കുന്നത് ഇതേ ആത്മവിശ്വാസമാണ്. അതുകൊണ്ട് ഭാവിയില്‍ സ്വപനഭവനം നിര്‍മിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിറമേകാന്‍ നമുക്കും ഒത്തുചേരാം.