ചായക്കൂട്ടിലൂടെ സ്വപ്‌നങ്ങള്‍ക്ക് മിഴിവേകിയ കലാകാരി
”ഇന്‍സള്‍ട്ടാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്. ഇന്‍സള്‍ട്ടഡ് ആയിട്ടുള്ളവനേ ലൈഫില്‍ രക്ഷപെട്ടിട്ടുള്ളൂ…!” വെറുമൊരു സിനിമ ഡയലോഗിനപ്പുറം ഇടുക്കി സ്വദേശിയായ കൃഷ്ണപ്രിയ എന്ന ആര്‍ട്ടിസ്റ്റിന്റെ ജീവിതവുമായി വളരെയധികം ബന്ധമുള്ള വാക്കുകളാണിത്. ആര്‍ട്ടിസ്റ്റ്, മോട്ടിവേഷന്‍ സ്പീക്കര്‍, സിവില്‍ എഞ്ചിനീയര്‍, എഴുത്തുകാരി എന്നീ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കൃഷ്ണപ്രിയ.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. ചിത്രരചനയോട് കമ്പമുണ്ടായിരുന്നതിനാല്‍ സ്വാതന്ത്ര്യദിനത്തിന് ഗാന്ധിജിയുടെ ചിത്രം ബോര്‍ഡില്‍ വരച്ചപ്പോള്‍ അഭിനന്ദനങ്ങളോടൊപ്പം അധ്യാപികയുടെ ശകാരം കൂടി കേള്‍ക്കേണ്ടിവരുമെന്ന് കൃഷ്ണപ്രിയ പ്രതീക്ഷിച്ചിരുന്നില്ല.
താല്പര്യത്തോടെ വരച്ച ചിത്രം തന്റെ കൈകൊണ്ടുതന്നെ തുടച്ചുനീക്കാന്‍ അധ്യാപിക പറഞ്ഞപ്പോള്‍ ദു:ഖത്തേക്കാള്‍ അപമാനിതയായതിന്റെ വേദനയായിരുന്നു ആ അഞ്ചാം ക്ലാസുകാരിക്ക്. ഇതറിഞ്ഞ രക്ഷിതാക്കള്‍ മകളുടെ കൈയ്യിലേക്ക് ചായക്കൂട്ടുകള്‍ വച്ചുനല്കി ചേര്‍ത്തുനിര്‍ത്തി. അങ്ങനെ തന്റെ പാഷന് പിന്നാലെയുള്ള യാത്ര കൃഷ്ണപ്രിയ ആരംഭിക്കുകയായിരുന്നു.
ഉപരിപഠനത്തിനായി ആര്‍ട്‌സ് തെരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചെങ്കിലും മാതാപിതാക്കളുടെ താല്പര്യം മനസിലാക്കി സിവില്‍ എഞ്ചിനീയറിങ് തെരഞ്ഞെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കി. മറ്റൊരു പ്രൊഫഷന്‍ തെരഞ്ഞെടുത്തെങ്കിലും തന്റെ പാഷന്‍ മാറ്റിവയ്ക്കാന്‍ തയ്യാറാകാതിരുന്ന ഈ കലാകാരി സഹോദരന്റെ പിന്തുണയോടെ നിരവധി എക്‌സിബിഷനുകളില്‍ പങ്കെടുത്തു. അങ്ങനെ 2018-ല്‍ മിനിസ്ട്രി ഓഫ് ടെക്‌സ്‌റ്റൈല്‍സ് & ഹാന്റിക്രാഫ്റ്റ് ഡല്‍ഹിയുടെ ഐഡി കാര്‍ഡും സ്വന്തമാക്കി.
മോഡേണ്‍ ആര്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കൃഷ്ണപ്രിയ 2020-ല്‍ ‘Krish Arts’ എന്നപേരില്‍ ഓണ്‍ലൈന്‍ ആര്‍ട്ട്ഗ്യാലറി ആരംഭിക്കുകയും അതോടൊപ്പം നിരവധി എക്‌സിബിഷനുകള്‍ നടത്തുകയും ചെയ്തു.
നല്ലൊരു പ്രാസംഗിക കൂടിയാണ് കൃഷ്ണപ്രിയ. സ്‌കൂള്‍ കാലഘട്ടത്തില്‍ അസംബ്ലിക്കായി അണിനിരന്ന കുട്ടികളില്‍ നിന്ന് അവിചാരിതമായി പ്രതിജ്ഞ ചൊല്ലാനായി മൈക്കിന് സമീപത്തേക്ക് കൃഷ്ണപ്രിയയെ വിളിച്ചപ്പോള്‍ അന്നേവരെ സ്റ്റേജില്‍ കയറുകയോ സമൂഹത്തെ അഭിമുഖീകരിക്കുകയോ ചെയ്യാതിരുന്നതിനാല്‍ ഒരു വാക്ക് പോലും പറയാന്‍ സാധിച്ചില്ല. മറ്റുകുട്ടികളുടെ മുമ്പില്‍ അപമാനിതയായതോടെ പുതിയ ലക്ഷ്യത്തിന് വേണ്ടി പ്രയത്‌നിച്ചു തുടങ്ങിയ കൃഷ്ണപ്രിയ തന്നിലെ പ്രാസംഗികയെ ഉണര്‍ത്തുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ അന്നത്തെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിക്കുമ്പോള്‍ പുതുതലമുറയിലെ ഉള്‍വലിഞ്ഞ സ്വഭാവക്കാരായ കുട്ടികളുടെ മുഖമാണ് കൃഷ്ണപ്രിയയുടെ മനസില്‍ തെളിഞ്ഞത്. അതിനാല്‍ സ്റ്റേജ് ഫിയര്‍, പരാജയത്തെ നേരിടാനുള്ള കരുത്തില്ലായ്മ, പരീക്ഷയോടുള്ള ഭയം തുടങ്ങിയവ ഇല്ലാതാക്കി വിദ്യാര്‍ത്ഥികളില്‍ മാനസിക ധൈര്യം സൃഷ്ടിച്ചെടുക്കുക എന്നലക്ഷ്യത്തോടെ ‘Krish Pep Talks’ എന്നപേരില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നല്‍കാന്‍ ആരംഭിച്ചു.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ ഭാഷകളിലായി ആയിരത്തിലധികം കുട്ടികള്‍ക്കാണ് ഇതിനോടകം ക്ലാസുകള്‍ നല്കിയത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി അച്ഛന്‍ ശശി നാരായണനും അമ്മ ശശികലയും സഹോദരന്‍ കൃഷ്ണപ്രസാദും ഒപ്പമുണ്ട്.