EntreprenuershipSuccess Story

നാനോ വിസ്മയങ്ങളുടെ അത്ഭുത മോതിരവുമായി ഗണേഷ് സുബ്രഹ്മണ്യം

ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നു രൂപയ്ക്ക് സ്വര്‍ണം എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ഇനി കിട്ടിയാലോ, മൂന്നു രൂപയുടെ സ്വര്‍ണം കൊണ്ട് എന്ത് ചെയ്യാനാ? ചിന്തിച്ച് തലപുകയ്‌ക്കേണ്ട. മൂന്നു രൂപയുടെ സ്വര്‍ണം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരാള്‍ നമുക്കിടയില്‍ തന്നെയുണ്ട്, പൂജപ്പുര സ്വദേശി നാനോശില്‍പ്പി എന്നറിയപ്പെടുന്ന ഗണേഷ് സുബ്രഹ്മണ്യം.

സൂചിക്കുഴയ്ക്കുള്ളില്‍ ശക്തമായ ലെന്‍സിലൂടെ കാണുമ്പോള്‍ നിരയായി നില്‍ക്കുന്ന മൂന്നു സ്വര്‍ണ ആനകള്‍….! അവയുടെ ആകെ തൂക്കം 3 മില്ലീഗ്രാം. 2.75 മില്ലിമീറ്റര്‍ ഉയരവും 10 മില്ലിഗ്രാം തൂക്കവുമുള്ള ഗണപതി, 4 മില്ലിമീറ്റര്‍ ഉയരവും14 മില്ലിഗ്രാം തൂക്കവുമുള്ള നടരാജ വിഗ്രഹം, മൂന്നര മില്ലിമീറ്റര്‍ നീളവും 10 മില്ലീഗ്രാം തൂക്കവുമുള്ള അനന്തശയനം, സൂചിക്കുഴയ്ക്ക് മുകളില്‍ നിര്‍മിച്ച ‘എസ്‌കേപ്പ് ഫ്രം കോവിഡ്’, പുകവലിക്കെതിരെ സന്ദേശം നല്‍കുന്ന ‘ബേണ്‍ഡ് ലൈവ്‌സ്’ തുടങ്ങി അനവധി നാനോ ശില്പങ്ങള്‍ ഇതിനോടകം ഗണേഷ് സുബ്രഹ്മണ്യം നിര്‍മിച്ചു കഴിഞ്ഞു.

ഒരു മാസം മുതല്‍ ആറുമാസം വരെയുള്ള കാലയളവിലാണ് ഇതില്‍ അധികവും ശില്പങ്ങള്‍ നിര്‍മിച്ചതെന്ന് അദ്ദേഹം പറയുന്നു. ലെന്‍സിലൂടെ നോക്കി സൂചിമുന കൊണ്ടാണ് ശില്‍പങ്ങള്‍ കൊത്തിയെടുക്കുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ പോലും മാസങ്ങളുടെ പരിശ്രമം പാഴാക്കാവുന്ന സങ്കീര്‍ണതയാണ് ഓരോ സൃഷ്ടിയുടെ പിന്നിലുമുള്ളത്.

കുലത്തൊഴിലായ സ്വര്‍ണപ്പണിക്കൊപ്പം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇദ്ദേഹത്തെ നാനോ ശില്‍പങ്ങളുടെ ലോകത്തിലേക്ക് എത്തിച്ചത്. പൂര്‍ണ പിന്തുണയുമായി കുടുംബം പിന്നില്‍ തന്നെ ഉണ്ടായത് അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു.

2005 മുതല്‍ സ്വയം കണ്ടെത്തിയ ഈ പുതിയ മേഖലയില്‍ നാനോ ശില്‍പങ്ങള്‍ ചെയ്യുവാന്‍ ആരംഭിച്ച സുബ്രഹ്മണ്യം ആദ്യം ചെയ്തത് ഒരു കടുകുമണി വലുപ്പത്തിലുള്ള തോണിയും തോണിക്കാരനുമായിരുന്നു. നാനോ ശില്പങ്ങളുടെ ലോകത്തെ ആദ്യ സൃഷ്ടിയുടെ വിജയത്തെ തുടര്‍ന്ന് പിന്നീട് നിരവധി സൂക്ഷ്മങ്ങളായ വിഗ്രഹങ്ങളും പ്രതിമകളും ആ കരങ്ങളിലൂടെ പിറവി കൊണ്ടു.

എ പി ജെ അബ്ദുല്‍ കലാം, മദര്‍ തെരേസ, സ്വാമി വിവേകാനന്ദന്‍, ശ്രീബുദ്ധന്‍, ദശവതാരം, പഞ്ചമുഖ ഗണപതി തുടങ്ങി നിരവധി നാനോ ശില്പങ്ങള്‍ നിര്‍മിച്ച ഗണേഷ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നാനോ ശില്‍പങ്ങള്‍ പ്രതിഷ്ഠിച്ച മോതിരങ്ങള്‍ നിര്‍മിക്കുന്നതിലാണ്.

നാനോ ശില്‍പ്പങ്ങള്‍ സ്ഥാപിച്ച ലെന്‍സ് ഘടിപ്പിച്ച മോതിരം പുതുമയും അപൂര്‍വതയും തേടുന്നവര്‍ക്ക് വളരെ ആകര്‍ഷകമായ ഒന്നായി മാറുന്നു. വിദേശരാജ്യങ്ങളില്‍ നിന്നു പോലും മോതിരത്തെ കുറിച്ചറിയുന്നവരുടെ സന്ദേശങ്ങളും ഫോണ്‍ കോളുകളും കിട്ടാറുണ്ടെന്ന് ഗണേഷ് സുബ്രഹ്മണ്യം പറയുന്നു.

2009 ല്‍ തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തമ്പുരാന്‍ തന്റെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ പത്മനാഭസ്വാമിയുടെ അനന്തശയനം നാനോ ശില്‍പ്പമായി കൊത്തി ഒരു ലെന്‍സിലൂടെ തമ്പുരാനെ കാണിക്കുകയുണ്ടായി. അവിടെ നിന്നാണ് മോതിരങ്ങളുടെ രംഗത്തേക്കുള്ള യാത്രയ്ക്ക് ഗണേഷ് സുബ്രഹ്മണ്യം തുടക്കം കുറിക്കുന്നത്.

അന്ന് അത് സമ്മാനിക്കുവാനുള്ള താല്പര്യം പറഞ്ഞപ്പോള്‍ എപ്പോഴും കൊണ്ടു നടക്കത്തക്ക തരത്തില്‍ ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന പാകത്തില്‍ ഇത് ലഭിച്ചിരുന്നെങ്കില്‍ നന്നായേനെ എന്ന് തമ്പുരാന്‍ പറയുകയും അതിന്റെ ഭാഗമായി സ്വര്‍ണത്തൊഴില്‍ അഭ്യസിച്ചിട്ടുള്ള ഗണേഷ് ശില്പം പ്രതിഷ്ഠിച്ച മോതിരത്തിനായി നിരവധി ഡിസൈനുകളുടെ പരിശ്രമം നടത്തുകയും ചെയ്തു. അങ്ങനെയാണ് തിരുവിതാംകൂര്‍ ശംഖുമുദ്ര ആലേഖനം ചെയ്ത മോതിരവും ആ മോതിരത്തിന്റെ വശത്തുള്ള ഒരു ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലെന്‍സ് തുറന്നു വരുകയും അതിനുള്ളില്‍ ഒരു അരിമണിയോളം മാത്രം വലുപ്പമുള്ള സ്വര്‍ണത്തരിയിലെ അനന്തശയനം മനോഹരമായി ദൃശ്യമാവുകയും ചെയ്യുന്ന തരത്തിലുള്ള മോതിരം തമ്പുരാനു വേണ്ടി ഗണേഷ് സുബ്രഹ്മണ്യം ആദ്യമായി നിര്‍മിച്ചത്.

ഉത്രാടം തിരുനാള്‍ തമ്പുരാന്‍ വഴിയാണ് ‘അനന്തവിജയം’ എന്നു നാമകരണം ചെയ്യപ്പെട്ട ഈ നാനോ മോതിരത്തെ കുറിച്ച് മറ്റുള്ളവര്‍ അറിഞ്ഞതെന്ന് പറഞ്ഞാല്‍ തെറ്റില്ല. കാരണം കൊട്ടാരത്തിലെത്തുന്ന ഏതൊരാളെയും തമ്പുരാന്‍ ഈ മോതിരം കാണിക്കാതെ പറഞ്ഞയക്കാറില്ല എന്നാണ് അദ്ദേഹത്തിന്റെ സഹോദരി അശ്വതി തിരുനാള്‍ തമ്പുരാട്ടി പോലും പൊതുവേദിയില്‍ തുറന്നു പറഞ്ഞത്. ഈ നിര്‍മിതിയെ ആദരിച്ചുകൊണ്ട് കൊട്ടാരത്തില്‍ നിന്നും തിരുവിതാംകൂര്‍ സ്വര്‍ണ പതക്കം നല്‍കി ഉത്രാടം തിരുനാള്‍ തിരുമനസ്സ് നാനോ ശില്പിയെ ആദരിക്കുകയും ചെയ്തു.

മഹാരാജാവില്‍ നിന്നും മോതിരത്തിലെ അത്ഭുത സൃഷ്ടി കാണാന്‍ ഇടയായ മഹാനടന്‍ മോഹന്‍ലാല്‍ ഗണേഷ് സുബ്രഹ്മണ്യത്തെ തേടി അദ്ദേഹത്തിന്റെ അരികില്‍ എത്തുകയും അപൂര്‍വ കരവിരുതിന്റെ നാനോ വിസ്മയങ്ങള്‍ ആസ്വദിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ ശില്പ ശേഖരത്തില്‍ ഗണേഷിന്റെ സൃഷ്ടികളും ഇടം പിടിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. മാത്രവുമല്ല, മോഹന്‍ലാലിന്റെ ആവശ്യപ്രകാരം മോതിരത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ട നാലു മില്ലീമീറ്റര്‍ മാത്രം വലുപ്പമുള്ള നടരാജ വിഗ്രഹത്തെയും ഗണേഷ് സുബ്രഹ്മണ്യം നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.

ഒരിക്കല്‍ അബ്ദുല്‍ കലാമിന് പീരങ്കിയുടെ മാതൃകയിലുള്ള നാനോ ശില്‍പം ഗണേശ് സമ്മാനിക്കുകയും അതിനെ അഭിനന്ദിച്ചുകൊണ്ട് കലാം ഗണേശിന് എഴുതിയ കത്ത് ഒരു നിധി പോലെ ഇപ്പോഴും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഗണേഷ് സുബ്രഹ്മണ്യം ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ശ്രമകരമായതും ആളുകളെ ഏറെ വിസ്മയിപ്പിച്ചതുമായ മറ്റൊരു സൃഷ്ടി സൂചിദ്വാരത്തിലൂടെ പോലും കടത്തി പൂട്ടാവുന്ന നമ്പര്‍ ലോക്കാണ്. 000 മുതല്‍ 999 വരെ എല്ലാ നമ്പരും ക്രമപ്പെടുത്താവുന്ന രീതിയില്‍ ചെയ്തിരിക്കുന്ന ഈ ലോക്ക് ലോകത്തിലെ ‘ഏറ്റവും ചെറിയ പ്രവര്‍ത്തിക്കുന്ന നമ്പര്‍ ലോക്ക്’ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.

2013ല്‍ വേള്‍ഡ് റെക്കോര്‍ഡ് ഓഫ് ഹോങ്കോങ്, 2018 ലണ്ടന്‍ എലൈറ്റ് വേള്‍ഡ് റെക്കോര്‍ഡ്, 2017 ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, നാനോ ശില്‍പ്പങ്ങളെ കുറിച്ചുള്ള കണ്ടെത്തലിന് ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് എന്നിവയും ഗണേഷ് സുബ്രഹ്മണ്യത്തിന് ലഭിച്ചിട്ടുണ്ട്. വിജെറ്റി ഹാളിലും തിരുവനന്തപുരം ഐഎസ്ആര്‍ഒ, ആലപ്പുഴ, ചെന്നൈ, ഹൈദ്രാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും നാനോ ശില്പങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ നടന്നുവരികയാണ്.

മോതിരത്തിനുള്ളില്‍ മൂകാംബിക ദേവി, അനന്തശയനം, മഹാഗണപതി, കൃഷ്ണനും രാധയും, മഹാലക്ഷ്മി, മാതാവും ഉണ്ണിയേശുവും, വെങ്കിടാചലപതി തുടങ്ങി ആവശ്യക്കാരുടെ താല്‍പ്പര്യമനുസരിച്ചിട്ടുള്ള നാനോവിഗ്രഹം പ്രതിഷ്ഠിച്ച മോതിരത്തിന്റെ നിര്‍മിതി ഇപ്പോള്‍ ചെയ്തു വരുന്നു. സൂക്ഷിക്കുവാനായും, ഗിഫ്റ്റായി നല്‍കുവാനും ലെന്‍സ് ഘടിപ്പിച്ച ഫ്രെയിം ബോക്‌സിലും നാനോ വിഗ്രഹങ്ങള്‍ ചിലര്‍ സ്വന്തമാക്കാറുണ്ട്.

തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന നാനോ ക്രാഫ്റ്റ് ആര്‍ട്ട് ഗ്യാലറിയുടെയും, പൂജപ്പുരയില്‍ നിരവധി കലാരൂപങ്ങള്‍ പഠിപ്പിക്കുന്ന റിലാക്‌സ് ഹോം സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെയും ചുമതല ഗണേഷ് സുബ്രഹ്മണ്യം വഹിക്കുന്നു. ഗണേഷ് സുബ്രഹ്മണ്യത്തിന്റെ അനന്തവിജയം മോതിരത്തിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. http://www.nanoshilpi.com വെബ്‌സൈറ്റിലും ഈ സൃഷ്ടികള്‍ കാണാവുന്നതാണ്. ഫോണ്‍ 9846382838.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button