നിറം പടര്‍ത്തിയ കല്‍പ്പടവുകള്‍
ജീവിതത്തില്‍ അത്രമേല്‍ അറിഞ്ഞ നിറക്കൂട്ടുകളെ വീണ്ടും വീണ്ടും ആഴത്തില്‍ അറിയുവാനുള്ള അടങ്ങാത്ത ആഗ്രഹം തന്നെയാണ് ഗീത് കാര്‍ത്തിക എന്ന കലാകാരിയെ ഈ കാലഘട്ടത്തിലും കലയുടെയും വ്യവസായത്തിന്റേയും മേഖലയില്‍ തനിക്കായി ഒരു ഇരിപ്പിടം ഉറപ്പിക്കുവാന്‍ പ്രാപ്തയാക്കിയത്.
സ്വതന്ത്രമായ തന്റെ ചിന്തകളിലൂടെ ഉടലെടുത്ത ചായക്കൂട്ടുകളെ കാന്‍വാസിലേക്കു പകര്‍ത്തി, കാഴ്ചക്കാര്‍ക്ക് ആസ്വാദനത്തിന്റെ നിരവധി വിരുന്നൊരുക്കിയ ഗീത് കാര്‍ത്തിക, കോവിഡിന് തൊട്ടു മുന്‍പ് തിരുവനന്തപുരത്തെ വൈലോപ്പള്ളി ആര്‍ട്ട് ഗാലറിയില്‍ വെച്ചു നടന്ന കണ്ടംപററി എക്‌സിബിഷനു ശേഷം ഇന്ത്യയിലെ പ്രമുഖരായ ചിത്രകലാകാരന്മാരെ പങ്കെടുപ്പിച്ച് 2022 ല്‍ സ്പന്ദന നാഷണല്‍ ആര്‍ട്‌സ് ബാംഗ്ലൂരില്‍ വച്ചു നടത്തിയ എക്‌സിബിഷനില്‍ പങ്കാളിയായി. ഒപ്പം ഓണ്‍ലൈന്‍ എക്‌സിബിഷനുകളിലും നിറ സാന്നിധ്യമായിരുന്നു ഗീത് കാര്‍ത്തിക.
അതിനു ശേഷം ദുബായില്‍ ഗീത് ട്രഡിഷണല്‍ ആര്‍ട്ട് ഗാലറി എന്ന തന്റെ സാമ്രാജ്യത്തെ പ്രതിനിധീകരിച്ച് എക്‌സിബിഷനില്‍ പങ്കെടുത്തു. തന്റെ കലയിലെ കരുത്തിനെ വീണ്ടും വികസിപ്പിച്ച് ഭാരത ചിത്രകലയുടെ പ്രതിനിധിയാകണം എന്ന ചിന്തയാണ് തുടര്‍ന്നും നിരവധി എക്‌സിബിഷനുകളില്‍ പങ്കെടുക്കാന്‍ ആ കലാകാരിയെ പ്രേരിപ്പിച്ചത്.
ആ എക്‌സിബിഷനിലൂടെ ഗീത് കാര്‍ത്തികയുടെ ലക്ഷ്യം അറബ് ക്ലെയ്ന്റ്‌സ് ആയിരുന്നില്ല. പകരം ഇന്റര്‍നാഷനല്‍ ക്ലെയ്ന്റ്‌സിന് ഇന്ത്യന്‍ ചിത്രകലകളെ കുറിച്ചുള്ള ചിന്ത എന്താണെന്ന് അറിയുവാനും ഒപ്പം നിലവില്‍ ലോകമെമ്പാടും വിന്യസിച്ചു കിടക്കുന്ന ട്രെന്റുകളെ മനസിലാക്കുക എന്നതുമായിരുന്നു.
തുടര്‍ന്നും ഇന്ത്യയ്ക്ക് അകത്തും പുറത്തും നടക്കുന്ന നിരവധി എക്‌സിബിഷനുകളില്‍ പങ്കെടുത്ത് തന്റെ ചിത്രകലയിലെ അറിവ് വ്യാപിപ്പിച്ചും കഴിവ് ബലപ്പെടുത്തിയും വളരുക എന്നത് തന്നെയാണ് ഗീത് കാര്‍ത്തിക എന്ന ചിത്രകലാകാരിയുടെ ഭാവി ലക്ഷ്യം.
കലാസംവിധാനം എന്ന പുതിയ മേഖലയിലും കയ്യൊപ്പ് ചാര്‍ത്തിക്കൊണ്ട് സിനിമാ ലോകത്തെ എണ്ണം പറഞ്ഞ വനിതാ കലാസംവിധായകരില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതും ഗീത് കാര്‍ത്തികയുടെ നേട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നു തന്നെയാണ്.
ഏഴ് ഭൂഖണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി ഓസ്‌ട്രേലിയന്‍ സംവിധായകനായ ജോയ് കെ മാത്യുവിന്റെ ‘ടുമാറോ’ എന്ന ചിത്രത്തില്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ കഥാഭാഗങ്ങളിലെ കലാസംവിധാനം ഗീത് കാര്‍ത്തികയുടെ കരങ്ങളില്‍ ഭദ്രമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലും കലാസംവിധാനം നടത്തുന്നത് ഗീത് കാര്‍ത്തിക തന്നെയാണ്.
ചിത്രകാരിയില്‍ നിന്നു വ്യവസായി, പിന്നീട് ഗീത് ട്രഡിഷണല്‍ ആര്‍ട്ട് ഗാലറിയിലേക്കും അവിടെ നിന്ന് പുതിയ മേഖലയായ കലാസംവിധായക എന്നതിലൊക്കെയും വിജയം കരസ്ഥമാക്കുന്നതില്‍ നിന്നും വ്യക്തമാകുന്നത്, താല്‍പര്യമുള്ള എന്തിനെ കുറിച്ചും ആഴത്തില്‍ അറിയുവാനുള്ള ആഗ്രഹവും പുതിയ പരീക്ഷണങ്ങളിലൂടെ തന്നെ സ്വയം വിലയിരുത്തുവാനുളള മനസുമാണ് ഗീത് കാര്‍ത്തിക എന്ന കലാകാരിയുടെ വളര്‍ച്ചയ്ക്കു പിന്നിലെ വജ്രായുധം.
തീവ്രമായി തന്റെയുള്ളില്‍ ഉടലെടുത്ത ഒരാഗ്രഹം, ആ ആഗ്രഹത്തിന് ആര്‍ജവം നല്‍കുന്ന കലയെ ഹൃദയമിടിപ്പിനോളം സ്‌നേഹിച്ച്, ഒരു സ്ത്രീയെന്ന നിലയില്‍ സമൂഹത്തില്‍ നിന്നും നേരിടുന്ന എല്ലാ പ്രതിസന്ധികളെയും തന്റെ ജീവിത വിജയത്തിലേക്കുളള കല്‍പ്പടവുകളായി കണ്ടു കൊണ്ട് വിശാലമായ കലയെ വീണ്ടും വീണ്ടും ആഴത്തിലറിഞ്ഞ്, തന്നെയും തന്റെ കലയെയും അതിര്‍വരമ്പുകളില്ലാതെ വളര്‍ത്തി, തന്നെ പോലെ ഉള്ളവര്‍ക്ക് വെളിച്ചമായി മാറുക എന്ന ഒരു ലക്ഷ്യത്തോടുകൂടിയാണ് വീട്ടുകാരിയില്‍ നിന്ന് വര്‍ണങ്ങളുടെ മായാ പ്രപഞ്ചങ്ങളിലൂടെ, കലയുടെ പുതിയ പുതിയ തീരങ്ങള്‍ തേടിയുളള ഗീത് കാര്‍ത്തിക എന്ന കലാകാരിയുടെ യാത്ര…!