തങ്കത്തേരിലേറി പ്രീതി പറക്കാട്ട്
”എക്സ്ക്യൂസുകള്‍ പറഞ്ഞ് ആഗ്രഹങ്ങളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് അതിനേ സമയം കാണൂ. ചുറ്റും നൂറായിരം പ്രശ്നങ്ങള്‍ കാണും . ആ പ്രശ്നങ്ങള്‍ക്കെല്ലാം ഇടയില്‍ ഒരു അഞ്ചു മിനിറ്റ് നിങ്ങള്‍ക്ക് മാത്രമായി മാറ്റിവയ്ക്കൂ. ഉള്ളില്‍ അടക്കിവെച്ചിരിക്കുന്ന ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കുമായി ആ അഞ്ചു മിനിറ്റ് ജീവിക്കൂ. നിങ്ങളുടെ ആഗ്രഹം തീഷ്ണമാണെങ്കില്‍, കഠിനമായി അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കില്‍ നിശ്ചയമായും അത് നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും…!”
ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന പറക്കാട്ട് ജുവല്‍സ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ സാരഥി പ്രീതി പ്രകാശ് പറക്കാട്ടിന്റെ വാക്കുകളാണിത്.
വെറും വാക്കുകളല്ല, സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളെ പഴിചാരി, ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കുഴിച്ചുമൂടുന്ന ഒരായിരം സ്ത്രീകള്‍ക്ക് മാതൃകയാക്കാന്‍ തന്റെ ജീവിതം കൊണ്ട് അവര്‍ കാണിച്ചു തന്ന പാഠം. കുടുംബവും കുട്ടികളും ഒക്കെയായി ഭര്‍ത്താവിന്റെ തണലില്‍ മാത്രമായി വേണമെങ്കില്‍ ഒരു ജീവിതം അവര്‍ക്കും ആകാമായിരുന്നു. എന്നാല്‍ അവര്‍ ആഗ്രഹിച്ചത് അത് ആയിരുന്നില്ല. താന്‍ അധ്വാനിച്ച് നേടിയെടുത്ത വിദ്യാഭ്യാസവും തന്റെ കഴിവുകളും സമൂഹത്തിന് കൂടി ഉപകാരപ്പെടണമെന്ന് അവര്‍ തീരുമാനിച്ചു.
ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് തന്നെ ഭര്‍ത്താവിന്റെ ബിസിനസ് സ്വപ്നങ്ങള്‍ക്ക് കരുത്തായി, തോളോട് തോള് ചേര്‍ന്നു നിന്ന് പറക്കാട്ട് ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ വളര്‍ച്ചക്കായി അധ്വാനിച്ചു. ഇന്നവര്‍ ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ വനിതാ സംരംഭകരില്‍ ഒരാളാണ്.
ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ എന്ന ആശയത്തിലൂടെ സാധാരണക്കാരന്റെ ആഭരണ മോഹങ്ങള്‍ക്ക് തിളക്കം നല്കിയ വനിതാ രത്നം… ഈ വനിതാ ദിനത്തില്‍ തന്റെ ജീവിതം പറയുകയാണ് പ്രീതി പ്രകാശ് പറക്കാട്ട്…
ബിസിനസുകാരന് വേണ്ട
ഇടുക്കി അടിമാലിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. അച്ഛന് സോമരാജന് കറ കളഞ്ഞ ഒരു രാഷ്ട്രീയക്കാരനും ബിസിനസുകാരനുമായിരുന്നു.
എട്ട് പ്രാവശ്യം പരാലിസിസ് വന്ന് തളര്‍ന്നുപോയ ആളായിരുന്നു എന്റെ അച്ഛന്. പക്ഷേ ആ തളര്‍ച്ചകളില്‍ നിന്നെല്ലാം മെഡിക്കല്‍ സയന്‍സിനെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഫീനിക്സ് പക്ഷിയെ പോലെ അച്ഛന് ഉയര്‍ത്തെഴുന്നേറ്റു. ഏത് തളര്‍ച്ചയിലും അച്ഛന് പറയുമായിരുന്നു, ”ഐ ആം ഓള് റൈറ്റ്”. അച്ഛന്റെ ഈ ഇച്ഛാശക്തി എന്നില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല.
ഇപ്പോഴും മുമ്പില്‍ വരുന്ന വെല്ലുവിളികളെ ധൈര്യപൂര്‍വം ഏറ്റെടുക്കാനുള്ള പ്രചോദനവും കരുത്തും അച്ഛനാണ്.
അമ്മ ഗീത, അമ്മയായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ ശക്തി. സ്നേഹം കൊണ്ട് എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിയിരുന്ന കണ്ണി…. സ്നേഹത്തിന്റെ ശക്തി ഞാന്‍ പഠിച്ചത് അമ്മയില്‍ നിന്നാണ്.
സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഹോം സയന്‍സില്‍ ബിരുദമെടുത്ത എനിക്ക് അക്കാലം വരെയും ആഗ്രഹം ഒരു ഡയറ്റീഷനാകണം എന്നായിരുന്നു. പക്ഷേ, അതിനുശേഷം ഒരു പ്രൊഫഷണല്‍ ഡിഗ്രി എടുക്കണം എന്ന ആഗ്രഹത്താലാണ് ഞാന്‍ എം.ബി.എ പഠിച്ചത്. അതോടെ ആഗ്രഹങ്ങളും ബിസിനസ് മാനേജ്മെന്റ് എന്ന ഭാഗത്തേക്ക് മാറി.
പഠനശേഷം ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ മാനേജര്‍ പോസ്റ്റില്‍ ജോലി നേടി, സമാന ജോലിയിലുള്ള ഏതെങ്കിലും ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ച്, ഒരു ഫ്ളാറ്റ് ഒക്കെ വാങ്ങി താമസിക്കണം എന്നായിരുന്നു ആഗ്രഹം. ജോലി ചെയ്ത് ജീവിക്കണം എന്നതിനപ്പുറം വലിയ സ്വപ്നങ്ങള്‍ ഒന്നും അന്ന് ഉണ്ടായിരുന്നില്ല.
അങ്ങനെ വീട്ടില്‍ വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്ന സമയം. അന്നാണ് പ്രകാശ് പറക്കാട്ട് എന്ന മനുഷ്യനെ ഞാന്‍ ആദ്യമായി കാണുന്നത്. സ്വന്തമായി ഒരു ജ്വല്ലറിയും റിയല്‍ എസ്റ്റേറ്റ് ബിസിനസും റബ്ബര്‍ എസ്റ്റേറ്റും ക്രഷറും ഒക്കെയായി വളര്‍ന്നുവരുന്ന ഒരു ബിസിനസുകാരന് ആയിരുന്നു അന്ന് അദ്ദേഹം. പെണ്ണുകാണാന്‍ വന്ന അന്ന് തന്നെ അദ്ദേഹം എന്നോട് പറഞ്ഞു, ”വിവാഹം കഴിഞ്ഞാല്‍ ജോലിക്ക് വിടില്ല”. അത് എനിക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലായിരുന്നു. ആ വിവാഹം വേണ്ടെന്നു തന്നെ ഞാന്‍ തീരുമാനിച്ചു.
പക്ഷേ അദ്ദേഹത്തിന് തന്നില്‍ തന്നെയുള്ള ആത്മവിശ്വാസവും കടന്നുവന്ന വഴികളിലെ കഠിനാധ്വാനത്തിന്റെ കഥകളും ഒക്കെ കേട്ടപ്പോള്‍ എന്തൊ ഒരു ആകര്‍ഷണീയത തോന്നി. അതിലെല്ലാമുപരി ആ മനുഷ്യനില്‍ എന്നെ അത്ഭുതപ്പെടുത്തിയത് പാരമ്പര്യമായി കിട്ടിയ ഒരു സ്വത്തിന്റെയും പിന്‍ബലത്തില്‍ ആയിരുന്നില്ല അദ്ദേഹം ഇത്രയും വളര്‍ന്നത് എന്ന കാര്യമാണ്.
മറിച്ച് സ്കൂള്‍ പഠനകാലത്ത് 500 രൂപ ബാങ്ക് ലോണെടുത്ത് തുടങ്ങിയ ചെറിയ ചെറിയ ബിസിനസുകളില്‍ നിന്ന് അദ്ദേഹം സ്വയം വെട്ടി തുറന്നതായിരുന്നു തന്റെ പാത. കൂടാതെ അന്ന് അദ്ദേഹം എന്നോട് ചോദിച്ചു, ”എന്തിനാണ് പുറത്തുപോയി ജോലി ചെയ്യണമെന്ന് വാശിപിടിക്കുന്നത്? നമ്മുടെ സ്വന്തം സ്ഥാപനങ്ങള്‍ നോക്കി നടത്തിക്കൂടെ?”. ആ വാക്കുകളാണ് മാറി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഒടുവിലത് ഞങ്ങളുടെ വിവാഹത്തില്‍ അവസാനിച്ചു.
വിവാഹം കഴിഞ്ഞയുടന്‍ ഞങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ടായി. ഒപ്പം വീട്ടില്‍ ഭര്‍ത്താവിന്റെ പ്രായമായ അമ്മയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ നാളുകളില്‍ ഒന്നും പെട്ടെന്നൊരു ജോലിക്ക് ഇറങ്ങി പുറപ്പെടുക എന്നത് അസാധ്യമായ കാര്യമായിരുന്നു. പക്ഷേ ഉള്ളിലെ ആഗ്രഹങ്ങളെ ഞാന്‍ വിട്ടുകളഞ്ഞില്ല.
കുട്ടികള്‍ രണ്ടുപേരും ഏകദേശം പ്ലേ സ്കൂളില്‍ പഠിക്കാന്‍ സമയം ആയപ്പോള്‍, വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ നോക്കുന്നതോടൊപ്പം തന്നെ ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടുകൂടി തന്നെ അദ്ദേഹത്തോടൊപ്പം പതിയെ ബിസിനസ് രംഗത്തേക്കും ചുവടുവച്ചു. ആഭരണങ്ങളുടെ ഡിസൈനിംഗ് കാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടായിരുന്നു ബിസിനസ് രംഗത്തേക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്.
ഗണപതി കാണിച്ച വഴിയെ…
യഥാര്‍ത്ഥത്തില്‍ ശുദ്ധമായ ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണാഭരണം എന്ന ആശയം ഞങ്ങളില്‍ എത്തിച്ചത് ഗണപതിയാണെന്ന് പറയാം. കാരണം, സ്വര്‍ണലോകം എന്നൊരു എക്സിബിഷന് കാണുന്നതിനിടയിലാണ് അവിടെയുണ്ടായിരുന്ന ഒരു ഗണപതി വിഗ്രഹം ഞങ്ങളെ ആകര്‍ഷിച്ചത്. കണ്ടാല്‍ അഞ്ചു പവന് പൊലിമ തോന്നുന്ന തങ്കത്തില്‍ പൊതിഞ്ഞ ഒരു വിഗ്രഹം. എന്നാല്‍ അതിന്റെ വില അന്വേഷിച്ചപ്പോള്‍ വളരെ മിതമായ വിലയും. അന്ന് ഞങ്ങള്‍ ആ ഗണപതി വിഗ്രഹം അവിടെ നിന്നും വാങ്ങി.
പിന്നീട് ആ വിഗ്രഹത്തിന്റെ നിര്‍മാണ രീതികളെ കുറിച്ച് കൂടുതല്‍ പഠിച്ചു. എന്തുകൊണ്ട് അത്തരം ഒരു രീതി ആഭരണ രംഗത്തേക്കും കൊണ്ടുവന്നു കൂടാ എന്ന പ്രകാശിന്റെ ചിന്തയില്‍ നിന്നാണ് പറക്കാട്ടിന്റെ അഭിമാന സംരംഭമായ ഒരു ഗ്രാം ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ പിറവി.
ആ ഒരു ആശയം ആദ്യം മുന്നോട്ടു വച്ചത് ഭര്‍ത്താവ് തന്നെയായിരുന്നു. അത് എത്രത്തോളം വിജയിക്കും എന്നതിനെക്കുറിച്ച് എന്റെ മനസ്സില്‍ ചെറിയ ആശങ്കകള്‍ ഒക്കെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഉറപ്പായിരുന്നു സാധാരണക്കാരന്റെ ആഭരണമായി അത് മാറുമെന്ന്. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.
നിരീക്ഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ മാര്‍ക്കറ്റിലേക്ക്...
ഈ ആശയം മനസ്സില്‍ ഉദിച്ചതിനു ശേഷം ഏതാണ്ട് നാലു വര്‍ഷക്കാലത്തോളം നീണ്ട പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ആഭരണങ്ങള്‍ വിപണിയിലേക്ക് എത്തിച്ചത്. പറക്കാട്ട് ഗ്രൂപ്പ് തന്നെ വികസിപ്പിച്ചെടുത്ത പ്രത്യേക ലോഹസങ്കരത്തില് തയ്യാറാക്കുന്ന ഈ ആഭരണങ്ങള്‍ സാധാരണക്കാരന് വിശ്വസിച്ച് വാങ്ങാന്‍ കഴിയുന്ന ഒന്നായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.
സ്വര്‍ണം പൂശുന്ന ആഭരണങ്ങള്‍ ബോംബെ മാര്‍ക്കറ്റുകളില്‍ നിന്നും സുലഭമായി നമ്മുടെ നാട്ടിലേക്ക് എത്തിക്കൊണ്ടിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. ഇത്തരം ആഭരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അലര്‍ജി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. ഇതൊന്നും പറക്കാട്ടിന്റെ ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അനുഭവിക്കേണ്ടി വരില്ല എന്നാണ് ഞങ്ങള്‍ ഉറപ്പാക്കിയിരുന്നു.
അതുകൊണ്ടുതന്നെ ആഭരണങ്ങള്‍ നിര്‍മിച്ച ആദ്യ വര്‍ഷങ്ങളില്‍ ഞങ്ങള്‍ ബന്ധുമിത്രാദികള്‍ മാത്രമായിരുന്നു ആഭരണങ്ങള്‍ ഉപയോഗിച്ചത്.
പൂര്‍ണമായ സംതൃപ്തി എല്ലാവരുടെയും ഭാഗത്തുനിന്നും വന്നതിനുശേഷം മാത്രമാണ് മാര്‍ക്കറ്റിലേക്ക് ആഭരണങ്ങള്‍ എത്തിച്ചത്.
പിന്നീട് സംഭവിച്ചത് മഹാത്ഭുതം…
പറക്കാട്ടിന്റെ ജ്വല്ലറികളില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചതോടൊപ്പം തന്നെ പ്രധാനപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ ഞങ്ങള്‍ ചെറിയ എക്സിബിഷനുകളും സംഘടിപ്പിച്ചു. മഹാത്ഭുതം എന്നായിരുന്നു ആ എക്സിബിഷന്റെ പേര്. സത്യത്തില്‍ ആ എക്സിബിഷനും ഒരു മഹാത്ഭുതമായി മാറുകയായിരുന്നു.
എക്സിബിഷന് ഹോളുകളിലേക്ക് ആളുകള്‍ കൂട്ടമായി കയറി. വെറുതെ വന്നു കണ്ടു മടങ്ങുകയായിരുന്നില്ല അന്ന് ജനം ചെയ്തത്. വന്നവരെല്ലാം എന്തെങ്കിലും ഒരു ആഭരണം വാങ്ങുന്ന സ്ഥിതിയിലേക്ക് എത്തി. എക്സിബിഷനുകളില്‍ ആഭരണങ്ങള്‍ വാങ്ങിയ ആളുകള്‍ വീണ്ടും ആഭരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് പറക്കാട്ട് ജ്വല്ലറിയില്‍ എത്തിത്തുടങ്ങിയതോടെ ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചു.
അങ്ങനെ എക്സിബിഷന് നടത്തിയ എല്ലാ നഗരങ്ങളിലും പറക്കാട്ട് ജ്വല്ലേഴ്സിന്റെ ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ ഉയര്‍ന്നു. വെറും അഞ്ച് ജ്വല്ലറികളുമായി ഞങ്ങള്‍ ആരംഭിച്ച ആ സംരംഭം ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തുമായി 113 ജ്വല്ലറികളിലാണ് എത്തിനില്‍ക്കുന്നത്. വരും മാസങ്ങളില്‍ പുതിയ 10 ബ്രാഞ്ചുകള്‍ കൂടി തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍. കൂടാതെ താല്പര്യമുള്ള ആളുകള്‍ക്ക് കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ഫ്രാഞ്ചൈസി നല്‍കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.
ഉത്തരവാദിത്തങ്ങള്‍ സ്വന്തം ചുമലിലേറ്റിയ നാളുകള്‍
ആഭരണങ്ങളുടെ ഡിസൈനിങ്ങില്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. തുടക്കകാലത്ത് ഡിസൈനിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. സംരംഭം പതിയെ വിജയമായി തീര്‍ന്നതോടെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും എനിക്ക് കൈമാറി ഭര്‍ത്താവ് മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു.
അന്ന് ഒരു വലിയ സംരംഭത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ എനിക്ക് കൈമാറാന്‍ അദ്ദേഹം കാണിച്ച മനസ്സാണ് പ്രീതി പ്രകാശ് പറക്കാട്ട് എന്ന സംരംഭകയുടെ വിജയങ്ങളുടെ അടിസ്ഥാനം. ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്നും ഞാന്‍ ഭയന്ന് പിന്മാറിയില്ല. ഒരു വെല്ലുവിളിയായി തന്നെ സ്വീകരിച്ചു. ഇന്ന് അഭിമാനപൂര്‍വം തന്നെ എനിക്ക് പറയാന്‍ സാധിക്കും, ഞാന്‍ തിരഞ്ഞെടുത്ത വഴി ശരിയായിരുന്നു എന്ന്.
തുടക്കകാലത്തെ വെല്ലുവിളികള്‍
ഇമിറ്റേഷന്‍ ഗോള്‍ഡ് സുലഭമായിരുന്ന സമയത്താണ് പറക്കാട്ടിന്റെ ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ വിപണിയില്‍ എത്തുന്നത്. അത് പലപ്പോഴും ആളുകളില്‍ ചെറിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. പറക്കാട്ടിന്റെ ആഭരണങ്ങളും ഇമിറ്റേഷന്‍ ഗോള്‍ഡ് തന്നെയായിരിക്കുമോ എന്നൊരു സംശയം അവരില്‍ ഉണ്ടായിരുന്നു.
ഇതുകൂടാതെ പറക്കാട്ടിന്റെ ആഭരണങ്ങള്‍ ആളുകള്‍ സ്വീകരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയതോടെ എല്ലാ ഇമിറ്റേഷന്‍ ജ്വല്ലറിക്കാരും അവരുടെ പരസ്യങ്ങളില്‍ ഒരു ഗ്രാം ഗോള്‍ഡ് എന്ന വാക്ക് ഉപയോഗിച്ചു. ഇത് ആളുകളില്‍ ചെറുതല്ലാത്ത ഒരു കണ്ഫ്യൂഷന് ഉണ്ടാക്കിയിരുന്നു. ഒടുവില്‍ ആളുകള്‍ക്കുണ്ടായ ഈ കണ്ഫ്യൂഷന് മാറിയത് പറക്കാട്ടിന്റെ ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ ഒരുതവണ ഉപയോഗിച്ച് തുടങ്ങിയതിനുശേഷമാണ്. അതോടെ ഒരിക്കല്‍ ഉപയോഗിച്ചവര്‍ വീണ്ടും വീണ്ടും തേടിയെത്തി.
മറ്റെല്ലാ ഉത്പന്നങ്ങള്‍ക്കും കിട്ടുന്ന വാമൊഴിയായുള്ള പരസ്യം നമുക്ക് കിട്ടുമായിരുന്നില്ല. കാരണം ആളുകള്‍ ഇത് ധരിക്കുന്നത് സ്വര്‍ണമാണ് എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ഏറ്റവും അടുത്ത ആളുകളോട് അല്ലാതെ മറ്റൊരാളോടും ഉപയോഗിച്ചവര്‍ നമ്മുടെ ഉത്പന്നത്തെ കുറിച്ച് പറയുകയോ അത് മാര്‍ക്കറ്റ് ചെയ്യുകയോ ചെയ്യില്ല. ആ വെല്ലുവിളിയെ ഞങ്ങള്‍ അതിജീവിച്ചത് ഉത്പന്നത്തിന്റെ ഗുണമേന്മ, ഗ്യാരണ്ടി, വാറണ്ടി, സര്‍വീസ് എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്കിക്കൊണ്ടായിരുന്നു.
മിസ്സ് ഇന്ത്യയും മിസ് കേരളയും ധരിക്കുന്നത്
പറക്കാട്ടിന്റെ കിരീടം
ആഭരണങ്ങളുടെ നിര്‍മാണത്തിലും വിപണത്തിനും മാത്രമല്ല ഞങ്ങള്‍ക്ക് മികവ് പുലര്‍ത്താന്‍ ആയത് എന്നത് അഭിമാനാര്‍ഹമായ ഒരു നേട്ടമായാണ് കരുതുന്നത്. അതില്‍ ഒരു വലിയ സന്തോഷം ഇന്ത്യയില്‍ ഇന്ന് നടക്കുന്ന ഭൂരിഭാഗം സൗന്ദര്യമത്സരങ്ങള്ക്കുമുള്ള കിരീടങ്ങള്‍, മൊമെന്റോകള്‍, മെഡല്‍ എന്നിവയൊക്കെ ചെയ്തുകൊടുക്കുന്നത് ഞങ്ങളാണ്.
നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്കും വിജയികള്‍ക്കുള്ള ശില്പങ്ങള് ചെയ്തു ചെയ്തുകൊടുക്കുന്നുണ്ട്. കൂടാതെ ഗുരുവായൂര്‍ ദേവസ്വം എംപ്ലോയിസിന് വേണ്ടി നിര്‍മിച്ച സുവര്‍ണ്ണ വരപ്രഭു എന്ന വിഗ്രഹത്തിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചത് പത്മശ്രീ മോഹന്‍ലാല്‍ ആയിരുന്നു. അതോടെ സുവര്‍ണ്ണ വരപ്രഭു ആരാധകനായി തീര്‍ന്ന ലാലേട്ടന് മോദിജിക്ക് സമ്മാനിച്ച സുവര്‍ണ്ണ വരപ്രഭുവിന്റെ വിഗ്രഹവും നമ്മുടേതായിരുന്നു.
പറക്കാട്ടിലിനെ തേടിയെത്തിയ മറ്റൊരു മഹാഭാഗ്യം അമേരിക്കയില്‍ പുതിയതായി നിര്‍മിച്ച ഒരു ക്ഷേത്രത്തിലേക്ക് ആവശ്യമായ തിരുവാഭരണപ്പെട്ടി അടക്കമുള്ള തിരുവാഭരണങ്ങള്‍ ഡിസൈന്‍ ചെയ്തു കൊടുക്കാനുള്ള അവസരം ലഭിച്ചു എന്നതാണ്.
നിരവധി സിനിമകള്‍ക്കും ഞങ്ങള്‍ ആഭരണങ്ങള്‍ കസ്റ്റമൈസ് ചെയ്തു കൊടുത്തിട്ടുണ്ട്. ഇതില്‍ ജയസൂര്യ നായകനായ തൃശ്ശൂര്‍ പൂരം എന്ന സിനിമയില്‍ ജയസൂര്യ അണിയുന്ന വെള്ളിയില്‍ ഡിസൈന്‍ ചെയ്ത രുദ്രാക്ഷ മാലയും ലോക്കറ്റും ഉള്‍പ്പെടെയുള്ള ആഭരണങ്ങളും കേശു ഈ വീടിന്റെ നാഥന് എന്ന സിനിമയില്‍ ഉര്‍വശിയുടെയും ദിലീപിന്റെയും ആഭരണങ്ങളും ചെയ്തു കൊടുത്തത് ഞങ്ങളാണ്.
ഇതിലെല്ലാം ഉപരിയായി മറ്റൊരു വലിയ സന്തോഷം കൂടി ഞങ്ങളെ തേടി ഇപ്പോള്‍ വന്നിട്ടുണ്ട്. 2023 മാര്‍ച്ച് മാസത്തില്‍ നേവല്‍ ബേസ് സന്ദര്‍ശനത്തിനായി എത്തുന്ന ഇന്ത്യന്‍ രാഷ്ട്രപതിക്കുള്ള ഉപഹാരം ചെയ്തുകൊടുക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത് പറക്കാട്ട് ജ്വല്ലേഴ്സിനാണ്.
മിന്നുന്നതെല്ലാം പൊന്നല്ല
ഇപ്പോഴും ചെറിയൊരു വിഭാഗം ആളുകള്‍ക്കെങ്കിലും ഉള്ള സംശയം എന്തൊക്കെ പറഞ്ഞാലും സ്വര്‍ണ്ണം പൂശിയത് തന്നെയല്ലേ എന്നാണ്. എന്നാല്‍ അങ്ങനെയല്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വില്‍ക്കുന്നത് പോലെയാണ് ഇമിറ്റേഷന്‍ ഗോള്‍ഡ്. കാലാകാലങ്ങളായി ആഭരണ നിര്‍മാണത്തില്‍ അവര്‍ പിന്തുടര്ന്നു പോകുന്നത് ഒരേ രീതിയാണ്. പക്ഷേ പരസ്യ വാചകങ്ങളില്‍ മാത്രം മാറ്റം വരുത്തും.
നിക്കല്‍, ക്രോമിയം, ലെഡ്, അലുമിനിയം, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളിലാണ് ഇമിറ്റേഷന്‍ ഗോള്‍ഡ് നിര്‍മിക്കുന്നത് . ഇത്തരം ലോഹങ്ങളെ ആഭരണങ്ങളാക്കി മാറ്റി അതില്‍ സ്വര്‍ണ്ണത്തിന്റെ നിറം (ഡൈ) പൂശി പ്ലാസ്റ്റിക് കോട്ടിംഗ് നല്‍കുകയാണ് ചെയ്യുന്നത്. ഒരു തരി പോലും സ്വര്‍ണം ഇതില്‍ എവിടെയും ഉപയോഗിക്കുന്നില്ല.
അതുകൊണ്ടുതന്നെ ഇത് ഉപയോഗിച്ച് കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ വെള്ളവും വിയര്‍പ്പുമൊക്കെ തട്ടി ഇതിനു നല്‍കിയിരിക്കുന്ന പ്ലാസ്റ്റിക് കോട്ടിംഗ് നഷ്ടപ്പെടും. അതോടെ സ്വര്‍ണ്ണ കളര്‍ ഇതില്‍ നിന്നും ഇളകി മാറുകയും ഉള്ളില്‍ ഉപയോഗിച്ചിരിക്കുന്ന ലോഹങ്ങള്‍ തെളിഞ്ഞു കാണുകയും ചെയ്യും. ഈ ലോഹങ്ങള്‍ ശരീരത്തില്‍ തട്ടുമ്പോഴാണ് പലര്‍ക്കും അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇമിറ്റേഷന്‍ ഗോള്‍ഡിനായി ഉപയോഗിക്കുന്നത് ഇലക്ട്രോ പ്ലേറ്റിംഗ് ടെക്നോളജി ആണ് .
എന്നാല്‍ പറക്കാട്ടിന്റെ ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ക്ക് ഇമിറ്റേഷന്‍ ഗോള്‍ഡുമായി യാതൊരു ബന്ധവുമില്ല. കാരണം നമ്മുടെ ആഭരണങ്ങള്‍ ശുദ്ധമായ വെള്ളിയിലോ, ചെമ്പിലോ, പറക്കാട്ടിന്റെ സ്വന്തം ലോകസങ്കര കൂട്ടിലോ ആണ് നിര്‍മിക്കുന്നത്.
പരമ്പരാഗത സ്വര്‍ണ്ണ പണിക്കാരുടെ സഹായത്തോടുകൂടി നിര്‍മിക്കുന്ന ഈ ആഭരണങ്ങളില്‍ പൊതിയുന്നത് ശുദ്ധമായ സ്വര്‍ണമാണ്. ഇലക്ട്രോ ഫോമിങ് എന്ന ടെക്നോളജി ആണ് ഇതിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ നിറം മങ്ങി പോവുകയോ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയോ ഇല്ല.
എന്തുകൊണ്ട് പറക്കാട്ടിന്റെ തങ്ക ആഭരണങ്ങള്‍
സ്വര്‍ണ്ണത്തിന്റെ വില ഇപ്പോള്‍ അനുദിനം കുതിച്ചുയരുകയാണ്. ഒരു പവന് സ്വര്‍ണം വാങ്ങാന്‍ നിങ്ങള്‍ മുടക്കുന്ന വിലയില്‍ പകുതിയും പണിക്കൂലി ഇനത്തിലാണ് ചെലവായി പോകുന്നത്. അതായത് ഓരോ ആഭരണങ്ങള്‍ക്ക് അനുസരിച്ച് സ്വര്‍ണ്ണത്തിന്റെ പണിക്കൂലി 10 ശതമാനം മുതല്‍ 100 ശതമാനം വരെയാണ്.
അതായത് ഡയമണ്ട് വര്‍ക്കോടുകൂടിയ ആഭരണത്തിന് 100 ശതമാനം വരെ പണിക്കൂലിയും റൂബി എമറാള്‍ഡ് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ പണിക്കൂലിയും സാധാരണ സ്റ്റോണ്‍ വര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ക്ക് 25 ശതമാനവും സാധാരണ സ്വര്‍ണാഭരണത്തിന് നാല് ശതമാനം മുതല്‍ 20 ശതമാനം വരെയും പണിക്കൂലിയായി ഈടാക്കാറുണ്ട്. അതായത് ഒന്നോ രണ്ടോ പ്രാവശ്യത്തെ ഉപയോഗത്തിനുവേണ്ടി നമ്മള് വാങ്ങിക്കുന്ന ആഭരണങ്ങള്‍ക്ക് മുടക്കുന്നത് ഭീമമായ പണിക്കൂലിയാണ്. അപ്പോള്‍ പിന്നെ സ്വര്‍ണ്ണത്തെ ഒരു സുരക്ഷിത സമ്പാദ്യമായി നമുക്ക് കണക്കാക്കാനാകുമോ? സത്യത്തില്‍ ഇതിന്റെ ആവശ്യം എന്താണ്?
വിവാഹവേളകളിലും മറ്റും വാങ്ങിക്കുന്ന ആഭരണങ്ങള്‍ പലരും പിന്നീട് ഉപയോഗിക്കാറേയില്ല. വീടുകളില്‍ ഭദ്രമായി പൂട്ടിവയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വീട്ടില്‍ പൂട്ടിവയ്ക്കുന്ന ഒരു വസ്തുവിന് വേണ്ടി നാം എന്തിന് ഇത്രമാത്രം പണം ചിലവാക്കണം. പകരം ഈ പണം സമൂഹത്തില്‍ മറ്റെന്തെങ്കിലും ഒരു കാര്യത്തിനുവേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ ഉപകാരം ആ സമൂഹത്തിനു മുഴുവന്‍ ലഭിക്കും.
യഥാര്‍ത്ഥത്തില്‍ സ്വര്‍ണ്ണം വാങ്ങി ലോക്കറില്‍ സൂക്ഷിക്കുന്നവര്‍ ചെയ്യുന്നത് പണത്തിന്റെ വ്യാപനം സമൂഹത്തില്‍ തടഞ്ഞ് അതിനെ ഡെഡ് മണി ആകുകയാണ്. ഈയൊരു സമ്പ്രദായത്തിന് മാറ്റം വരേണ്ടിയിരിക്കുന്നു. സ്വര്‍ണ്ണത്തിന്റെ ആഭരണങ്ങള്‍ മാത്രമേ അണിയൂ എന്ന വാശി ഉപേക്ഷിച്ച് താല്‍ക്കാലിക ആവശ്യങ്ങള്‍ക്ക് ഒരു ബദല്‍ സ്വീകരിക്കുകയാണ് വേണ്ടത്. അങ്ങനെ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിശ്വസിച്ചു വാങ്ങാന്‍ സാധിക്കുന്ന ഉത്പന്നം തന്നെയാണ് പറക്കാട്ട് ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ .
പറക്കാട്ടിന്റെ മാത്രം പ്രത്യേകതകള്‍
സ്വര്‍ണ്ണത്തിന് ഒരു ബദല്‍ തേടുന്നവര്‍ക്ക് പറക്കാട്ടിന്റെ ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണാഭരണങ്ങളേക്കാള്‍ വിശ്വാസ യോഗ്യമായ മറ്റൊരു ഉത്പന്നം ഇന്ന് വിപണിയില്‍ ഇല്ല. ഡിസൈനിങ്ങിലും ഗുണമേന്മയിലും അത്രമാത്രം മുന്നിട്ട് നില്‍ക്കുന്നതാണ് പറക്കാട്ട് ജ്വല്ലേഴ്സിന്റെ ആഭരണങ്ങള്‍.
കസ്റ്റമൈസ്ഡ് ഡിസൈനോട് കൂടിയ ആഭരണങ്ങളും ശില്പങ്ങളും പറക്കാട്ടിന്റെ മാത്രം പ്രത്യേകതയാണ്. കൂടാതെ കൃത്യമായ ഗ്യാരണ്ടി, വാറണ്ടി, മണിബാക്ക് സേവനങ്ങളും ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. ആഭരണങ്ങള്‍ വാങ്ങി രണ്ടു വര്‍ഷത്തിനിടയില്‍ ഒരു തവണ സൗജന്യ സര്‍വീസ് നല്‍കുന്നതാണ്. എല്ലാ ആഭരണങ്ങള്‍ക്കും ലൈഫ് ടൈം പേയ്മെന്റ് സര്‍വീസും വിവാഹാഭരണങ്ങള്‍ക്ക് സ്പെഷ്യല്‍ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.
ഇതുകൂടാതെ സ്വര്‍ണവില അതിവേഗം കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍ കീശ കാലിയാകാതെ തന്നെ ഓരോരുത്തരുടെയും ആഭരണ മോഹങ്ങള്‍ സഫലമാക്കാനുള്ള വഴിയാണ് പറക്കാട്ട് തുറക്കുന്നത്. സ്ത്രീപുരുഷഭേദമെന്യേ എല്ലാവര്ക്കും ആവശ്യമായ ആഭരണങ്ങള്‍ പറക്കാട്ടില്‍ ലഭിക്കും. കൂടാതെ കുട്ടികളുടെ ആഭരണങ്ങള്‍ക്കുള്ള കമനീയ ശേഖരവും ഒരുക്കിയിട്ടുണ്ട്.
നോ ഗോള്‍ഡ്
ഇപ്പോഴുള്ള തലമുറയിലെ വലിയൊരു വിഭാഗം ആളുകള്‍ ‘നോ ഗോള്‍ഡ്’ എന്ന ആശയത്തിലേക്ക് വന്നു കഴിഞ്ഞു. സീരിയല്‍ താരം ഗൗരി കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ വിവാഹത്തിന് സ്വീകരിച്ച മാതൃക അനുകരണീയമാണ്.
സ്വര്‍ണ്ണം ഒരു സുരക്ഷിത സമ്പാദ്യം എന്ന രീതിയില്‍ മക്കളുടെ വിവാഹ വേളയില്‍ സ്വര്‍ണ്ണം സമ്മാനിക്കുന്ന മാതാപിതാക്കളുടെ പതിവ് ഇനിയെങ്കിലും മാറണം. പകരം അവര്‍ക്ക് സ്വര്‍ണത്തിനായി കരുതിവയ്ക്കുന്ന പണം ഉപയോഗിച്ച് വിദ്യാഭ്യാസം നല്‍കുക. അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് പറന്നുയരാനുള്ള ചവിട്ടുപടികളായി ആ സമ്പാദ്യത്തെ മാറ്റുന്നതിലാണ് മാതാപിതാക്കളുടെ യഥാര്‍ത്ഥ വിജയം.
കൂടാതെ സ്വര്‍ണ്ണം ഒരു സുരക്ഷിത സമ്പാദ്യം എന്ന പേരില്‍ വലിയ പണിക്കൂലിയും ജിഎസ്ടിയും നല്കി ലോക്കറില്‍ വാങ്ങി സൂക്ഷിക്കുന്ന പതിവും നമ്മള് അവസാനിപ്പിക്കണം. ഇത്തരത്തില്‍ ഒരു സമ്പാദ്യത്തെ ലോക്ക് ചെയ്തു വച്ചത് കൊണ്ട് ആര്‍ക്കാണ് ഗുണം? പകരം ആ സമ്പാദ്യം ഉപയോഗിച്ച് എന്തെങ്കിലും ഒരു സംരംഭം തുടങ്ങുക. അത് നമ്മളെ കൂടാതെ ഒരാള്‍ക്കാണെങ്കില്‍ ഒരാള്‍ക്ക് ഒരു ജീവിത വരുമാനമായി തീരുമെങ്കില്‍ അതിലേറെ സൗഭാഗ്യം മറ്റെന്താണ് ഉള്ളത്…! അത്തരമൊരു മാറിച്ചിന്തിക്കലിന് നമ്മുടെ സമൂഹം തയ്യാറാകണം.
ആഭരണങ്ങള്‍ വാടകയ്ക്ക്
വിവാഹവേളകളിലേക്ക് മറ്റുമുള്ള കുറച്ചു നേരത്തെ ആഘോഷ പരിപാടികള്‍ക്കായി സ്വര്‍ണ്ണം വില കൊടുത്തു വാങ്ങാന്‍ താല്പര്യമില്ലാത്തവര്ക്കും സാമ്പത്തികമായി ശേഷിയില്ലാത്തവര്‍ക്കും പറക്കാട്ടിന്റെ ശുദ്ധമായ തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ വാടകയ്ക്ക് എടുക്കാം.
പറക്കാട്ടിന്റെ തങ്ക ആഭരണങ്ങള്‍ അല്ലാതെ വിവാഹ വേളയില്‍ സ്വര്‍ണത്തോളം തന്നെ ‘കോണ്ഫിഡന്സോ’ടു കൂടി അണിയാന്‍ സാധിക്കുന്ന മറ്റൊരു ആഭരണവും ഇന്ന് വിപണിയിലില്ല.
ഒരുപക്ഷേ ഇത്തരത്തില്‍ ഒരു ആശയം കേരളത്തില്‍ തന്നെ മറ്റാരും ഇതിനു മുന്‍പ് നടപ്പാക്കിയിട്ടുണ്ടാവില്ല. എറണാകുളം വുഡ്ലാന്‍ഡ്സ് ഹോട്ടല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പറക്കാട്ട് ബ്രൈഡല്‍ ഹബ്ബില്‍ നിന്ന് കേരളത്തിലെ ഏത് ജില്ലയിലുള്ള ആളുകള്‍ക്കും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി പറക്കാട്ടിലിന്റെ ആഭരണങ്ങള്‍ വാടകയ്ക്ക് എടുക്കാം.
വീഡിയോ കോളിലൂടെ ആഭരണങ്ങള്‍ കാണാനുള്ള അവസരം കസ്റ്റമേഴ്സിന് ഇവിടെ ലഭ്യമാണ്. കൂടാതെ ഇനി തുറക്കാനിരിക്കുന്ന പറക്കാട്ടിന്റെ എല്ലാ ഷോറൂമുകളിലും ആഭരണങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
പറക്കാട്ട് ബ്രൈഡല്‍ ഹബ്ബ്
പറക്കാട്ട് ജ്വല്ലേഴ്സിനോടൊപ്പം തന്നെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റൊരു സംരംഭമാണ് പറക്കാട്ട് ബ്രൈഡല്‍ ഹബ്ബ്. എറണാകുളം വുഡ്ലാന്‍ഡ്സ് ഹോട്ടല്‍ ജംഗ്ഷനില്‍ നാലു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം ഒരു ‘കംപ്ലീറ്റ് വെഡിങ് സൊല്യൂഷന്’ ആണ്.
വിവാഹത്തിന് ആവശ്യമായ ആഭരണങ്ങള്‍, വസ്ത്രം, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ഫോട്ടോഗ്രാഫര്‍, ഇവന്റ് മാനേജ്മെന്റ് എന്നിങ്ങനെ എന്ത് സേവനവും ഇവിടെ നിന്നും ലഭിക്കും. ഇതുകൂടാതെ മോഡലിംഗില്‍ താല്പര്യമുള്ള യുവതി യുവാക്കള്‍ക്കും തങ്ങളുടെ കഴിവു തെളിയിക്കാനും തുടക്കം കുറിക്കാനും ഈ സ്ഥാപനത്തെ ആശ്രയിക്കാം.
മേക്ക് ഓവറിന് താല്പര്യമുള്ളവര്ക്കും വിശ്വസിച്ച് ആശ്രയിക്കാവുന്ന സ്ഥാപനമാണ് ഇത്. മാത്രമല്ല പ്രത്യേക സ്റ്റുഡിയോ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇത് ഞങ്ങളുടെ കുടുംബ ബിസിനസ്
എട്ടു മക്കളുള്ള ഒരു വലിയ കുടുംബത്തിലേക്കാണ് ഞാന്‍ വിവാഹം കഴിച്ചെത്തിയത്. അതില്‍ ഏറ്റവും ഇളയ ആളായിരുന്നു എന്റെ ഭര്‍ത്താവ് പ്രകാശ്. കുടുംബാംഗങ്ങള്‍ ഒന്നിച്ചു നില്ക്കുമ്പോള് ഉള്ള സന്തോഷവും ശക്തിയും എത്രമാത്രം വലുതാണെന്ന് എനിക്ക് പഠിപ്പിച്ചു തന്നത് എന്റെ അമ്മയാണ്.
ഒരു കുടുംബത്തിലെ എല്ലാവരെയും ഒരുപോലെ ചേര്ത്തുനിര്ത്തുന്നതിലാണ് എല്ലാ വിജയങ്ങളും പൂര്‍ണമാകുന്നത് എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. ഞാന്‍ വന്ന വീട്ടിലും അത് അങ്ങനെ തന്നെ ആയിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത് ഞങ്ങളുടെ ഫാമിലി ബിസിനസ് ആണ്. ഞാനും ഭര്‍ത്താവും മക്കളും അടങ്ങുന്ന ചെറിയ കുടുംബത്തെക്കുറിച്ച് അല്ല ഞാന്‍ പറയുന്നത്.
അദ്ദേഹത്തിന്റെ സഹോദരങ്ങളും അവരുടെ മക്കളും ഒക്കെ അടങ്ങുന്ന ഞങ്ങളുടെ വലിയ കുടുംബത്തെ കുറിച്ചാണ്.
ഇന്ന് ബിസിനസിന്റെ പല മേഖലകളിലും എന്നെ സഹായിക്കാന്‍ എന്റെ സഹോദരന്മാരും ഭര്‍ത്താവിന്റെ ചേച്ചിമാരും ചേട്ടന്മാരും അവരുടെ മക്കളും ഒക്കെയുണ്ട്. ഞങ്ങളെല്ലാവരും ചേര്‍ന്നുള്ള ഒരു യാത്രയാണിത്. എന്റെ വലംകൈയായി എപ്പോഴും കൂടെയുള്ളത് ഞങ്ങളുടെ ഒരു മരുമകനായ (ഭര്‍ത്താവിന്റെ സഹോദരിയുടെ മകന്) ബിനുവും ഭാര്യ ശ്രുതിയുമാണ്.
എന്റെ രണ്ടു മക്കളും ബിസിനസ്സില്‍ സജീവമായുണ്ട്. മൂത്തമകന് അഭിജിത്ത് പറക്കാട്ട്, എം.ബി.എ കഴിഞ്ഞു, ഇപ്പോള്‍ മൂന്നാര്‍ പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ടിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാം ബ്ലൂ ടിക് ഹോള്‍ഡറും സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്സറുമാണ് രണ്ടാമത്തെ മകന് അഭിഷേക് പറക്കാട്ട്. അഭിഷേകാണ് മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ തലവന്‍.
ഞങ്ങളുടെ എല്ലാ സംരംഭത്തിന്റെയും വിജയവും ശക്തിയും പ്രകാശ് പറക്കാട്ട് എന്ന മനുഷ്യന്റെ ദീര്‍ഘവീക്ഷണവും നിശ്ചയ ദാര്‍ഢ്യവുമാണ്. ഇപ്പോള്‍ അദ്ദേഹം അടിമാലിയില്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്ന ഹില്‍ടോപ് കോട്ടേജ് പ്രോജക്ടിന്റെയും പെരിയാറിന്റെ തീരത്ത് ആരംഭിക്കാന്‍ പോകുന്ന ആയുര്‍വേദിക് റിസോര്‍ട്ടിന്റെയും തിരക്കിലാണ്.
സ്ത്രീകള്‍ക്ക് ഒരു കൈത്താങ്ങ്
സത്യത്തില്‍ ഞങ്ങളുടെ പറക്കാട്ട് കുടുംബത്തിലെ ആദ്യത്തെ ബിസിനസുകാരി ഭര്‍ത്താവിന്റെ അമ്മയായ കല്യാണിയായിരുന്നു. തന്റെ ഭര്‍ത്താവിന്റെ അകാലവിയോഗത്തെ തുടര്‍ന്ന് ജീവിത പ്രാരാബ്ദങ്ങള്‍ ഒരുപാടുണ്ടായിരുന്ന കാലത്തും തന്റെ എട്ടു മക്കളേയും അമ്മ വളര്‍ത്തി വലുതാക്കിയത് ഒരു പലചരക്ക് കട നടത്തിയാണ്. വളരെ ചെറിയൊരു കടയായിരുന്നു അതെങ്കിലും അക്കാലത്ത് അത് വിജയമാക്കി കാണിച്ച സ്ത്രീയാണ് അമ്മ.
അതുകൊണ്ടുതന്നെ പിന്നീട് ബിസിനസില്‍ ഞങ്ങള്‍ ഏറെ ദൂരം സഞ്ചരിച്ചെങ്കിലും അമ്മയുടെ ഓര്‍മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന തീവ്രമായ ആഗ്രഹമുണ്ടായിരുന്നു.
ആ ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായാണ് കഴിഞ്ഞ 15 വര്‍ഷക്കാലമായി നൂറോളം നിര്‍ധനരായ അമ്മമാര്‍ക്ക് എല്ലാമാസവും കൃത്യമായ ഒരു പെന്ഷന് തുക പറക്കാട്ട് നല്‍കുന്നത്. ഈ തുക നേരിട്ട് അമ്മമാരുടെ കൈകളില്‍ എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
സ്ത്രീകളുടെ കയ്യില്‍ എത്തുന്ന സമ്പാദ്യം അത് എത്ര ചെറുതാണെങ്കിലും കുടുംബത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും കൂടുതലായും സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്.
എന്റെ ജീവനക്കാരില്‍ ഏറിയ പങ്കും സ്ത്രീകളാണ്. മാത്രമല്ല സ്ത്രീകള്‍ക്ക് ഒരു വരുമാനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ മാസത്തോടുകൂടി മറ്റൊരു പദ്ധതിക്ക് കൂടി തുടക്കം കുറിക്കുകയാണ് പറക്കാട്ട്.
പറക്കാട്ടിന്റെ ആഭരണങ്ങള്‍ വീട്ടിലിരുന്നുകൊണ്ടുതന്നെ താല്പര്യമുള്ള സ്ത്രീകള്‍ക്ക് മാര്‍ക്കറ്റ് ചെയ്ത് വില്‍ക്കാം. ഇതിലൂടെ മോശമല്ലാത്ത ഒരു തുക അവര്‍ക്ക് വരുമാനമായി നേടുകയും ചെയ്യാം. ഏപ്രില്‍ മാസത്തോടുകൂടി ആരംഭിക്കുന്ന ഈ പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ മാര്‍ക്കറ്റിംഗ് വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
സ്ത്രീകളോട് ഒരു വാക്ക്
സാഹചര്യങ്ങളെ പഴിചാരി വെറുതെ ഇരിക്കേണ്ടവരല്ല സ്ത്രീകള്‍. പുരുഷന്മാരില് നിന്നും വ്യത്യസ്തമായി സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു കഴിവുണ്ട്, ‘മള്‍ട്ടി ടാസ്കിങ്ങ്’. ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ശ്രദ്ധിക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവ് സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ ഒരേസമയം അമ്മയായിരിക്കാനും ഭാര്യയായിരിക്കാനും ഗൃഹനാഥയായിരിക്കാനും ജോലി ചെയ്യാനും ഒക്കെ നിങ്ങള്‍ക്ക് സാധിക്കും.
എല്ലാ സ്ത്രീകളിലും ഈ കഴിവുണ്ട്. അതിനെ മുരടിപ്പിച്ചു കളയാതെ പോളിഷ് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് ഒന്നിനുവേണ്ടിയും നിങ്ങള്‍ നിങ്ങളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും വേണ്ടെന്നു വയ്ക്കരുത്. പകരം അവയ്ക്കെല്ലാം ഒപ്പം തന്നെ ആ സ്വപ്നത്തിനു വേണ്ടിയും അല്പം സമയം മാറ്റിവയ്ക്കുകയാണ് ചെയ്യേണ്ടത്.
സാധിക്കില്ല എന്ന ഒരു വാക്ക് ഇനി നിങ്ങളുടെ ജീവിതത്തില്‍ വേണ്ട. സാധിക്കുക തന്നെ ചെയ്യും. കഠിനമായി അധ്വാനിക്കാനുള്ള ഒരു മനസ്സുണ്ടായാല് മാത്രം മതി.
നിങ്ങളുടെ സ്വപ്നങ്ങള്‍ സത്യമുള്ളതാണെങ്കില്‍ അതിലേക്ക് സഞ്ചരിക്കുന്ന വഴികള്‍ നേരായ പാതയില്‍ ഉള്ളതാണെങ്കില്‍ സംശയിക്കേണ്ട വിജയം നിങ്ങളെ തേടി വരിക തന്നെ ചെയ്യും. അതുകൊണ്ട് കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ജീവിക്കുന്നതിനിടയില്‍ ഒരു അഞ്ചു മിനിറ്റ് നിങ്ങള്‍ക്കു വേണ്ടി കൂടി നിങ്ങള്‍ ജീവിക്കുക.
പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട് മൂന്നാര്‍
കേരളത്തിലെ ഏറ്റവും മികച്ച പഞ്ചനക്ഷത്ര റിസോര്‍ട്ടുകളില്‍ ഒന്നാണ് മൂന്നാറിലെ പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്. പ്രകൃതിയെ അങ്ങനെതന്നെ നിലനിര്‍ത്തിക്കൊണ്ട് പരമാവധി മരങ്ങള്‍ മുറിച്ചു നീക്കാതെയാണ് ഈ റിസോര്‍ട്ട് പണികഴിപ്പിച്ചത്.\ പ്രകാശ് പറക്കാട്ടിന്റെ ആശയത്തില്‍ പണികഴിപ്പിച്ച ഈ റിസോര്‍ട്ട് ആരെയും അമ്പരപ്പിക്കുന്നതാണ്.
ഡിസൈനിംഗിലും തീമിലും രൂപഘടനയിലും തീര്‍ത്തും വ്യത്യസ്തങ്ങളായ 100 മുറികളാണ് ഈ റിസോര്‍ട്ടില്‍ ഉള്ളത്. അതായത് ഒരു സന്ദര്ശകന് 100 തവണ ഒരേ പുതുമയോടെ റിസോര്‍ട്ട് സന്ദര്‍ശിക്കാനാവും. താഴ്വാരങ്ങളെയും തേയിലത്തോട്ടങ്ങളെയും മൂടല്‍മഞ്ഞിനെയും ഒക്കെ പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ റിസോര്‍ട്ടിന്റെ നിര്‍മാണം. പ്രകൃതിദത്തമായി ഒഴുകുന്ന ചെറിയ നീര്‍ച്ചാലുകളും ഗാര്‍ഡനുകളും സൂപ്പര്‍ ലക്ഷ്വറി ആംബിയന്‍സും ഈ റിസോര്‍ട്ടിനെ ലോകോത്തരം ആക്കി മാറ്റുന്നു.
കൂടാതെ ‘ഹോംലി ആംബിയന്‍സ്’ ആണ് ഈ റിസോര്‍ട്ടിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു പ്രധാന ഘടകം.
ഒരു സെക്കന്‍ഡ് ഹോം എന്ന രീതിയില്‍ റിസോര്‍ട്ടില്‍ ആളുകള്‍ക്ക് സമയം ചിലവഴിക്കാന്‍ കഴിയും.
സന്ദര്‍ശകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞുള്ള എല്ലാവിധ ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ ഇവിടെയെത്തുന്ന ഓരോ സന്ദര്‍ശകനേയും തന്റെ കുടുംബത്തിലെ അംഗങ്ങളെ എന്നപോലെ പരിഗണിച്ചാണ് പ്രകാശ് പറക്കാട്ട് യാത്രയാക്കുക.
പുതിയ സംരംഭങ്ങള്‍
പറക്കാട്ട് ഗ്രൂപ്പിന്റേതായി നിരവധി പുതിയ പ്രോജക്ടുകള്‍ ആണ് ഇപ്പോള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും ആദ്യം പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്നത് പ്രീതി പ്രകാശിന്റെ ജന്മസ്ഥലമായ അടിമാലിയില്‍ കുടുംബ സ്വത്തായി കിട്ടിയ 20 ഏക്കര്‍ സ്ഥലത്ത് പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ഹില്‍ടോപ്പ് ആയുര്‍വേദിക് റിസോര്‍ട്ട് പ്രോജക്ട് ആണ്.
പ്രകൃതിക്ക് യാതൊരുവിധത്തിലുള്ള ദോഷവും ചെയ്യാത്ത രീതിയില്‍ ലക്ഷ്വറി കോട്ടേജുകള്‍ നിര്‍മിച്ച് ടൂറിസം മേഖലയില്‍ മറ്റൊരു തിലകക്കുറി കൂടി ചാര്‍ത്താന്‍ ഒരുങ്ങുകയാണ് പറക്കാട്ട് .
ഇതിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഡിസൈനിങ്ങിനും നേതൃത്വം നല്‍കുന്നത് പ്രകാശ് പറക്കാട്ട് തന്നെയാണ്. ഇതിന് പുറമേ വരാനിരിക്കുന്ന മറ്റു പദ്ധതികള്‍ കാലടിയിലെ ആയുര്‍വേദിക് റിസോര്‍ട്ട് പ്രോജക്ട്, ഇല്ലിത്തോട് കോട്ടേജ് പ്രോജക്ട്, ലക്ഷ്വറി റിട്ടയര്‍മെന്റ് ഹോം പ്രൊജക്റ്റ് എന്നിവയാണ്.