രുചികളോട് ‘കോംപ്രമൈസ്’ പറയാന്‍ ഇഷ്ടമില്ലാത്ത എംബിഎക്കാരി
”മധുരമാം ഓര്‍മകള്‍
വിഴുങ്ങിത്തുടങ്ങുന്നുണ്ട്,
പൊങ്ങിത്തുടങ്ങിയ
മധുരമായ ഓര്‍മകളുടെ
പലഹാരപ്പെട്ടിക്കുള്ളില്‍”
ഉറുമ്പരിക്കാത്ത ചില രുചികള്‍ നമ്മുടെയൊക്കെ നാവിന്‍ത്തുമ്പില്‍ ഇന്നും ഉണ്ടാകും. കൂടപ്പിറപ്പിനോട് വഴക്കുകൂടി പൂട്ടിവച്ച പലഹാരപ്പൊതികള്‍ക്കും അമ്മ കാണാതെ ഒളിച്ചുവെച്ച നാണയത്തൂട്ടിന്റെ സഹായത്താല്‍ നുണഞ്ഞിറക്കിയ മിഠായി രുചികള്‍ക്കും പകരം വയ്ക്കാന്‍ ഒരു വിദേശ നിര്‍മിത പലഹാരത്തിനും കഴിയില്ല, അല്ലേ…? പഴമയുടെ രുചിയെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കുമായി രുചിയുടെ വിശാലമായ വാതില്‍ തുറന്നു നല്‍കുകയാണ് ഷെമി മജീദ്.
രുചിയുള്ള കുഴലപ്പവും അച്ചപ്പവും തുടങ്ങി ഒരു ജനതയുടെ വികാരമായി മാറിയിരുന്ന കപ്പലണ്ടി മിഠായിയും തേന്‍ മിട്ടായിയും വരെ ഈ തൃശ്ശൂര്‍ തളിക്കുളത്തുകാരിയുടെ വീടിനോട് ചേര്‍ന്നുള്ള ഭക്ഷ്യ നിര്‍മാണ യൂണിറ്റിലെത്തിയാല്‍ കാണാന്‍ കഴിയും. രുചിയുടെ വര്‍ണവിസ്മയമാണ് ‘പലഹാരക്കൂട്’ എന്നത് ഇവിടെയെത്തുന്ന ഓരോരുത്തര്‍ക്കും ബോധ്യമാകും.
ബി.കോം, എം.കോം പഠനശേഷം ഫിനാന്‍സില്‍ എംബിഎ പൂര്‍ത്തിയാക്കിയ ഷെമി ഏഴ് വര്‍ഷത്തോളം പ്രമുഖ സ്‌നാക്‌സ് നിര്‍മാണ വിതരണ കയറ്റുമതി കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഹെഡ് ആയി ജോലി ചെയ്തിരുന്നു. സ്വന്തമായ ഒരു സംരംഭം തുടങ്ങുവാന്‍ അതെല്ലാം ഈ യുവ സംരംഭകയ്ക്ക് അടിത്തറ പാകി. ഇന്ന് കേരളത്തിലെ പ്രമുഖ സ്‌നാക്‌സ് വിതരണ കമ്പനികള്‍ക്കും അവരുടെ ബ്രാന്‍ഡുകളില്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത് പലഹാരക്കൂടാണ്.
കേരളത്തിലെ വിവിധ ജില്ലകളിലേക്കും തമിഴ്‌നാട്, കര്‍ണാടക, നാഗ്പൂര്‍ തുടങ്ങിയ ഇന്ത്യയിലെ പല സ്ഥലങ്ങളിലേക്കും പലഹാരക്കൂട് ഇന്ന് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നു. ഗുണമേന്മയുള്ളതും ആരോഗ്യം പ്രദാനം ചെയ്യുന്നതുമായ അസംസ്‌കൃത വസ്തുക്കളുടെ തെരഞ്ഞെടുപ്പാണ് കച്ചവടത്തില്‍ പ്രധാനമെന്ന് ഷെമി പറയുന്നു.
ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്റെ കാര്യത്തില്‍ ഷെമിയ്ക്ക് ‘നോ കോംപ്രമൈസ്’. ‘ഉപ്പില്ലാതെ എന്ത് ഭക്ഷണം’ എന്ന് പറയുന്നതുപോലെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഇനമാണ് ഷെമിയുടെ രുചി വൈവിധ്യങ്ങള്‍. വനിതാ ജീവനക്കാരാണ് പലഹാരക്കൂടിനെ രുചികളുടെ സ്വര്‍ഗമാക്കി മാറ്റുന്നത് എന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
പലഹാരക്കൂട് പോലെ സ്വന്തമായൊരു സംരംഭം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഈ മേഖലയെ കുറിച്ച് പര്യാപ്തമായ അറിവ് ഇല്ല എന്നതാണോ തടസ്സം? എന്നാല്‍ നിങ്ങള്‍ക്ക് സഹായിയായി ഷെമി ഉണ്ടാകും. ഈ മേഖലയിലേക്ക് വരുന്ന പുതിയ വനിതാ സംരംഭകര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ക്കും പ്രോഡക്റ്റ് ഡിസ്ട്രിബ്യൂഷനും വിളിക്കാം: 9544200016.