മൗണ്ട് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളി
”മൗണ്ട് എവറസ്റ്റ് എന്റെ ലക്ഷ്യങ്ങളില്‍ ഒന്നു മാത്രമായിരുന്നു; ലോകം തന്നെ കാല്ച്ചുവട്ടില് കൊണ്ടുവരാനൊരുങ്ങി ഒരു മനുഷ്യന്” – ഷേക്ക് ഹസ്സന് ഖാന്
ഒരു വ്യക്തി എന്ന നിലയില്‍ നമുക്ക് നിരവധി ആഗ്രഹങ്ങള്‍ ഉണ്ടാകും. അവയില്‍ ചിലത് സാക്ഷാത്കരിക്കണമെങ്കില്‍ അസാധ്യ പരിശ്രമം ആവശ്യമാണ്. അതുപോലെ അതിനുള്ള മനസ്സാന്നിധ്യം ഉണ്ടാവുക എന്ന് പറയുന്നത് അതിലേറെ പ്രയാസമുള്ള ഒന്നാണ്. എന്നാല്‍ തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടി ഏതൊരു സാഹചര്യത്തെയും നേരിടാന്‍ തയ്യാറായ വ്യക്തിയാണ് ഷേക്ക് ഹസ്സന് ഖാന്. മൗണ്ട് എവറസ്റ്റ് സമ്മിറ്റ് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ഇദ്ദേഹം.
പത്തനംതിട്ടയിലെ പന്തളമാണ് ഷേക്ക് ഹസ്സന് ഖാന്റെ സ്വദേശം. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറാണ് ഇദ്ദേഹം. മൗണ്ട് എവറസ്റ്റ് എന്ന ഈ ഭീമന് പര്‍വതം കീഴടക്കാന്‍ ഇദ്ദേഹത്തിന് പ്രചോദനമായത് രണ്ട് കാര്യങ്ങളാണ്. ഒന്നാമത്തേത് ഇന്ത്യയുടെ 75 -ാം സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ‘ആസാദി കി അമൃത് മഹോത്സവ്’-ന്റെ ഭാഗമായി ഏറ്റവും വലിയ ഇന്ത്യന്‍ പതാക (30×20 Feet) എവറസ്റ്റിനു മുകളില്‍ സ്ഥാപിക്കുക.
രണ്ടാമത്തേത് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അവബോധം ആളുകളില്‍ നിറയ്ക്കുക. അതിനായി എവറസ്റ്റിന്റെ നാല് ക്യാമ്പില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് കാഠ്മണ്ഡുവില്‍ സംസ്കരിക്കുക. ഇവ രണ്ടും വളരെ വിജയകരമായി ഷെയ്ക്ക് ഹസന് ഖാന് എന്ന മനുഷ്യന് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ആ പര്‍വതാരോഹണത്തെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ:
എവറസ്റ്റ് ഒരു മഹാത്ഭുതം
‘മൗണ്ട് എവറസ്റ്റ് എന്ന ഭീമന് പര്‍വതത്തെ കീഴടക്കുക എന്നത് വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമായ ഒന്നായിരുന്നു. അതിനായി 2017 മുതല്‍ പരിശ്രമം തുടങ്ങി. അതിനുവേണ്ടി മാത്രം ‘മൗണ്ടനെയറിംഗ്’ കോഴ്സുകള്‍ പഠിച്ചു. ഡല്‍ഹിയില്‍ താമസിക്കുമ്പോഴാണ് ഇത്തരം ഒരു ആഗ്രഹം എന്നില്‍ ഉദിക്കുന്നത്. ഈ ആഗ്രഹ പൂര്‍ത്തീകരണത്തിനായി പ്രത്യേകം ട്രെയിനിങ്ങുകള്‍ സ്വീകരിച്ചു.
ട്രെയിനിങ്ങിനിടയ്ക്ക് തന്നെ ടാന്‍സാനിയയിലെ മൗണ്ട് കിളിമാഞ്ചാരോ കയറി. കൂടാതെ ഇന്ത്യയിലെ മൗണ്ട് സതോപന്ത് പര്‍വതം, സിക്കിമിലെ മൗണ്ട് ബി സി റോയ് പര്‍വതം കയറുക എന്ന് പറയുന്നത് നിങ്ങള്‍ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് നിരവധി ഘട്ടങ്ങള്‍ ഉണ്ട്. നമ്മുടെ ശരീരം എന്താണെന്നും ഓരോ ഉയരത്തിലേക്ക് എത്തുമ്പോഴും ശരീരം ആ ഉയരങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കണം. ആ സാഹചര്യത്തില്‍ നമുക്ക് നിലനില്ക്കാന് സാധിക്കുന്നുണ്ടോ എന്നറിയണം.
2017 ല്‍ തുടങ്ങിയ എന്റെ പരിശ്രമം പൂര്‍ത്തീകരിക്കുന്നത് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം 2022 ലാണ്. ഏകദേശം 35 ലക്ഷം രൂപ ചിലവിട്ടാണ് എന്റെ ഈ ലക്ഷ്യം സാക്ഷാത്കരിച്ചത്. ഒരു സാധാരണ ഗവണ്മെന്റ് ഉദ്യോഗസ്ഥനായ എനിക്ക് ഇത്രയേറെ പണം കണ്ടെത്തുക എന്നത് വളരെ ശ്രമകരമായ ഒന്നായിരുന്നു. കേരള ടൂറിസം രണ്ട് ലക്ഷം രൂപ നല്കി സഹായിച്ചു. അതുപോലെ കേരള ലോട്ടറി 1.5 ലക്ഷം രൂപയും നല്കി.
എവറസ്റ്റ് കീഴടക്കുന്നതിന് 10 ലക്ഷം രൂപ നേപ്പാള്‍ സര്‍ക്കാരിന്റെ ഫീസ് ആയി നല്‍കേണ്ടതുണ്ട്. നമ്മെ കൊണ്ടുപോകുന്ന കമ്പനിക്ക് നല്‍കേണ്ടത് 13 ലക്ഷം രൂപയാണ്. പര്‍വതാരോഹണത്തിന് സഹായിക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും കൂടി 7.8 ലക്ഷം രൂപ വരും. 60 ദിവസങ്ങള്‍ വേണം എവറസ്റ്റ് കയറി തിരിച്ചിറങ്ങാന്‍. മൂന്നുലക്ഷം രൂപ മുടക്കിയാണ് മൗണ്ട് കിളിമാഞ്ചാരോ കീഴടക്കിയത്. 2022 ല്‍ തന്നെ എവറസ്റ്റ് കീഴടക്കാനുള്ള പ്രചോദനം എന്ന് പറയുന്നത് ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യ ദിനം തന്നെയായിരുന്നു.
എവറസ്റ്റിന്റെ ബേസ് ക്യാമ്പില്‍ എത്തി ആദ്യഘട്ടം എന്ന് പറയുന്നത് 6200 മീറ്റര്‍ ഉയരമുള്ള ഒരു പര്‍വ്വതം കീഴടക്കലാണ്. നാല് ബേസ് ക്യാമ്പുകളാണ് എവറസ്റ്റില്‍ ഉള്ളത്. കാലാവസ്ഥ അനുയോജ്യമാകുമ്പോള്‍ മാത്രമാണ് എവറസ്റ്റ് കീഴടക്കാന്‍ സാധിക്കുക. ഇതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്നത് മറ്റൊരു വലിയ പ്രശ്നമായിരുന്നു ന്യുമോണിയ.
ന്യൂമോണിയ കലശലാവുകയും ബേസ് ക്യാമ്പിന് താഴെയുള്ള ഒരിടത്ത് കുറച്ചുദിവസം താമസിക്കേണ്ടി വരികയും ചെയ്തിരുന്നു. 13 പേരടങ്ങുന്ന സംഘത്തില്‍ നിന്നും വിവിധ അസുഖങ്ങളാല്‍ ആറു പേര് തിരിച്ച് അവരവരുടെ രാജ്യങ്ങളിലേക്ക് പോയി. എന്നാല്‍ എനിക്ക് അങ്ങനെ തിരിച്ചു പോകാന്‍ സാധിക്കാത്ത ഒരു സാഹചര്യമായിരുന്നു. കാരണം മുന്നിലുള്ള വലിയ ലക്ഷ്യം തന്നെ. അങ്ങനെ വിട്ടുമാറാത്ത ന്യൂമോണിയയുമായാണ് ഞാന്‍ എവറസ്റ്റ് എന്ന വലിയ പര്‍വതത്തെ കീഴടക്കിയത്.
14ന് രാത്രി എട്ടരയോടുകൂടി എവറസ്റ്റിനു മുകളിലേക്ക് നടന്ന് അടുക്കുന്നു. 12 മുതല്‍ 14 മണിക്കൂറുള്ള തുടര്‍ച്ചയായ നടത്തം… പോകുന്ന വഴിയില്‍ എന്റെ ഓക്സിജന്‍ സിലിണ്ടര്‍ തീര്‍ന്നു പോകുന്നു. ശരിക്കും മരണത്തെ മുന്നില്‍ കണ്ട ഒരു അവസ്ഥ. എവറസ്റ്റ് മുകളില്‍ എത്തിയപ്പോള്‍ വളരെ മോശം കാലാവസ്ഥ. അതിനാല്‍ ഞാന്‍ കൊണ്ടുവന്ന ഇന്ത്യയുടെ ഫ്ളാഗ് അവിടെ ഉയര്‍ത്താന്‍ സാധിച്ചില്ല.
എവറസ്റ്റ് ക്യാമ്പ് ഫോറില്‍ 26000 അടി ഉയരത്തിലാണ് പിന്നീട് ഫ്ളാഗ് ഉയര്‍ത്തിയത്. കൂടാതെ ഒരു യൂത്ത് എംപവര്‍മെന്റ് ലക്ഷ്യമിട്ട് കേരളത്തിന്റെ 14 ജില്ലകളില്‍ നിന്നും കുട്ടികള്‍ വരച്ച 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച ചിത്രങ്ങള്‍ എവറസ്റ്റിനു മുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ കരുതിയിരുന്നു. എന്നാല്‍ കാലാവസ്ഥ അതിന് സമ്മതിച്ചില്ല. പിന്നീട് ആ ചിത്രങ്ങള്‍ ബേസ് ക്യാമ്പില്‍ കൊണ്ടുവന്ന് പ്രദര്‍ശിപ്പിച്ചു. അതുപോലെ എവറസ്റ്റില്‍ വലിച്ചെറിയപ്പെട്ട 100 കിലോയോളം പ്ലാസ്റ്റിക്കുകള്‍ നിര്‍മാര്‍ജനം ചെയ്തു. ഇതുവരെ ആരും ചെയ്യാത്ത ഇത്തരം കാര്യങ്ങള്‍ ചെയ്തത് ശരിക്കും അഭിമാനം തുളുമ്പുന്ന നിമിഷങ്ങളാണ് എന്റെ ജീവിതത്തില്‍ സമ്മാനിച്ചത്.
അടുത്ത ലക്ഷ്യം:
ഷെയ്ക്ക് ഹസ്സന് ഖാന് എന്ന ഈ പര്വതാരോഹകന് എവറസ്റ്റ് എന്ന പര്‍വതത്തില്‍ ഒതുങ്ങുന്നത് അല്ല ജീവിതവിജയം എന്ന് പറയുന്നത്. മുന്നോട്ടുള്ള പല വഴികളാണ് ഇദ്ദേഹം കാണുന്നത്. അടുത്ത ലക്ഷ്യമെന്ന് പറയുന്നത് ലോകത്തിലെ 192 രാജ്യങ്ങളിലെയും ഏറ്റവും ഭീമന്മാരായ പര്‍വതങ്ങള്‍ കീഴടക്കുക എന്നതാണ്. ഈ പര്‍വതങ്ങള്‍ കീഴടക്കുന്നതിന്റെ പ്രധാന ലക്ഷ്യം കാലാവസ്ഥ വ്യതിയാനാനത്തെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുക എന്നത് തന്നെയാണ്.
2023 ല്‍ മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, സൗത്ത് ഏഷ്യാ എന്നിവിടങ്ങളിലെ പ്രധാന പര്‍വതങ്ങള്‍ കീഴടക്കാനാണ് ഷെയ്ക്ക് ഹസന് ഖാന് എന്ന ഈ വ്യക്തി ലക്ഷ്യമിടുന്നത്. അതിനോടൊപ്പം തന്നെ മെയ് മാസത്തില്‍ നോര്‍ത്ത് അമേരിക്കയിലുള്ള (യു.എസ്.എ) മൗണ്ട് ഡെനാലി എന്ന പര്‍വതം കീഴടക്കേണ്ടതുണ്ട്.
യൂറോപ്പില്‍ 28 രാജ്യങ്ങളാണ് ഉള്ളത്. ഇവിടങ്ങളിലെ എല്ലാ പര്‍വതങ്ങളിലും ഷേക്ക് ഹസ്സന്ഖാന് എന്ന ഈ പര്‍വതാരോഹകന്റെ പാദങ്ങള്‍ ഇനി പതിയും. എല്ലാ പര്‍വതങ്ങളും ഒറ്റയ്ക്ക് തന്നെ കീഴടക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. പക്ഷേ ഇതിനു വരുന്ന ഭീമമായ ചിലവ് വലിയ ഒരു പ്രശ്നമാണ് ഇദ്ദേഹത്തിന് മുന്നില്‍ സൃഷ്ടിക്കുന്നത്.
മള്‍ട്ടി നാഷണല്‍ കമ്പനികളുടെയും വ്യക്തികളുടെയും മറ്റും സ്പോണ്‍സര്‍ഷിപ്പോട് കൂടി മാത്രമാണ് ഈ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുക. അതിനായുള്ള തിരച്ചിലിലാണ് ഷേക്ക് ഹസന് ഖാന് എന്ന ഈ വലിയ മനുഷ്യന്. സ്പോണ്‍സര്‍ഷിപ്പ് മാത്രം പോരാ, മലയാളികളുടെ പരിപൂര്‍ണ പിന്തുണയും ഇദ്ദേഹത്തിന് ആവശ്യമാണ്. തന്റെ മുപ്പത്തിനാലാം വയസ്സില്‍ എവറസ്റ്റ് കീഴടക്കിയ ഈ മനുഷ്യന് ഇനി കീഴടക്കാന്‍ പോകുന്നത് ഈ ലോകത്തെ തന്നെയാണ്.
Mobile 9895130140
Insta Id: shaikh_hassan_khan
YouTube : EverestBeyondAdventure