കരവിരുതിനാല്‍ ഒരു കയ്യൊപ്പ്; മേക്കപ്പ് ലോകത്ത് മാന്ത്രികത തീര്‍ത്ത് നീതു സുഭാഷ്
ഓരോ ജോലിയെയും മികവുറ്റതാക്കുന്നത് അത് നിര്‍വഹിക്കുന്ന ആള്‍ക്ക് ആ മേഖലയിലെ കഴിവ് തന്നെയാണ്. കഴിവുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്; മാര്‍ഗമുണ്ടെങ്കില്‍ വിജയവുമുണ്ട് എന്നതാണ് ലോകതത്വം. മേക്കപ്പ് രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ അറിഞ്ഞ് ഓരോ നവ വധുവിനെയും മനോഹരിയാക്കി അണിയിച്ചൊരുക്കി, തന്റെ കരവിരുത് കൊണ്ട് ആ മേഖലയില്‍ മാന്ത്രികത തീര്‍ക്കുന്ന സംരംഭകയാണ് നീതു സുഭാഷ്.
തിരുവനന്തപുരം ചാക്കയാണ് നീതുവിന്റെ സ്വദേശം. ഇവിടം കേന്ദ്രീകരിച്ചുകൊണ്ട് തന്നെയാണ് മേക്കപ്പിന്റെ ലോകം തുറന്നിരിക്കുന്നത്. നീതു സുഭാഷ് മേക്കപ്പ് ആര്‍ട്ടിസ്ട്രി എന്ന പേരിലാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഈ മേഖലയില്‍ സജീവസാന്നിധ്യമായി അവര്‍ തുടരുന്നത്. ഭര്‍ത്താവ് ശങ്കര്‍ വി എല്ലാവിധ പിന്തുണയുമായി നീതുവിനൊപ്പം തന്നെയുണ്ട്.
വിവിധതരം മേക്കപ്പുകളായ എച്ച് ഡി മേക്കപ്പ്, എയര്‍ ബ്രഷ് മേക്കപ്പ്, നാച്ചുറല്‍ മേക്കപ്പ്, ഗസ്റ്റ് മേക്കപ്പ് തുടങ്ങിയവയെല്ലാം ഇവിടെ ചെയ്യുന്നു. ‘സ്‌കിന്‍ ടോണ്‍ മേക്കപ്പ്’ ഇവിടുത്തെ ഒരു പ്രത്യേകതയാണ്. ഓരോ വ്യക്തികളുടെയും ‘സ്‌കിന്നി’ന്റെ നിറവും ടൈപ്പും മനസ്സിലാക്കിക്കൊണ്ട് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മേക്കപ്പ് ചെയ്ത് നല്കുന്നതിലൂടെ നീതു സുഭാഷ് മേക്കപ്പ് ആര്‍ട്ടിസ്ട്രി കസ്റ്റമേഴ്‌സിന്റെ ഇഷ്ടം അതിവേഗം പിടിച്ചുപറ്റുന്നു.
‘കസ്റ്റമര്‍ പ്രിഫറന്‍സ്’ തന്നെയാണ് ഏതൊരു മേഖലയെയും പോലെ ഇവിടെയും ആവശ്യമായിട്ടുള്ളത്. ഇതിനോടകം കേരളത്തില്‍ പല സ്ഥലങ്ങളിലായി നീതു നിരവധി പേരെ മേക്കപ്പ് ചെയ്തിട്ടുണ്ട്. അവിടങ്ങളില്‍ നിന്നെല്ലാം കിട്ടിയിട്ടുള്ള പ്രതികരണം വളരെ പ്രോത്സാഹനജനകമാണ്. അതുതന്നെയാണ് തന്നെ മുന്നോട്ടു സഞ്ചരിക്കാന്‍ പ്രാപ്തയാക്കുന്നതെന്ന് നീതു പറയുന്നു.
മേക്കപ്പ് എന്ന തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റിയപ്പോള്‍ ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണെന്നും അവയില്‍ നിന്ന് ലഭിക്കുന്ന സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല എന്നുമാണ് ഈ മേഖലയെ കുറിച്ചുള്ള നീതുവിന്റെ അഭിപ്രായം. ഒരു ഐടി പ്രൊഫഷണലില്‍ നിന്നുമാണ് മേക്കപ്പ് മേഖലയിലേക്കുള്ള നീതുവിന്റെ ചുവടുവയ്പ്. അതുകൊണ്ടുതന്നെ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും പൊരുതി നിന്നു ഇന്ന് കാണുന്ന നിലയിലേക്ക് എത്തിപ്പെടുകയും ചെയ്തു.