മുയലുകളെ അറിഞ്ഞും വളര്‍ത്തിയും ഒരു യുവ സംരംഭകന്
കോട്ടയംകാരനായ നിതിന്‍ തോമസിന് മുയലുകളോടുള്ള ഇഷ്ടം കുഞ്ഞുനാള് മുതല്‍ തുടങ്ങിയതാണ്. ഇഷ്ടം പതിയെ പതിയെ മുയല് വളര്‍ത്തലിലേക്ക് മാറി. അഞ്ച് മുയലുകളില്‍ നിന്ന് തുടങ്ങി ഇന്ന് ഏകദേശം 400 മുയലുകളില്‍ എത്തിനില്‍ക്കുന്നു. തുടക്കത്തിലെ അഞ്ചില്‍ നിന്ന് അവയെക്കുറിച്ച് പഠിച്ചും മനസ്സിലാക്കിയും പത്ത് പേരടങ്ങുന്ന ഓരോ യൂണിറ്റിലേക്ക് തന്റെ മുയല് വളര്‍ത്തല്‍ വ്യാപിപ്പിക്കാന്‍ നിതിന്‍ സാധിച്ചു.
നിതിന്റെ ‘ബദ്ലഹേം ഫാമി’ല്‍ നിന്ന് നല്ല പ്യുവര്‍ ബ്രീഡ് മുയലുകളെ ലഭിക്കും. ഇറച്ചിക്ക് ആവശ്യമുള്ളവര്‍, പെറ്റ് ഷോപ്പ് ഉള്ളവര്‍, മുയല് ഫാമിങ് താല്പര്യമുള്ളവര് തുടങ്ങിയവരാണ് നിതിനെ തേടിയെത്തുന്നത്. ഇത് കൂടാതെ ലാബ് പര്‍പ്പസിന് ആവശ്യമായ വെള്ള മുയലുകളെ തേടി ബാംഗ്ലൂരില്‍ നിന്നും മറ്റും ആളുകള്‍ നിതിനെ ബന്ധപ്പെടാറുണ്ട്.
മുയല് ഫാമിനെ കൂടാതെ, ഒരു ഫാം നടത്തുന്നതിന് ആവശ്യമായതും മുയലുകള്‍ക്ക് വേണ്ടതുമായ ആക്സസറീസ് നിതിന്‍ ഇന്ത്യയൊട്ടാകെ ഫ്രീ ഡെലിവറി നടത്തുന്നു. മുയലുകള്‍ക്ക് വെള്ളം കുടിക്കാന്‍ ആവശ്യമായ നിപ്പിള്‍, കേജ് പ്ലെയര്‍, ഫ്ളോര്‍ മാറ്റ്, മുയലിന്റെ പ്രായത്തിനനുസരിച്ച് ഭക്ഷണം കഴിക്കാനുള്ള ചട്ടികള്‍, ആവശ്യമായ ഫുഡ് തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍.
കേജ് പ്ലെയറിന് ആവശ്യക്കാര്‍ ഏറെയാണ്. വെല്‍ഡിങ്, കേബിള്‍ ടൈ, കെട്ടുകമ്പി തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് മിക്കവരും കൂട് നിര്‍മിക്കുന്നത്. സ്റ്റാപ്ലയെര് പിന് പോലെയുള്ള കേജ് പ്ലെയര്‍ ഉപയോഗിച്ച് എളുപ്പത്തിലും ചിലവ് കുറഞ്ഞ രീതിയിലും കൂട് നിര്‍മിക്കാന്‍ സാധിക്കും എന്നതിനാലാണ് ഇതിന് ആവശ്യക്കാര്‍ ഏറുന്നത്.
ആവശ്യക്കാര്‍ കൂടുതലുള്ള മറ്റൊരു പ്രോഡക്റ്റ് ‘ഫ്ളോര്‍ മാറ്റാ’ണ്. മുയല്, പട്ടി, പൂച്ച, പന്നി തുടങ്ങിയ ജീവികളുടെ കൂട്ടിലും ഉപയോഗിക്കാന്‍ കഴിയുന്ന ‘ഫ്ളോര്‍ മാറ്റു’കള്‍ നിതിന്‍ വില്‍ക്കുന്നു. ഫാമിങ് നടത്തുന്നവര്‍ക്ക് വളരെയധികം പ്രയോജനമുള്ള ഒന്നാണ് ഇത്. വളര്‍ത്തുമൃഗങ്ങളുടെ കൂട് വൃത്തിയാക്കാന്‍ ഇത് സഹായിക്കുമെന്നതാണ് ഇതിലെ ഏറ്റവും വലിയ ആകര്‍ഷണീയത.
നല്ല സംരക്ഷണവും നല്ല ആഹാരവും ആവശ്യമായ ജീവിയാണ് മുയല്. മുയല് ഫാമിങ് ഒരു സംരംഭമായി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും ഇതിനായി സ്റ്റാഫിനെ നിയമിക്കുകയോ, മറ്റൊരു ബിസിനസ് നടത്തുന്നതിന്റെയിടയിലോ ചെയ്യരുതെന്ന് 15 വര്‍ഷക്കാലമായി ഫാമിങ് നടത്തുന്ന നിതിന്‍ പറയുന്നു.
ഫംഗസ് രോഗം വളരെ പെട്ടെന്ന് ബാധിക്കാന്‍ സാധ്യതയുള്ള ഒരു ജീവിയായതുകൊണ്ട് തന്നെ നല്ല സംരക്ഷണം വേണ്ടതാണ്. ആരെങ്കിലുമൊക്കെ ഏല്പിക്കുന്നത് ഉചിതമല്ല. പ്രസവ സമയത്ത് മുയലുകളെ ശല്യം ചെയ്താലോ, കാല്‍സ്യം, വിറ്റാമിന്‍ തുടങ്ങിയവ അടങ്ങിയ ആഹാരം കൊടുക്കാതിരുന്നാലോ തീര്‍ച്ചയായും മുയലുകള്‍ അതിന്റെ കുഞ്ഞുങ്ങളെ ഭക്ഷിക്കുമെന്നതില് സംശയമില്ല എന്നാണ് പതിനഞ്ച് വര്‍ഷക്കാലത്തെ പ്രവൃര്‍ത്തി പരിചയം കൊണ്ട് നിതിനെ പഠിപ്പിച്ചത്.
മുയലുകളോട് മാത്രമല്ല ഇപ്പോള്‍ നിതിന്‍ ഇഷ്ടം. രണ്ട് വര്‍ഷക്കാലമായി പൂച്ചകളെയും വളര്‍ത്തുകയും വില്‍ക്കുകയും ചെയ്യുന്നു.
നിതിന്റെ ബദ്ലഹേം ഫാമിലേക്ക് മുയലുകളെയും പൂച്ചകളെയും കൂടാതെ, അതിന് ആവശ്യമായ ആക്സസറീസും കൂട് നിര്‍മാണവും ആവശ്യപ്പെട്ട് വരുന്നവര്‍ നിരവധി പേരാണ്. മുയല് ഫാമിങ് ഒരു സംരംഭമാക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ബദ്ലഹേം ഫാമിലേക്ക് ധൈര്യമായി കയറിച്ചെല്ലാം. നിങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ സഹായവും ഇവിടെയുണ്ട്. എം.കോം ബിരുദധാരിയാണ് നിതിന്‍.