EntreprenuershipSpecial Story

കേരള രക്ഷക്കായി കേരവൃക്ഷം

- ഗൗതം യോഗീശ്വര്‍

കേരളത്തിലുള്ള തെങ്ങുകളുടെ നാലില്‍ ഒന്നെങ്കിലും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ അഞ്ചര ലക്ഷം കോടി രൂപയുടെ അധിക വരുമാനം നേടാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതായത് സംസ്ഥാനത്തിന്റെ 2020- 21 ലെ GSDP ആയ 9.78 ലക്ഷം കോടിയുടെ 56 ശതമാനത്തിനു മുകളില്‍. വിശ്വസിക്കില്ലെന്നാണ് ഉത്തരമെങ്കില്‍ താഴെക്കൊടുക്കുന്ന വസ്തുതകളും കണക്കുകളും പരിശോധിക്കാം.

സ്ഥിതിവിവരക്കണക്ക്
കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് 7.6 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കേരളത്തില്‍ നിലവില്‍ തെങ്ങ് കൃഷി ചെയ്യുന്നു. ഒരു ഹെക്ടറില്‍ 177 തെങ്ങു വച്ച് കൂട്ടിയാല്‍ 13.45 കോടി തെങ്ങുകള്‍. ഇവയുടെ 25% ഈ പദ്ധതിക്ക് വേണ്ടി ഉപയോഗിച്ചാല്‍ ആകെ 3.36 കോടി തെങ്ങുകള്‍ ലഭ്യമാകും. പദ്ധതി കുറച്ചുകൂടി പ്രായോഗികമാക്കുന്നതിന്റെ ഭാഗമായി 36 ലക്ഷം തെങ്ങുകള്‍ ഒഴിവാക്കാം. ബാക്കി മൂന്ന് കോടി തെങ്ങുകള്‍ .

എന്താണ് തെങ്ങില്‍ നിന്നും ലഭിക്കുന്ന ആ മഹാനിധി എന്ന് നോക്കാം
തെങ്ങിന്‍ പൂക്കുല നീര് (Coconut inflorescence sap ) അഥവാ നീരയും നീരയില്‍ നിന്നുമുള്ള വ്യത്യസ്തങ്ങളായ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുമാണ് നമ്മുടെ സാമ്പത്തിക വ്യവസ്ഥയുടെ വിധി മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള ആ ഉത്പന്നങ്ങള്‍. ഏതൊക്കെയാണ് അവ എന്നും അവയുടെ ആഗോള മാര്‍ക്കറ്റ് പങ്കാളിത്തം എത്രയെന്നും എങ്ങനെ വിറ്റഴിക്കാമെന്നുമൊക്കെ വഴിയേ വിശദീകരിക്കാം.

എന്താണ് പദ്ധതി?
ഒരു തെങ്ങില്‍ നിന്നും ദിവസം ഒന്നര ലിറ്റര്‍ മുതല്‍ ഏഴു ലിറ്റര്‍ വരെ നീര ലഭിക്കും. ശരാശരി മൂന്ന് ലിറ്റര്‍ ലഭിക്കുമെന്ന് കണക്കാക്കാം. ആറു മുതല്‍ എട്ടു മാസം വരെ ഒരു തെങ്ങു ചെത്താവുന്നതാണ്. നീരയ്ക്ക് ലിറ്ററിന് 200 രൂപ വിപണിയില്‍ വിലയുണ്ട് . ഇതില്‍ നിന്നും കര്‍ഷകന് 75 മുതല്‍ 100 രൂപാ വരെ നല്‍കാവുന്നതാണ്. ലിറ്ററിന് 75 രൂപ ലഭിച്ചാല്‍ത്തന്നെ ഒരു തെങ്ങില്‍ നിന്ന് മാത്രം 150 രൂപയോളം ദിവസ വരുമാനമായി. പത്ത് തെങ്ങു ചെത്തുകയാണെങ്കില്‍ കര്‍ഷകന് പ്രതിമാസം 45000 രൂപ വരുമാനം.

ഒരു ഏക്കറിലുള്ള 72 തെങ്ങുകളില്‍ 25% അഥവാ 18 എണ്ണം വീതം റോട്ടേഷന്‍ രീതിയില്‍ വര്‍ഷം മുഴുവന്‍ ചെത്തുകയാണെങ്കില്‍ പ്രതിമാസം 81000 രൂപ ലഭിക്കും. 50% തെങ്ങുകളും ചെത്തിയാല്‍ 1,62,000 രൂപ മാസ വരുമാനം. പിന്നെ ബാക്കി തെങ്ങുകളില്‍ നിന്നും തേങ്ങയും കിട്ടും. ഇങ്ങനെ വരുമാനം ലഭിച്ചാല്‍ കേരളത്തില്‍ തെങ്ങിന്റെ ശനിദശ അവസാനിക്കുകയും കര്‍ഷകന്റെ ശുക്രദശ തെളിയുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട. കര്‍ഷകന്റെ മാത്രമല്ല, സര്‍ക്കാരിന്റേയും.

എത്ര മനോഹരമായ കണക്കുകള്‍. പക്ഷെ എങ്ങനെ നടപ്പിലാക്കും?

ഭംഗിയായി നടപ്പിലാക്കാവുന്നതേയുള്ളു. പക്ഷെ അതിന് തടസ്സമായി നില്‍ക്കുന്ന രണ്ട് കാര്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്.
ഒന്ന് : അബ്കാരി ആക്ടിന്റെ പരിധിയില്‍ നിന്നും തെങ്ങിനെയും അതിന്റെ ഉത്പന്നങ്ങളെയും മോചിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തെങ്ങ് ചെത്താനും, നീര, കള്ള് എന്നിവ ശേഖരിക്കാനും വില്‍ക്കാനും മൂല്യ വര്‍ദ്ധനവ് നടത്തുന്നതിനുമൊക്കെ കര്‍ഷകന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചാല്‍ മാത്രമേ ഈ പദ്ധതി വിജയിക്കുകയുള്ളു.

രണ്ടാമത്തെ പ്രശ്‌നം തെങ്ങു കയറ്റത്തില്‍ മനുഷ്യ പ്രയത്നം തീരെ കുറക്കുക എന്നുള്ളതാണ്. കഠിനാദ്ധ്വാനം വേണ്ട ജോലികളില്‍ മലയാളിക്ക് താത്പര്യം കുറവാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണല്ലോ ഇവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍. എന്നാല്‍ കള്ള് ചെത്താന്‍ നിരന്തരം തെങ്ങില്‍ കയറേണ്ട ബുദ്ധിമുട്ടിന് ഒരു പരിഹാരമായി എന്നതാണ് ആശ്വാസം.

യന്തിരന്‍ ഇറങ്ങിക്കഴിഞ്ഞു
ഒരു പ്രാവശ്യം തെങ്ങിന്‍ കൂമ്പില്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ സമയാസമയം ചെത്തി, നീര ഒരു ട്യൂബിലൂടെ ചുവട്ടിലുള്ള ചേമ്പറില്‍ എത്തിക്കുന്ന ഓട്ടോമാറ്റിക് കള്ളുചെത്ത് ഉപകരണം കണ്ടു പിടിച്ചിരിക്കുകയാണ് ആലുവക്കാരനായ യുവ എഞ്ചിനീയര്‍ ചാള്‍സ് വിജയ് ജേക്കബ് . ഇതിന്റെ ഉത്പാദനത്തിനായി ‘നാവ ഡിസൈന്‍ ആന്‍ഡ് ഇന്നോവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയും അദ്ദേഹം തുടങ്ങിയിട്ടുണ്ട്. നിലവില്‍ ശ്രീലങ്കയിലേക്കും മറ്റു ചില രാജ്യങ്ങളിലേക്കുമൊക്കെ അദ്ദേഹം ഈ ഓട്ടോമാറ്റിക് ചെത്ത് ഉപകരണം കയറ്റി അയക്കുന്നുണ്ട്.

വാണിജ്യ ഉത്പാദനത്തിലൂടെ ഉപകരണത്തിന്റെ വില ഇരുപതിനായിരം രൂപയില്‍ താഴെയായി കുറക്കാനാകും എന്നാണ് വിജയ് അവകാശപ്പെടുന്നത്. മെഷീന്‍ ഉണ്ടെങ്കിലും അത് തെങ്ങില്‍ ഫിറ്റ് ചെയ്യുന്നതിനും കൂമ്പ് ചെത്തി തീരുമ്പോള്‍ ഇളക്കി എടുക്കുന്നതിനുമായി കുറഞ്ഞത് രണ്ടു പ്രാവശ്യം തെങ്ങില്‍ കയറേണ്ടതുണ്ട്. അതിനായി നിലവിലുള്ള നീര ടെക്നിഷ്യന്മാരുടെയും കള്ളു ചെത്ത് തൊഴിലാളികളുടെയും സേവനം വേണ്ടി വരും. അതായത് യന്ത്ര വല്‍ക്കരണം മൂലം തൊഴില്‍ നഷ്ടം ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത.

ശേഖരണം, സംഭരണം, മൂല്യ വര്‍ദ്ധനവ്, മാര്‍ക്കറ്റിങ് എന്നിവ എങ്ങനെ?
വിജയകരമായ മില്‍മ മാതൃകയില്‍, സഹകരണ സംഘങ്ങളിലൂടെ നീര പ്രാദേശികമായി ശേഖരിച്ച് , പ്രോസസ്സിംഗ് പ്ലാന്റുകളില്‍ എത്തിച്ച് മൂല്യ വര്‍ദ്ധനവ് നടത്താവുന്നതേയുള്ളു. മാര്‍ക്കറ്റിംഗിനായി ഡിജിറ്റല്‍ സങ്കേതങ്ങള്‍ , ഇ – കോമേഴ്‌സ് എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ് . കയറ്റുമതിയായിരിക്കണം പ്രധാന ലക്ഷ്യം.

എന്തെല്ലാം ഉത്പന്നങ്ങള്‍ ?
മൂന്ന് കോടി തെങ്ങുകളില്‍ നിന്നും ദിവസേന ഒന്‍പത് കോടി ലിറ്റര്‍ നീര ലഭിക്കും . ഇത് ശേഖരിച്ച് താലൂക്ക് അല്ലെങ്കില്‍ ജില്ലാ അടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന ഫാക്ടറികളില്‍ എത്തിച്ച് താഴെക്കൊടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാവുന്നതാണ് .

1) നീര എന്ന നോണ്‍-ആള്‍ക്കഹോളിക് ബീവറേജ്
ഇത് ഒരു ന്യൂട്രിഷ്യസ് ഡ്രിങ്ക് ആണ്. നിലവില്‍ നീര പ്ലാസ്റ്റിക് കുപ്പികളില്‍ മണമോ, നിറമോ, ഗ്യാസോ ചേര്‍ക്കാതെ സ്വാഭാവികമായ ഫ്‌ളേവറില്‍ ആണ് ലിറ്ററിന് ഇരുന്നൂറ് രൂപക്ക് പ്രാദേശികമായി വിറ്റഴിച്ചു വരുന്നത്. എന്നാല്‍ ആകര്‍ഷകമായ ബോട്ടിലുകളില്‍ ഓര്‍ഗാനിക് ഫ്ളേവറുകളും കാര്‍ബണ്‍ഡൈ ഓക്‌സൈഡും ചേര്‍ത്ത് വില്‍ക്കുകയാണെങ്കില്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കാനും വിപുലമായ വിപണി കണ്ടെത്താനും കയറ്റുമതി ചെയ്യാനും കഴിയും.
ബീറ്റ്‌റൂട്ട്, പതിമുഖം, കരിങ്ങാലി എന്നിവയില്‍നിന്നുള്ള പ്രകൃതിദത്ത വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് നീരയ്ക്ക് ആകര്‍ഷകമായ നിറം നല്‍കുകയും ഇഞ്ചി, കുരുമുളക്, കറുകപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, വാനില, ഏലക്കാ മുതലായ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഫ്ളേവറും നല്‍കി കാര്‍ബണേറ്റ് ചെയ്തു കുപ്പിയിലാക്കിയാല്‍ രുചിയിലും ഗുണത്തിലും ഇവനെ വെല്ലാന്‍ ഒരു ബീവറേജ് പിന്നെ സ്വപ്‌നങ്ങളില്‍ പോലുമുണ്ടാകില്ല. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന സോഫ്റ്റ് ഡ്രിങ്കുകളുടെ ബില്യണ്‍ ഡോളര്‍ ഗ്ലോബല്‍ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ അല്‍പ്പം പരസ്യം കൂടി നല്‍കേണ്ടി വരുമെന്ന് മാത്രം. അതായത് പെപ്‌സി, കൊക്കക്കോള എന്നിവക്ക് നിലവിലുള്ള വിപുലമായ മാര്‍ക്കറ്റാണ് നീരക്കായി ലക്ഷ്യം വയ്‌ക്കേണ്ടത്.

2) കള്ള് അഥവാ പാംവൈന്‍ എന്ന മാന്ത്രിക പാനീയം
ദുരുപയോഗം കൊണ്ട് പേരുദോഷം വന്ന ഈ അമൃതിനെ ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് തിരിച്ചറിയാന്‍ നാം തയ്യാറാവണം. വൈറ്റമിന്‍ – ബി കോംപ്ലക്‌സ്, വൈറ്റമിന്‍- സി, കാല്‍സ്യം, ഇരുമ്പ്, സോഡിയം, പൊട്ടാഷ്യം, മഗ്‌നീഷ്യം, ഫോസ്പെറസ്, സിങ്ക്, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ഒരു സമ്പൂര്‍ണ്ണ പോഷക പാനീയമാണ് കള്ള് അഥവാ ടോഡി.

സ്വാഭാവികമായ പുളിക്കല്‍ പ്രക്രിയ (Fermentation) നടന്നിട്ടുള്ളതിനാല്‍ മനുഷ്യ ശരീരത്തിന് ആവശ്യമായ ധാരാളം ബാക്ടീരിയകളാല്‍ സമ്പുഷ്ടമാണ് ഇത് . അതിനാല്‍ ഒരു ഒന്നാംതരം പ്രോ -ബയോട്ടിക് ((Pro-Biotic) ഡ്രിങ്ക് കൂടിയാണിത്. തെങ്ങിന്‍ പൂങ്കുലയില്‍ നിന്നും ഊറി വരുന്ന ഈ നീര് അന്തരീക്ഷ ഊഷ്മാവില്‍ സാവധാനം പുളിക്കാന്‍ തുടങ്ങുന്നു. നന്നായി പുളിച്ച കളളില്‍ 8.1 ശതമാനം ഈതൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടാവും. എന്നാല്‍ പുളിക്കല്‍ ക്രമീകരിച്ച് 2%, 5% , 8% എന്നിങ്ങനെ പല ഗ്രേഡുകളിലുള്ള പാനീയങ്ങള്‍ ആക്കി മാറ്റാവുന്നതാണ്.

ബിയറിന്റേതുപോലെ ലൈറ്റ്, പ്രീമിയം, സ്‌ട്രോങ്ങ്, എക്‌സ്ട്രാ സ്‌ട്രോങ്ങ് മുതലായ ഗ്രേഡിംഗ് സാധ്യമാക്കി കള്ളിന്റെ മാര്‍ക്കറ്റിംഗ് സാധ്യത പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താവുന്നതാണ് . അതിനായി കള്ളിനെ പാസ്ചുറൈസ് ചെയ്യേണ്ടി വരും. നിയന്ത്രിത ചൂടാക്കല്‍, ഇറേഡിയേഷന്‍ പാസ്ചുറൈസേഷന്‍ (Irradiation Pasteurization or radurization) മുതലായ സാങ്കേതിക വിദ്യകള്‍ ഇതിനായി ഉപയോഗിക്കാവുന്നതാണ്. നീരയുടെ കാര്യത്തില്‍ സൂചിപ്പിച്ചത് പോലെ കള്ളും വ്യത്യസ്തമായ ഫ്ളേവറുകളിലാണ് തയ്യാറാക്കേണ്ടത്. ഫില്‍റ്ററിങ്, സെന്‍ട്രിഫ്യൂജിങ് എന്നിവയുപയോഗിച്ച് കള്ളിനെ സുതാര്യ പാനീയമാക്കാവുന്നതാണ്.

ആരോഗ്യ ഗുണങ്ങള്‍ ഒന്നുമില്ലാത്ത ബീയറിന് ഒരു പകരക്കാരന്‍ എന്ന നിലയിലാണ് സര്‍വ്വ ഗുണങ്ങളും തികഞ്ഞ കള്ളിനെ നമ്മള്‍ അവതരിപ്പിക്കേണ്ടത്. 15 ലക്ഷം കോടി രൂപയുടെ (216.81 ബില്യണ്‍ ഡോളര്‍) ആഗോള ബിയര്‍ മാര്‍ക്കറ്റിലേക്ക് കയറ്റുമതി ചെയ്യാന്‍ വേണ്ടി കള്ളിനെ നമ്മള്‍ തയ്യാറാക്കണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബോട്ടിലിംഗ്, പാക്കിങ് എന്നിവ അനിവാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വിവിധ രാജ്യങ്ങളില്‍ 330 മില്ലി ബിയറിന് 1.68 ഡോളര്‍ മുതല്‍ 6.16 ഡോളര്‍ വരെ വിലയുണ്ട്. അതായത് ഒരു ലിറ്ററിന് 353 രൂപ മുതല്‍ 1294 രൂപ വരെ വിലയ്ക്കാണ് വില്‍ക്കുന്നത്. അമേരിക്കയില്‍ ബിയറിന്റെ ശരാശരി വില, 330 മില്ലിക്ക് 4.75 ഡോളറാണ്. അതായത് ലിറ്ററിന് ശരാശരി 1000 രൂപ. നിലവിലെ വിദേശ ബിയര്‍, വൈന്‍ എന്നിവയുടെ മാര്‍ക്കറ്റ് പിടിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ കള്ള് ലിറ്ററിന് 500 രൂപയ്ക്ക് വേണമെങ്കിലും വില്‍ക്കാം എന്നര്‍ത്ഥം. ലിറ്ററിന് വെറും 200 രൂപ വില്‍പ്പന വില കണക്കാക്കിയാണ് ആദ്യം സൂചിപ്പിച്ച അഞ്ചര ലക്ഷം കോടി രൂപയുടെ കണക്ക് പറഞ്ഞതെന്ന് കൂടി ഇവിടെ സൂചിപ്പിച്ചോട്ടെ.

3)അറാക് ((Arrack )
കള്ള് വാറ്റി എടുക്കുന്ന ഒരു പ്രത്യേകതരം മദ്യമാണ് അരാക്. ശ്രീലങ്കയാണ് ഇപ്പോള്‍ ഈ മദ്യം ഒരു പ്രീമിയം ബ്രാന്‍ഡ് ആയി ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചിട്ടുള്ളത്. അവിടെയുള്ള റോക്‌ലാന്‍ഡ് ഡിസ്റ്റിലറിസ് എന്ന കമ്പനി 45.35 ഡോളറിനാണ് ഒരു കുപ്പി അറാക് വില്‍ക്കുന്നത്. അതായത് 3176 ഇന്ത്യന്‍ രൂപയ്ക്ക്. നമുക്കും ആ മാര്‍ഗ്ഗം അനുകരിക്കാവുന്നതാണ്. കൂടാതെ, നമ്മുടെ പ്രാദേശികമായി ലഭിക്കുന്ന ചക്ക, മാങ്ങാ, കൈതച്ചക്ക, പാഷന്‍ ഫ്രൂട്ട് മുതലായ പഴങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും ഫ്‌ളേവറും ചേര്‍ത്ത് വിവിധ ബ്രാന്‍ഡുകളില്‍ നമുക്കും അറാക് ഉല്‍പാദിപ്പിച്ച് കയറ്റുമതി ചെയ്യാവുന്നതാണ്. ഉത്പ്പാദിപ്പിച്ചാല്‍ വിറ്റഴിക്കാന്‍ പ്രയാസം കുറഞ്ഞ ഒരു ഉത്പന്നമാണ് മദ്യം എന്ന്, വര്‍ഷം 14000 കോടി രൂപയുടെ മദ്യം ഉപയോഗിക്കുന്ന മലയാളികളെ ആരെങ്കിലും പഠിപ്പിക്കേണ്ടതുണ്ടോ?

പല രാജ്യങ്ങള്‍ക്കും അവരുടെ സ്വന്തം ബ്രാന്‍ഡ് മദ്യങ്ങള്‍ ഉണ്ട്. റഷ്യയുടെ വോഡ്ക, ഇംഗ്ലണ്ടിന്റെ വിസ്‌കി, മെക്‌സിക്കോയുടെ ടെക്വില, സ്‌കോട്‌ലന്‍ഡിന്റെ സ്‌കോച്ച് വിസ്‌കി, ഫ്രാന്‍സിന്റെ കാല്‍വദോസ്, ചൈനയുടെ ബൈജ്യു എന്നിവ ചില ഉദാഹരണങ്ങളാണ്. എന്തിനേറെ പറയുന്നു, ആസാമിലെ നാടന്‍ ചാരായമായ ”സുലായ്” പോലും ഇപ്പോള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തു ”റൈനോ” എന്ന ബ്രാന്‍ഡില്‍ ഉത്പാദനം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നമുക്ക് മാത്രം സ്വന്തം ബ്രാന്‍ഡ് മദ്യം ഇല്ല.

മറ്റുള്ളവരുടെ ബ്രാന്‍ഡ് കുടിച്ചു തീര്‍ക്കുവാനുള്ള താല്പര്യമേ നമുക്ക് ഉള്ളു. “Coco Gold from God’s Own Land “എന്നൊക്കെയുള്ള ഒരു പേരും ടാഗ്ലൈനുമൊക്കെ കൊടുത്ത് അറാകിനെ നമ്മുടെ സ്വന്തം ബ്രാന്‍ഡ് ആക്കി വികസിപ്പിച്ച് എടുത്താല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റഴിക്കുവാന്‍ യാതൊരു പ്രയാസവും ഉണ്ടാകില്ല. കൂടാതെ നീരയില്‍ നിന്നുള്ള ഉത്പന്നങ്ങളില്‍ ഏറ്റവും അധികം മൂല്യ വര്‍ദ്ധനവ് വരുത്താനാവുന്നതും ഇതിനു തന്നെയാണ്.

കള്ളില്‍ ആയുര്‍വേദ ചേരുവകളും ചേര്‍ത്ത് രണ്ടോ മൂന്നോ തവണ ഡിസ്റ്റില്‍ ചെയ്ത് എടുത്താല്‍ പ്രീമിയം, സൂപ്പര്‍ പ്രീമിയം ബ്രാന്‍ഡുകളായി 2000 മുതല്‍ 10000 രൂപക്കു വരെ കയറ്റുമതി ചെയ്യാവുന്നതാണ്. ലഭിക്കുന്ന നീരയില്‍ ഏറിയ പങ്കും ബ്രാന്‍ഡഡ് അരാക് നിര്‍മ്മാണത്തിന് വേണ്ടി മാറ്റാവുന്നതുമാണ്. അങ്ങനെ സാധിച്ചാല്‍ വരുമാനം നേരത്തെ സൂചിപ്പിച്ചതിന്റെ പല മടങ്ങായി വര്‍ധിക്കുകയും ചെയ്യും. ടാക്‌സ് ഇനത്തിലുള്ള സര്‍ക്കാരിന്റെ വരുമാനവും കൂടും.

4 ) കള്ള് വിനാഗിരി (Toddy Vinegar / Coconut Vinegar)
വിനാഗിരി പ്രധാനമായും രണ്ടു തരമുണ്ട്; ഓര്‍ഗാനിക് വിനാഗിരിയും സിന്തറ്റിക് വിനാഗിരിയും. അസെറ്റിക് അസിഡിനെ നേര്‍പ്പിച്ചാണ് സിന്തറ്റിക് വിനാഗിരി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, മാള്‍ട്ട്, റെഡ് വൈന്‍, കള്ള് എന്നീ ജൈവ പദാര്‍ത്ഥങ്ങളെ, അസറ്റോബാക്ടര്‍ വിഭാഗത്തില്‍പ്പെടുന്ന സ്വാഭാവിക ബാക്ടീരിയകളുടെ സഹായത്തോടെ പുളിപ്പിച്ചാണ് ഓര്‍ഗാനിക് വിനാഗിരി അഥവാ സ്വാഭാവിക വിനാഗിരി ഉത്പാദിപ്പിക്കുന്നത്. ഇവയ്ക്ക് ഭക്ഷ്യ ഗുണങ്ങള്‍ കൂടുതലാണ്.

വൈറ്റ് വിനെഗര്‍, കെയിന്‍ വിനെഗര്‍ , ആപ്പിള്‍ സെഡാര്‍ വിനെഗര്‍, മാള്‍ട്ട് വിനെഗര്‍, റെഡ് വൈന്‍ വിനെഗര്‍, ബാള്‍സ്മാറ്റിക് വിനെഗര്‍ എന്നിവയാണ് ലോകത്ത് ഇന്ന് ഉപയോഗിച്ചു വരുന്ന പ്രധാന വിനാഗിരി ഇനങ്ങള്‍. ഇവയില്‍ ഏറ്റവും ഗുണമുള്ളത് ആപ്പിള്‍ സെഡാര്‍ വിനെഗര്‍ ആണെന്ന് കരുതുന്നു. എന്നാല്‍ കള്ളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വിനാഗിരിക്കും സമാന ഗുണങ്ങളുണ്ട്. വിലയും രണ്ടിനും ഏകദേശം സമാനമാണ്. ലിറ്ററിന് 400 രൂപ മുതല്‍ 800 രൂപ വരെ. എന്നാല്‍ ആപ്പിള്‍ സെഡാര്‍ വിനെഗറിനെ അപേക്ഷിച്ച് ടോഡി വിനെഗറിന്റെ ഉത്പാദനം തീരെ കുറവാണ്. അതുകൊണ്ടു തന്നെ വിപണി സാന്നിധ്യം തീരെയില്ല.
നിലവില്‍ ഓര്‍ഗാനിക് വിനെഗറിന്റെ വിപണിയില്‍ ആപ്പിള്‍ സെഡാര്‍ വിനെഗറിന് ശക്തനായ ഒരു എതിരാളി ഇല്ല എന്നതാണ് സത്യം. അവിടെയാണ് ടോഡി വിനെഗറിന്റെ പ്രസക്തി.

ഒരു ലിറ്റര്‍ കള്ളില്‍ നിന്നും ഏകദേശം അത്ര തന്നെ വിനാഗിരിയും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്നതും, അപ്പോള്‍ വില ഇരട്ടിയായി മാറുകയും ചെയ്യും എന്നതാണ് വിനാഗിരിയുടെ ബിസിനസ് സീക്രട്ട്. എന്നാല്‍ കള്ള് പുളിപ്പിച്ച് വിനാഗിരിയാക്കുവാന്‍ 21 മുതല്‍ 65 ദിവസം വരെ എടുക്കും എന്നതാണ് അതിന്റെ മറുവശം. ആപ്പിള്‍ സെഡാര്‍ വിനെഗറിന്റെ 2020 ലെ ആഗോള വിപണി 561.57 മില്യണ്‍ ഡോളറിന്റേതാണ്. അതായത് 3931 കോടി രൂപയുടേത്. ടോഡി വിനെഗറിന് കൂടി അവകാശപ്പെട്ട ഈ മാര്‍ക്കറ്റ് പിടിക്കണമെങ്കില്‍ ഉത്പാദനം കൂട്ടുകയും വിതരണ ശൃംഖല വര്‍ധിപ്പിക്കേണ്ടതും ചെയ്യേണ്ടതുണ്ട്.

5 ) തെങ്ങിന്‍ തേന്‍ (Neera Honey / Coconut Sap Nectar Syrup )
നീര ചൂടാക്കി കുറുക്കി എടുക്കുന്ന സിറപ്പാണ് നീര ഹണി. ഇത് തേന്‍ പോലെ മധുരമുള്ളതും അത്ര തന്നെ ഗുണമുള്ളതുമാണ്. തേനീച്ച ഉത്പാദിപ്പിക്കുന്ന തേന്‍ കഴിക്കാത്ത ‘വേഗന്‍’മാര്‍ക്ക് (Vegan) അതിന് പകരം ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ തേനാണ് തെങ്ങിന്‍ തേനായ നീര ഹണി. തേനിന്റെ ഇരട്ടി വിലയാവുമെന്നു മാത്രം.

2020 ലെ ആഗോള വേഗന്‍ ഫുഡ് മാര്‍ക്കറ്റ് 17 ബില്യണ്‍ ഡോളറിന്റേതാണ്. അതായത് 1.1 ലക്ഷം കോടി രൂപയുടേത്. ഇതിന്റെ ഒരു ശതമാനം പങ്ക് ലഭിക്കാനായാല്‍ പോലും നീര ഹണിക്ക് 1100 കോടി രൂപയുടെ വിപണിയുണ്ടെന്നു മനസിലാക്കാം. കൂടാതെ ഈ വേഗന്‍ വിപണി വേഗത്തിലാണ് വളരുന്നതും. അതായത് 11.4 ശതമാനം വാര്‍ഷിക വളര്‍ച്ച. ഒരു കിലോ നീര ഹണിക്ക് വിപണിയില്‍ 1000 രൂപ മുതല്‍ 1500 രൂപ വരെ വിലയും ലഭിക്കുന്നുണ്ട്. നാല് മുതല്‍ അഞ്ചു ലിറ്റര്‍ നീരയില്‍ നിന്നും ഒരു കിലോ ഹണി ഉല്‍പ്പാദിപ്പിക്കാനാകും. വേഗന്‍ മാര്‍ക്കറ്റിന്റെ ഗതിവേഗത്തിനനുസരിച്ച് നീങ്ങാനായാല്‍ നല്ലൊരു വരുമാനം നീര ഹണിയും നേടിത്തരും എന്ന കാര്യത്തില്‍ സംശയം വേണ്ട.
തെങ്ങില്‍ നിന്നും മികച്ച വരുമാനം ലഭ്യമാക്കുന്ന ധാരാളം ഉത്പന്നങ്ങള്‍ ഇനിയുമുണ്ട്. വിസ്താര ഭയത്താല്‍ അവയെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. നമ്മള്‍ അവഗണിച്ചുകളയുന്ന തെങ്ങിന് നാള്‍ക്കുനാള്‍ പെരുകുന്ന കടക്കെണിയില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിച്ചെടുക്കുവാനുള്ള കെല്‍പ്പുണ്ടെന്ന് ബോധ്യപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം.

വിഭവങ്ങളുടെ വിവേകപൂര്‍ണ്ണമായ ഉപയോഗത്തിലൂടെ മാത്രമേ ഏതൊരു രാജ്യത്തിനും, ജനവിഭാഗത്തിനും പുരോഗതി കൈവരിക്കാനാവുകയുള്ളു. ജപ്പാന്‍ വികസിത രാജ്യമായതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ജപ്പാന്‍കാര്‍ക്കുള്ളതാണ്. സോമാലിയ ദരിദ്ര രാഷ്ട്രമായിപ്പോയെങ്കില്‍ അതിന്റെയും മുഴുവന്‍ ഉത്തരവാദിത്തം ആ രാജ്യത്തെ ജനതയുടേതാണ് മാത്രമാണ്. അതുപോലെ നമ്മുടെ നാടിന്റെ വികസനം നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. പുറത്തുനിന്നു ഏത് രക്ഷകനെയാണ് കാത്തിരിക്കേണ്ടത്? ഇച്ഛാശക്തിയും നയപരമായ തീരുമാനങ്ങളും മികച്ച ആസൂത്രണവും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ അസാധ്യമെന്നു കരുതുന്ന പല പദ്ധതികളും സുഗമമായി നടപ്പിലാക്കുവാന്‍ കഴിയും. അങ്ങനെ തന്നെയാണ് പല വികസിത രാജ്യങ്ങളും ഇന്നത്തെ നിലയില്‍ എത്തിയിട്ടുമുള്ളത്.

ഗൗതം യോഗീശ്വര്‍ എസ്‌

(Deputy Director,  Department of Industries & Commerce)

 

 

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button