ഷൈനി മീര; ഹൃദയത്തില്‍ കനിവുള്ള ബഹുമുഖ പ്രതിഭ
ഹൃദയഹാരിയായ കവിതകളിലൂടെയും ആത്മാംശമുള്ള കഥകളിലൂടെയുമാണ് ഡോക്ടര്‍ ഷൈനി മീര എന്ന എഴുത്തുകാരിയെ പരിചയപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഉണ്ണിക്കണ്ണനെ വാത്സല്യത്തോടെയും ഭക്തിയോടെയും ജീവാത്മാവായി ഉള്ളില്‍ ചേര്‍ത്ത കണ്ണന്റെ പരമ ഭക്തയായ മീര… ഗുരുവായൂരപ്പന്റെ പ്രീയ പുത്രി… വ്യത്യസ്തമായ രചനാ ശൈലിയിലൂടെ മലയാളത്തിന്റെ സ്വന്തമായ എഴുത്തുകാരി. ഇത്രയേറെ തീവ്രമായി, നൈസര്‍ഗികമായി, നിഷ്‌കളങ്കമായി, വളരെ ചുരുങ്ങിയ കാലം കൊണ്ട് വായനക്കാര്‍ക്ക് പ്രിയങ്കരിയായി മാറിയ ഷൈനി മീര. അക്ഷരങ്ങള്‍ അവര്‍ക്ക് നിശ്വാസ വായു തന്നെണ്. സാഹിത്യലോകത്ത് സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്തിയ ഷൈനി മീരയുമായി സക്‌സസ് കേരള നടത്തിയ അഭിമുഖസംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്…
എഴുത്തിനോടുള്ള താല്പര്യം പ്രകടമാകുന്നത് എപ്പോഴാണ് ? സാഹിത്യ മേഖലയിലേക്ക് എത്താനുള്ള പ്രചോദനം? പത്താം വയസ്സിലാണ് എഴുതാന്‍ തുടങ്ങുന്നത്. ഭഗവാന്‍ കൃഷ്ണനോടുള്ള ഭക്തിയും ഇഷ്ടവുമാണ് അതിന് കാരണം. കുട്ടിക്കാലത്ത് വീട്ടില്‍ മാസം തോറും ഭാഗവത പാരായണം നടത്താറുണ്ടായിരുന്നു. ഭഗവാന്റെ വര്‍ണനകള്‍ വായിച്ചു കേള്‍ക്കുമ്പോള്‍ കുഞ്ഞുമനസ്സില്‍ ഭഗവാന്റെ പീലിതിരുമുടിയും ഓടക്കുഴലും കുസൃതികളും ഒക്കെ മനസ്സില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കുമായിരുന്നു. അങ്ങനെ ആദ്യ കുഞ്ഞുകവിത കുഞ്ഞു വിരലുകള്‍ കൊണ്ട് എഴുതി.
എന്നാല്‍ കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ കണ്ണന്റെയും രാധാറാണിയുടെയും പ്രണയത്തെ കുറിച്ചും വിരഹത്തെ കുറിച്ചും എഴുതി. വിട്ടുകൊടുക്കലാണ് സ്‌നേഹം എന്ന തിരിച്ചറിവിലൂടെ കണ്ണനെ കുറിച്ചു വീണ്ടും എഴുതി. അങ്ങനെയാണ്. ‘കണ്ണാ നിനക്കായി’ എന്ന കവിത എഴുതുന്നത്. പ്രകൃതിയില്‍ കാണുന്നതിനെ കുറിച്ചെല്ലാം എഴുതാന്‍ തുടങ്ങി.
പതിനാറാം വയസ്സില്‍ ഒരു ചെറുകഥ എഴുതി. അതിനു ശേഷം പതിനേഴാം വയസ്സില്‍ വിവാഹം കഴിഞ്ഞു. വീണ്ടും എഴുതാന്‍ തുടങ്ങുന്നത് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
25 വര്‍ഷത്തിനു ശേഷം എഴുത്തിലേക്ക് തിരികെ വരുവാനുള്ള കാരണം?
എനിക്ക് എഴുതുവാനുള്ള കഴിവുണ്ടെന്നും അത് എല്ലാവര്‍ക്കും കിട്ടുന്ന ഒന്നല്ലെന്നും കുട്ടികള്‍ വലുതായ സ്ഥിതിയ്ക്ക് ഇനിയെങ്കിലും എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചു വരണമെന്നും നിരന്തരം ഉപദേശിച്ച് വീണ്ടും എഴുത്തിന്റെ ലോകത്തേയ്ക്ക് എന്നെ തിരിച്ചു കൊണ്ടുവന്നത് എന്റെ സുഹൃത്തും വഴികാട്ടിയുമായ സിജി എസ് ആനന്ദാണ്.
ലോകം അറിയുന്ന രീതിയില്‍ എഴുത്തുകാരിയായി മാറണമെന്നും ഉപദേശിച്ച് പ്രചോദിപ്പിക്കുന്ന അദ്ദേഹം തന്നെയാണ് ഇന്ന് സാഹിത്യത്തില്‍ നിന്നും ഡോക്ടറേറ്റ് നിറവില്‍ എത്താനുള്ള കാരണനും. USA സെറ്റില്‍ഡായ അദ്ദേഹത്തിന്റെ സ്വദേശം കൊല്ലമാണ്. ഇന്നും എപ്പോഴും ആ വാക്കുകള്‍ എനിക്ക് പ്രചോദനമാണ്.
എഴുത്തില്‍ പ്രമേയമാകുന്ന വിഷയങ്ങള്‍ എന്തൊക്കെയാണ് ?
കുടുംബാധിഷ്ഠിതമായ വിഷയങ്ങളാണ് കൂടുതലും പ്രമേയമാകുന്നത്. ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം അടുത്തു കൂടുന്നവര്‍…. അതേ സ്പീഡില്‍ തന്നെ ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്നവര്‍… കൂടിച്ചേരുന്നതിനേക്കാള്‍ ഏറെ വേര്‍പിരിയുന്നവര്‍, സമൂഹത്തില്‍ സങ്കടകരമായ വാര്‍ത്തകള്‍ ഇതൊക്കെ കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍ അതിനെക്കുറിച്ച് എഴുതാറുണ്ട്.
ഇതുവരെ പുറത്തിറക്കിയ പുസ്തകങ്ങള്‍ ?
101 കഥാകവിതാ സമാഹാരം ഇറങ്ങാന്‍ പോകുന്നു. തൂലിക ജ്വാലകള്‍, കാവ്യവത്സരം, ഓര്‍മപ്പെയ്ത്ത് തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. ഒരു പ്രണയത്തിന്റെ നൊമ്പര പൂവ് ആണ് പ്രസിദ്ധീകരിച്ച ആദ്യ നോവല്‍.
പ്രസിദ്ധീകരിച്ച ആദ്യ കവിത ‘ഞാന്‍ നിനക്കാരായിരുന്നു’. ഒരു പിന്‍ വിളിയും കാത്ത്, കുളക്കടവ്, ഗ്രാമഫോണ്‍, രക്തക്കറ പുരണ്ട കത്തി, മലയോരത്തെ മാളിക വീട്, ആര്‍ട്ടിസ്റ്റ്, ഒരു വിളിപ്പാടകലെ തുടങ്ങിയവയാണ് പ്രധാന സാഹിത്യ സൃഷ്ടികള്‍.
മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്ന രചനകള്‍ ?
‘കുളക്കടവിലെ ഓര്‍മ്മകള്‍’ എന്ന ചെറുകഥ എന്റെ ഗ്രാമത്തെക്കുറിച്ചാണ് എഴുതിയത്. വളരെ കാലത്തിനു മുന്‍പ് ആ നാട്ടില്‍ വന്നു താമസം തുടങ്ങിയ ഒരു കുടുംബത്തെക്കുറിച്ചാണ് അത് എഴുതിയത്.
‘ഞാന്‍ കണ്ട വിശ്വരൂപം’ എന്ന കവിത കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ പാറപ്പുറത്ത് അടിച്ചുകൊന്ന അമ്മയെ കുറിച്ച് എഴുതിയതാണ്. കുഞ്ഞ്, അമ്മയുടെ വിശ്വരൂപം കാണുന്നതാണ് ഇതിവൃത്തം.
വിശന്ന് വലഞ്ഞപ്പോള്‍ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചു എന്ന കാരണത്താല്‍ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിനെ കുറിച്ച് എഴുതിയ ‘കരിഞ്ഞുണങ്ങിയ പുല്‍നാമ്പുകള്‍’ എന്ന ചെറുകഥ.
സാഹിത്യ രംഗത്ത് ലഭിച്ച അംഗീകാരങ്ങള്‍ ?
അക്ഷരാഗ്‌നി സാഹിത്യവേദിയിലാണ് 25 വര്‍ഷങ്ങള്‍ക്കു ശേഷം എഴുതാന്‍ ആരംഭിച്ചത്. അക്ഷരാഗ്‌നി സാഹിത്യവേദിയുടെ ചീഫ് എഡിറ്റര്‍ വിനോദ് കണ്ണനാണ് എഴുത്തിലെ തെറ്റുകള്‍ തിരുത്തി, പ്രസിദ്ധീകരിക്കാനുള്ള ധൈര്യം തന്നത്. അവിടെ നടത്തിയ മത്സരങ്ങളിലെല്ലാം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പല പ്രാവശ്യം എത്തിയിട്ടുണ്ട്. കൂടാതെ, നിരവധി പുരസ്‌കാരങ്ങളും സ്‌നേഹാദരവുകളും വാങ്ങിയിട്ടുണ്ട്
ഈ അടുത്ത കാലത്ത് ഡോക്ടറേറ്റ് കിട്ടിയല്ലോ… അതിനെക്കുറിച്ച് ?
87 മുതലുള്ള എഴുത്തുകളുടെയും പുസ്തകങ്ങളുടെയും കിട്ടിയ പുരസ്‌കാരങ്ങളുടെയും കൂടാതെ 101 കഥാ കവിതാ സമാഹാരങ്ങള്‍ പുറത്തിറങ്ങാന്‍ പോകുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഡോക്ടറേറ്റ് കിട്ടിയത്. 2021 ഒക്‌ടോബര്‍ 9 ന് പോണ്ടിച്ചേരിയില്‍ വച്ചാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഗുരുതുല്യനായ ഡോ. എസ് അഹമ്മദ് സാര്‍ ആണ് ഡോക്ടറേറ്റ് എടുക്കാനുള്ള പ്രചോദനം നല്‍കിയത്.
ഒരു എഴുത്തുകാരിയില്‍ നിന്ന് സംരംഭകയിലേക്ക് എത്തിയപ്പോഴുള്ള മാറ്റം?
ബിസിനസ്സ് കുടുംബത്തിലേക്കാണ് വിവാഹം കഴിഞ്ഞ് എത്തുന്നത്. ഒന്‍പത് വര്‍ഷമായി ഗുരുവായൂരിലും ഹരിപ്പാടുമായിട്ടാണ് താമസിക്കുന്നത്. അവിടെ വച്ചാണ് സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന് തോന്നിയത്. അദ്യം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മംഗല്യ കോംപ്ലക്‌സില്‍ ഒരു ഷോപ്പ് ആരംഭിച്ചു, ശേഷം മീരാസ് ഫുഡ് പ്രോഡക്റ്റ്‌സ് എന്ന കമ്പനി കോവിഡ് കാലത്ത് തുടങ്ങി. കോവിഡ് കാലത്ത് ക്ഷേത്രം അടച്ചപ്പോള്‍, ഷോപ്പ് അടയ്‌ക്കേണ്ടി വന്നു.
ജോലി നഷ്ടപ്പെട്ടതോടെ, ഷോപ്പില്‍ ജോലി ചെയ്തിരുന്നവര്‍ വളരെ ബുദ്ധിമുട്ടിലായി. അതില്‍ മനസ്സ് വേദനിച്ചു, ചിലര്‍ക്കെങ്കിലും ജോലിയാകട്ടെയെന്ന് കരുതിയാണ് മീരാസ് ഫുഡ് പ്രോഡക്റ്റ്‌സ് ആരംഭിച്ചത്. അതില്‍ സന്തോഷമുണ്ട്. കൂടാതെ, ഇപ്പോള്‍ ‘മീരാസ് റേസ്റ്റോ കഫേ’ എന്ന ഒരു റസ്റ്റോറന്റ് തുടങ്ങി, ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് മാവേലിക്കര റോഡില്‍ മണിമല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്നു.
സിനിമാലോകത്തേക്ക് തുടക്കം കുറിക്കുകയാണല്ലോ അതിനെക്കുറിച്ച്?
‘ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്’ എന്ന ഒരു കഥ ഒരു മത്‌സരത്തില്‍ പങ്കെടുക്കാനായി എഴുതിയതാണ്. എന്നാല്‍, നിശ്ചിത സമയത്തു എഴുതി തീര്‍ക്കാനോ, മത്സരത്തില്‍ പങ്കെടുക്കാനോ കഴിഞ്ഞില്ല. അങ്ങനെ ആ കഥ പിന്നീട് സിനിമാറ്റിക് രീതിയില്‍ എഴുതി, സിനിമയാക്കണമെന്ന് ആഗ്രഹമുണ്ടായി.
പ്രശസ്ത സംവിധായകന്‍ അനീഷ് ജെ കരിനാട് ഈ കഥ കേള്‍ക്കുകയും സിനിമയാക്കാനുള്ള തീരുമാനം എടുക്കുകയുമായിരുന്നു. ഒരു അച്ഛന്റെയും മകളുടെയും കഥയാണ്. ‘മഞ്ഞിന്‍ മറയത്ത്’ എന്ന പേരിലാണ് ഈ സിനിമ. അതിന്റെ തിരക്കഥയിലാണ് ഇപ്പോഴുള്ളത്. ഇതിലെ ഗാനങ്ങളും ഞാന്‍ തന്നെയാണ് എഴുതിയിട്ടുള്ളത്.
കുടുംബത്തില്‍ നിന്നുള്ള പിന്തുണ?
മക്കള്‍ രണ്ടുപേരാണ്. മകള്‍ അഗ്ര എസ് രാജ് (പൊന്നു) ങആആട കഴിഞ്ഞു, മകന്‍ അരവിന്ദ് എസ് രാജ് (കണ്ണന്‍) പെട്രോളിയം എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. രചനകള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നതും അഭിപ്രായങ്ങള്‍ പറയുന്നതും മകനാണ്. മകള്‍ ഡോക്ടര്‍ ആയതിനാല്‍ സമയക്കുറവുണ്ട്. ഗുരുവായൂര്‍ രാജ ഹോസ്പിറ്റലിലാണ് മകള്‍ പ്രാക്ടീസ് ചെയ്യുന്നത്.
പുരസ്‌കാരങ്ങളൊക്കെ ലഭിക്കുന്നത് കാണുമ്പോള്‍ അവര്‍ക്കു സന്തോഷമാണ്. എഴുതാന്‍ വേണ്ട പ്രോത്സാഹനം രണ്ടു പേരില്‍ നിന്നും കിട്ടുന്നുണ്ട്. ഡോക്ടറേറ്റ് ലഭിച്ചതില്‍ രണ്ടു പേരും വളരെ സന്തോഷത്തിലാണ്.
പ്രിയപ്പെട്ട എഴുത്തുകാരി ?
സുഗതകുമാരി അമ്മയാണ് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി.
ഭാവി ലക്ഷ്യങ്ങള്‍ ?
ഒരുപാട് അറിവുകള്‍ സമൂഹത്തിലേക്കും ജനങ്ങളിലേക്കും എഴുത്തിലൂടെ എത്തിക്കണം എന്ന് ആഗ്രഹമുണ്ട്. കൂടാതെ എഴുത്തു പോലെ തന്നെ ജീവശ്വാസമായി, ജീവകാരുണ്യ മേഖലയിലും പ്രവര്‍ത്തിക്കുന്നു. അശരണര്‍ക്കായി ഒരു സ്‌നേഹ സ്പര്‍ശം എന്നും കൂടെ കൂട്ടാറുണ്ട്. ഗുരുവായൂരില്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടാനുള്ള അവസരം കിട്ടിയിരിക്കുകയാണ് ഇപ്പോള്‍.
എഴുത്തിലും സംഗീതത്തിലും സംരംഭക എന്ന നിലയിലും ജീവകാരുണ്യ പ്രവര്‍ത്തക എന്ന നിലയിലുമെല്ലാം ഉയരങ്ങളിലേക്കുള്ള വിജയയാത്ര തുടരുകയാണ് ഡോ. ഷൈനി മീര. തന്റെ സ്വപ്‌നങ്ങളൊക്കെയും സാക്ഷാത്കരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് കൂടി മാതൃകയായി മാറുകയാണ് ഈ എഴുത്തുകാരിയും സംരംഭകയും. ‘സക്‌സസ് കേരള’യുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.