ആ സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍…
‘മാസ് ഹെര്‍ബല്‍സ്’ എന്നത് ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് നെയിമാണ്. വിപണിയിലെ ഏറ്റവും പ്രസിദ്ധമായ നാച്ചുറല്‍സ് ഓര്‍ഗാനിക് സ്കിന്‍ കെയര്‍ ബ്രാന്‍ഡ് ആയി മാസ് നാച്യുറല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഉയര്‍ന്നു വന്നതിനു പിന്നില്‍ ആത്മവിശ്വാസവും അര്‍പ്പണബോധവും ആര്‍ജിച്ചു കടന്നുവന്ന ഒരു സ്ത്രീയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ സ്വദേശിനിയായ ബിനിത മുബീന് എന്ന ആ വനിതാസംരംഭകയുടെ കഥ ഏറെ ഹൃദ്യമാണ്.
സ്വപ്നം കണ്ട നാളുകളിലേക്ക് എത്തിച്ചേരാന്‍ ബിനിതയെ സഹായിച്ചത് അവരുടെ ആത്മധൈര്യം തന്നെയാണ്. ഇന്ന് വിപണിയിലെ ഏറ്റവും മികച്ച സ്കിന്‍ കെയര്‍ ബ്രാന്‍ഡുകളിലൊന്നായി മാസ് ഹെര്‍ബല്‍സിന്റെ പേര് കേള്‍ക്കുമ്പോള്‍ ബിനിത ഏറെ സന്തോഷത്തിലാണ്. പിന്നിട്ട വഴികളെക്കുറിച്ച് ബിനിത മുബീന് മനസ് തുറക്കുമ്പോള്‍…….
അന്നത്തെ സ്വപ്നം, ഇന്നത്തെ യാഥാര്‍ഥ്യം
വര്‍ഷങ്ങളായി മസ്ക്കറ്റില്‍ തന്നെയായിരുന്നു. അവിടെ ജോലി ചെയ്യുന്ന സമയത്തും സ്വന്തമായി ഒരു സംരംഭം ചെയ്യുക എന്നത് മനസിലുണ്ടായിരുന്ന കാര്യമാണ്. ആദ്യം ചെയ്തത് മനസ്സില്‍ തോന്നിയ ആശയത്തിനനുസരിച്ച് സ്വയം പഠിച്ചുതുടങ്ങുക എന്നതാണ്. ഏതൊരു കാര്യത്തിലേക്ക് കാലെടുത്തുവയ്ക്കും മുന്‍പ് അതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കണമെന്ന് ചിന്തിക്കുന്നയാളാണ് ഞാന്‍. അങ്ങനെ ആത്മവിശ്വാസം ആര്‍ജിച്ചെടുത്ത ശേഷമാണ് മസ്കറ്റ് വിടുന്നതും നാട്ടിലെത്തി ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമിടുന്നതും.
മസ്ക്കറ്റില്‍ വളരെ ഉയര്‍ന്ന ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതിനു പിന്നില്‍ എന്റെ മനസിലെ ആ ആത്മവിശ്വാസവും വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഈയൊരു സ്വപ്നവുമായിരുന്നു. നമ്മുടെ നാട്ടില്‍ തന്നെ ഒരു സംരംഭം തുടങ്ങുക, അത് വിജയത്തിലേക്കെത്തിക്കുക എന്നതൊക്കെ എത്രയോ നാളായി ഞാന്‍ ആഗ്രഹിച്ചിരുന്ന കാര്യമാണ്.
ഞാന്‍ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നയാളാണ്. അതുകൊണ്ട് തന്നെ, ഇങ്ങനെയൊരു സംരംഭത്തിന് തുടക്കമിടുമ്പോള്‍ അത് എന്റെ ഗ്രാമത്തില്‍ നിന്നുതന്നെയായിരിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ഇങ്ങനെയൊരു പ്രോജക്ട് തുടങ്ങുമ്പോഴേ മനസിലുണ്ടായിരുന്ന ഒരു കാര്യമാണ് ഇതിന്റെ തുടക്കത്തില്‍ എനിക്കൊപ്പം ചേരുന്നത് നമ്മുടെ നാട്ടിലെ വീട്ടമ്മമാരായിരിക്കണം എന്നത്. വീട്ടമ്മമാര്‍ക്ക് ഉയര്‍ന്നുവരാനുള്ള, സ്വന്തം നിലയില്‍ വരുമാനം ആര്‍ജിക്കാനുള്ള ഒരു നല്ല മാര്‍ഗമായിരിക്കും ഇത്തരമൊരു പ്രൊജക്ട് എന്നത് എനിക്കുറപ്പായിരുന്നു.
മനസില്‍ കൂടെക്കൂട്ടിയിരുന്ന സംരംഭക എന്ന ലേബലിലേക്ക് എത്താന്‍ എന്റെ യാത്ര തുടങ്ങുന്ന സമയത്ത് എന്ത് തരം സംരംഭമാണ് ഞാന്‍ ചെയ്യേണ്ടത് എന്നത് എനിക്കു മുന്പില് ഒരു ചോദ്യം തന്നെയായിരിക്കുന്നു. ഒരുപാട് ചിന്തിച്ചാണ് ഒരു തീരുമാനത്തിലേക്ക് എത്തിയത്.
അന്ന് ഞാന്‍ പ്രസവശേഷം എന്റെ വീട്ടിലായിരുന്നു. എന്റെ കുടുംബത്തില്‍ അമ്മയും അമ്മായിയമ്മയുമൊക്കെ നാട്ടുവൈദ്യത്തിലും പരമ്പരാഗത മരുന്നുചികിത്സയിലുമൊക്കെ വിശ്വസിച്ചിരുന്ന ആള്‍ക്കാരാണ്. ശരിക്കും പറഞ്ഞാല്‍ അങ്ങനെയുള്ള ചില രീതികള്‍ എന്നിലേക്കും സ്വാധീനിച്ചിരുന്നു എന്നതാണ് സത്യം.
ഒരു ചെറിയ ചുമ വന്നാലോ അല്ലെങ്കില്‍ തലവേദന വന്നാലോ എന്റെയൊക്കെ ചെറുപ്പത്തില്‍ പറമ്പിലേക്ക് ഇറങ്ങിയാല്‍ നല്ല ഔഷധമൂല്യമുള്ള ചെടികളും മറ്റുമൊക്കെ അവിടെത്തന്നെ കാണും. അത് തരുന്ന പ്രയോജനം ചെറുതല്ല. അങ്ങനെയാണ് എന്ത് സംരംഭം തുടങ്ങണമെന്ന ചോദ്യം വന്നപ്പോള്‍ എന്റെ ഓപ്ഷന് അതുതന്നെയായി മാറിയത്.
ആ സമയത്ത്, എനിക്ക് പ്രസവശേഷമുള്ള സുഖചികിത്സകളൊക്കെ ചെയ്യുന്ന സമയമായതുകൊണ്ട് ഞാന്‍ ഉപയോഗിച്ചിരുന്ന എണ്ണയും മറ്റുമൊക്കെ അത്തരത്തില്‍ ഹെര്‍ബല്‍ മൂല്യമുള്ളതായിരുന്നു. അങ്ങനെയാണ് അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, ഞാന്‍ ഇങ്ങനെയൊരു സംരംഭവുമായി മുന്നിട്ടിറങ്ങിയപ്പോള്‍ എനിക്ക് വലിയൊരു പിന്തുണ തന്നെയായിരുന്നു വീട്ടുകാരെല്ലാവരും. ഏതൊരാള്‍ക്കും സ്വന്തം കുടുംബത്തില്‍ നിന്ന് കിട്ടുന്ന പിന്തുണയും പ്രോത്സാഹനവും വലിയൊരു മുതല്ക്കൂട്ടായിരിക്കുമല്ലോ.
മികച്ച തിരഞ്ഞെടുപ്പ്
സാധാരണ ഗതിയില്‍ ഗ്രാമപ്രദേശങ്ങളില്‍ ചെന്നാല്‍ ഓരോ വീട്ടിലും എന്തെങ്കിലുമൊക്കെ പൂക്കളും ചെടികളുമൊക്കെ അവര്‍ കൃഷി ചെയ്യുന്നുണ്ടാകും. ഉദാഹരണത്തിന് ചെമ്പരത്തി, തുമ്പപ്പൂവ്, ശംഖുപുഷ്പം, അലോവേരയൊക്കെ പല വീടുകളിലുമുണ്ടാകും. നേരെ മറിച്ച്, റോസ് പോലുള്ള പൂക്കളൊക്കെ അന്വേഷിച്ചുപോയാല്‍ ചിലപ്പോള്‍ അത്രയും അളവില്‍ കിട്ടിയെന്നു വരില്ല. ലഭ്യത കൂടിയവയെയാണ് പൊതുവെ ആശ്രയിക്കാറുള്ളത്. വീടുകളില്‍ പോയി ഇവ ശേഖരിക്കുക എന്നതാണ് നമ്മുടെ വീട്ടമ്മമാര്‍ക്ക് കൊടുത്ത പ്രോജക്ട്. അവ ശേഖരിക്കുന്നതിനൊപ്പം സ്വന്തമായി കൃഷി ചെയ്യാനും അവര്‍ തുടങ്ങി എന്നത് അവര്‍ ശരീരത്തോടൊപ്പം മനസും ഇതിലേക്ക് അര്‍പ്പിച്ചു എന്നതിന്റെ തെളിവാണ്. അവര്‍ക്ക് കിട്ടുന്ന വരുമാനത്തില്‍ അവരും സന്തുഷ്ടരാണ്.
ഓര്‍ഗാനിക് ആയിട്ടുള്ള പൂക്കളും മറ്റും നമുക്ക് കിട്ടുന്നുവെന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. ഒരു ബിസിനസ് എന്നതിനപ്പുറം ഒരു ബോധവല്‍ക്കരണം കൂടിയാണ് ഇത്. പ്രകൃതിയെ മനസിലാക്കാനും പ്രകൃതിയോട് ഇണങ്ങിജീവിക്കാനും നമുക്ക് പ്രചോദനം തരുന്ന ഒരു പഠനം. ഈ സംരംഭത്തിലേക്ക് എനിക്കൊപ്പം എത്തിച്ചേര്‍ന്നവരുടെ യോഗ്യതയോ എക്സ്പീരിയന്‍സോ ഒന്നും നോക്കിയിട്ടില്ല. ഇതിലേക്ക് ഇറങ്ങിവരാനുള്ള ഒരു മനസ്, അത് മാത്രമായിരുന്നു പ്രധാനം.
മാര്‍ക്കറ്റിങ് ആവശ്യമില്ലാതെ വന്ന ഉല്‍പ്പന്നം
ഒരു രീതിയിലും മാര്‍ക്കറ്റിങിന്റെ ആവശ്യമൊന്നും വേണ്ടിവന്നില്ല. വളരെ ചെറിയ രീതിയിലുള്ള ഒരു തുടക്കമായിരുന്നു. എന്നാല്‍ ഉത്പന്നത്തിന്റെ ഗുണമേന്മ കൊണ്ട് യാതൊരു മാര്ക്കറ്റിങുമില്ലാതെ ഒരു ബ്രാന്‍ഡ് ഡെവലപ്പ് ചെയ്യാന്‍ സാധിച്ചു. ഒരു പ്രൈവറ്റ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യാനും ഓഫീസ് ഉള്‍പ്പെടെ പലതും ബ്രാന്‍ഡിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കാനും സാധിച്ചു. എന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെട്ടപ്പോള്‍ മനസ് കൊണ്ട് ഈശ്വരനോട് നന്ദി പറയുകയായിരുന്നു.
നഷ്ടസാധ്യതകളെ മുന്നില്‍ക്കണ്ടുകൊണ്ടുതന്നെയാണ് എല്ലാ ബിസിനസിന്റെയും തുടക്കം. ഈ ഒരു പ്രോജക്ട് തുടങ്ങി വച്ചപ്പോള്‍ മുതല്‍ എന്തെന്നില്ലാത്ത ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ആ പ്രതീക്ഷയാണ് എനിക്ക് തുണയായത്. ഒരു ഘട്ടത്തിലും നിരാശയോ ടെന്‍ഷനോ ഒന്നുമില്ലാതെ എനിക്ക് മുന്നോട്ടുപോകാന്‍ സാധിച്ചു. അത് ദൈവത്തിന്റെ അനുഗ്രഹം.
പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല
നമ്മള് ഒരു ബ്രാന്‍ഡ് വികസിപ്പിച്ചെടുത്താലും അവിടം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലല്ലോ. പരാജിതര്‍ പോലും വീണിടത്ത് നിന്ന് ഉയര്‍ന്നുവരാന്‍ ശ്രമങ്ങള്‍ തുടരും. എന്നെ സംബന്ധിച്ചിടത്തോളം ഇനിയും പഠനങ്ങള്‍ ബാക്കിയാണ്. എണ്ണകളെക്കുറിച്ചും സ്കിന്‍കെയര്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചും ഒരുപാട് പഠിച്ചിരുന്നു. അതിനു ശേഷമാണ് ‘മാസ്’ തുടങ്ങിയത്.
പരമ്പരാഗത രീതികളെ ഇന്നത്തെ ശാസ്ത്രീയ മാര്‍ഗങ്ങളോട് കൂടി ചേര്‍ത്തുവെച്ച് അവയെ എങ്ങനെ സമന്വയിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാം എന്നതാണ് എപ്പോഴും ഞാന്‍ മുന്‍തൂക്കം കൊടുക്കാറുള്ള പഠനരീതി. അത്തരത്തില്‍ പഠനങ്ങള്‍ക്ക് ഇനിയും സാധ്യതകള്‍ ഏറെയാണ്. കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്. കൂടുതല്‍ വീട്ടമ്മമാര്‍ക്ക് അവസരങ്ങള്‍ നല്‍കണം. ഇപ്പോള്‍ തന്നെ മിഡില്‍ ഈസ്റ്റിലേക്കുള്ള കയറ്റുമതിയും വിപണനവും ആരംഭിച്ചിട്ടുണ്ട്. അത് ഒരു പുതിയ പ്രതീക്ഷ തന്നെയാണ് നല്‍കുന്നത്. ഉത്പാദനവും വിപണനവും ഇനിയും വര്‍ധിപ്പിക്കണം. അങ്ങനെ പ്രതീക്ഷകള്‍ ഇനിയും ഏറെയാണ്.