Success Story

പഠനത്തിന് ഇത് ‘ഇന്റര്‍വെല്‍’ സമയം; അധ്യാപനത്തിലൂടെ സംരംഭകനായ കഥ

ഈയിടയ്ക്ക് യൂട്യൂബില്‍ വളരെ ശ്രദ്ധേയമായ ഒരു വെബ്‌സീരീസ് ഉണ്ട് കരിക്കിന്റെ ‘ആവറേജ് അമ്പിളി’. പഠനത്തില്‍ ആവറേജ് ആയി പോയതിനാല്‍ സഹൂഹത്തില്‍ എല്ലായിടത്തും ആവറേജ് ആയി മുദ്രകുത്തപ്പെടുന്ന ഒരു പെണ്‍കുട്ടി… അവളോടൊപ്പം പലകാരണങ്ങളാല്‍ ആവറേജ് ആയി പോയ മറ്റു കുറച്ചുപേര്‍… ശരിയാണ്…അല്ലേ? നമ്മുടെ സമൂഹത്തിന് ആവറേജ് ആയിട്ടുള്ളവരാണ് കൂടുതലും.. ആരാണ് സത്യത്തില്‍ നല്ലതും മോശവും ആവറേജും ഒക്കെ തീരുമാനിക്കുന്നത്. സമൂഹം; കൂട്ടത്തില്‍ കൂടുതലായതിനാല്‍ ആവറേജുകാര്‍ക്ക് പിന്നെയും മുന്നോട്ടു പോകാം. എന്നാല്‍ സമൂഹം ആവറേജിനും താഴെയായി അടയാളപ്പെടുത്തുന്നവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ..

ഈ അടയാളപ്പെടുത്തലുകള്‍ ഒക്കെ ആരംഭിക്കുന്നത് സ്‌കൂളില്‍ നിന്ന് ആയിരിക്കും, അല്ലേ.. കൂട്ടത്തില്‍ ഒപ്പം എത്താത്തതിനാല്‍ പല അധ്യാപകരും കുട്ടികളെ താരതമ്യം ചെയ്യുമ്പോള്‍ ആണ് ഈ വേര്‍തിരിവ് ഉണ്ടാവുന്നത്. എന്നാല്‍ ഇങ്ങനെ വേര്‍തിരിച്ച് മാറ്റിനിര്‍ത്തുന്നതിന് പകരം ഏതെങ്കിലും ഒരു അധ്യാപകന്‍ അവര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കിയിരുന്നെങ്കില്‍ അവരുടെ ജീവിതം എങ്ങനെ മാറുമായിരുന്നു എന്നാലോചിച്ച് നോക്കൂ.. മുന്‍വിധികളില്ലാതെ, വേര്‍തിരിവുകളില്ലാതെ കുട്ടികളെ കാണുന്ന എത്ര അധ്യാപകരുണ്ട് നമുക്ക് ചുറ്റും…

ഇത്തരത്തില്‍ അധ്യാപകരുടെ മനോഭാവം ഒരു കുട്ടിയെ എങ്ങനെ ബാധിക്കുമെന്ന സ്വന്തം അനുഭവത്തില്‍ നിന്നുള്ള തിരിച്ചറിവ് ആണ് ഒരു അധ്യാപകനാവാന്‍ O.K സനാഫിറിനെ പ്രേരിപ്പിച്ചത്. കേവലം അധ്യാപനത്തില്‍ മാത്രം ഒതുങ്ങാതെ വിവിധ സാമൂഹിക തലത്തില്‍ ഉള്ള കെ ജി ക്ലാസ്സ് മുതല്‍ പ്ലസ് ടൂ വരെയുള്ള കുട്ടികള്‍ക്ക് അക്കാദമിക് ആയും മാനസികമായുമുള്ള നിര്‍ദേശങ്ങളും അറിവും പകരുന്ന ഒരു മികച്ച സംരംഭമായി തന്റെ സ്വപ്‌നത്തെ ഉയര്‍ത്താന്‍ സനാഫിറിനായി…

4000 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശി ആയിട്ടുള്ള, നിലവില്‍ 2000 വിദ്യാര്‍ത്ഥികളോളം ‘ഇന്റര്‍വെല്‍’ എന്ന ഈ Edutech സംരംഭം തങ്ങളിലേക്ക് എത്തിച്ചേരുന്ന ഓരോ കുട്ടിയേയും പ്രത്യേകം പരിഗണിച്ചാണ് ക്ലാസ്സുകള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. 1000 ത്തോളം അധ്യാപകരെ വച്ച് ഓരോ കുട്ടിക്കും പ്രത്യേകം നല്‍കുന്ന ലൈവ് ക്ലാസ്സുകള്‍ ആണ് ഇതിനെ മറ്റു Edutech സംരംഭങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അടിസ്ഥാന പരമായ വായന, എഴുത്ത് എന്നിവ പോലും പിന്നോട്ടുള്ള കുട്ടികളെ മികച്ച ട്രെയിനിംഗിലൂടെ ഒന്നാമതെത്തിക്കാന്‍ ഇന്റര്‍വെല്ലിനായിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒ ടി ടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സ് കഴിഞ്ഞ ദിവസം ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരുന്നു: ”ഞങ്ങള്‍ തുടങ്ങിയത് ഡിവിഡി വിറ്റാണ്”. അതായത്, എല്ലാവരും പൂജ്യത്തില്‍ നിന്ന് തന്നെയാണ് തുടങ്ങുന്നത്; സനാഫിറും! കൂലിപ്പണിക്കാരനായ അച്ഛന്റെ ചെറുപ്പത്തിലേ അധ്വാനിച്ച് ജീവിച്ചിരുന്ന മകന്‍, പലരും ബിസിനസ്സ് സ്‌കൂളിലും മറ്റും പഠിച്ച് ഓരോ സംരംഭം ആരംഭിക്കുമ്പോള്‍ സനാഫിറിന്റെ ആകെയുള്ള പാടവം ഒന്‍പതാം ക്ലാസ്സില്‍ തുടങ്ങിയ പത്ര വില്‍പനയും നാട്ടില്‍ രാഷ്ട്രദീപികയുടെ ഒരു ഏജന്‍സി ആരംഭിച്ചതുമാണ്.

മലപ്പുറം വാഴയൂര്‍ പുഞ്ചപ്പാടം എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് വരുന്ന സനാഫിറിന് അധ്യാപനം ഒരു തൊഴില്‍ മാത്രമല്ല സാമൂഹിക സന്നദ്ധത കൂടിയാണ്. പത്താം ക്ലാസ്സില്‍ നിന്നും പ്ലസ് ടൂവില്‍ എത്തിയപ്പോള്‍ തന്റെ മാര്‍ക്കില്‍ വന്ന കുറവാണ് പോളിടെക്‌നിക്കില്‍ നന്നായി പഠിക്കാന്‍ പ്രേരണയായത്. എന്നാല്‍ സമയത്ത് ലഭ്യമല്ലാത്തതിനാല്‍, പുറത്ത് നിന്ന് വാങ്ങിയ റെക്കോര്‍ഡില്‍ എഴുതി എന്ന ഒറ്റക്കാരണത്താല്‍ തന്റെ പരിശ്രമത്തെ മുഴുവന്‍ തള്ളിക്കളഞ്ഞ അദ്ധ്യാപകന്റെ മനോഭാവം ചെറുതായല്ല സനാഫിറിനെ ബാധിച്ചത്.

കോളേജില്‍ നിന്നുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന്, സനാഫിര്‍ കോളേജ് ഡ്രോപ്പ് ഔട്ട് ചെയ്തു സൈക്കോളജിയില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. തന്റെ എല്ലാ തീരുമാനത്തിനും പിന്തുണ നല്കിയിട്ടുള്ളത് ഉപ്പ ആണെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുമായിരുന്നു. ഒരിക്കല്‍ തന്റെയടുത്ത് പഠിക്കാനെത്തിയ, അടിസ്ഥാന വിദ്യാഭ്യാസമായ എഴുത്തും വായനയും പോലും അറിയാത്ത അഞ്ചാം ക്ലാസുകാരനായ കുട്ടിയോട് സംസാരിച്ചപ്പോള്‍ അവന്‍ നേരിട്ട കളിയാക്കലുകള്‍ അവനെ പഠിത്തത്തിലും പിന്നീട് ജീവിതത്തിലും എങ്ങനെ ബാധിച്ചു എന്ന് സനാഫിര്‍ മനസ്സിലാക്കി. പിന്നീട് തന്റെ അടുത്ത് വന്ന പലകുട്ടികളും ഇങ്ങനെ അടിസ്ഥാന കാര്യങ്ങളില്‍ പോലും പല കാരണങ്ങള്‍ കൊണ്ട് പിന്നോട്ടാണ് എന്ന് തിരിച്ചറിയുകയായിരുന്നു.

കഴിഞ്ഞ കൊറോണ കാലത്താണ് തന്റെ ട്യൂഷന്‍ ഒരു ഓണ്‍ലൈന്‍ സംരംഭമായി ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. എന്നാല്‍, ഇതിനുള്ള മുടക്കുമുതല്‍ സനാഫിറിന്റെ കയ്യില്‍ ഇല്ലായിരുന്നു. കുറച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ ആരംഭിച്ച്, ഇന്ന് 1000 ത്തോളം പേര്‍ക്ക് ജോലി നല്‍കുന്ന ഒരു സംരംഭമായി ‘ഇന്റര്‍വെല്‍’ മാറി. തന്നോടൊപ്പം ഉള്ളവരെല്ലാം അധ്യാപനത്തെ പാഷനായി കാണുന്ന, വളരെ തൃപ്തിയോടെയും ആത്മാര്‍ത്ഥതയോടെയും അത് കൈകാര്യം ചെയ്യുന്നവരാണെന്ന് സനാഫിര്‍ പറയുന്നു.

ഓരോ കുട്ടിക്കും അവരുടെ താത്പര്യത്തിന് അനുയോജ്യമായ ഒരു സ്‌പെഷ്യല്‍ അധ്യാപകനെ വച്ചാണ് ക്ലാസ്സുകള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. കുട്ടികള്‍ ആവശ്യപ്പെട്ടാല്‍, അവര്‍ സംതൃപ്തരല്ലെങ്കില്‍ അധ്യാപകരെ മാറ്റാം. നിരവധി ട്യൂഷന്‍ ആപ്പുകളും മറ്റും ലഭ്യമായിട്ടുള്ള ഈ കാലത്ത് ഇന്റര്‍വെല്ലിനെ വ്യത്യസ്തമാക്കുന്നത് സംരംഭത്തിന്റെ പേര് പോലെ തന്നെ എല്ലാവര്‍ക്കും സ്വീകാര്യമായ വിദ്യാഭ്യാസ രീതി പിന്തുടരുന്നതു കൊണ്ടാണ്. ഇന്നത്തെ കുട്ടികള്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്ന വിദ്യാഭ്യാസ രീതികളില്‍ നിന്നും ഒരു ഇന്റര്‍വെല്‍ തന്നെയാണ് ഇതില്‍ പരീക്ഷിക്കുന്നത്. ഈ പരീക്ഷണത്തില്‍ ഇവര്‍ വിജയിക്കുന്നുമുണ്ട്. ഇപ്പോള്‍ വിവിധ പ്ലാറ്റ്‌ഫോമില്‍ കൈകാര്യം ചെയ്യുന്ന ക്ലാസ്സുകള്‍ ഉടനെ തന്നെ സ്വന്തം പ്ലാറ്റ്‌ഫോമില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

എന്താണ് ലൈവ് ലേണിംഗ്?
ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ള എല്ലാ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളും ആപ്പുകളും നേരത്തെ റെക്കോര്‍ഡ് ചെയ്ത ക്ലാസ്സുകള്‍ ആണ് സ്ട്രീം ചെയ്യുന്നത്. ഇതില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ടു സംവദിക്കാനോ സംശയ നിവാരണത്തിനോ ഉള്ള അവസരം ലഭ്യമാകുന്നില്ല. എല്ലാ വിദ്യാഭ്യാസ നിലവാരത്തിലുള്ള കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള ക്ലാസ് ആണ് നല്‍കുന്നത്. എന്നാല്‍ ഇന്റര്‍വെല്‍ ഓരോ കുട്ടിയുടേയും വിദ്യാഭ്യാസ നിലവാരം, സാമൂഹിക സാഹചര്യം എന്നിവ അനുസരിച്ച് അവര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള അധ്യാപകരെ ലഭ്യമാക്കുന്നു.

ഓരോ കുട്ടിയുടേയും മാനസികമായ അവസ്ഥ മനസ്സിലാക്കി അവരുടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു പ്രത്യേകം ട്രെയിനിങ് നല്‍കുന്നു. ലൈവ് ക്ലാസ് ആയതിനാല്‍ തന്നെ ഉടനടി അധ്യാപകരും സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനും സംവദിക്കാനുമുള്ള അവസരം സൃഷ്ടിക്കുന്നു. അധ്യാപകര്‍ പഠിപ്പിക്കുക മാത്രമല്ല, വിദ്യാര്‍ത്ഥിയുടെ ഒരു സുഹൃത്തായി തന്നെ മാറുന്നു.

എഡ്യൂക്കേഷന്‍ ഡിവൈഡ്
കോവിഡ് കാലം അവസാനിക്കുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ രംഗം നേരിടാന്‍ പോകുന്ന മറ്റൊരു വെല്ലുവിളിയാണ് എജ്യൂക്കേഷന്‍ ഡിവൈഡ്. അതായത്, സമയത്ത് വിദ്യാഭ്യാസം നേടിയ, നന്നായി ട്രെയിനിങ് ലഭിച്ച ഒരു വിഭാഗവും മികച്ച വിദ്യാഭ്യാസം ലഭിക്കാത്ത മറ്റൊരു വിഭാഗവും.
ഇത്തവണ രണ്ടാം ക്ലാസില്‍ നിന്ന് മൂന്നാം ക്ലാസ് പഠിക്കാതെ നാലാം ക്ലാസില്‍ പോയാല്‍ അധികവും ഇത്തരത്തില്‍ കൃത്യമായ വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ തന്നെ കുട്ടികള്‍ തമ്മില്‍ വിദ്യാഭ്യാസ അന്തരം ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. ഒരേ ക്ലാസില്‍ ഉള്ളവര്‍ക്ക് തന്നെ പല രീതിയിലുള്ള, പല തരത്തിലുള്ള വിദ്യാഭ്യാസ നിലവാരം ആയിരിക്കും ഉണ്ടായിരിക്കുക. ഇതിന് പരിഹാരമായി ഓരോ കുട്ടിക്കും അവരുടെ നിലവാരം മനസ്സിലാക്കി പ്രത്യേക പഠനം നല്‍കാതെ ഇതിന് മാറ്റം സാധ്യമല്ല. ഇവിടെയാണ് ഇന്റര്‍വെല്ലിന് സാധ്യതയേറുന്നത്.

വിദ്യാഭ്യാസരീതിയില്‍ വരേണ്ട സമൂലമായ മാറ്റം
നമ്മുടെ സമൂഹത്തില്‍ ഇന്ന് നടക്കുന്നത് പരീക്ഷ കേന്ദ്രീകൃതമായി നടത്തുന്ന പഠനമാണ്. ഓരോ കുട്ടിയും പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്നുണ്ടെങ്കിലും പിന്നീട് അവരുടെ അടിസ്ഥാനപരമായ അരിത്തമാറ്റിക് സ്‌കില്‍സ്, ലാംഗ്വേജ് സ്‌കില്‍സ് എന്നിവ പിന്നീട് അവര്‍ക്ക് ഉപകരിക്കുന്നില്ല. ഇവയില്‍ പലതും അവര്‍ മറന്നു പോവുകയാണ് ചെയ്യുന്നത്. പരീക്ഷയ്ക്ക് ജയിക്കുക എന്നതല്ല അറിവ് നേടുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി മാറേണ്ടത്. അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പിക്കാതെ, തുടര്‍വിദ്യാഭ്യാസം നേടിയിട്ട് കാര്യമില്ല.

പേരന്റിങ്
അധ്യാപനത്തെ പോലെതന്നെ പേരന്റിങും ഒരു കുട്ടിയുടെ മാനസിക സാമൂഹിക വികാസത്തില്‍ വളരെയധികം പങ്കുവഹിക്കുന്നുണ്ട്. വിദ്യാഭ്യാസകാലത്ത് കളിയാക്കുക, മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യുക എന്നിവയൊക്കെ പല കുട്ടികളിലും വളരെ ആഘാതമാണ് സൃഷ്ടിക്കുന്നത്. പല കുട്ടികള്‍ക്കും അത്തരം പല കാര്യങ്ങളും വീട്ടില്‍ തുറന്നു പറയാന്‍ തന്നെ മടിയാണ്. വീട്ടുകാരെ പേടിച്ച് സ്വന്തം മാര്‍ക്ക് പോലും മറച്ചു വെക്കുന്ന പല കുട്ടികളുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവര്‍ക്ക് വേണ്ട പിന്തുണ കൊടുക്കുകയുമാണ് വേണ്ടത്. തന്റെ ഉപ്പ തനിക്ക് നല്‍കിയ ആ പിന്തുണയാണ് തന്നെ ഇതുവരെ എത്തിച്ചതെന്ന് സനാഫിര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button