ബാങ്ക് ഇടപാടില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോ-ഡെബിറ്റ് രീതി ഇല്ലാതായി
തിരുവനന്തപുരം: ബാങ്ക് ഇടപാടില്‍ ഉള്‍പ്പടെ സുപ്രധാനമായ ചില മാറ്റങ്ങള്‍ പ്രാബല്യത്തില്‍. മൂന്ന് ബാങ്കുകളുടെ ചെക്കുകള്‍ അസാധുവാകുന്നതും ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ഇല്ലാതാകുന്നതുള്‍പ്പടെയാണ് ഈ മാറ്റങ്ങള്‍. ഇവ ശ്രദ്ധിച്ച് അതിനനുസരിച്ച് മാറിയില്ലെങ്കില്‍ പണി കിട്ടുമെന്ന് നൂറു ശതമാനം ഉറപ്പാണ്.
സ്ഥിരമായ കാലയളവില്‍ ബില്‍ അടയ്ക്കുന്നതിനും മറ്റും ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോമാറ്റിക് ആയി പണം പിന്‍വലിക്കപ്പെടുന്ന ഓട്ടോ-ഡെബിറ്റ് രീതി ഇന്നുമുതല്‍ ഇല്ലാതാവുകയാണ്. ബില്‍ അടയ്ക്കുന്നതുള്‍പ്പടെയുള്ള ഓരോ മാസത്തെയും ഇടപാടിന് ഉടമയുടെ സമ്മതം ഉണ്ടെങ്കിലേ പറ്റൂ.
തപാല്‍ ബാങ്ക് (ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്) എ ടി എം കാര്‍ഡുകളുടെ സേവനങ്ങള്‍ക്ക് ഇന്നു മുതല്‍ ഫീസ് ഈടാക്കും. പണം പിന്‍വലിക്കല്‍, സൈ്വപ്പിംഗ് യന്ത്രങ്ങള്‍ വഴിയുള്ള ഇടപാടുകള്‍ തുടങ്ങി എല്ലാ സേവനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ഇനിമുതല്‍ മാസത്തില്‍ .അഞ്ചുതവണമാത്രമേ തപാല്‍ ബാങ്ക് എടിഎഎമ്മുകളില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാനാവൂ. തുടര്‍ന്നുള്ള ഒരോ ഇടപാടുകള്‍ക്ക് പത്തുരൂപയും ജി എസ് ടിയും ഈടാക്കും.
മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളില്‍നിന്ന് മെട്രോ നഗരങ്ങളില്‍ മാസത്തില്‍ മൂന്നുതവണയും മറ്റു നഗരങ്ങളില്‍ അഞ്ചുതവണയും സൗജന്യമായി പണം പിന്‍വലിക്കാം. തുടര്‍ന്നുള്ള ഇടപാടുകള്‍ക്ക് 20 രൂപയും ജിഎസ് ടിയും ഈടാക്കും. ധനപരമല്ലാത്ത ഇടപാടുകള്‍ക്കാണെങ്കില്‍ 8 രൂപയും ജിഎസ് ടിയും നല്‍കേണ്ടി വരും.കാര്‍ഡുകളുടെ വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ് 125 രൂപയും ജിഎസ് ടിയും ഇന്നുമുതല്‍ ഈടാക്കും. അക്കൗണ്ടില്‍ പണമില്ലാത്തതുമൂലം പണം ലഭിക്കാതിരിക്കുന്നതടക്കമുള്ളവയ്ക്ക് പിഴയായി 20 രൂപയാണ് ഈടാക്കുന്നത്.
യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഒഫ് കൊമേഴ്സ്, അലഹാബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും എം ഐ സി ആര് കോഡുകളും ഇന്നുമുതല്‍ അസാധുവാണ്. ഈ ബാങ്കുകള്‍ മറ്റു ബാങ്കുകളുമായി ലയിപ്പിച്ചതിനാലാണിത്. ഏത് ബാങ്ക് ശാഖയിലേക്കാണോ അക്കൗണ്ടുകള്‍ ലയിപ്പിച്ചത് അവിടെനിന്നുള്ള ചെക്ക് ബുക്കാണ് ഇനിമുതല്‍ ഉപയോഗിക്കേണ്ടത്.
ഭക്ഷ്യ വ്യാപാരികള്‍ നല്കുന്ന ബില്ലുകളില്‍ ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റി നല്കുന്ന ഭക്ഷ്യസുരക്ഷാ നമ്പര്‍ ഇന്നു മുതല്‍ നിര്‍ബന്ധമാണ്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, തട്ടുകടകള്‍ തുടങ്ങി എല്ലാ ഭക്ഷണശാലകളും ബേക്കറി, മിഠായി വില്പന, പലചരക്ക് സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ റീട്ടെയ്ല്‍ സ്ഥാപനങ്ങളിലും ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ ബോര്‍ഡ് നിര്‍ബന്ധമാക്കി. ഇത് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ സ്ഥാപിക്കുകയും വേണം.