സെന്‍സെക്സ് 254.33 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകള്‍ രണ്ടാം ദിവസവും വിപണിയെ ദുര്‍ബലമാക്കി. സെന്‍സെക്സ് 254.33 പോയന്റ് നഷ്ടത്തില്‍ 59,413.27ലും നിഫ്റ്റി 37.30 പോയന്റ് താഴ്ന്ന് 17,711.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്സ് ഒരുവേള 400ലേറെ പോയന്റ് നഷ്ടം നേരിട്ടെങ്കിലും മെറ്റല്‍, പൊതുമേഖല ബാങ്ക്, ഫാര്‍മ ഓഹരികളുടെ നേട്ടം സൂചികകളെ കൂടുതല്‍ നഷ്ടത്തില്‍ നിന്ന് കാത്തു. എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രടെക് സിമെന്റ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടം നേരിട്ടത്.
എന്‍ടിപിസി, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഐഒസി, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, സിപ്ല, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചികകളില്‍ മെറ്റല്‍, പവര്‍, ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ 1-3.5ശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ്, എഫ്എംസിജി ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ശരാശരി 0.5ശതമാനത്തോളം ഉയരുകയും ചെയ്തു.