വിലക്കയറ്റം താഴേക്ക്: പണലഭ്യതയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാന്‍ റിസര്‍വ് ബാങ്ക്
ഓഗസ്റ്റിലെ പണപ്പെരുപ്പം നേരിയതോതില്‍ കുറഞ്ഞത് റിസര്‍വ് ബാങ്കിന് ആശ്വാസമായി. ഉയര്‍ന്ന പരിധിയായ ആറുശതമാനത്തിന് തൊട്ടുതാഴെയാണെങ്കിലും തുടര്‍ച്ചയായ മാസങ്ങളില്‍ വിലക്കയറ്റതോത് കുറയുകയാണ്.സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം ഓഗസ്റ്റിലെ ഉപഭോക്തൃ വിലസൂചിക 5.3ശതമാനമായാണ് കുറഞ്ഞത്.ജൂലായില്‍ 5.59ശതമാനവും ജൂണില്‍ 6.29ശതമാനവുമായിരുന്നു വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്.
തുടര്‍ച്ചയായ മാസങ്ങളിലെ വര്‍ധന കണക്കിലെടുത്ത് കഴിഞ്ഞ തവണത്തെ പണപ്പെരുപ്പ അനുമാനം 5.1ശതമാനത്തില്‍നിന്ന് ശരാശരി 5.7ശതമാനമായി ആര്‍ബിഐ ഉയര്‍ത്തിയിരുന്നു. പണലഭ്യതയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാനാകും റിസര്‍വ് ബാങ്കിന്റെ അടുത്തശ്രമം.സമ്പദ്ഘടന ഉണര്‍വിന്റെ പാതയിലായതിനാല്‍ ഒക്ടോബറില്‍ നടക്കുന്ന അടുത്ത വായ്പാനയ അവലോകനത്തില്‍ നിലവിലെ നിരക്കുതന്നെ തുടരാന്‍ ഇത് ആര്‍ബിഐക്ക് സഹായകരമാകും.
കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തികാഘാതത്തെ അതിജീവിക്കാന്‍ തുടര്‍ച്ചയായി ഏഴാമത്തെ തവണയും നിരക്കുകളില്‍ മാറ്റംവരുത്തില്ലെന്നാണ് വിപണിയില്‍നിന്നുള്ള സൂചന. നടപ്പ് സാമ്പത്തികവര്‍ഷം രാജ്യം 9.5ശതമാനം വളര്‍ച്ചനേടുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.