ആദായനികുതി പോര്‍ട്ടല്‍ തകരാര്‍ പരിഹരിച്ചെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പുതിയ ആദായനികുതി പോര്‍ട്ടലിന്റെ സാങ്കേതികപ്പിഴവുകള്‍ പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി സെപ്റ്റംബര്‍ 30ല്‍നിന്ന് ഡിസംബര്‍ 31ലേക്ക് നീട്ടി. സെപ്റ്റംബര്‍ ഏഴുവരെയുള്ള കണക്കു പ്രകാരം 8.83 കോടി നികുതിദായകര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദര്‍ശകരുണ്ട്. പ്രതിദിന റിട്ടേണ്‍ സമര്‍പ്പണം 3.2 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ ഏഴിനാണ് പുതിയ www.incometax.gov.in പോര്‍ട്ടല്‍ അവതരിപ്പിച്ചത്.
പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഫോസിസില്‍ എഴുനൂറിലേറെ പേര്‍ ഈ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 164 കോടി രൂപ ചെലവിട്ട് തയ്യാറാക്കിയ പുതിയ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം തുടക്കത്തില്‍ ആകെ താറുമാറായതിനെത്തുടര്‍ന്ന് ഇന്‍ഫോസിസിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. സി.ഇ.ഒ. സലില്‍ പരേഖിനെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കടുത്ത അതൃപ്തിയും ആശങ്കയുമറിയിക്കുകയും ചെയ്തു.
കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ജൂലായ് 31-ല്‍നിന്ന് സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. പോര്‍ട്ടലിലെ തകരാറിനെത്തുടര്‍ന്ന് ഭൂരിഭാഗത്തിനും റിട്ടേണ്‍ സമര്‍പ്പിക്കാനാവാത്ത സാഹചര്യത്തില്‍ തീയതി നീട്ടാന്‍ സാധ്യതയുണ്ടെന്ന് ധനമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.