ബിസിനസ് ആശയങ്ങള്‍ക്ക് സാധ്യതകള്‍ നല്‍കി ക്ലബ് ഹൗസ് ചര്‍ച്ചകള്‍
സമൂഹ മാധ്യമങ്ങളിലെ പുതിയ തരംഗമായി മാറിയിരിക്കുകയാണ് ക്ലബ്ബ് ഹൗസ്. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ആപ്പിന് ആളുകളെ നേരിട്ട് കണ്ടു സംവദിക്കുന്ന പ്രതീതിയാണുള്ളത്. അതുകൊണ്ട് തന്നെ വളരെ വേഗത്തില്‍ ജനമനസ്സുകളെ കീഴടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പകലും രാത്രിയും, കഥകളും, ചര്‍ച്ചകളും, പാട്ടുകളും, മത്സരങ്ങളുമായി ഓരോ മലയാളിയും ക്ലബ്ബ് ഹൗസ് ആഘോഷിക്കുകയാണ്. മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോം പോലെ ഇതിനെയും കാണാമെങ്കിലും, ഇതിന്റെ ബിസിനസ് സാധ്യതകള്‍ ആണ് ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത്. നിരവധി മേഖലയിലുള്ള ആളുകള്‍ പങ്കെടുക്കുന്ന പ്ലാറ്റ്‌ഫോം ആയതിനാല്‍ തന്നെ ബിസിനസ് സംരംഭകര്‍ക്ക് സാധ്യതയോറെ നല്‍കുന്ന ആപ്പാണിത്.
തുടക്കത്തില്‍ ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ മാത്രം ലഭ്യമായിരുന്ന ക്ലബ് ഹൗസ് പിന്നീട് കൂടുതല്‍ ആളുകളും ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡിലേക്ക് മാറി. ഉയര്‍ന്ന പ്ലാറ്റ്‌ഫോമില്‍ നിന്നും സാധാരണ പ്ലാറ്റ്‌ഫോമിലേക്ക് മാറിയത് അതിനെ കൂടുതല്‍ ആളുകളില്‍ എത്തിക്കുന്നതിന് കാരണമായി. അതോടെ ചെറുതും വലുതുമായ എല്ലാ വിഭാഗം സംരംഭകര്‍ക്കും അവരുടെ ബിസിനസ് ആശയങ്ങള്‍ അവതരിപ്പിക്കാനും നിക്ഷേപകരെ കണ്ടെത്താനും ക്‌ളബ്ബ് ഹൗസ് സൗകര്യമൊരുക്കി.
ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം എന്ത് ആവശ്യമാണ് അദ്ദേഹത്തിന് ഉള്ളത് എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് തന്റെ നെറ്റവര്‍ക്ക് ഉണ്ടാക്കിയെടുക്കേണ്ടത്. ഉദാഹരണത്തിന് ഒരാള്‍ക്ക് ഇന്‍വെസ്റ്റര്‍ ആണ് വേണ്ടതെങ്കില്‍ അത്തരത്തിലുള്ള ബിസിനസ്സ് സൗഹൃദങ്ങള്‍ കണ്ടെത്താന്‍ ക്‌ളബ് ഹൗസില്‍ സാധിക്കും. തങ്ങളുടെ ഓഫീസ് സ്റ്റാഫ്, അസ്സോസിയേറ്റ്‌സ്, ഡീലേഴ്സ്സ് എന്നിവരുമായി ലോകത്തിന്റെ ഏത് കോണില്‍ ഇരുന്നും ചര്‍ച്ചകള്‍ നടത്താന്‍ കഴിയുന്നൊരു പ്ലാറ്റ്‌ഫോം ആണ് ക്ലബ്ഹൗസ്. ബിസിനസ്സ് രംഗത്തെ ഓരോ ദിവസത്തെയും മാറ്റങ്ങള്‍ ചര്‍ച്ച് ചെയ്യാനും, പുതിയ ആശയങ്ങള്‍ കണ്ടെത്താനും ഈ പ്ലാറ്റ്ഫോം ഏറെ ഗുണം ചെയ്യും. സ്വകാര്യത സൂക്ഷിക്കുന്ന റൂമുകളില്‍ ചര്‍ച്ച നടത്താനും ഇതില്‍ സാധ്യമാണ്.
യുട്യൂബ് പോലുള്ള മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി സെലിബ്രെറ്റികളോട് സംവദിക്കാനും ക്ലബ് ഹൗസ് അവസരമൊരുക്കുന്നുണ്ട്. മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോം പെലെ ഒരാളെ അറിയണമെങ്കില്‍ അവരുടെ പോസ്റ്റുകളും, എബൗട്ട് മീയും നോക്കുന്നപോലെ ഇതില്‍ പറ്റില്ല. ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ ആധികാരികമായി സംസാരിക്കാന്‍ ശ്രദ്ധിക്കുക. വളരെ ശ്രദ്ധിച്ച് പറയാനുള്ളത് വ്യക്തമായി പറയുക. കാരണം ഇതൊരു ഓഡിയോ പ്ലാറ്റ്‌ഫോം അയതിനാലും, ലൈവ് ചര്‍ച്ചകള്‍ നടക്കുന്നതിനാലും ഇവിടെ നമ്മള്‍ പറയുന്നത് ശ്രദ്ധിക്കുകയും തെറ്റായാല്‍ വിമര്‍ശനങ്ങല്‍ നേരിടേണ്ടിയും വരും. അത് സംരംഭകനെയും ഉല്പന്ന മൂല്യത്തെയും ബാധിക്കാം.
വില്പന നടത്താനുള്ള പ്ലാറ്റ്‌ഫോം എന്നതിനപ്പുറം നമ്മുടെ ഉല്പന്നത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ക്ലബ് ഹൗസ് ചര്‍ച്ചകള്‍ക്കൊണ്ട് നമ്മള്‍ ലക്ഷ്യം വയ്‌ക്കേണ്ടത്. അതിനാല്‍ താത്പര്യമുള്ള ആളുകളെ ക്ഷണിക്കുക, ചര്‍ച്ചകള്‍ നടത്തുക. ഒരു സംരംഭകന് തന്റെ ഉല്പന്നത്തെക്കുറിച്ച് നന്നായി സംസാരിക്കാന്‍ കഴിയണം. അത് പരിശീലിക്കണം. അത് ക്ലബ് ഹൗസില്‍ കൂടുതല്‍ അവസരങ്ങള്‍ നേടിത്തരും. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുക, ആശയങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുക. അതിനൊരു നല്ല മാര്‍ഗ്ഗം തന്നെയാണ് ക്ലബ് ഹൗസ് ചര്‍ച്ചകളും കൂട്ടായ്മകളും. അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന സംരംഭകന്റെ ജോലി ക്ലബ്ഹൗസുകള്‍ വളരെ ലളിതമാക്കുന്ന കാലഘട്ടമാണ് മുന്നിലുള്ളത്. അതിനൊപ്പം ചിറക് വിടര്‍ത്തി പറക്കുക.