ഇന്റര്‍നെറ്റ് മര്‍ച്ചന്റ് സര്‍ച്ച് കമ്പനിയായ ജസ്റ്റ് ഡയലിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
പ്രമുഖ ഇന്റര്‍നെറ്റ് മര്‍ച്ചന്റ് സര്‍ച്ച് സ്ഥാപനമായ ജസ്റ്റ് ഡയലിനെ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തേക്കും. 6.600 കോടി രൂപയ്ക്കായിരിക്കും റിലയന്‍സ് ജസ്റ്റ് ഡയലിനെ വാങ്ങിക്കുക എന്നാണ് പ്രാഥമിക വിവരങ്ങള്‍. ഫ്യൂച്ചര്‍ റീട്ടെയിലുമായുള്ള കരാര്‍ പാതിവഴിയില്‍ അനിശ്ചിതത്വത്തിലായതിനുപിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മറ്റൊരു ഏറ്റെടുക്കലിനൊരുങ്ങുന്നത്.. ജൂലൈ 16-ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കമ്പനികളുടെ ഭാഗത്തു നിന്നും ഉണ്ടായേക്കും.
ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയില്‍ മുന്‍ നിരയിലുള്ള കമ്പനിയാണ് ജസ്റ്റ് ഡയല്‍. രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ ഡാറ്റബെയ്സ് സ്വന്തമാക്കി റീട്ടെയില്‍ ബിസനസില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് റിലയന്‍സിന്റെ ലക്ഷ്യം. പ്രാദേശികതലത്തില്‍ പ്രവര്‍ത്തനംവ്യാപിപ്പിക്കാന്‍ ഇതിലുടെ കഴിയുമെന്നാണ് റിലയന്‍സിന്റെ കണക്കുകൂട്ടല്‍.
മാനേജിംഗ് ഡയറക്ടര്‍ വിഎസ്എസ് മണിയും കുടുംബവുമാണ് കമ്പനിയുടെ 35.5 ശതമാനം ഓഹരികളുടെയും ഉടമകള്‍ ഇതിന്റെ മൊത്ത മൂല്യം 2,387.9 കോടി രൂപയാണ്. റിലയന്‍സ് ഏറ്റെടുക്കുകയാണെങ്കില്‍ കമ്പനിയുടെ 60 ശതമാനത്തിന് ഓഹരികളും റിലയിന്‍സിന്റെ കീഴിലാകും. കഴിഞ്ഞ ഏപ്രില്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു കമ്പനികള്‍ക്കുമിടയില്‍ സജീവമായിരുന്നു.
ജസ്റ്റ് ഡയലിന്റെ ലോക്കല്‍ നെറ്റുവര്‍ക്കുകള്‍ റിലയന്‍സിന്റെ റീട്ടെയില്‍ മേഖലയില്‍ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വില്‍പ്പന സംബന്ധിച്ച കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനായി ജൂലൈ 16ന് ജസ്റ്റ് ഡയല്‍ ബോര്‍ഡ് യോഗം ചേരും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.