എ.ഡി.ഐ.എഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സിജോ കുരുവിള ജോര്‍ജ് ചുമതലയേറ്റു
സ്റ്റാര്‍ട് അപ് സംരഭകരുടെ സംഘടനയായ എ.ഡി.ഐ.എഫിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായി സിജോ കുരുവിള ജോര്‍ജ് ചുമതലയേറ്റു. ആറുമാസം മുമ്പ് രൂപീകരിച്ച ഈ സംഘടനയില്‍ ഒരു ബില്യണും അതിനടുത്തും വിറ്റുവരവുള്ള സ്റ്റാര്‍ട് അപ് കമ്പനികള്‍ അംഗങ്ങളാണ്.
സ്റ്റാര്‍ട് അപ് വില്ലേജ് സ്ഥാപക സി.ഇ.ഒയും റീതിങ്ക് ഫൗണ്ടേഷന് സ്ഥാപകനുമാണ് സിജോ കുരുവിള. രാജ്യത്തെ സ്റ്റാര്‍ട് അപ് ഇക്കോ സിസ്റ്റത്തെ ലോകത്തെ മികച്ച മൂന്ന് സ്റ്റാര്‍ട് അപ് ഇക്കോ സിസ്റ്റത്തില്‍ ഒന്നാക്കി മാറ്റുക എന്നതാണ് സിജോയ്ക്ക് മുന്നിലുള്ള പ്രധാന ദൗത്യം.
സ്റ്റാര്‍ട് അപ് മേഖലയിലെ പ്രമുഖരുടെയും യൂണികോണ്‍, സൂണികോണ്‍ കമ്പനി സ്ഥാപകരുടെയും അഭിപ്രായങ്ങള്‍ തേടി, അവരുടെ കാഴ്ചപ്പാടുകള്‍ കോര്‍ത്തിണക്കി ഭാവിയിലേക്കുള്ള ഒരു സംയുക്ത റോഡ്മാപ്പ് രൂപപ്പെടുത്തുകയാണ് ആദ്യലക്ഷ്യമെന്ന് ചുമതലയേറ്റ ശേഷം സിജോ കുരുവിള പറഞ്ഞു.
സ്റ്റാര്‍ട് അപ് നയരൂപീകരണത്തില്‍ സര്‍ക്കാരിനെ സഹായിക്കുക വഴി എഡിഐഎഫിനെ സ്റ്റാര്‍ട് അപ് ഇന്‍ഡസ്ട്രിക്കും സര്‍ക്കാരിനുമിടയിലുള്ള ചാലകശക്തിയാകുകയാണ് മറ്റൊരു ലക്ഷ്യം. സാങ്കേതിക രംഗം സംബന്ധിച്ച സര്‍ക്കാരിന്റെ നയങ്ങള്‍, കോടതി വിധികള്‍ എന്നിവയെക്കുറിച്ച് സ്റ്റാര്‍ട് അപ് കമ്പനികളെ ബോധവത്കരിക്കുകയും അവരുടെ ആശങ്കകള്‍ നിയമമുഖത്ത് എത്തിക്കുകയും ചെയ്യുക എന്നതും എഡിഐഎഫിന്റെ ദൗത്യമാണെന്ന് സിജോ കുരുവിള വ്യക്തമാക്കി.