ആരോഗ്യ മേഖലയ്ക്ക് ഒരു വരദാനമായി റോയല്‍ ഹെല്‍ത്ത് കെയര്‍
സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബിപിന്‍ ദാസ് ഒരു മെഡിക്കല്‍ ഉപകരണ നിര്‍മാണ കമ്പനിയില്‍ സപ്ലൈയിങ് വിഭാഗത്തില്‍ ജോലിക്ക് കയറുന്നത്. പിന്നീട് വെന്റിലേറ്റര്‍, സെമി വെന്റിലേറ്റര്‍, ഓക്സിജന്‍ മെഷീന് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംബന്ധിത യന്ത്രങ്ങള്‍ നിര്‍മിക്കുന്ന ഫിലിപ്പ്സില്‍ ബിപിന്‍ ജോലി ലഭിക്കുകയും മെഷീനുകളുടെ സര്‍വീസിങിനെ കുറിച്ച് ആഴത്തില്‍ പഠിക്കാനും പരിശീലനവും നേടാനും കഴിഞ്ഞു. അവിടെ നിന്ന് ബിപിന്‍ ദാസ് മെഷീനുകളുടെ ഓര്‍ഡറെടുക്കുകയും മാര്‍ക്കറ്റിങ് മേഖലയില്‍ സജീവമാവുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹത്തിന് പ്രസ്തുത മേഖലയില്‍ ആത്മവിശ്വാസം കൈവരിക്കാന്‍ കഴിഞ്ഞതും മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോയല്‍ ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ സ്വന്തം കമ്പനി ആരംഭിക്കാന്‍ സാധിച്ചതും.
പ്ലസ് ടുവിന് ബയോളജിയെടുത്ത് പഠിച്ചു അതുവഴി മെഡിക്കല്‍ മേഖലയിലേക്ക് ചേക്കേറാനായിരുന്നു ബിപിന്റെ ആഗ്രഹം. പക്ഷേ, അന്നത്തെ സാഹചര്യം ആ സ്വപ്നത്തിന് ഉതകുന്നതായിരുന്നില്ല. ആ മെഡിക്കല്‍ മോഹമാണ് വര്‍ഷങ്ങള്‍ക്കു ശേഷം റോയല്‍ ഹെല്‍ത്ത് കെയറായി പരിണമിച്ചത്. മെഡിക്കല്‍ സംബന്ധിത ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വര്‍ഷങ്ങളുടെ അനുഭവസമ്പത്തും സല്‍പ്പേരും സാമ്പത്തിക അടിത്തറയുമുള്ള കമ്പനികളോടൊപ്പം ബിസിനസ്സ് ലോകത്ത് മല്ലിടേണ്ടിവരുന്നത് റോയല്‍ ഹെല്‍ത്ത് കെയറിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. ചിന്താതലത്തിനും അപ്പുറം വളര്‍ച്ചയും വേരിറക്കവുമുള്ള അവരായിരുന്നു എല്ലായിടത്തെയും മുഖ്യ ഡീലര്‍മാര്‍. അതുകൊണ്ടുതന്നെ ആ കൊടുങ്കാറ്റില്‍ കമ്പനി ആടിയുലയുമോ എന്ന ഒരു ഭയം ബിപിന്‍ ദാസിന് ഉണ്ടായിരുന്നു. പക്ഷേ, ആത്മാര്‍ത്ഥതയും കഠിനാധ്വാനവും റോയല്‍ ഹെല്‍ത്ത് കെയറിന്റെ ഭാവിയെ സുരക്ഷിതമാക്കി.
പല രോഗികള്‍ക്കും താമസിക്കുന്ന വീട്ടില്‍ തന്നെ ഓക്സിജന്‍ മെഷീനിന്റെ അത്യാവശ്യം ഉണ്ടാകാറുണ്ട്. അവരില്‍ സമ്പന്നരും ദരിദ്രരും ഉള്‍പ്പെടും. കീശയുടെ കനം നോക്കിയല്ലല്ലോ രോഗം വരുന്നത്. റോയല്‍ ഹെല്‍ത്ത് കെയര്‍ അവരില്‍ ദരിദ്രരെ കഴിയുന്നതുപോലെ സഹായിക്കാറുണ്ട്. പാവപ്പെട്ടവരുടെ വീടുകളില്‍ നേരിട്ടെത്തി വൈദ്യസഹായം നല്കാന് സജ്ജമായ ഡോക്ടര്‍മാരും നേഴ്സുമാരുമൊക്കെ ഉള്‍പ്പെട്ട ഒരു മെഡിക്കല്‍ ടീം (ഹോം ക്ലിനിക്ക്) കൂടി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കണം എന്നതാണ് റോയല്‍ ഹെല്‍ത്ത് കെയറിന്റെ സ്വപ്നം.
തന്റെ തൊഴില്‍പരമായ സമ്മര്‍ദങ്ങള്‍ പരിഹരിച്ചു കുടുംബപരമായും ഔദ്യോഗികപരമായും എല്ലാ പിന്തുണയും നല്കി, പ്രവര്‍ത്തനങ്ങള്‍ക്കു താങ്ങും തണലുമാകുന്ന ഭാര്യ പ്രവീണയാണ് തന്റെ നേട്ടങ്ങള്‍ക്കെല്ലാം കാരണമെന്നു ബിപിന്‍ വിലയിരുത്തുന്നു. ആരോഗ്യ രംഗത്ത് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ബിപിനും അദ്ദേഹത്തിന്റെ റോയല്‍ ഹെല്‍ത്ത് കെയറിനും കഴിയും. ന്യായമായ വിലയില്‍, ഉയര്‍ന്ന ഗുണമേന്മ ഉറപ്പാക്കുന്ന സേവനം സ്ഥാപനത്തെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുമെന്നതില്‍ സംശയമില്ല.