പിഞ്ചോമനകള്‍ക്ക് അരുമയായി സുമിക്സ്
മാതൃത്വം ഏറ്റവും മഹനീയവും ആസ്വാദ്യകരവുമായ ഒരു അവസ്ഥയാണ്. പത്ത് മാസം വയറ്റില്‍ ചുമന്ന്, ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ചാണ് ഓരോ മാതാവും കുഞ്ഞിനു ജന്മം നല്‍കുന്നത്. അന്നു മുതല്‍, മറ്റ് ഉത്തരവാദിത്വങ്ങളെക്കാള്‍ ആ മാതാവിന് ഏറ്റവും വലുത് കുഞ്ഞിനോടുള്ള ഉത്തരവാദിത്വം തന്നെയാണ്.
കുഞ്ഞുങ്ങള്‍ വളര്‍ച്ചയുടെ ഓരോ ഘട്ടം പിന്നിടുന്നതും നാം കൗതുകത്തോടെയും ആഹ്ലാദത്തോടെയുമാണ് നാം വീക്ഷിക്കുന്നത്. കുഞ്ഞുങ്ങളെ സംബന്ധിച്ച ഓരോ കാര്യത്തിനും നാം വലിയ കരുതലാണ് നല്‍കുക. അതിനാല്‍ത്തന്നെ, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളെ കുറിച്ചും വലിയ ആശങ്കയാണ് നമുക്കുള്ളത്. ഭംഗിയ്ക്കൊപ്പം സുരക്ഷിതത്വത്തിനും നാം മുന്‍കൈ കൊടുക്കുന്നുണ്ട്. രക്ഷാകര്‍ത്താക്കളുടെ അത്തരം ആശങ്ക പരിഹരിക്കുന്ന രീതിയിലുള്ള ‘സുമിക്സ്’ എന്ന ഒരു മികച്ച ബ്രാന്‍ഡിനെ നമുക്ക് പരിചയപ്പെടാം.
ഇന്നു കാണുന്ന കുട്ടികളുടെ ബ്രാന്‍ഡുകള്‍ ആരംഭിക്കുന്നതിനൊക്കെ വളരെക്കാലം മുന്‍പ് ഒരു ചെറിയ സ്ഥാപനവും അതില്‍ 2 ജീവനക്കാരും നാല് മെഷിണറികളുമായി 2004 ഏപ്രിലില്‍ രണ്ടു ലക്ഷത്തോളം രൂപ മുതല്‍മുടക്കില്‍ ബീന എന്ന മഞ്ചേരി സ്വദേശിനി ആരംഭിച്ചതാണ് ഈ സംരംഭം. തുടര്‍ന്നു 2005 മുതല്‍ സുമിക്സ് എന്നത് ഒരു ബ്രാന്‍ഡായി മാറുകയായിരുന്നു. ഇന്ന്, ഏറ്റവും മികച്ച കുട്ടികളുടെ ബ്രാന്‍ഡ് എന്ന പ്രശസ്തി നേടി നില്‍ക്കുകയാണ് സുമിക്സ്.
ഒരു വീട്ടമ്മ കൂടിയായ ബീന സംരംഭക ലോകത്തേയ്ക്ക് ചുവടു വച്ചത് ഒരുപാട് വെല്ലുവിളികള്‍ നേരിട്ടു കൊണ്ടാണ്. വ്യവസായത്തില്‍ മുന്‍പരിചയം നന്നേ കുറവായിരുന്നുവെങ്കിലും അവര്‍ പിന്തിരിയുവാന് തയ്യാറായിരുന്നില്ല. അങ്ങനെ, തന്റെ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളെ കുറിച്ച് ആകുലതയുണ്ടായിരുന്ന രണ്ടു കുട്ടികളുടെ അമ്മയായ ബീന എന്തു കൊണ്ടു തനിക്കു കുട്ടി ഉടുപ്പുകള്‍ നിര്‍മിക്കുന്ന ഒരു സംരംഭം ആരംഭിച്ചുകൂടാ എന്നു ചിന്തിച്ചത്. ഈ ആശയത്തെ ഭര്‍ത്താവും വീട്ടുകാരും തുണച്ചപ്പോള്‍ ബീനയുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിക്കുകയും അങ്ങനെ സുമിക്സ് എന്ന ഒരു ബ്രാന്‍ഡ് ഉടലെടുക്കുകയും ചെയ്തു.
സുമിക്സ് ശ്രദ്ധ ചെലുത്തിയിരുന്നത് നവജാത ശിശുക്കള്‍ മുതല്‍ രണ്ട് വയസ് വരെയുള്ള കുട്ടികളുടെ ഉടുപ്പുകളിലായിരുന്നു. അതുകൊണ്ടു തന്നെ ഗുണനിലവാരത്തിലും ഉപയോഗിക്കുന്ന ഉത്പന്നങ്ങളിലും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. ഈ ഒരു കരുതലും ശ്രദ്ധയുമാണ് സുമിക്സിനെ വിപണിയിലെ മികച്ച ബ്രാന്‍ഡാക്കി മാറ്റാന്‍ സഹായിച്ചത്. അതിനോടൊപ്പം തന്റെ കൂടെ ഏതു പ്രതിസന്ധികളിലും ഒരുമിച്ചു നില്ക്കുന്ന ജീവനക്കാരെ കൂടി കിട്ടിയപ്പോള്‍ സുമിക്സിനു കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാന്‍ സഹായമായി.
തുണിത്തരങ്ങള്‍ക്കു പ്രശസ്തമായ അഹമ്മദാബാദ്, തിരുപ്പൂര്‍ എന്നീ നഗരങ്ങളിലൂടെയുള്ള നിരന്തര യാത്രകള്‍ പിന്നീടുള്ള സുമിക്സിന്റെ വളര്‍ച്ചയ്ക്കു ഒരുപാട് സഹായമായി. സുമിക്സ് അധികവും ശ്രദ്ധ ചെലുത്തിയിരുന്നത് കോട്ടണ്‍ വസ്ത്രങ്ങളിലായിരുന്നു. അതും ഏറ്റവും ഗുണനിലവാരം കൂടിയ കോമ്പട് കോട്ടണ്‍ നൂലുപയോഗിച്ചായിരുന്നു വസ്ത്ര നിര്‍മ്മാണം.
ആദ്യകാലത്ത് ഏറ്റവും വെല്ലുവിളി നേരിട്ടത് വസ്ത്രങ്ങളിലെ കളറിങ് (Dying) ചെയ്യലായിരുന്നു. ഒരുപാട് കഷ്ടതകള്‍ക്കൊടുവില്‍ ഗുജറാത്തിലെ ഒരു പ്രശസ്ത കമ്പനിയുമായി ചേര്‍ന്ന് കളറിങിന് വേണ്ട Dyes കളറിങ് കമ്പനികള്‍ക്കു ലഭ്യമാക്കി. അതുകൊണ്ടു തന്നെ സുമിക്സിന്റെ പ്രൊഡക്ടുകള്‍ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കുട്ടികളുടെ ശരീരത്തെ ബാധിക്കാതിരിക്കാന്‍ എല്ലാ ശ്രദ്ധയും കൊടുക്കുന്നു. അതു തന്നെയാണ് സുമിക്സിന്റെ ക്വാളിറ്റി പോളിസി.
ഇന്ന് സുമിക്സിന് ISO Certification, S.A 8000, Sedexo , International എന്നീ Certification എല്ലാം ലഭ്യമായി. ഇതെല്ലാം സാധ്യമായത് മികച്ച ജീവനക്കാരുടെ പിന്തുണയും ബീനയുടെ ആത്മവിശ്വാസവും നേതൃത്വപാടവവും കൊണ്ടാണ്. അതുപോലെതന്നെ നിരവധി അംഗീകാരങ്ങളാണ് സുമിക്സിനെ തേടിയെത്തിയിട്ടുള്ളത്. 2011 -ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംരംഭകര്‍ക്കുള്ള എം എസ് എം ഇ അവാര്‍ഡ്, 2015- ല്‍ ദേശീയതലത്തില്‍ മികച്ച സംരംഭകയ്ക്കുള്ള കാനറ ബാങ്കിന്റെ അവാര്‍ഡ്, കൈരളി ചാനലിന്റെ അവാര്‍ഡ് ഇങ്ങനെ പോകുന്നു പുരസ്കാരങ്ങളുടെ നിര…
ഇനി, സുമിക്സിന്റെ 2021 ലെ ലക്ഷ്യം FMCG & ഡയപ്പര്‍ ഉത്പാദനവും വിപണനവുമാണ്. അതിന്റെയെല്ലാം ആരംഭ പ്രവര്‍ത്തനങ്ങളും പൂര്‍വാധികം ശ്രദ്ധയോടെ നടന്നുകൊണ്ടിരിക്കുന്നു. ഇവ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തിക്കുവാനുള്ള പരിശ്രമത്തിലാണ് ബീന ഇപ്പോള്‍. അതിനൊപ്പം അമ്മമാര്‍ക്കായി ഒരു കരുതല്‍ ഉത്പന്നം തയ്യാറാക്കുന്ന തിരക്കിലാണ് സുമിക്സിന്റെ ഡിസൈനിങ് ടീം. ഇതൊരു ‘സര്‍പ്രൈസിങ്’ ആയി നിലനിര്‍ത്തിക്കൊണ്ട് ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ ബീന മുന്നോട്ടു പോകുകയാണ്.
ഒരു വീട്ടമ്മയില്‍ നിന്ന് വളരെ വേഗത്തിലായിരുന്നു ബീനയുടെ സംരംഭക ലോകത്തിലേക്കുള്ള ഉയര്‍ച്ച. എപ്പോഴും മുന്നേറുവാനുള്ള ആഗ്രഹം തന്നെയാണ് തന്റെ വിധി മാറ്റി എഴുതാന്‍ ബീന എന്ന വ്യക്തിത്വത്തിന് താങ്ങായത്. തന്റെ ബ്രാന്‍ഡിനെ കൂടുതല്‍ മികവോടെ ദേശീയ-അന്തര്‍ദേശീയ വിപണികളിലേക്ക് വ്യാപിപ്പിച്ചു വിജയം കൈവരിക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണ് ഈ വനിതാ സംരംഭക.