ഗൗതം യോഗീശ്വര്‍
(ഡെപ്യൂട്ടി ഡയറക്ടര്‍, വ്യവസായ വകുപ്പ്)
കോവിഡ് 19 ലോകത്തെമ്പാടും ദുരിതം വിതച്ചിരിക്കുകയാണ്. ആരോഗ്യ മേഖലയെ മാത്രമല്ല, വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളെയും തകര്‍ത്തു. ഒരു ഭാഗത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ തന്നെ മറുഭാഗത്ത് ഒത്തിരി അവസരങ്ങളും കോവിഡ് 19 തുറന്നു തന്നിട്ടുണ്ട്.
കോവിഡ് 19 സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച പ്രധാന പ്രശ്‌നം പണമൊഴുക്ക് അഥവാ ക്യാഷ് ഫ്‌ളോ തടസ്സപ്പെടുത്തി എന്നുള്ളതാണ്. ജനങ്ങള്‍ക്കു സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയും ബിസിനസ് മന്ദീഭവിക്കുകയും ചെയ്തപ്പോള്‍ കിട്ടാനുള്ള പണം കിട്ടാതാവുകയും കൊടുക്കാനുള്ളത് കൊടുക്കാനാകാതെ വരികയും ചെയ്തു. വിപണിയിലെ പണത്തിന്റെ ഒഴുക്ക് തടസ്സപ്പെടാന്‍ ഇത് കാരണമായി. അത് പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒട്ടേറെ സ്‌കീമുകള്‍ ആവിഷ്‌കരിച്ചിട്ടുമുണ്ട്.
ആദ്യം, സംരംഭക സാധ്യതകളെകുറിച്ച് പറയാം. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണ് എന്ന കാര്യം ഏവര്‍ക്കുമറിയാം. വൈറസിന്റെ ഭീകരതയെ വേണ്ടവിധത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്നതില്‍ ചൈന കാണിച്ച അലംഭാവമാണ് കോവിഡ് 19-നെ ഇത്രയ്ക്ക് ഭയാനകമായ രീതിയില്‍ ലോകമെമ്പാടും വ്യാപിച്ചത്. അതുകൊണ്ടുതന്നെ, ലോകത്തെമ്പാടും ഇപ്പോള്‍ ചൈന വിരുദ്ധ വികാരം നിലനില്ക്കുന്നു. ആ ചൈന വിരുദ്ധ വികാരത്തെ നമുക്ക് അവസരമാക്കാം.
സംരംഭ സാധ്യതകള്‍
അമേരിക്ക, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ജര്‍മനി, ഇന്ത്യ, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് ചൈനയുടെ പ്രധാന വ്യാപാര പങ്കാളികള്‍. ഇതില്‍ അമേരിക്കയിലേയ്ക്കാണ് ചൈന ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഇതിനകം തന്നെ അമേരിക്കയില്‍ ഒരു ലക്ഷത്തി മുപ്പത്തയ്യായിരത്തിലധികം പേര്‍ കൊറോണ ബാധിച്ചു മരിച്ചു. ഇനിയും ഭീഷണി അവസാനിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ, അതിശക്തമായ ചൈന വിരോധം അമേരിക്കയില്‍ നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി അമേരിക്കന്‍ ജനത ഇഷ്ടപ്പെടില്ല. അവിടെയാണ് നമ്മുടെ സാധ്യത.
ചൈനയുടെ ഉത്പന്നങ്ങളോട് കിടപിടിയ്ക്കുന്ന ഗുണനിലവാരത്തോടെയും വിലയോടെയും ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ നിലവില്‍ ഇന്ത്യയ്ക്ക് മാത്രമേ കഴിയൂ. ഇന്ത്യക്ക് നല്ല മാനവശേഷി, വിദ്യാസമ്പന്നരായ യുവജനത, വിഭവങ്ങള്‍ എന്നിവയുണ്ട്. ഇതെല്ലാം ഉപയോഗപ്പെടുത്തി, ചൈനയുടെ പ്രൊഡക്ടുകള്‍ക്ക് തുല്യമായ നിലവാരമുള്ള ഉത്പന്നങ്ങള്‍ നമുക്ക് വില്‍ക്കാന്‍ സാധിച്ചാല്‍ വലിയൊരു വിപണി നമുക്കു തുറന്നു കിട്ടും.
ഇലക്ട്രോണിക് ഉത്പന്നങ്ങളില്‍ പ്രധാനമായി സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ വലിയ മുന്നേറ്റമാണ് ചൈന നടത്തിയിട്ടുള്ളത്. ഷവോമി ഉള്‍പ്പെടെ പ്രധാനപ്പെട്ട പല കമ്പനികളും ചൈനയുടെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ലോകമെമ്പാടും വിറ്റഴിക്കുന്നു. ഇവ വളരെ വിലക്കുറവില്‍ ലഭിക്കുന്നതുകൊണ്ടാണ് ചൈനക്ക് മുന്‍കൈ നേടാന്‍ കഴിഞ്ഞത്. ചൈനീസ് ഉത്പന്നങ്ങളോടു മറ്റു രാജ്യങ്ങള്‍ക്കു താല്പര്യം കുറയുന്ന അവസ്ഥയില്‍, തായ്‌വാന്‍ പോലുള്ള രാജ്യങ്ങളുമായി സഹകരിച്ചു ഇന്ത്യയില്‍ ഇത്തരം ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്താല്‍ ലോകമെമ്പാടും അതിന് സ്വീകാര്യത ലഭിക്കുമെന്നതില്‍ സംശയമില്ല. തായ്‌വാനിലെ PIDA (Photonics Industry & Technology Development Association) നും ഇന്ത്യയിലെ ICEA(India Cellular & Electronics Association) മായി സഹകരണം തുടങ്ങി എന്നത് ശുഭോദര്‍ക്കമായ കാര്യം തന്നെയാണ്.
ഇലക്ട്രിക്കല്‍ മെഷിനറികളും ഉപകരണങ്ങളുമാണ് മറ്റൊരു സാധ്യത. ഇന്ത്യയില്‍ ധാരാളം ചൈനീസ് മെഷിനറികള്‍ ഇറക്കുമതി ചെയ്ത്, ഇന്‍സ്റ്റാള്‍ ചെയ്തു ഉപയോഗിക്കുന്നു. അതിനൊരു ബദല്‍ മാര്‍ഗം ഇവിടെ വികസിപ്പിച്ചെടുത്താല്‍, ആഭ്യന്തര വിപണിയില്‍ മാത്രമല്ല, വിദേശ വിപണിയിലും ധാരാളം സാധ്യതയുണ്ട്.
ധാരാളം അസംസ്‌കൃത വസ്തുക്കളും രാസപദാര്‍ത്ഥങ്ങളും ചൈനയില്‍ നിന്നുമാണ് എത്തുന്നത്. എന്നാല്‍ അതും നമുക്ക് ഇവിടെ നിര്‍മിക്കാവുന്നതേയുള്ളൂ. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എന്നിവയൊക്കെ തന്നെ പ്രധാനമായും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെയെല്ലാം ബദല്‍ ഉത്പന്നങ്ങള്‍ നമുക്ക് ഇവിടെ നിര്‍മ്മിക്കുവാന്‍ സാധിക്കും.
ഒരു ചെറിയ ഉദാഹരണം: സാനിട്ടൈസറില്‍ ഉപയോഗിക്കുന്ന ‘ഡിസ്‌പെന്‍സര്‍ പമ്പ്’ ചൈനയില്‍ നിന്നാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതൊക്കെ വളരെ നിസാരമായി ഒരു പ്ലാസ്റ്റിക് ഇഞ്ചക്ഷന്‍ മോള്‍ഡിങ് മെഷിന്‍ ഉപയോഗിച്ചു ഇവിടെയും നമുക്ക് നിര്‍മിക്കാവുന്നതേയുള്ളു. നമ്മുടെ തദ്ദേശീയമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
ഈയടുത്ത് ചൈനയുമായി നടന്ന യുദ്ധത്തിന്റെയും അതിര്‍ത്തി തര്‍ക്കത്തിന്റെയും പശ്ചാത്തലത്തില്‍ അവരുടെ ധാരാളം പദ്ധതികള്‍ നമ്മള്‍ റദ്ദാക്കി. അവയൊക്കെ, നമുക്ക്തന്നെ ഇന്ത്യയിലുള്ള ഉത്പന്നങ്ങളും സാധനങ്ങളും ഉപയോഗിച്ച് പൂര്‍ത്തീകരിക്കാവുന്നതാണ്. ഇതാണ് കൊവിഡ് 19ന്റെ ഒരു മറുവശം എന്നുപറയുന്നത്.
കയറ്റുമതി ലക്ഷ്യമാക്കാം
വിവിധ ഉത്പന്നങ്ങള്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ ഡിമാന്‍ഡ് ഉണ്ടെന്നറിയുന്നതിന് ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ (FIEO) വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും. www.indiantradeportal.in എന്ന പോര്‍ട്ടലില്‍ പ്രവേശിച്ചാല്‍ ഏതൊക്കെ ഉത്പന്നങ്ങള്‍ ഏതൊക്കെ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യാനാകും എന്നുള്ളതിന്റെ വ്യക്തമായ വിവരം ലഭിക്കും. അതിനനുസരിച്ചു ഒരു എക്‌സ്‌പോര്‍ട്ട് ഓറിയന്റഡ് സ്ട്രാറ്റജി വികസിപ്പിച്ചെടുക്കുന്നതാണ് ഈ സാഹചര്യത്തില്‍ നല്ലത്. അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഈ സമയം വിനിയോഗിക്കുക.
കയറ്റുമതിക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനും അതിനാവശ്യമായ സാങ്കേതിക വിദ്യ, മാനവശേഷി, ഗവേഷണ-വികസന പിന്തുണ എന്നിവ ലഭ്യമാക്കുവാനുമായി ഈ മാന്ദ്യകാലം വിനിയോഗിച്ചാല്‍ കോവിഡാനന്തര വ്യവസായ ലോകം ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കും.
പുതിയ പദ്ധതികള്‍
കേരള സര്‍ക്കാരിന്റെ വ്യവസായ ഭദ്രത എന്ന പദ്ധതിയുടെ ഭാഗമായ പലിശ സബ്‌സിഡി പദ്ധതിയാണിത്. പുതിയതോ അധികയായി എടുക്കുന്നതോ ആയ ബാങ്കു വായ്പകളുടെ പലിശ്ശയിന്മേല്‍ 50% സബ്‌സിഡി ലഭിക്കും. ടേം ലോണിനും വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണിനും പരമാവധി 30,000/ വച്ച് ആകെ 60,000/ രൂപ വരെ ഇത്തരത്തില്‍ സാമ്പത്തിക സഹായം ലഭിക്കും. ഉത്പാദന/ജോബ് വര്‍ക്കിംഗ് യൂണിറ്റുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്.
അതുപോലെതന്നെ, കേന്ദ്ര ഗവണ്‍മെന്റിന്റെ ‘എമര്‍ജന്‍സി ക്രെഡിറ്റ് ലെയ്ന്‍ ഗ്യാരന്റി സ്‌കീം’ എന്ന മറ്റൊരു പദ്ധതികൂടിയുണ്ട്. നിലവില്‍ ബാധ്യത നിലനില്ക്കുന്ന ലോണിന്റെ 20% തുക യാതൊരു അധിക ജാമ്യവും ഇല്ലാതെ വായ്പയായി ലഭിക്കുന്ന പദ്ധതിയാണ് ECLGS.
പീഡിത വ്യവസായ പുനഃരുദ്ധാരണത്തിനായി CREDIT GUARANTEE SCHEME FOR SUBORDINATE DEBT (CGSSD) എന്ന ഒരു പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം സംരംഭകന്‍ സ്വന്തം ഓഹരിയുടെ അഥവാ മുതല്‍ മുടക്കിന്റെ 15% മോ അല്ലെങ്കില്‍ 75 ലക്ഷമോ ഏതാണു കുറവ് അത്രയും തുക അധിക വായ്പയായി ലഭിക്കുന്നതിന് അതിന്റെ 90% നു കേന്ദ്ര സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നതാണ്. നഷ്ടത്തിലായ വലിയ വ്യവസായങ്ങള്‍ക്കു ഏറെ അനുയോജ്യമായ പദ്ധതിയാണിത്.
നിലവിലുള്ള ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകളുടെ വികസനത്തിനായി PMFME എന്ന prime minister scheme for formulation of microfood processing enterprises എന്ന ഒരു പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. നിലവിലുള്ള ഫുഡ് പ്രോസസിങ് യൂണിറ്റുകളുടെ വികസനത്തിനു വേണ്ടിയുള്ള സ്‌കീമാണ് ഇത്. 35% സബ്‌സിഡിയില്‍ 10 ലക്ഷം രൂപ വരെ നമുക്ക് സഹായം ലഭിക്കുന്ന പദ്ധതിയാണിത്.
നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന PMEGP (prime minister employment generation programme) പദ്ധതിയുടെ നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. PMEGP സ്‌കീമിനു ഉണ്ടായിരുന്ന ഇന്റര്‍വ്യൂ ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ കാലതാമസം പരിഹരിക്കാന്‍ കഴിയുന്നു.ESS (Entrepreneurs Support Scheme) പഴയതുപോലെ തന്നെ 30 ലക്ഷം രൂപ വരെ നമുക്ക് സബ്‌സിഡി കിട്ടുന്ന സ്‌കീമാണ്.
ഇത്തരത്തിലുള്ള സാമ്പത്തിക പിന്തുണയും സംരക്ഷണവും നമ്മുടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരള സര്‍ക്കാരില്‍ നിന്നും ഉണ്ടാവുന്നത് സംരംഭകര്‍ക്ക് ഈ പ്രതിസന്ധി മറികടക്കുന്നതിനും കൂടുതല്‍ ഉത്പാദന ക്ഷമതയുള്ള പുതിയ പുതിയ മേഖലയിലേക്ക് കടന്നുകയറുന്നതിനും അന്താരാഷ്ട്ര വിപണിയില്‍ നമ്മുടെ സാന്നിധ്യം ഉറപ്പിക്കാനും കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നു. അതിനുള്ള ഒരു മുന്നൊരുക്കങ്ങളുടെ ഒരു സമയമായി ഈ കോവിഡ് സമയത്തിലെ മാന്ദ്യം നമ്മള്‍ പ്രയോജനപ്പെടുത്തണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.