സപ്തവര്‍ണങ്ങളുടെ പെരുമഴ തീര്‍ത്ത പ്രതിഭകള്‍
മൂന്ന് സ്ത്രീ സുഹൃത്തുക്കള്‍ ജീവിതത്തിന് വര്‍ണങ്ങള്‍ കൊണ്ട് ചാരുതയേകിയപ്പോള്‍ കാഴ്ചക്കാര്‍ക്ക് ലഭിച്ചത് വര്‍ണ വിസ്മയത്തിന്റെ ഒരു മാസ്മരിക ലോകം തന്നെയായിരുന്നു. ചിത്രങ്ങളിലൂടെ അവര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി, ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കുകയായിരുന്നു. വരയുടെയും വര്‍ണങ്ങളുടെയും ലോകത്ത് വിഹരിക്കുന്ന അവരുടെ കലാ ജീവിതത്തിലൂടെ…..
വിവാഹശേഷം കുടുംബിനികളായി ഒതുങ്ങിക്കൂടുന്ന സ്ത്രീകളുടെ കഥകള്‍ നാം സ്ഥിരം കേള്‍ക്കാറുണ്ട.് അതില്‍ നിന്നും വ്യത്യസ്ഥമാണ് ഈ മൂന്നു വീട്ടമ്മമാരുടെയും ജീവിതം. ബാല്യത്തില്‍ തിരിച്ചറിയാതെ പോയ തങ്ങളുടെ കഴിവുകള്‍ ഇവര്‍ തിരിച്ചറിഞ്ഞത് വിവാഹശേഷമായിരുന്നു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ശക്തമായ പിന്തുണ തന്നെയാണ് ഈ വീട്ടമ്മമാരുടെ കര്‍മ മേഖലയിലെ ശക്തിയും പ്രചോദനവും.
തലസ്ഥാന നഗര സ്വദേശികളാണ് ഈ സ്ത്രീരത്‌നങ്ങള്‍. ചിത്രരചനയുടെയും ക്രാഫ്റ്റ് നിര്‍മാണത്തിനുമൊപ്പം പാചകത്തിലും സ്റ്റിച്ചിങിലുമെല്ലാം കരവിരുത് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇവര്‍. എ ബി എം ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, വൈഷ്ണവ് ക്രിയേഷന്‍ എന്നീ സ്ഥാപനങ്ങളിലൂടെ തങ്ങളിലെ കലയെ ലോകത്തിനുമുന്നില്‍ സരളമായി അവതരിപ്പിക്കുകയാണ് ഈ സുഹൃത്തുക്കള്‍..
വൈഷ്ണവ് ക്രിയേഷന്‍സ്
നെടുമങ്ങാട് സ്വദേശിനി സിന്ധുചന്ദ്രന്‍ 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആര്‍ട്ടിനും ക്രാഫ്റ്റിനുമൊക്കെ വേണ്ടി ആരംഭിച്ച സ്ഥാപനമാണ് വൈഷ്ണവ് ക്രിയേഷന്‍സ്. നന്നേ ചെറുപ്പത്തിലെ വിവാഹിതയായ സിന്ധു വളരെ നാളുകള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരമാണ് പഠനത്തിനായിറങ്ങുന്നത്. പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നേടി. ജോലി, കുടുംബം എന്ന സ്ഥിരം കുടുംബിനികളുടെ പല്ലവിയായിരുന്നു സിന്ധുവിനും.
വളരെ ആകസ്മികമായാണ് സിന്ധു ചിത്രകലയുമായി ബന്ധപ്പെട്ട ഒരു ക്ലാസില്‍ പങ്കെടുക്കാന്‍ ഇടയായത്. അതിനുശേഷമാണ് തന്നില്‍ ഒരു കലാകാരിയുണ്ടെന്നു തിരിച്ചറിഞ്ഞത്. ജോലിയോടൊപ്പം സമയം ചെലവിട്ടു ചിത്രകലയും ഫാഷന്‍ ഡിസൈനിങും ആഴത്തില്‍ പഠിച്ചു. പിന്നീടുള്ള ഒഴിവ് സമയമെല്ലാം ഇതിനായി അര്‍പ്പിച്ചു. പൂര്‍ണമായും ഒരു ചിത്രകാരിയായി തന്നെ വാര്‍ത്തെടുക്കുകയായിരുന്നു സിന്ധു. ഒപ്പം തനിക്ക് കിട്ടിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുവാനും അവര്‍ മടി കാണിച്ചില്ല. അവസരം കിട്ടുമ്പോള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഈ കലകള്‍ പഠിപ്പിക്കുവാനും അവര്‍ സമയം കണ്ടെത്തി.
(ഇടതു നിന്ന് ഭർത്താവ് വിലാസ് ചന്ദ്രൻ, മകൻ വിഷ്ണുനാരായൺ, ഭാര്യ ഐശ്വര്യ ലക്ഷ്മി എന്നിവർക്കൊപ്പം സിന്ധു)
എ ബി എം ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്
വെള്ളയമ്പലം ആസ്ഥാനമാക്കി കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷമ അമീര്‍ സ്ഥാപിച്ച സ്ഥാപനമാണ് എ ബി എം ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്. തന്റെ വീടിനെ തന്നെയാണ് ഇതിനുള്ള വേദിയായി അവര്‍ തിരഞ്ഞെടുത്തത്. ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിഞ്ഞു കുടുംബിനിയായി കഴിഞ്ഞിരുന്ന ഷമക്ക് ഒരിക്കലും തന്നില്‍ ഒരു കലാകാരി ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു. ഒഴുവു സമയം കിട്ടുമ്പോള്‍ എന്തെങ്കിലുമൊക്കെ വരയ്ക്കുമായിരുന്നു. ഇതു കാണാനിടയായ ഭര്‍ത്താവാണ് ആദ്യമായി ഷമയുടെ ഈ കഴിവ് തിരിച്ചറിഞ്ഞത്.
സഹൃദയനായ അദ്ദേഹം ഭാര്യയെ പഠിപ്പിക്കുവാന്‍ തയ്യാറായി.
അങ്ങനെ, ഭര്‍ത്താവിന്റെ പ്രോത്സാഹനത്തോടെയാണ് ചിത്രകലയുടെ ബാലപാഠങ്ങളിലേക്ക് ഷമ ചുവടുവെയ്ക്കുന്നത്. അങ്ങനെ ചിത്രരചനയും ക്രാഫ്റ്റ് നിര്‍മാണവും പഠിക്കാന്‍ തുടങ്ങി. വീട്ടിലെ ഒഴിവ് സമയം മുഴുവന്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിനു ചെറിയ ചെറിയ ക്രാഫ്റ്റ് ഐറ്റംസ് നിര്‍മിക്കുന്നതിനുമൊക്കെ വിനിയോഗിച്ചു.
കഠിനമായ പരിശീലനത്തിലൂടെ ചിത്രകലയിലും ക്രാഫ്റ്റ് നിര്‍മാണ മേഖലയിലും ഷമ പ്രാഗല്ഭ്യം തെളിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ഓഫീസില്‍ നിന്നും വീട്ടില്‍ എത്തുന്ന സ്റ്റാഫുകള്‍ ചിത്രങ്ങള്‍ കാണുകയും നല്ല അഭിപ്രായം പറയുകയും ക്രാഫ്റ്റുകള്‍ വാങ്ങുകയും ചെയ്യുമായിരുന്നു. അങ്ങനെ ചെറിയ രീതിയിലുള്ള വരുമാനം ഷമയെ തേടിയെത്തി. അതിനെത്തുടര്‍ന്ന് വീട്ടില്‍ ക്ലാസുകള്‍ നടത്താന്‍ തീരുമാനിച്ചു. സ്‌കൂള്‍ വെക്കേഷന്‍ സമയത്ത് കുട്ടികളെയും ഒപ്പം മുതിര്‍ന്നവരെയും വ്യത്യസ്ത സമയങ്ങളില്‍ ക്ലാസുകള്‍ നല്‍കി, അവര്‍ക്ക് അറിവ് പകര്‍ന്നു നല്‍കി.
ജ്യോതി ആനന്ദ്
സ്വന്തം മക്കളെ ചിത്രകല പഠിപ്പിക്കാനായാണ് ഏകദേശം പത്തുവര്‍ഷം ജ്യോതി ആനന്ദ് ഷമയെ സമീപിച്ചത്. കുഞ്ഞുങ്ങളോടൊപ്പം ജ്യോതിയും ഷമയുടെ കീഴില്‍ ചിത്രകലാ പഠനം അഭ്യസിക്കാന്‍ തീരുമാനിച്ചു. ആര്‍ട്ട് & ക്രാഫ്റ്റില്‍ അറിവ് നേടണമെന്നും നല്ല രീതിയില്‍ ചിത്രങ്ങള്‍ വരയ്ക്കണമെന്നും അതിയായ താല്പര്യം ഉണ്ടായിരുന്ന വ്യക്തിയാണ് ജ്യോതി. തന്റെ അധ്യാപിക പകര്‍ന്നു നല്‍കിയ ഓരോ പാഠങ്ങളും മനസ്സില്‍ ഏറ്റുകയും അത് തന്റെ വര്‍ണങ്ങളിലൂടെ ക്യാന്‍വാസില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുമായിരുന്നു അവര്‍.
(with husband R.Anandakumar and daughters Sivapriya.A.J, Umapriya.A.J. Salini krishna. V. S)
സൗഹൃദം ഇതള്‍ വിരിയുന്നു…
ചിത്രരചന പഠിപ്പിക്കുന്നതിനായി എത്തിയ ഒരു ക്ലാസില്‍ വെച്ചായിരുന്നു ഷമയും സിന്ധുവും പരിചയപ്പെടുന്നത്. ഒരേ തൂവല്‍ പക്ഷികള്‍, ഒരേ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയവര്‍ ഒന്നിച്ചപ്പോള്‍ അതൊരു മികച്ച സംരംഭത്തിന്റെ തുടക്കം കൂടിയാകുമെന്ന് അന്ന് അവര്‍ കരുതിയില്ല.
അവരുടെ സൗഹൃദം വളരെ പെട്ടെന്നുതന്നെ ശക്തി പ്രാപിച്ചു. അങ്ങനെ ചിത്രരചനയിലും ക്രാഫ്റ്റ് നിര്‍മാണത്തിലുമെല്ലാം അവര്‍ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. തുടര്‍ന്നുള്ള കലായാത്രയില്‍ ജോതിയും ഷമയും സിന്ധുവും ഒരുമിച്ചായി. സ്‌കൂളുകള്‍, കോളേജുകള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവ കേന്ദ്രീകരിച്ച് ചിത്രരചനയുടെയും ക്രാഫ്റ്റ് നിര്‍മാണത്തിന്റെയും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. നീണ്ട ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് ചിത്രകലയിലും ക്രാഫ്റ്റ് നിര്‍മാണത്തിലും മാത്രമല്ല സ്റ്റിച്ചിങിലും കുക്കിംഗ് ക്ലാസുകള്‍ കൈകാര്യം ചെയ്യുവാനും, വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് സ്റ്റിച്ച് ചെയ്ത് കൊടുക്കുന്നതിനും ഇവര്‍ പ്രാവീണ്യം നേടി.
ചിത്രകലയില്‍ ഒരുപോലെ പ്രാധാന്യമുള്ള മേഖലകള്‍ തന്നെയാണ് മ്യൂറല്‍ പെയിന്റിംഗ്, കണ്ടംപ്രററി സ്‌റ്റൈല്‍ എന്നിവ. തങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആവശ്യപ്രകാരമുള്ള ആര്‍ട്ട് രീതിയാണ് ഇവര്‍ പകര്‍ന്നുനല്‍കുന്നത്. ഒരു വര്‍ക്ക് പഠിക്കാനായി വരികയാണെങ്കിലും ആ വര്‍ക്ക് പൂര്‍ണതയോടു കൂടി പൂര്‍ത്തിയാക്കിയ ശേഷവും താല്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് മറ്റു കലകള്‍ കൂടി പരിശീലിക്കാം. ഒരു വര്‍ക്കിന്റെ കാലാവധി 15 ദിവസമാണെങ്കിലും പൂര്‍ണത എത്തുന്നതുവരെ വിദ്യാര്‍ഥികള്‍ക്ക് അവിടെ പരിശീലിക്കുന്നതിനുള്ള സൗകര്യം ഇവര്‍ ഒരുക്കി കൊടുക്കുന്നു.
പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ തനതായ ശൈലിയില്‍ ചിത്രങ്ങള്‍ വരയ്ക്കുവാന്‍ ഷമയും സിന്ധുവും ജ്യോതിയും ഒരിക്കലും വിമുഖത കാണിക്കുന്നില്ല. മ്യൂറല്‍ ചിത്രകലയില്‍ ഫ്യൂഷന്‍ കൂടി മിക്‌സ് ചെയ്താണ് പലപ്പോഴും ഇവര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഓരോരുത്തരും തങ്ങളുടെ ശൈലിയില്‍ ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ അവരുടെ ഒരു കയ്യൊപ്പ് അതില്‍ പതിപ്പിക്കാറുമുണ്ട്. അതുപോലെ തന്നെ വീട്ടില്‍ കിട്ടുന്ന എന്ത് സാധനമായിരുന്നാലും അതില്‍ മനോഹരമായ ക്രാഫ്റ്റുകള്‍ ഡിസൈന്‍ ചെയ്യാറുണ്ട്. ഒപ്പം, മനോഹരമായ ആഭരണങ്ങള്‍, അലങ്കാരവസ്തുക്കള്‍ എന്നിങ്ങനെ നിരവധി സാധനങ്ങള്‍ നിര്‍മിച്ചു വില്പനയ്ക്കായി നല്‍കുന്നുമുണ്ട്. വസ്ത്രങ്ങളില്‍ വ്യത്യസ്ഥമായ പാറ്റേണുകള്‍ സ്റ്റിച്ചു ചെയ്യുകയും അതിനോടൊപ്പം തന്നെ പുതിയ മോഡലുകളിലുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുകയും ചെയ്യുന്നു.
ആകസ്മികമായി പരസ്പരം പരിചയപ്പെട്ട ഈ മൂന്ന് വനിതാ പ്രതിഭകള്‍ ചിത്രകലയെയും അതിലൂടെ ലഭിച്ച ഈ കലാജീവിതത്തെയും അവര്‍ വിലമതിക്കാനാവാത്ത നിധിയായാണ് കാണുന്നത.് തങ്ങളുടെ കഴിവുകള്‍ സമൂഹത്തിനു മുന്നില്‍ കൊണ്ടുവരാനായി 2020 ജനുവരി 23 മുതല്‍ 25 വരെ തിരുവനന്തപുരം മ്യൂസിയം ഹാളില്‍ ‘സപ്തവര്‍ണ്ണം 2020’ എന്ന പേരില്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് പ്രദര്‍ശനം അവര്‍ സംഘടിപ്പിച്ചു.
മികച്ച ചിത്രങ്ങളാലും മനോഹരമായ ക്രാഫ്റ്റുകളാലും പ്രദര്‍ശനം കാണാനെത്തിവരുടെ കണ്ണഞ്ചിപ്പിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. പ്രദര്‍ശനത്തിന്റെ ഗംഭീര വിജയം മൂവര്‍ സംഘത്തിന്റെ ആത്മധൈര്യം ഒരുപാട് കൂട്ടുകയാണ് ചെയ്തത്. വര്‍ണങ്ങളുടെ ലോകത്ത് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടുതന്നെ ഒരു കലാലയം ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഇവര്‍. ‘സപ്തവര്‍ണ്ണ’ങ്ങളുടെ അടുത്ത പ്രദര്‍ശനം 2020 ആഗസ്റ്റ് 24 മുതല്‍ 30 വരെ മ്യൂസിയം കെ സി എസ് പണിക്കര്‍ ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണിവര്‍. ഓരോ ചുവടിലും ശക്തമായ പിന്തുണയുമായി തങ്ങളുടെ കുടുംബവും സുഹൃത്തുക്കളും കൂടെ ഉണ്ടെന്നുള്ള നിശ്ചയമാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്.