Special Story

വിജയത്തിന്റെ പരിശീലക

സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകള്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍പോലും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വനിതകളെ നമുക്കറിയാം. വിദ്യാഭ്യാസ മേഖലയിലും കലാസാംസ്‌കാരിക രംഗങ്ങളിലുമെല്ലാം ശോഭിച്ചു നില്ക്കുന്ന ഒട്ടേറെ സ്ത്രീ രത്‌നങ്ങള്‍! എന്നാല്‍, കഴിവും അര്‍ഹതയുമൊക്കെയുള്ള തങ്ങളുടെ കരിയറില്‍ പ്രാഗല്‍ഭ്യം തെളിയിച്ച നിരവധി യുവതികള്‍, വിവാഹശേഷം പലപ്പോഴും ഔദ്യോഗിക രംഗത്ത് നിന്നും വിട്ടു മാറി ഒരു കുടുംബിനിയുടെ പരിവേഷത്തില്‍ ഒതുങ്ങുന്നു. പലപ്പോഴും ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിക്കാതെ വരുന്നതാണ് ഇത്തരമൊരു പിന്‍മാറ്റത്തിന് കാരണമാകുന്നത്.

പിന്നിട്ട അനുഭവങ്ങളില്‍ നിന്നും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും ധൈര്യം സംഭരിച്ച്, ഒരു കുടുംബിനിയുടെ ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വഹിക്കുന്നതിനോടൊപ്പം തനിക്കൊരു പ്രൊഫഷനുണ്ടന്നും അതില്‍ ഒരുപാട് വളരാന്‍ സാധിക്കുമെന്നും ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വത്തിനുടമയാണ് സ്വര്‍ണ്ണ. ഒരു സ്ത്രീയുടെ പരിമിതികളെ തന്റെ സ്വപ്‌നങ്ങള്‍ക്ക് മുകളില്‍ വളരാന്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല എന്നതാണ് സ്വര്‍ണയുടെ വിജയത്തിനു പിന്നിലെ രഹസ്യം.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സ്വദേശിനിയാണ് സ്വര്‍ണ്ണ. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അണിമംഗലത്ത് ബാലകൃഷ്ണന്റെയും കമലയുടെയും മകള്‍. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലുമെല്ലാം മികവ് പുലര്‍ത്തിയ സ്വര്‍ണ്ണ മാതാപിതാക്കളുടെ പ്രതീക്ഷയായി വളര്‍ന്നു. മകള്‍ക്ക് നല്ലൊരു കരിയര്‍ ഉണ്ടായി കാണാന്‍ ആഗ്രഹിച്ച മാതാപിതാക്കളുടെ ആഗ്രഹത്തിനൊത്തു വളരാന്‍ സ്വര്‍ണ്ണയ്ക്ക് സാധിച്ചു. 10-ാം വയസ്സില്‍ അച്ഛനെ നഷ്ടമായ സ്വര്‍ണ്ണയ്ക്ക്, അതൊരു തീരാവേദനയായി ഇപ്പോഴും തുടരുന്നു.

കൊമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദം നേടുകയും ഒപ്പം കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും കമ്പ്യൂട്ടര്‍ ഡിപ്ലോമയും സ്വര്‍ണ്ണ നേടിയിട്ടുണ്ട്. കെല്‍ട്രോണിലായിരുന്നു തന്റെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചത്. അതിനുശേഷം സാമ്പത്തിക മേഖലയിലെ തന്നെ എം എന്‍ സി യില്‍ തുടര്‍ച്ചയായ എട്ട് വര്‍ഷത്തോളം ജോലി ചെയ്തു. തുടര്‍ന്നു വിവാഹം.

വിവാഹശേഷം ഉത്തരവാദിത്വങ്ങള്‍ കൂടിയപ്പോള്‍ ജോലിയുമായി മുന്നോട്ടു പോകുന്നത് ബുദ്ധിമുട്ടായി. ആ സാഹചര്യത്തില്‍ ജോലിയില്‍ നിന്നും പിന്മാറി ഒരു കുടുംബിനി മാത്രമായി. എന്നാല്‍ അത്തരമൊരു ചട്ടക്കൂടില്‍ സ്വയം തളച്ചിടാന്‍ അവര്‍ തയ്യാറായിരുന്നില്ല. കുടുംബ ജീവിതത്തെ ബാധിക്കാത്ത രീതിയില്‍ തന്റെ പാഷനാകുന്ന ഒരു തൊഴില്‍ അന്നുമുതല്‍ തേടുകയായിരുന്നു.

തന്റെ യോഗ അധ്യാപകന്‍ സുധാകരന്‍ മാഷിന് വേണ്ടി ഇടയ്ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍ കോര്‍ഡിനേറ്റ് ചെയ്യുമായിരുന്നു. ഏതുകാര്യവും കൂടുതല്‍ അറിയുവാനും സ്വന്തമായി എന്തെങ്കിലും കണ്ടുപിടിക്കാനും ഒക്കെ താല്പര്യപ്പെട്ടിരുന്ന സ്വര്‍ണ്ണ അങ്ങനെ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ തനിക്ക് ചുറ്റുമുള്ള ആള്‍ക്കാരില്‍ ഉണ്ടായ മാറ്റം തിരിച്ചറിഞ്ഞു. അങ്ങനെ തന്റെ പാഷനും തൊഴിലുമായി ട്രെയിനിങിനെ തിരഞ്ഞെടുത്തു. അതിനിടയില്‍, ടെക്‌നിക്കല്‍ എഡ്യൂക്കേഷനു കീഴിലുള്ള കണ്ണപുരത്തെ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ 1 വര്‍ഷത്തേക്ക് ഇന്‍സ്ട്രക്ടറായി ജോലിയില്‍ പ്രവേശിച്ചു. സ്വര്‍ണ്ണയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്. ഒരു ട്രെയിനര്‍ എന്നുള്ള നിലയില്‍ സ്വയം വാര്‍ത്തെടുക്കാന്‍ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ജോലി സഹായകരമായി. അവിടെ നിന്നുമായിരുന്നു അണിമംഗലം സ്വര്‍ണ എന്ന പ്രൊഫഷണല്‍ ട്രെയിനറുടെ ഉത്ഭവം.

ജോലി സംബന്ധമായി പല അവസരങ്ങള്‍ ലഭിച്ചെങ്കിലും ട്രയിനിംങിനോടുള്ള താല്‍പ്പര്യം കാരണം അവ മാറ്റി നിര്‍ത്തുകയായിരുന്നു. വീട്ടമ്മമാരെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ, സ്വര്‍ണ്ണ The High Life MOT എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. സ്ത്രീകളെ മുന്‍നിരയിലെത്തിക്കാനായി ട്രെയിനിങുകളും ക്ലാസുകളും ആരംഭിച്ചു. എന്നാല്‍ സ്ത്രീകളില്‍ പലര്‍ക്കും സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകളാണ് ഒരു പരിധി വരെ അവരുടെ മുന്നോട്ടുള്ള യാത്രയില്‍ തടസ്സപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാന്‍ സ്വര്‍ണക്കു സാധിച്ചു. അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്തുകൊണ്ട് ഒരു സ്ത്രീ എന്ന നിലയ്ക്ക് എല്ലായ്‌പ്പോ ഴും സൗജന്യമായി ട്രെയിനിങ് നല്കി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ബോധ്യം വന്നു.

അങ്ങനെയിരിക്കെ, യാദൃശ്ചികമായി ലഭിച്ച ഒരു ട്രെയിനിങ് സെഷനില്‍ സ്വന്തമായി ഡവലപ്പ് ചെയ്ത Swarna’s Sales Magic എന്ന ഒരു മൊഡ്യൂള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു.
ആ ഒരൊറ്റ സെഷനു ശേഷം ഒറ്റ ദിവസം കൊണ്ട് സ്വര്‍ണയെ തേടിയെത്തിയത് എട്ടോളം ഓഫറുകള്‍. തുടക്കം കാസര്‍ഗോഡുള്ള സല്‍മാന്‍ ഗ്രൂപ്പില്‍ സെയില്‍സ് ട്രെയിനിങ് നല്‍കിക്കൊണ്ടായിരുന്നു. പിന്നീട് ഒരിക്കല്‍പോലും പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ എങ്ങനെ വിപണി കീഴടക്കാമെന്നുള്ള ടെക്‌നിക്കുകള്‍ തന്റെ മുന്നില്‍ ഇരിക്കുന്നവര്‍ക്ക് വ്യക്തമാക്കി, നിരവധി സെഷനുകള്‍ ചെയ്തു. തന്റെ മുന്നിലിരിക്കുന്ന സംരംഭകരെയും തൊഴിലാളികളെയും താനായ് കണ്ട്, അവരുടെ പ്രശ്‌നങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു സ്വര്‍ണയുടെ ട്രെയിനിങ് രീതി.

ബിസിനസ് ട്രെയിനിങ്ങുകള്‍ക്കു ഓഫറുകള്‍ വന്നു തുടങ്ങിയപ്പോഴും The High Life MOT എന്ന സ്വന്തം സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ മറക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ തന്റെ വളര്‍ച്ചയിലൂടെ മാത്രമേ സൗജന്യമായി വീട്ടമ്മമാര്‍ക്ക് ഈയൊരു സേവനം നടപ്പില്‍ വരുത്താന്‍ സാധിക്കൂ എന്ന് മനസ്സിലാക്കിയ സ്വര്‍ണ്ണ, കോര്‍പ്പറേറ്റ് ട്രെയിനിങ് ഓഫറുകള്‍ സ്വീകരിക്കുന്നതിനോടൊപ്പം തന്നെ, സ്വന്തം സ്ഥാപനത്തിലൂടെയും ട്രെയിനിങ് നല്‍കാന്‍ തുടങ്ങി.
ലൈഫ് ഇന്‍ഷുറന്‍സ്, ഫര്‍ണിച്ചര്‍, ബാങ്കിംഗ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ അക്കാഡമിക് സ്ഥാപനങ്ങള്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ ഉള്ളവര്‍ക്ക് സെയില്‍സ,് മോട്ടിവേഷന്‍ എന്നി ട്രെയിനിങ് ക്ലാസ്സുകളും മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കുന്ന പ്രാക്ടിക്കല്‍ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്.

ഓരോ തവണയും ട്രെയിനിങ്ങുകള്‍ നല്‍കുന്നതിനോടൊപ്പം തന്റെ അറിവും അനുഭവസമ്പത്തും അപ്‌ഡേറ്റ് ചെയ്യാനും അവര്‍ മറന്നില്ല. ഒരുപാട് ട്രൈനേഴ്സ് ഉള്ള ഒരു മേഖലയായിരുന്നിട്ടു കൂടിയും തന്റെ എക്‌സ്പീരിയന്‍സ് തന്നെയാണ് വളര്‍ച്ചയ്ക്ക് നിദാനമായിരിക്കുന്നതെന്നു സ്വര്‍ണ്ണ വിശ്വസിക്കുന്നു. അണിമംഗലം സ്വര്‍ണ്ണ എന്ന ട്രെയിനറെ പൂര്‍ണമായി സ്വയം ചിട്ടപ്പെടുത്തി എടുത്തതാണെന്നു അഭിമാനത്തോടുകൂടി സ്വര്‍ണ പറയുന്നു.

നിരവധി പൊതുമേഖലാ സ്ഥാപനങ്ങളും ട്രെയിനിങ് സെഷനുകള്‍ കൈകാര്യം ചെയ്യാന്‍ സ്വര്‍ണ്ണയെ ക്ഷണിക്കാറുണ്ട്. പോസിറ്റീവ് കമ്മ്യൂണിന്റെ പേരന്റിങ് സ്ട്രാറ്റജിസ്റ്റും എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ കണ്‍സള്‍ട്ടന്റ് ട്രെയിനറുമാണ് സ്വര്‍ണ്ണ. വിവിധ ബ്രാഞ്ചുകളില്‍ സ്റ്റാഫുകള്‍ക്കും ഏജന്റുമാര്‍ക്കും ട്രെയിനിംഗ് നല്കിയിട്ടുണ്ട്. ഇന്‍ഡക്ഷന്‍ ട്രെയിനിംഗിനും ഐ ആര്‍ ഡി ട്രെയിനിംഗിനും എത്തിയവര്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ തുടങ്ങിയതോടെ, സ്ഥാപനത്തിന്റെ ബഡ്ജറ്റിനു പുറമെ, പ്രത്യേകം സെയില്‍സ് ടെയിനിംഗുകള്‍ക്കായി സ്വര്‍ണ്ണയ്ക്ക് വേദികള്‍ നല്കാന്‍ തുടങ്ങിയത് അവരുടെ ആത്മാര്‍ത്ഥതയ്ക്കും കഴിവിനും ലഭിക്കുന്ന അംഗീകാരമാണ്.

പുതിയ സ്റ്റാഫുകള്‍ക്കും ഏജന്റുമാര്‍ക്കുമെല്ലാം ടാര്‍ജറ്റ് അച്ചീവ് ചെയ്യുന്നതിനും ക്ലൈന്റുകളെ സമ്പാദിക്കുന്നതിനും മാര്‍ക്കറ്റിംഗ് ടെക്‌നിക്കുകള്‍ നല്‍കുന്നതിനും, അതിലുപരി സ്വയം മുന്നോട്ടു കൊണ്ടുവരുന്നതിനുമെല്ലാം ഈ ട്രെയിനിങ്ങുകള്‍ക്ക് കഴിയുന്നു.
ട്രെയിനിങിനു പുറമെ, മാസ്റ്റര്‍ ഓഫ് സെറിമണിയാകാനും അവതാരകയാകാനുമൊക്കെ നിരവധി അവസരങ്ങള്‍ സ്വര്‍ണ്ണയെ തേടി എത്തി. കിട്ടിയ അവസരങ്ങള്‍ വിനിയോഗിച്ചപ്പോള്‍ ആംങ്കറിങിനെ കൂടതല്‍ ഇഷ്ടപ്പെട്ടു തുടങ്ങി. അങ്ങനെ പല വിശിഷ്ട വ്യക്തികള്‍ അഥിതികളായെത്തുന്ന നിരവധി പരിപാടികളില്‍ അവതാരകയാകാന്‍ കഴിഞ്ഞത് തന്റെ കരിയറിലെ അസുലഭ മുഹൂര്‍ത്തമായി അവര്‍ ഓര്‍ക്കുന്നു. കൂടാതെ ഈ മേഖലയില്‍ ധാരാളം അവസരങ്ങളുണ്ടെന്ന് മനസിലാക്കി ആങ്കറിങില്‍ താത്പര്യമുള്ള കുട്ടികള്‍ക്കായി ആങ്കറിങ് വര്‍ക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്.

സാധാരണ ട്രെയിനിംഗ് മേഖലയില്‍ കണ്ടു വരുന്നൊരു പ്രവണതയില്‍ നിന്നു വിട്ടുമാറി സ്വന്തമായെരു ശൈലി ചുരുങ്ങിയ കാലയളവിനുള്ളില്‍ ട്രെയിവിംഗ് മേഖലയില്‍ കൊണ്ടു വന്ന് നിരവധി ട്രെയിനിംങുകള്‍ നടത്താന്‍ സാധിച്ചത് തന്റെ കരിയറിലെ വലിയൊരു നേട്ടമായി ഈ പ്രതിഭ കണക്കാക്കുന്നു.  പേരന്റിംഗ് ട്രെയിനിങ് രംഗത്തും ഒരു ‘ഷൈനിങ് സ്റ്റാറാ’ണ് സ്വര്‍ണ്ണ. നിരവധി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കുമായി വിജയകരമായ നിരവധി ട്രെയിനിങുകള്‍ നടത്തിയിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തന രംഗത്തും സജീവമാണ് സ്വര്‍ണ്ണ. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജെ സി ഐയുടെ എക്‌സലന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

‘വീട്ടമ്മ’ എന്ന പേരില്‍, തന്റെ കഴിവുകളെ കെട്ടിയിടാതെ, കടമകള്‍ക്കൊപ്പം തന്റെ സ്വപ്‌നങ്ങളെയും സ്‌നേഹിച്ച വനിതയാണ് സ്വര്‍ണ്ണ. തന്റെ ശക്തിയും പ്രചോദനവും ഭര്‍ത്താവായ നിര്‍മല്‍ പറഞ്ഞു കൊടുത്ത മോട്ടിവേഷന്‍ കഥകളായിരുന്നുവെന്ന് സ്വര്‍ണ പറയുന്നു. 3-ാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിയായ മയൂഖ് നിര്‍മ്മലാണ് മകന്‍.
സ്വന്തം സ്ഥാപനത്തെയും ബിസിനസ് ട്രെയിനിങ് ഓഫറുകളെയും ഒരുപോലെ കൊണ്ടുപോകുന്നതിനൊപ്പം കുടുംബകാര്യങ്ങളും വിട്ടുവീഴ്ചയില്ലാതെയാണ് അവര്‍ നിര്‍വഹിക്കുന്നത്. തന്റെ സ്ഥാപനത്തിലൂടെ നിരവധി വീട്ടമ്മമാരെ മുന്നോട്ടു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടൊപ്പം അതൊരു സേവനമായിക്കൂടി കണ്ടുകൊണ്ട് പ്രവര്‍ത്തന നിരതയാവുകയാണ് സ്വര്‍ണ.

(Mail id: animangalamswarna@gmail.com, Phone No: 9495943009/ 9633821107)

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button