മേക്കപ്പ് ബ്രഷ് കൊണ്ട് സ്വപ്‌നങ്ങള്‍ വരയ്ക്കുന്ന ഫാത്തിമ ഹര്‍ഷ

ഒരു ക്രിയേറ്റീവ് പാഷനെ വിജയകരമായ കരിയറാക്കാന്‍ എന്താണ് വേണ്ടത്? മലപ്പുറത്തു നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഫാത്തിമ ഹര്‍ഷയുടെ മറുപടി ഇതാണ് : ”കലാപരമായ കാഴ്ചപ്പാട്, പ്രൊഫഷണല്‍ സമര്‍പ്പണം, ഗുണനിലവാരത്തോടുള്ള ഉറച്ച പ്രതിബദ്ധത എന്നിവ”.

ഫൈന്‍ ആര്‍ട്‌സ് ബിരുദധാരിയായ ഹര്‍ഷക്ക് എപ്പോഴും ക്രിയേറ്റീവായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. സഹോദരിയുടെ വിവാഹസമയത്താണ് മേക്കപ്പിന്റെ ലോകത്തേക്ക് കടക്കുന്നത്. വധുവിന്റെ മേക്കപ്പ് ഹര്‍ഷ സ്വയം ഏറ്റെടുത്തു. ആ അനുഭവം ഹര്‍ഷയുടെ ഉള്ളിലെ കൗതുകം ഉണര്‍ത്തി, തുടര്‍ന്ന് കൊച്ചിയില്‍ സര്‍ക്കാര്‍ അംഗീകൃത മേക്കപ്പ് കോഴ്‌സില്‍ ചേരുകയായിരുന്നു. സഹോദരിക്ക് വേണ്ടി ചെയ്ത ബ്രൈഡല്‍ മേക്കപ്പ് ഹര്‍ഷയുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറി.

വ്യക്തിപരമായ താത്പര്യമായി തുടങ്ങിയത് പിന്നീട് ഒരു കരിയറായി വളര്‍ന്നു. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വഴിയുള്ള അവസരങ്ങള്‍, പോസിറ്റീവ് ഫീഡ്ബാക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഹര്‍ഷ ഫ്രീലാന്‍സ് അസൈന്‍മെന്റുകള്‍ എടുക്കാന്‍ തുടങ്ങി, ഇന്‍സ്റ്റാഗ്രാമില്‍ വര്‍ക്കുകള്‍ പങ്കുവെച്ചതോടെ അവസരങ്ങള്‍ വര്‍ധിച്ചു, അന്വേഷണങ്ങള്‍ ഒഴുകിയെത്തി, ഹര്‍ഷയുടെ പ്രൊഫഷന്‍ തിരക്കേറിയതായി.

ഇന്ന് ഹര്‍ഷ പ്രീമിയം ബ്രൈഡല്‍ മേക്കപ്പില്‍ വിദഗ്ധയാണ്. സ്‌കിന്‍ സൗന്ദര്യവും സുരക്ഷയും മുന്‍നിര്‍ത്തി ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നതില്‍ ഉറച്ച നിലപാടുണ്ട് ഹര്‍ഷക്ക്. ഇന്‍സ്റ്റാഗ്രാമിലൂടെയും ക്ലെയ്ന്റ് റഫറലുകളിലൂടെയുമാണ് കൂടുതല്‍ ബുക്കിംഗുകളും എത്തുന്നത്.
തുടക്കത്തില്‍ കുടുംബം കരിയര്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചെങ്കിലും, തന്റെ വിജയത്തിലൂടെ ഹര്‍ഷ കുടുംബത്തിന്റെ പിന്തുണയും അംഗീകാരവും നേടുകയായിരുന്നു. ഇന്ന്, 27കാരിയായ ഹര്‍ഷ തന്റെ കുടുംബത്തെ സാമ്പത്തികമായി പിന്തുണക്കാന്‍ സാധിക്കുന്നതില്‍ അഭിമാനിക്കുന്നു. തന്റെ എല്ലാ സേവനങ്ങളും ഒരേ മേല്‍ക്കൂരയിലാക്കിയുള്ള ഒരു സ്റ്റുഡിയോ ആരംഭിക്കുകയാണ് ഹര്‍ഷയുടെ ഇനിയുള്ള വലിയ സ്വപ്‌നം.

‘മേക്കപ്പ് എന്റെ തൊഴില്‍ ആയി തിരഞ്ഞെടുത്തത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നു’, ഹര്‍ഷ പറയുന്നു. പാഷന്‍ എപ്പോഴും വിജയത്തിലേക്കുള്ള വഴി ആകാമെന്ന് തെളിയിക്കുന്നതാണ് ഫാത്തിമ ഹര്‍ഷയുടെ ജീവിതം.