EntreprenuershipSuccess Story

അകത്തളങ്ങള്‍ക്ക് പാരമ്പര്യത്തിന്റെയും പ്രൗഡിയുടെയും അഴകേകാന്‍ ലോട്ടസ് ക്രാഫ്റ്റ് വേള്‍ഡ്

ഏതൊരു ജോലിക്കും അതിന്റേതായ കഷ്ടപ്പാടുണ്ടെന്ന് പറയാറുണ്ട്. എന്നാല്‍ കഷ്ടപ്പാടിനെക്കാള്‍ അധികം കഠിന പ്രയത്‌നവും ക്ഷമയും ആവശ്യമായി വരുന്ന ജോലികളില്‍ ഒന്നാണ് ക്രാഫ്റ്റ് വര്‍ക്കുകള്‍. പലപ്പോഴും വീടിന്റെ ചുമരുകളെ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന അലങ്കാരവസ്തുക്കള്‍ നമ്മെയൊക്കെ ആകര്‍ഷിക്കാറുണ്ട്. അതില്‍ എന്നും മുന്‍പന്തിയിലാണ് ഗജവീരന്മാര്‍ തലയെടുപ്പോടെ അണിയുന്ന നെറ്റിപ്പട്ടങ്ങള്‍.

ഉത്സവങ്ങളിലും ആഘോഷവേളകളിലും ഗജമുഖം അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്ന നെറ്റിപ്പട്ടങ്ങള്‍ ഇന്ന് വിവിധ രൂപത്തിലും ഭാവത്തിലും വിപണിയില്‍ സുലഭമായി ലഭിക്കുന്നു. നിരവധി ആളുകള്‍ നെറ്റിപ്പട്ട നിര്‍മാണത്തിലേക്ക് കടന്നു വന്നപ്പോഴും ആദ്യകാലം മുതല്‍തന്നെ ഈ രംഗത്ത് തിളങ്ങിനില്‍ക്കുകയാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശിനി സൗമ്യ ഹരിഹരന്‍. കോവിഡ് കാലഘട്ടത്തിലാണ് ഈ വീട്ടമ്മ നെറ്റിപ്പട്ട നിര്‍മാണത്തിലേക്ക് കടന്നുവന്നത്. തുടക്കം മുതല്‍ തന്നെ ഇതിന് പ്രചാരം ലഭിച്ചതോടെ ആളുകള്‍ വളരെ പെട്ടെന്ന് ലോട്ടസ് ക്രാഫ്റ്റ് വേള്‍ഡിന്റെ നെറ്റിപ്പട്ടങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നെറ്റിപ്പട്ടങ്ങള്‍ നിര്‍മിക്കുന്നതുകൊണ്ടുതന്നെ വിപണിയിലും ലോട്ടസ് ക്രാഫ്റ്റ് വേള്‍ഡിന്റെ നിര്‍മിതിക്ക് ആവശ്യക്കാരേറി.

സാധാരണ കണ്ടുവരുന്ന നെറ്റിപ്പട്ടങ്ങളുടെ രൂപത്തില്‍ നിന്ന് വ്യത്യസ്തമായി പുതുമയുള്ള പരീക്ഷണങ്ങള്‍ നടത്തുവാനും ഈ സംരംഭക ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി നൂലുകള്‍ ഉപയോഗിച്ചുള്ള നിര്‍മിതിക്ക് പകരമായി മയില്‍പീലികള്‍ കൊണ്ട് നെറ്റിപ്പട്ടങ്ങളുടെ മോടി കൂട്ടാനും വാല്‍ക്കണ്ണാടി തുടങ്ങി ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് ഫോട്ടോകള്‍ പതിപ്പിച്ചുള്ള നെറ്റിപ്പട്ടം, തിടമ്പ് തുടങ്ങിയവ നിര്‍മിക്കുവാനും ഇവര്‍ ശ്രദ്ധിച്ചു. അങ്ങേയറ്റം ക്ഷമയും കഠിനപ്രയത്‌നവും വേണ്ട ഈ ജോലിക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ഹരിഹരനും കുടുംബവും ഒപ്പം നിന്നതോടെ ഈ സംരംഭകയുടെ സ്വപ്‌നങ്ങള്‍ക്കും അവരുടെ നിര്‍മിതികള്‍ക്കും ശോഭയും മാറ്റും ഒരുപോലെ കൂടി.

നെറ്റിപ്പട്ട നിര്‍മാണത്തിനെ കുറിച്ച് യാതൊരു മുന്നറിവും ഇല്ലാതെയാണ് സൗമ്യ ഈ രംഗത്തേക്ക് കടന്നുവന്നതെന്ന് ഇവരുടെ നിര്‍മിതി കാണുന്ന ആര്‍ക്കും തോന്നുകയില്ല. യൂട്യൂബ് വീഡിയോകളും മറ്റും കണ്ട് നിര്‍മാണത്തെ കുറിച്ച് പഠിക്കുകയും പിന്നീട് കൂടുതല്‍ ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതാണ് സൗമ്യയ്ക്ക് തുടക്കകാലത്ത് നെറ്റിപ്പട്ടം നിര്‍മിക്കുവാനുള്ള തുണയായി നിന്നത്. പിന്നാലെ ഒരു ബിസിനസ് എന്ന ആശയത്തിനെ കുറിച്ചുള്ള സാധ്യതകള്‍ ഭര്‍ത്താവ് ഹരിഹരന്‍ മുന്നില്‍ തുറന്നിട്ടതോടെ ആ വഴി സഞ്ചരിക്കുവാനും ഈ സംരംഭക ഒരുങ്ങി.

വീട്ടിലിരുന്നു കൊണ്ട് തന്നെയാണ് തന്നെ തേടിയെത്തുന്ന ഓരോ ഓര്‍ഡറും സൗമ്യ ചെയ്ത് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഒരു സ്ഥാപനം ആരംഭിക്കണം എന്ന ആഗ്രഹത്തിലാണ് ഈ സംരംഭക ഇപ്പോള്‍. തുടക്കകാലം മുതല്‍ തന്നെ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലേക്കും തന്റെ ഉത്പന്നങ്ങള്‍ എത്തിച്ചു നല്‍കുവാന്‍ സൗമ്യയ്ക്ക് സാധിച്ചിട്ടുണ്ട്.

റോബോട്ടിക് ആനകള്‍ക്കായുള്ള നെറ്റിപ്പട്ടവും തിടമ്പും, ഉത്സവ ആഘോഷങ്ങളില്‍ കുതിരയ്ക്കും കാളയ്ക്കും ആവശ്യമായ നെറ്റിപ്പട്ടങ്ങള്‍, ആറന്മുള വള്ളംകളിയുടെ ഭാഗമായി ചെന്നിത്തല പള്ളിയോടത്തിനുള്ള അമരച്ചാര്‍ത്ത് എന്നിവയും നിര്‍മിച്ചു നല്‍കിയത് സൗമ്യയുടെ ലോട്ടസ്‌ക്രാഫ്റ്റ് ആണ്. അതോടൊപ്പം തന്നെ ഇന്ത്യന്‍ മിലിട്ടറിയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, വിവിധ സിനിമ സീരിയല്‍ രാഷ്ട്രീയ കലാകായിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ക്ക് വേണ്ടി നെറ്റിപ്പട്ടങ്ങള്‍ നിര്‍മിക്കുവാനും അവസരം ലഭിച്ച ഇവര്‍ അധികം വൈകാതെ തന്നെ ഓണ്‍ലൈന്‍ ക്ലാസുകളും ആന്റി ക്രാഫ്റ്റുകള്‍ക്ക് മാത്രമായി ഒരു ഷോപ്പും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button