EntertainmentSuccess Story

വെറും വിനോദമല്ല, വിനോദിന് വര!

വരയുടെ വഴിയേ വിരിഞ്ഞ വിനോദിന്റെ വിജയഗാഥ

വരയുടേയും നിറങ്ങളുടെയും വഴിയേ സ്‌കൂള്‍ കാലത്ത് തന്നെ അച്ഛന് പിന്‍പറ്റി നടന്ന ഒരു കൊച്ചു കുട്ടി… മാതൃകയാക്കാന്‍ മുന്‍പില്‍ ചേട്ടന്മാര്‍ കൂടിയുണ്ടായതോടെ പൂര്‍ണമായും നിറങ്ങളുമായി ചങ്ങാത്തത്തിലായ കുട്ടി… വെറുമൊരു ഭ്രമത്തില്‍ തുടങ്ങി, വരയുടെ വഴിയിലേക്ക് അപ്പാടെ വീണുപോയ കുട്ടി… തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ വിനോദ് കുമാറിന്റെ വരയോടുള്ള പ്രിയത്തിന്റെ ആരംഭം ഇങ്ങനെയൊക്കെ അടയാളപ്പെടുത്താം…!

വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ വിരമിച്ചതോടെയാണ് വിനോദിന്റെ ജീവിതത്തില്‍ വരയുടെ വെളിച്ചം വീണു തുടങ്ങിയത്. ചിത്രരചനയില്‍ തത്പരനായിരുന്ന അച്ഛന്റെ രീതി പിന്തുടര്‍ന്ന് ചിത്രരചനയുടെ മാന്ത്രികതയിലേക്ക് അവിചാരിതമായി വിനോദ് എത്തിപ്പെടുകയായിരുന്നു. വ്യോമസേനയുടെ ഭാഗമായിരിക്കുമ്പോള്‍ തന്നെ ചിത്രകലയില്‍ ഡിപ്ലോമ നേടിയ അച്ഛന്‍, ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയ ചിത്രരചനയിലേക്ക് തിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പല്ലവി ആര്‍ട്‌സ് ആന്‍ഡ് പബ്ലിസിറ്റി എന്ന തന്റെ സ്വന്തം സ്ഥാപനം നീണ്ട ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വരയിലൂടെ തെളിഞ്ഞ തന്റെ വിജയവഴിയോര്‍ത്ത് പുഞ്ചിരിക്കുകയാണ് വിനോദ്.

1998ലാണ് വിനോദ് പല്ലവി ആര്‍ട്‌സ് ആന്‍ഡ് പബ്ലിസിറ്റി എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ചുമരെഴുത്തും പോസ്റ്റര്‍, ബാനര്‍ രചന തുടങ്ങിയവ മുതല്‍ ക്രിയാത്മകമായി നിറങ്ങളോടൊത്ത് ചെയ്യാന്‍ സാധിക്കുന്ന എല്ലാ മേഖലകളിലേക്കും തന്റെ സ്ഥാപനത്തിലൂടെ വിനോദ് കടന്നു ചെന്നു. ടെക്‌നോളജിയും കാലഘട്ടവും മാറുന്നത്തിനൊത്ത് ബാനറുകള്‍ക്കൊപ്പം ഫ്‌ളെക്‌സുകളും സ്ഥാനം പിടിച്ചതോടെ ഫ്‌ളെക്‌സ് ഡിസൈനിങ്ങില്‍ കൂടി പരിശീലനം നേടിയ വിനോദ് യാത്ര തുടര്‍ന്നത് മുന്നിലേക്ക് തന്നെയാണ്. കേരളത്തിനകത്തും പുറത്തുമായി ഇന്ത്യയിലെ ഏറ്റവും മികച്ച പല ബ്രാന്റുകളുടെയും പരസ്യബോര്‍ഡുകളും ചുമരെഴുത്തുകളും വര്‍ഷങ്ങളായി ചെയ്തു വരുന്ന വിശ്വസ്ത സ്ഥാപനമാണ് പല്ലവി ആര്‍ട്‌സ് ആന്‍ഡ് പബ്ലിസിറ്റി.

നിലവില്‍ അഞ്ച് ആര്‍ട്ടിസ്റ്റുകളാണ് പല്ലവിയില്‍ വിനോദിനൊപ്പമുള്ളത്. ചെറുതും വലുതുമായ എല്ലാ ആര്‍ട്ടിസ്റ്റ് ജോലികളും പല്ലവിയില്‍ നിന്ന് ഏറ്റവും കൃത്യതയോടെ പൂര്‍ത്തിയാക്കുന്നു എന്നത് തന്നെയാണ് രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ കാത്തുസൂക്ഷിക്കുന്നത്. പൊതുവെ പ്രതിഫലത്തിന്റെ കാര്യത്തില്‍ മത്സരം കൂടുതലായ ഈ രംഗത്ത് ഏറ്റെടുക്കുന്ന ജോലിയിലെ പൂര്‍ണതയും ആവശ്യക്കാരുടെ പൂര്‍ണതൃപ്തിയുമാണ് പല്ലവി ആര്‍ട്‌സിലെ ആദ്യ പരിഗണന ലഭിക്കുന്ന ഘടകങ്ങള്‍. ഇത്ര വര്‍ഷങ്ങള്‍ക്കിപ്പുറവും തുടക്കത്തിലെന്ന പോലെ നവീനമായ ആശയങ്ങളും വ്യത്യസ്തതയും കൊണ്ട് ഈ മേഖലയില്‍ തുടര്‍ന്ന് പോരുന്നതും വിനോദം എന്നതിനപ്പുറം വരയോടുള്ള ആത്മാര്‍ത്ഥമായ ഇഷ്ടം കൊണ്ടുതന്നെയാണ്.

പരസ്യങ്ങള്‍ക്കും ചുമരെഴുത്തുകള്‍ക്കും പുറമേ സ്‌കൂളുകളിലെ ചുമര്‍ചിത്രരചനയും ഗവണ്‍മെന്റ് പദ്ധതികളുടെ ഭാഗമായി പൊതു ഇടങ്ങളിലെ ചിത്രരചന പോലെയുള്ള ജോലികളും വിനോദ് ഏറ്റെടുക്കാറുണ്ട്. സര്‍ഗ്ഗാത്മകതയെ സ്വന്തം ജീവിതമാര്‍ഗമാക്കിയ വിനോദിനെ തേടി കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ജി. അരവിന്ദന്‍ സ്മാരക പുരസ്‌കാരം, ഡോ. അംബേദ്കര്‍ പുരസ്‌കാരം മുതലായവയും എത്തിയിട്ടുണ്ട്. ഭാര്യ ജലജയ്ക്കും മക്കളായ വൈഷ്ണവിക്കും വരുണിനുമൊപ്പം തിരുവനന്തപുരത്ത് തന്റെ വരയുടെ ലോകത്ത് ഇന്ന് ഏറെ സന്തോഷത്തിലാണ് വിനോദ് !

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button