മനസ്സിന്റെ മായികലോകം തുറക്കുന്ന മെന്റലിസ്റ്റ്; പ്രീത് അഴീക്കോട് !
![](https://successkerala.com/wp-content/uploads/2025/02/20-780x470.jpg)
‘മെന്റലിസം’ എന്ന വാക്ക് മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിട്ട് ചുരുങ്ങിയ വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ആ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ജനതയെ മുഴുവന്‍ അത്ഭുതത്തിന്റെയും കൗതുകത്തിന്റെയും ലോകത്തേക്ക് നയിക്കാന്‍ മെന്റലിസത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അതിനൊക്കെ മുന്നേ തന്നെ വേദികളിലും ടെലിവിഷന്‍ ഷോകളിലും നിറഞ്ഞു നില്ക്കുന്ന, ഒരു മെന്റലിസ്റ്റ് നമ്മുടെ കേരളത്തിലുണ്ട്; കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ മെന്റലിസ്റ്റ് പ്രീത് അഴീക്കോട്.
കുട്ടിക്കാലത്ത് മാന്‍ഡ്രേക്ക് കഥകള്‍ വായിക്കുകയും ആ സൂപ്പര്‍ ഹീറോ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന പ്രീതിന് മാന്‍ഡ്രക്കിനെ പോലെ തന്നെ ഹിപ്നോട്ടിസവും മാജിക്കും ഒക്കെ ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അദ്ധ്യാപക കുടുംബം ആയതിനാല്‍ തന്നെ ഇത്തരം ഒരു മേഖലയിലേക്ക് കടക്കാന്‍ ആരും പ്രീതിന് പിന്തുണ നല്‍കിയിരുന്നില്ല.
എങ്കിലും, പുസ്തകങ്ങളിലൂടെയും ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെയും കിട്ടാവുന്നത്രയും അറിവുകള്‍ പ്രീത് നേടിയെടുത്തു. ഈ മേഖലയിലൂടെ ജീവിതവിജയം നേടാന്‍ തനിക്ക് സാധിക്കുമെന്ന ഉറച്ച വിശ്വാസം പ്രീതിന് ഉണ്ടായിരുന്നു. തന്റെ മനസില്‍ ആഴത്തില്‍ വേരുറച്ച ആ സ്വപ്നത്തിലേക്ക് ഒരു പിന്തുണയും ഇല്ലാതെ ഒറ്റയ്ക്കായിരുന്നു പ്രീത് ചുവടുവെയക്കാന് തുടങ്ങിയത്.ആ ഒരു അതിയായ ആഗ്രഹമാണ് മെന്റലിസമെന്ന ആരെയും അത്ഭുതപ്പെടുത്തുന്ന മാന്ത്രിക ലോകത്തേക്ക് പ്രീതിനെ നയിക്കുന്നത്.
മെന്റലിസം എന്നത് ഒരു കലയാണ്. അതീന്ദ്രിയ ജ്ഞാനമോ, അമാനുഷിക ശക്തികളോ ഒന്നുമില്ലാതെ സൈക്കോളജിയുടെയും മാജിക്കിന്റെയും സഹായത്തോടെ അതീന്ദ്രിയ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് മുന്നിലിരിക്കുന്ന കാണികളെ വിസ്മയിപ്പിക്കുന്ന ഒരു പ്രകടനകല.
ആദ്യം മാജിക് പഠിക്കുകയും വേദികളിലും മറ്റും മാജിക് അ വതരിപ്പിക്കുകയുമായിരുന്നു ഇദ്ദേഹം ചെയ്തത്. അതിന് ‘മലബാര്‍ മാജിക് സര്‍ക്കിള്‍’ പോലുള്ള മാന്ത്രിക കൂട്ടായ്മകളും മുതിര്‍ന്ന മാന്ത്രികരുടെ ക്ലാസ്സുകളും സഹായകരമായി. പിന്നീട് മാജിക്കിലെ തന്നെ വിഭാഗമായ, മനസ്സുമായി ബന്ധപ്പെട്ട അദ്ഭുതങ്ങള്‍ കാണിക്കുന്ന മെന്റലിസത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമം ആരംഭിച്ചു.
അക്കാലത്ത് മെന്റലിസം എന്നത് കേരളത്തില്‍ വേരുറപ്പിച്ചിരുന്നില്ല. ഇന്ത്യയില്‍ തന്നെ വളരെ കുറച്ച് മെന്റലിസ്റ്റുകള്‍ മാത്രമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ ഒരു ഗുരുവിന്റെ കീഴില്‍ പഠിക്കാനുള്ള സാഹചര്യം വളരെ വിദൂരമായിരുന്നു. അങ്ങനെ നിരന്തരമായുള്ള ഗവേഷണത്തിലൂടെയും വായനകളിലൂടെയും ഒരു ഗുരുവിന്റെ കൂടി സഹായമില്ലാതെയാണ് മെന്റലിസത്തിന്റെ ആരെയും അത്ഭുതപ്പെടുത്തുന്ന രഹസ്യ തന്ത്രങ്ങള്‍ പ്രീത് പഠിച്ചെടുക്കുന്നത്.
2000 മുതല്‍ വേദിയില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു തുടങ്ങിയ പ്രീത്, 2014 മുതലാണ് പ്രൊഫഷണല്‍ മെന്റലിസം ഷോകള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. കലയും മനശാസ്ത്രവും ഒരു പോലെ ഇഴുകി ചേര്‍ന്ന ഒന്നാണ് മെന്റലിസമെന്നത്. അതിനാല്‍ തന്നെ സൈക്കോളജി, മാജിക്, ഷോമാന്‍ഷിപ്പ്, ബോഡി ലാംഗ്വേജ് എന്നിവയെല്ലാം കൃത്യമായി ഈ മേഖലയില്‍ ഇഴുകി ചേരേണ്ടതുണ്ട്. ഇവയെ ഉപയോഗിച്ചു കൊണ്ട് മുന്നിലിരിക്കുന്ന കാണികള്‍ക്ക് അതീന്ദ്രിയ ശക്തികളുടെ കഥകളെ യാഥാര്‍ത്ഥ്യമെന്ന് തോന്നും വിധം അനുഭവവേദ്യമാക്കേണ്ടതുമുണ്ട്. തനിക്ക് അതിന് സാധിക്കുമെന്ന ആത്മവിശ്വാസമാണ് പ്രീത് എന്ന വ്യക്തിയെ കേരളം അറിയപ്പെടുന്ന മെന്റലിസ്റ്റ് പ്രീത് അഴീക്കോട് ആക്കി മാറ്റുന്നത്.
തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റില്‍ 2014 മുതല്‍ സ്ഥിരം വേദിയില്‍ ദിവസേന ഷോകള്‍ അവതരിപ്പിച്ചു കൊണ്ട് തന്റെ വൈദഗ്ധ്യവും മികവും മെച്ചപ്പെടുത്തിയെടുക്കാന്‍ പ്രീതിന് സാധിച്ചു. അങ്ങനെ ഈ മേഖലയില്‍ വളരെ പെട്ടെന്ന് തന്നെ പ്രീത് ശ്രദ്ധേയനായി മാറുകയും ചെയ്തു.
2014 ല്‍ ആറ് ദിനപത്രങ്ങളില്‍ വരാന്‍ പോകുന്ന ഹെഡ്ലൈനുകളെ മുന്‍കൂട്ടി പ്രവചിച്ചു കൊണ്ട് പ്രവചനങ്ങള്‍ക്കു പിന്നില്‍ അതീന്ദ്രിയ ശക്തികളല്ല, കൃത്യമായ ചില രീതികളിലൂടെ ഭാവി പ്രവചിക്കാമെന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രീത് പ്രഖ്യാപിച്ചു. 2018ല്‍ ഫിഫാ വേള്‍ഡ് കപ്പില്‍ ഫൈനലില്‍ എത്തുന്ന ടീമുകളുടെ സ്കോറും 2021 ലെ യൂറോ കപ്പ് പ്രവചനവും 2021 ല്‍ തന്നെ കറാച്ചിയില്‍ നടന്ന വിമാന അപകടം സംബന്ധിച്ചുള്ള കാര്യങ്ങളും പ്രീത് മുന്‍കൂട്ടി പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. പ്രീത് അഴീക്കോടിന്റെ പ്രശസ്തിയേയും കഴിവിനെയും കേരളത്തിന് പുറത്തേക്കും നയിച്ച പ്രവചനങ്ങളായിരുന്നു ഇവ. ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ പേരുടെ മനസ് വായിച്ചെടുത്തു കൊണ്ടുള്ള പ്രകടനത്തിന്റെ മികവില്‍ 2017ല്‍ ഇന്‍ഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും പ്രീത് അഴീക്കോടിനെ തേടിയെത്തി.
പ്രായഭേദമില്ലാതെ എല്ലാ മേഖലയിലുള്ളവര്‍ക്കും ആസ്വദിക്കാവുന്ന വിധത്തില്‍ മനസ്സിന്റെ നിഗൂഢതകളെ അവതരിപ്പിക്കുന്ന ‘Mind it’ എന്ന മെന്റലിസം ഷോ അവതരിപ്പിച്ചു വരികയാണ് പ്രീത് ഇപ്പോള്‍. തിരുവനന്തപുരം പൂജപ്പുരയില്‍ 1996 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന മാജിക് അക്കാദമിയില്‍ പ്രീത് അഴീക്കോടിന്റെ നേതൃത്വത്തില്‍ മെന്റലിസം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വിശദമായ കോഴ്സുകളും പരിശീലനവും നല്‍കുന്നുണ്ട്. ഇന്ന് നിരവധി ആരാധകരും കാഴ്ച്ചക്കാരുമുള്ള ഒരു മികച്ച മെന്റലിസ്റ്റായി മാറാന്‍ പ്രീതിന് സാധിച്ചത് ഈ മേഖലയോടുള്ള അതിയായ താത്പര്യവും പ്രാവീണ്യവും കൊണ്ടാണ്. അതിയായ ആഗ്രഹമുണ്ടെങ്കില്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ പോലും വിജയിക്കാനാകുമെന്നതിന് കൃത്യമായ ഉദാഹരണമാണ് പ്രീത് അഴീക്കോട് എന്ന മെന്റലിസ്റ്റ്.