EntreprenuershipSuccess Story

ഡിവൈന്‍ ഹോംസ്; ക്യാന്‍സറില്‍ കുരുത്ത സംരംഭം !

ക്യാന്‍സര്‍ എന്ന രോഗത്തെ അതിജീവിച്ചവരുടെ നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആ രോഗത്തെ അതിജീവിക്കുകയും അതിജീവനത്തിന്റെ ഭാഗമായി ഒരു സംരംഭം പടുത്തുയര്‍ത്തുകയും ചെയ്തവരെ അധികം കണ്ടിട്ടുണ്ടാവില്ല. അത്തരത്തിലൊരു സംരംഭകനാണ് തിരുവനന്തപുരം മരുതൂര്‍ സ്വദേശി അരുണ്‍. എം. അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തില്‍ പതറാതെ നിന്ന് പൊരുതിയപ്പോള്‍ പിറവിയെടുത്തത് ഡിവൈന്‍ ഹോംസ് എന്ന സംരംഭമാണ് !

നിര്‍മാണ മേഖലയില്‍ ഡിസൈനറായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് അപ്രതീക്ഷിതമായി രോഗം വില്ലനായി വരുന്നത്. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഒന്നര വര്‍ഷത്തോളം നീണ്ട ചികിത്സാ കാലയളവില്‍ ഒന്നും ചെയ്യാതെ, സമയം കളയാന്‍ അരുണ്‍ തയ്യാറായില്ല. വീടുകളുടെയും കെട്ടിടങ്ങളുടെയും ഡിസൈനിങ് വീട്ടിലിരുന്ന് ചെയ്തു തുടങ്ങി. നാട്ടിലും ഗള്‍ഫിലുമായി എഞ്ചിനീയര്‍ എന്ന നിലയിലും ഡിസൈനര്‍ എന്ന നിലയിലുമുള്ള പതിനഞ്ച് വര്‍ഷത്തെ തന്റെ അനുഭവ സമ്പത്തിനെ കൈമുതലാക്കി, ആത്മവിശ്വാസത്തോടെ മുന്നേറി. ഒടുവില്‍ ‘ഡിവൈന്‍ ഹോംസ്’ എന്ന സംരംഭത്തിലേക്ക് എത്തി. നിലവില്‍ ആ ജൈത്രയാത്ര ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

ഈ വിജയത്തിന് പിന്നില്‍ അരുണിന്റെ കുടുംബത്തിന്റെ വലിയ പിന്തുണ കൂടിയുണ്ട്. പ്രത്യേകിച്ച് ഭാര്യ സൗമ്യയുടെ രോഗാവസ്ഥയില്‍ ആരോഗ്യത്തിനൊപ്പം സാമ്പത്തിക ശേഷിയും ഏറെ പരിതാപകരമായിരുന്നു. ചില സമയത്ത് കീമോ ചെയ്യാനുള്ള പണം പോലും തികഞ്ഞിരുന്നില്ല. ഈ അവസ്ഥയിലെല്ലാം ഭാര്യയുടെ ചേര്‍ത്തുനിര്‍ത്തലാണ് അരുണിന് ഊര്‍ജമായത്. സ്‌നേഹിത്, ആരവ് എന്നിവരാണ് മക്കള്‍.

‘ക്വാളിറ്റിയില്‍ നോ കോംപ്രമൈസ്’ എന്നതാണ് ഡിവൈന്‍ ഹോംസിന്റെ മുഖമുദ്ര. നിര്‍മാണ സാമഗ്രികളുടെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്തുള്ള ഒരു പ്രോജക്ടും ഏറ്റെടുക്കാറില്ല. മറ്റൊന്ന് പൂര്‍ണമായും ക്ലെയ്ന്റിന്റെ താല്പര്യങ്ങള്‍ക്കാണ് എപ്പോഴും പ്രാധാന്യം നല്‍കുന്നത്. കമ്പനിയുടെ ഇഷ്ടങ്ങള്‍ ക്ലെയ്ന്റിന്മേല്‍ അടിച്ചേല്‍പ്പിക്കാത്തതുകൊണ്ട് തന്നെ മികച്ച അഭിപ്രായമാണ് ഓരോ കുടുംബങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഒരു വീടിന്റെ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചാല്‍ അതുമായി ബന്ധപ്പെട്ട് വരുന്ന മുഴുവന്‍ കാര്യങ്ങളും ഡിവൈന്‍ ഹോംസ് നിറവേറ്റും. വര്‍ക്കുകള്‍ നിരവധി വരാറുണ്ട്, എങ്കിലും കൃത്യമായി ഏകോപനം നടത്താന്‍ കഴിയുന്നത്ര പ്രൊജക്ടുകളെ ഒരേ സമയം ഇവര്‍ ഏറ്റെടുക്കാറുള്ളൂ.

കോവിഡ് കാലം മറ്റെല്ലാ സംരംഭങ്ങളെയും പോലെ തന്നെ ഡിവൈന്‍ ഹോംസിനും പരീക്ഷണ കാലമായിരുന്നു. ലോക് ഡൗണ്‍ സമയത്ത് ജോലികള്‍ എല്ലാം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ക്ലെയ്ന്റുകളുടെ സഹകരണം ഉണ്ടായതുകൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ അത് തരണം ചെയ്തു. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടായത്. അത് ഇപ്പോഴും ഒരു പ്രതിസന്ധിയായി മുന്നിലുണ്ട്. എങ്കിലും ലഭിക്കുന്ന വര്‍ക്കുകളുടെ എണ്ണത്തെ ഇതൊന്നും ബാധിച്ചിട്ടില്ല.

മേഖലയില്‍ മത്സരം വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും അതൊരു വെല്ലുവിളിയായി തോന്നിയിട്ടില്ല. തന്നെ സംബന്ധിച്ചിടത്തോളം സംരംഭം എന്നതിലുപരിയായി ഒരു പാഷന്‍ തന്നെയാണ് ഈ മേഖലയെന്നും. കൂടുതല്‍ പരീക്ഷണങ്ങളും പുതുമയും ഉള്‍ച്ചേര്‍ത്ത് മുന്നോട്ട് നീങ്ങുക എന്നതാണ് ഭാവി ലക്ഷ്യമെന്നും അരുണ്‍ പറയുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button