EntreprenuershipSuccess Story

അടൂര്‍ മുതല്‍ അമേരിക്ക വരെ; അറിയാം ഇവാസ് ഗാര്‍മെന്റ്‌സിന്റെ വിജയകഥ

നിരന്തര മത്സരം തുടര്‍ക്കഥയായ വസ്ത്രവ്യാപാര രംഗത്ത്, വിദേശത്തു നിന്നു പോലും ലഭിക്കുന്ന പങ്കാളിത്ത ക്ഷണങ്ങളെ വിനയപൂര്‍വം നിരസിക്കുന്ന ഒരു വ്യവസായിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സ്വന്തം സ്ഥാപനം ആരംഭിച്ച് കേവലം അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സ്വപ്‌നസമാനമായ വളര്‍ച്ച സ്വന്തമാക്കിയ ഒരു പത്തനംതിട്ടക്കാരന്‍. അടൂര്‍ സ്വദേശിയായ ബിനു തങ്കച്ചന് തന്റെ സ്വന്തം സംരംഭം എന്ന ചിന്തയിലേക്ക് ആദ്യം വരുമ്പോഴും ആലോചനകള്‍ക്കൊടുവില്‍ ‘ഇവാസ് ഗാര്‍മെന്റ്‌സ്’ എന്ന സ്ഥാപനം ആരംഭിക്കുമ്പോഴും ചെറിയ കാലയളവില്‍ താന്‍ എത്തിച്ചേരാനിരിക്കുന്ന വിജയപാതയെക്കുറിച്ചുള്ള ആത്മവിശ്വാസം വലുതായിരുന്നു.

തന്റെ സംരംഭം എങ്ങനെ, ഏത് തരത്തില്‍ മുന്നോട്ടു പോകണമെന്ന് കൃത്യമായ ധാരണയുണ്ടായിരുന്ന അദ്ദേഹം അതിനനുസരിച്ചു സ്വയം രൂപപ്പെടുത്തി പിന്തുടര്‍ന്ന പദ്ധതികള്‍ ഇന്ന് അദ്ദേഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് അമേരിക്കയും ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡുമടക്കം പന്ത്രണ്ടോളം രാജ്യങ്ങളിലേക്ക് തുണിത്തരങ്ങള്‍ കയറ്റിയയക്കുന്ന വിപുലമായ വസ്ത്ര മൊത്തവ്യാപാര സ്ഥാപനത്തിന്റെ അമരക്കാരന്‍ എന്ന സ്ഥാനത്തേക്കാണ്. കുറഞ്ഞ കാലയളവില്‍ത്തന്നെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ഇവാസ് ഗാര്‍മെന്റ്‌സിന്റെ കഥ പറയുകയാണ് അദ്ദേഹം.

സൈറ്റ് എഞ്ചിനീയര്‍ സ്ഥാനത്ത് നിന്നും ഗാര്‍മെന്റ്‌സ് ഹോള്‍സെയില്‍സിലേക്ക്?
ദുബായ് എക്‌സ്‌പോ 2020ന്റെ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തു വന്ന സമയത്താണ് കോവിഡ് മൂലം നാട്ടിലേക്കു തിരികെ വന്നത്. വിസ കാലാവധി ആറുമാസമുള്ളതിനാല്‍ സാഹചര്യങ്ങള്‍ അനുകൂലമായി തിരികെ പോകുന്നത് വരെ, തത്കാലം എന്ന നിലയിലാണ് മുന്‍പേ ആലോചനയിലുള്ള ഗാര്‍മെന്റ്‌സ് ഹോള്‍സെയില്‍ എന്ന ആശയം നടപ്പിലാക്കുന്നത്. പക്ഷേ കുറഞ്ഞ കാലയളവില്‍ തന്നെ വിചാരിച്ചതില്‍ നിന്നും മികച്ച ഫലം വന്നുതുടങ്ങിയതോടെ തിരികെ പോകാനുള്ള തീരുമാനം മാറ്റി മുഴുവന്‍ സമയ സംരംഭകത്വത്തിലേക്ക് തിരിയുകയായിരുന്നു.

കോവിഡ് പ്രതിസന്ധികള്‍ എങ്ങനെ മറികടന്നു?
ലോകം മുഴുവന്‍ പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് മഹാമാരി സത്യത്തില്‍ ഇവാസ് ഗാര്‍മെന്റ്‌സിനെ തുണയ്ക്കുകയാണ് ചെയ്തത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 21 ദിവസം ക്വാറന്റൈനോട് കൂടി ചെറുകിട വസ്ത്രവ്യാപാരികള്‍ക്കൊന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി വരിക എന്നത് പ്രായോഗികമായിരുന്നില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ നിന്നും ഇവാസിലേക്ക് വസ്ത്രങ്ങള്‍ക്ക് വേണ്ടി ആവശ്യക്കാര്‍ വന്നു.

വസ്ത്ര ‘മൊത്ത’ വ്യാപാരം എന്ന ആശയത്തിനു പിന്നില്‍?
ബിസിനസ്പരമായി അല്പം കൂടി ഫലപ്രദമായ വഴി ഇതാണെന്ന തോന്നല്‍ കൊണ്ടാണ് മൊത്തവ്യാപാരത്തിലേക്ക് എത്തുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കും പത്തനംതിട്ട ജില്ലയിലെ അടൂരിനും നടുവിലുള്ള കുളക്കട എന്ന സ്ഥലത്താണ് ഈ സ്ഥാപനമുള്ളത്. ഓരോ പ്രദേശത്തും അവിടെ ഏറ്റവും പ്രചാരത്തിലുള്ള ഒരു വസ്ത്രരീതിയുണ്ടാവും. ഏറിയും കുറഞ്ഞും അത് മാറിക്കൊണ്ടുമിരിക്കും. ഏകീകൃതമായ ഒരു രീതി മാത്രം കൊണ്ട് ഈ രംഗത്ത് പിടിച്ചു നില്‍ക്കുകയെന്ന് പറയുന്നതും പ്രയാസമാണ്. അതുകൊണ്ട് തന്നെ മൊത്ത വ്യാപാരം ഒരുകൂട്ടം വെല്ലുവിളികളെ ഒരുമിച്ചു പരിഹരിക്കാന്‍ ഉതകുന്നതാണ്.

കാഷ്വല്‍സ്, നിശാവസ്ത്രങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ നിന്ന് വില്‍ക്കപ്പെടുന്നത്. താരതമ്യേനെ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നു എന്നതും കുറഞ്ഞ വില ഗുണമേന്മയെ യാതൊരു വിധത്തിലും ബാധിക്കില്ല എന്നതും തന്നെയാണ് ഇവിടുത്തെ പ്രത്യേകത. റീറ്റൈല്‍ സൗകര്യവും ഇവിടെ ലഭ്യമാണ്.

പ്രാദേശിക വിതരണം മുതല്‍ കയറ്റുമതി വരെ; ഈ യാത്രയെ എങ്ങനെ അടയാളപ്പെടുത്തും?
പ്രാദേശിക വിതരണത്തില്‍ തന്നെയാണ് ആദ്യം തുടങ്ങുന്നത്. ചെറുകിട ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, ബുട്ടീക്കുകള്‍ മുതലായവര്‍ക്കാണ് നാട്ടില്‍ വസ്ത്രങ്ങള്‍ നല്‍കുന്നത്. കൊല്ലം ജില്ലയിലാണെങ്കില്‍ പോലും പ്രധാനമായും ഉപഭോക്താക്കള്‍ വരുന്നത് ആദ്യം മുതലേ തിരുവനന്തപുരത്തു നിന്നാണ്. അങ്ങനെ പടിപടിയായി ഏറെക്കുറെ എല്ലാ ജില്ലകളിലേക്കും വിതരണം ആരംഭിക്കുകയായിരുന്നു. അങ്ങനെ തന്നെയാണ് വിദേശ കയറ്റുമതിയിലേക്കും കസ്റ്റമര്‍ മാര്‍ക്കറ്റിങ് വഴി അവസരം ലഭിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി കച്ചവടക്കാര്‍ക്ക് വേണ്ടി ആരംഭിച്ച കയറ്റുമതി ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഉള്‍പ്പെടെ പന്ത്രണ്ട് രാജ്യങ്ങളില്‍ സജീവമാണ്.

പങ്കാളിത്ത ക്ഷണങ്ങളെ വേണ്ടെന്ന് വയ്ക്കുന്നതിന് പിന്നില്‍?
സ്ഥാപനം ആരംഭിച്ച് കുറച്ചു കാലത്തിനുള്ളില്‍ തന്നെ ഒരുവിധം ജില്ലകളിലേക്ക് ബിസിനസ് മേഖല വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പിന്നീട് വരുന്ന ക്ഷണങ്ങളില്‍ മിക്കതും നേരത്തെ തന്നെ കച്ചവടബന്ധമുള്ള സ്ഥാപനങ്ങള്‍ക്ക് ബിസിനസ്സില്‍ ദോഷം ചെയ്യുന്ന രീതിയിലേക്ക് മാറിപ്പോയേക്കാം എന്നുള്ളതുകൊണ്ടാണ് വേണ്ടെന്ന് വയ്ക്കുന്നത്.

ഭാവിയെ കുറിച്ച്?
കൂടുതല്‍ രാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുക എന്നത് തന്നെയാണ് നിലവില്‍ ഭാവിയിലേക്ക് കരുതിവയ്ക്കുന്ന ഏറ്റവും വലിയ സ്വപ്‌നം. അന്താരാഷ്ട്ര കയറ്റുമതി നിലവാരമുള്ള വസ്ത്രങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുക വഴി ഇവാസിന്റെ വ്യാപാരവിപണന മേഖല സമ്പൂര്‍ണമായും വിപുലമാക്കുക എന്നതാണ് അതിലൂടെ ഉദ്ദേശിക്കുന്നത്.

ഈ മേഖലയിലേക്ക് വരുന്ന പുതുമുഖങ്ങളോട് എന്താണ് പറയാനുള്ളത്?
സ്വന്തം കഴിവില്‍ ഉറച്ചു വിശ്വസിക്കുക. ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ പഠിക്കുക. വളര്‍ച്ച പടിപടിയായി പിന്നാലെ വന്നുകൊള്ളും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button