കുട്ടനാടിന്റെ കൊതിയൂറും രുചി
കുട്ടനാടന്‍ രുചിത്തനിമ കൊണ്ട് തലസ്ഥാന നഗരിയായ അനന്തപുരിയില്‍ രുചിയുടെ വിസ്മയം തീര്‍ത്ത് മുന്നേറുന്ന ഒരു സംരംഭമുണ്ട്… ഓരോ ഭക്ഷണപ്രേമികളുടെയും നാവില്‍ കൊതിയുടെ മാന്ത്രികതയൊരുക്കി മനസ് തന്നെ കവരുന്ന ഒരു സംരംഭം… ഏതാണ്ട് എട്ട് വര്‍ഷമായി കഴക്കൂട്ടത്ത് പ്രവര്‍ത്തിച്ചുവരുന്ന കൊതി റെസ്‌റ്റോറന്റ്…!
ലോകമെമ്പാടുമുള്ള രുചിവൈവിധ്യങ്ങള്‍ തിരുവനന്തപുരത്ത് ലഭ്യമാണെങ്കിലും കുട്ടനാടിന്റെ എരിവും പുളിയും ഇത്ര തനിമ ചോരാതെ അവതരിപ്പിക്കുന്ന മറ്റൊരു ഭക്ഷണശാല വേറെ ഇല്ലെന്ന് തന്നെ പറയാം. കുട്ടനാട്ടുകാരിയായ ധന്യയുടെ കൈപ്പുണ്യം തന്നെയാണ് ഇതിന് പിന്നില്‍. ടെക്‌നോപാര്‍ക്കിലെ ആനിമേഷന്‍ സ്റ്റുഡിയോയിലെ ജീവനക്കാരനായ ഭര്‍ത്താവിനൊപ്പമാണ് ധന്യ കഴക്കൂട്ടത്തേക്ക് എത്തുന്നത്. വീട്ടില്‍ തന്നെ ചടഞ്ഞു കൂടാന്‍ ഒരുക്കമല്ലായിരുന്നു ധന്യ. അങ്ങനെയാണ് താല്പര്യമുണ്ടായിരുന്ന മേഖലയായ കുക്കിങ്ങില്‍ കേന്ദ്രീകരിക്കുകയും തന്നെപ്പോലുള്ള വനിതകളെ പങ്കാളിയാക്കി ഒരു സംരംഭം ആരംഭിക്കണമെന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നത്. അവിടെ നിന്നാണ് ‘കൊതി’യുടെ ആരംഭം.
തുടക്കത്തില്‍ തന്നെ രുചിവൈവിധ്യം കൊണ്ട് തിരുവനന്തപുരം ‘ഫുഡി’കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ റസ്‌റ്റോറന്റിനായി. ആദ്യം കഴക്കൂട്ടം കുളത്തൂരും പിന്നീട് ടെക്‌നോപാര്‍ക്കിന് മുന്നിലും പ്രവര്‍ത്തിച്ചു. ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ തന്നെയായിരുന്നു കൊതിയില്‍ എത്തുന്നവരില്‍ ഏറെയും. തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ വച്ചുവിളമ്പുമെങ്കിലും കുട്ടനാടന്‍ കള്ളുഷാപ്പുകളിലെ ത്രസിപ്പിക്കുന്ന രുചിത്തനിമ തന്നെയാണ് തുടക്കം മുതലേ കൊതിയെ വ്യത്യസ്തമാക്കിയത്.
വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹവും കൈപ്പുണ്യത്തിലുള്ള ആത്മവിശ്വാസവും കയ്യിലുണ്ടെങ്കിലും കഴക്കൂട്ടം പോലെ നഗരത്തിന്റെ കണ്ണായ ഭാഗത്ത് ഒരു ബിസിനസ് തുടങ്ങണമെങ്കില്‍ വെല്ലുവിളികള്‍ ഏറെയാണ്. സംരംഭകത്വത്തിന്റെ പശ്ചാത്തലം ഒന്നുമില്ലാതെ ബിസിനസിലേക്ക് കടന്നുവന്ന ധന്യക്ക് അതുകൊണ്ടുതന്നെ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു.
ആദ്യഘട്ടത്തില്‍ കൈയില്‍നിന്ന് ഒരുപാട് പണം ചെലവായി. ഒരു സ്ത്രീ നടത്തുന്ന ചെറിയ ബിസിനസ് ആണെന്ന് പരിഗണന പോലും ഒരിടത്തുനിന്നും കിട്ടിയില്ല. കോവിഡ് കാലത്ത് പോലും ഒരു ദിവസം പോലും തന്റെ സ്ഥാപനം അടച്ചിടാന്‍ ഒരുക്കമല്ലായിരുന്നു. വലിയ ലാഭത്തിലെത്തണം എന്നതിനേക്കാള്‍, വിശ്വസിച്ച് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഒരു സ്ഥാപനമെന്ന പേര് നിലനിര്‍ത്തണം എന്നത് മാത്രമായിരുന്നു ലക്ഷ്യം. വെളിച്ചെണ്ണ മാത്രം ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം ഒരിക്കല്‍പോലും ഒരു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാറില്ല. അതിനാല്‍ തന്നെ മികച്ച ഒരു ‘കസ്റ്റമര്‍ ബേസ്’ നിലനിര്‍ത്തിക്കൊണ്ടു പോകുവാനും എട്ടു വര്‍ഷത്തിനുള്ളില്‍ ധന്യക്ക് കഴിഞ്ഞു.
ആദ്യം മുതലേ കൊതിക്കൊപ്പം കൂടെയുണ്ടായിരുന്ന ജീവനക്കാരാണ് സ്ഥാപനത്തിന്റെ ജീവന്‍. ഉയര്‍ച്ച താഴ്ചകളിലെല്ലാം കൂടെയുണ്ടായിരുന്ന ഇവര്‍ തനിക്ക് ഒരു രണ്ടാം കുടുംബം പോലെയാണെന്ന് ധന്യ പറയുന്നു. ഇഷ്ടപ്പെട്ട മേഖലയില്‍ ഇഷ്ടംപോലെ സമയം ചെലവഴിക്കാന്‍ കഴിയുമെങ്കില്‍ വിജയം സുനിശ്ചിതമാണ്. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമാണ് വിജയത്തിന്റെ കാതല്‍. എട്ടു വര്‍ഷത്തെ കഠിനാധ്വാനം കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ കൈയില്‍നിന്ന് സ്വിഗിയുടെ അവാര്‍ഡ് വാങ്ങുന്നതില്‍ ധന്യയെ കൊണ്ടെത്തിച്ചു. ഓണ്‍ലൈന്‍ ബിസിനസ്സില്‍ മികച്ച കസ്റ്റമര്‍ റേറ്റിംഗ് നേടിയ ഇന്ത്യയിലെ സ്വിഗിയുടെ 20 സംരംഭകരില്‍ ഒരാളായി മാറുവാന്‍ ധന്യക്ക് കഴിഞ്ഞു. തിരുവനന്തപുരത്തെ രുചിയുടെ ബ്രാന്‍ഡായി മാറിയ തന്റെ സ്ഥാപനത്തിനെ പുതിയ വാതായനങ്ങളിലേക്ക് നയിക്കാനുള്ള തയ്യാറെടുപ്പിലാണ് ധന്യ ഇപ്പോള്‍ !