EntreprenuershipSuccess Story

മുപ്പതാണ്ടിന്റെ പാരമ്പര്യം; ട്രെന്‍ഡിന്റെ കഥകള്‍ കേട്ട കര്‍ട്ടനുകള്‍

എത്ര മികച്ച ഇന്റീരിയറിനും പൂര്‍ണത കൈവരണമെങ്കില്‍ അതിലെ നിര്‍മാണത്തിലെ മികവ് മാത്രമായി മതിയാവില്ല. ചുമരുകളും സീലിങ്ങുകളും പിന്തുടരുന്ന പാറ്റേണുകള്‍ മുതല്‍ ഉപയോഗിക്കുന്ന കളര്‍ തീം വരെ അതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. ഇതേ രീതിയില്‍ ഒരു മുറിയുടെ മുഴുവന്‍ ഭംഗിയേയും വളരെയധികം സ്വാധീനിക്കാന്‍ കഴിയുന്ന ഒന്നാണ് കര്‍ട്ടനുകള്‍. താരതമ്യേനെ ലളിതമായ രീതിയില്‍, മൊത്തം ദൃശ്യഭംഗി മികവുറ്റതാക്കാന്‍ കര്‍ട്ടനുകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ സാധ്യമാണ്.

കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി കൊല്ലം ജില്ലയില്‍ കര്‍ട്ടന്‍ ബിസിനസ് മേഖലയില്‍ ഏറ്റവും വിശ്വാസ്യതയുള്ള പേരാണ് രശ്മി ഫര്‍ണിഷിങ്. അച്ഛന്‍ ആരംഭിച്ച സംരംഭം, വിജയത്തിന്റെ തിളക്കം ഒട്ടും മങ്ങാതെ ഇന്ന് ഏറ്റെടുത്തു നടത്തുന്നത് മകന്‍ രാഹുല്‍ രാജാണ്. തുടക്കകാലത്ത് മെത്തകളുടെ നിര്‍മാണ വിതരണ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധയൂന്നിയിരുന്നതെങ്കിലും പിന്നീട് മാര്‍ക്കറ്റിലെ സാധ്യതകളും ആവശ്യക്കാരെയും കണക്കിലെടുത്ത് കര്‍ട്ടന്‍ ബിസിനസിലേക്ക് ചുവട് മാറ്റുകയായിരുന്നു.

വാടകയ്‌ക്കെടുത്ത കടമുറിയില്‍ മെത്തകളുടെയും കുഷ്യനുകളുടെയും മൊത്തവിതരണത്തില്‍ നിന്നും മാര്‍ക്കറ്റ് പഠിച്ചുകൊണ്ട് തന്നെയാണ് കര്‍ട്ടനുകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത്. കര്‍ട്ടനുകള്‍ക്ക് പുറമേ ബ്ലൈന്‍ഡ്‌സ്, കാര്‍പെറ്റ്, ബെഡ് ഷീറ്റ്, കുഷ്യന്‍ കവര്‍ എന്നിങ്ങനെ ഒട്ടനവധി അനുബന്ധ ഉത്പന്നങ്ങളിലേക്ക് വളരെ വേഗം ബിസിനസ് വളര്‍ത്തിക്കൊണ്ട് വരാന്‍ ഈ സംരംഭത്തിന് കഴിഞ്ഞു. രശ്മി ഫര്‍ണിഷിങ്ങിന്റെ ഏറ്റവും മികച്ച തീരുമാനമായി അത് കണക്കാക്കാന്‍, ഗുണമേന്മ എന്ന ഒറ്റ മാനദണ്ഡം കൊണ്ട് ഇവിടേക്ക് തന്നെ വീണ്ടും ഉത്പന്നങ്ങള്‍ തേടിയെത്തുന്ന ഉപഭോക്താക്കളെ നോക്കിയാല്‍ മാത്രം മതിയാവും.

ഇന്റീരിയര്‍ ഡിസൈനില്‍ കര്‍ട്ടനുകള്‍ക്കുള്ള സ്ഥാനം ചെറുതല്ല. പൊതുവേ, ഏറ്റവും ഒടുവില്‍ തേടിയെത്തുന്ന ഘടകമാണെങ്കിലും ഉപഭോക്താക്കളും അവരുടെ ആവശ്യങ്ങളും വ്യത്യസ്തമാണെന്ന് രാഹുല്‍ പറയുന്നു. സാധാരണ പാറ്റേണുകള്‍ക്ക് പുറമെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത് പ്രകാരം കര്‍ട്ടനുകള്‍ കസ്റ്റമൈസ് ചെയ്തും നല്‍കാറുണ്ട്. വര്‍ഷങ്ങളായി മറ്റേതു മേഖലയിലുമെന്ന പോലെ ട്രെന്‍ഡുകളില്‍ പ്രകടമായ പരിവര്‍ത്തനം നടന്ന മേഖല തന്നെയാണ് കര്‍ട്ടനുകള്‍. ഒരുകാലത്ത് വ്യാപകമായി ആവശ്യക്കാരുണ്ടായിരുന്ന ആര്‍ച്ച് അടക്കമുള്ള ഡിസൈനുകളുടെ വളര്‍ച്ചയും കളമൊഴിയലും തൊട്ടുമുന്നില്‍ കണ്ട ഒരു ആദ്യകാല സംരംഭമാണ് രശ്മി ഫര്‍ണിഷിങ്‌സ്. പഴയ ഡിസൈനുകള്‍ ഇപ്പോഴും ആവശ്യക്കാര്‍ അന്വേഷിച്ച് വരാറുണ്ടെന്ന് രാഹുല്‍ പറയുന്നു.

ഗുണമേന്മയില്‍ തെല്ലും വിട്ടുവീഴ്ച വരുത്താത്തതാണ് ഈ സംരംഭത്തിന്റെ വിജയമെന്ന് ഒറ്റവരിയില്‍ പറയാം. ആവശ്യക്കാരുടെ ബഡ്ജറ്റ് മുതല്‍ ഒപ്പമുള്ള മറ്റു സംരംഭങ്ങള്‍ നല്‍കുന്ന വിലയിളവുകള്‍ വരെ ബിസിനസിനെ ബാധിക്കുന്ന ഘടകങ്ങളാകുമ്പോഴും ഒന്നോ രണ്ടോ രൂപയിലെ വ്യത്യാസത്തിനു വേണ്ടി ഗുണമേന്മയില്ലാത്ത ഉത്പന്നം വില്‍ക്കാന്‍ ഇവിടം ഒരുക്കമല്ല. വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ക്കിടയില്‍ ഈ സംരംഭം കാക്കുന്ന വിശ്വാസ്യതയും അതിന്റെ ഉത്തരമാണ്.

രണ്ടു വര്‍ഷം മുന്‍പ് അച്ഛന്റെ മരണത്തോടെയാണ് ചെക്ക് റിപ്പബ്ലിക്കില്‍ എം.ബി.എ വിദ്യാര്‍ത്ഥിയായിരുന്ന രാഹുല്‍ നാട്ടിലെത്തി ബിസിനസ് ഏറ്റെടുക്കുന്നത്. അച്ഛനും അമ്മയും പാര്‍ട്ണമാരായി ആരംഭിച്ച സംരംഭത്തിന്റെ ഇപ്പോഴത്തെ പൂര്‍ണമായ മേല്‍നോട്ടം രാഹുലാണ്. രണ്ടാം തലമുറയിലേക്ക് കൈമറിഞ്ഞതുകൊണ്ട് മാത്രം ഒട്ടുമേ താല്പര്യമില്ലാതിരുന്നിട്ടും കടന്നു വന്ന ഈ മേഖലയാണ് ഇപ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതെന്ന് പറഞ്ഞ് ചിരിക്കുകയാണ് രാഹുല്‍. അമ്മ സുജാതയ്ക്ക് പുറമേ, യുകെയില്‍ ഡോക്ടറായ സഹോദരി രശ്മിയും ഭര്‍ത്താവ് ശങ്കറും മകന്‍ ഇവാനും കൂടി ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ കുടുംബം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button